പ്രവാചക സ്നേഹം നമ്മുടെ സമീപനം

حب الرسول

പ്രവാചക സ്നേഹം നമ്മുടെ സമീപനം

 പ്രവാചക സ്നേഹം നമ്മുടെ സമീപനം

ഹുബ്ബുര്‍റസൂല്‍ ഉദ്ദേശ്യാര്‍ത്ഥം ഇന്ന് നടത്തപ്പെടുന്ന നബി ദിനാഘോഷം, ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പോലുള്ള ഔലിയാക്കളുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിലെ ഇബാദത്തിന്റെ ഭാഗമാണെന്ന് ഇജ്തിഹാദിലൂടെ സമര്‍ത്ഥിച്ചുകൊണ്ടുള്ള പ്രൊഫ. ഓമാനൂര്‍ മുഹമ്മദിന്റെ പ്രതികരണലേഖന(ബോധനം: വാള്യം: 8, ലക്കം: 6, ജൂലൈ-ആഗസ്റ്റ് 2006) മാണ് ഈ പഠനത്തിന്റെ പശ്ചാത്തലം.

പ്രസ്തുതലേഖനത്തില്‍, നിത്യനൂതനമായ ഇസ്‌ലാം, ധൈഷണികമായ കാഴ്ചപ്പാടുകള്‍ക്ക് നല്‍കുന്ന സ്ഥാനവും തൗഹീദിനോടുള്ള അതിന്റെ വിശാലമായ താല്‍പര്യവും വിലമതിക്കുന്നതിനെ അദ്ദേഹം അംഗീകരിക്കുന്നു എന്നതിനാല്‍ തികച്ചും ശ്ലാഘനീയവും അഭിനന്ദനാര്‍ഹവും അതുകൊണ്ട് തന്നെ അതിന്റെ പ്രയോഗവല്‍ക്കരണത്തെക്കുറിച്ച് കൂലങ്കശമായി ചര്‍ച്ചചെയ്യപ്പെടേണ്ടതുമാണ്.

എന്നാല്‍, പ്രതികരണത്തിന്റെ സ്വഭാവം മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഇത്തരം ആചാരങ്ങളോടുള്ള തന്റെ കാഴ്ചപ്പാടുകള്‍ താര്‍ക്കിക സംവാദ ശൈലിയിലേക്ക് നീങ്ങിപ്പോയോ എന്ന് ന്യായമായും സംശയിക്കുന്നു. പ്രതികരണം മനസ്സിലാക്കിത്തരുന്നത് ഇപ്രകാരമാണ്:

നല്ലതും പുണ്യവും

ഒന്ന്: നല്ലതും പുണ്യവും പ്രയോജനപ്രദവുമാണ് എന്ന ന്യായം ഉണ്ടെങ്കില്‍ ഇസ്‌ലാമില്‍ പുത്തനാചാരാനുഷ്ഠാനങ്ങള്‍ (ബിദ്അത്തുകള്‍), ആരാധനാ രീതികള്‍ എന്നിവ നിര്‍മിക്കാവുന്നതാണ്. അതിനാല്‍ ഇന്ന് നടത്തിവരുന്ന നബിദിനാഘോഷം, ജീലാനീ അനുസ്മരണം പോലുള്ള ആഘോഷങ്ങള്‍ ഇസ്‌ലാമിലെ ഇബാദത്തുകളാണ്. ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ക്ക് സലഫീ സ്വധീനമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കുകളേര്‍പ്പെടുത്തുമ്പോഴും ‘ഗൈര്‍ മുഖല്ലിദുക’ളായ മുസ്‌ലിംകള്‍ അനാചാരമെന്ന് ആക്ഷേപിച്ച് എതിര്‍ക്കുമ്പോഴും ലോകത്തുള്ള മറ്റു മുസ്‌ലിം രാജ്യങ്ങളും ബഹുഭൂരിപക്ഷം മുസ്‌ലിംകളും പ്രവാചകസ്‌നേഹത്തിന്റെയും സുന്നീ-ശീഈ സഹകരണത്തിന്റെയും ഇസ്‌ലാമികപ്രബോധനത്തിന്റെയും ഭാഗമായിട്ടാണ് വീക്ഷിച്ചുവരുന്നത്. പൂര്‍വികരായ കര്‍മ്മ ശാസ്ത്രജ്ഞരുടെ വീക്ഷണത്തില്‍ ഒരു കാര്യം അനുവദനീയമാണെന്ന് പറയാന്‍ തെളിവ് വേണ്ട, നിരോധമില്ലാത്തതൊക്കെ പ്രത്യക്ഷത്തില്‍ അനുവദനീയമാണ്. അനുവദനീയമല്ല എന്ന് പറയുമ്പോഴാണ് തെളിവ് വേണ്ടത്.

ഇജ്തിഹാദിലൂടെ ന്യായീകരണം

രണ്ട്: ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഇജ്തിഹാദിലൂടെ ന്യായീകരണം കണ്ടെത്താന്‍ നബി(സ) തന്റെ ജന്മ ദിനത്തില്‍ അനുഷ്ഠിക്കാറുള്ള സുന്നത്ത് നോമ്പ്, ജൂത-ക്രൈസ്തവ സമൂഹം തങ്ങളുടെ പ്രവാചകരോട് അനുവര്‍ത്തിച്ചതുപോലെ എന്നോട് നിങ്ങള്‍ ചെയ്യരുത് എന്ന നബി(സ)യുടെ ഉപദേശം, അദ്ദേഹത്തിന്റെ വിയോഗാനന്തരം ഖുലഫാഉര്‍റാശിദുകള്‍ സ്വീകരിച്ച പല വിഷയങ്ങളിലുമുള്ള ഇജ്തിഹാദീവീക്ഷണങ്ങള്‍, അവര്‍ക്ക് ശേഷവും താബിഈങ്ങള്‍ക്ക് ശേഷവും വന്ന ഇമാം ഇബ്‌നുല്‍ ജൗസി, ഇമാം സഖാവി, ജലാലുദ്ദീന്‍ സുയൂഥി തുടങ്ങിയ പണ്ഡിതന്മാര്‍ നല്ല ആചാരമാണെന്ന് അഭിപ്രായപ്പെട്ടവരാണെന്നുമൊക്കെ തെളിവുകള്‍ നിരത്തുന്നു.

ഉപര്യുക്ത രണ്ട് ന്യായവാദങ്ങളും പ്രസ്തുത വിഷയത്തോടുള്ള അനുകൂല നിലപാട് ലഭ്യമാക്കുന്നുണ്ടോ എന്ന് ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇത്തരം ആചാരങ്ങള്‍ വളരെ ഗംഭീരവും വര്‍ണശബളവുമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിം രാജ്യങ്ങളും ഗൈറ് മുഖല്ലിദുകളായി സലഫികള്‍ ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങളുമടക്കം ഇന്ന് ബുദ്ധിപരമായ പാപ്പരത്തം അനുഭവിക്കുന്നവരും യാങ്കീ-സയണിസ്റ്റ്-സാമ്രാജ്യത്വ അധിനിവേശം പ്രതിരോധിക്കാന്‍ കഴിയാത്തവരുമാണ്.

ചില അടിസ്ഥാന വസ്തുതകള്‍ വിശദീകരിക്കുമ്പോള്‍ പ്രൊഫ. ഓമാനൂര്‍ മുഹമ്മദിന്റെ പ്രതികരണത്തിന്റെ ഇസ്‌ലാമിക സ്വഭാവം എത്രത്തോളമുണ്ടെന്ന് സുതരാം വ്യക്തമാകും.

ആദര്‍ശ സമൂഹത്തിന്റെ ഈമാനികാടിത്തറ:

എ) അല്ലാഹുവിനോടുള്ള സമീപനം

ലോകത്തുള്ള എല്ലാ തത്ത്വശാസ്ത്രങ്ങളുടെയും മതഭൗതികദര്‍ശനങ്ങളുടെയും സങ്കല്‍പത്തില്‍ നിന്ന് തികച്ചും വിരുദ്ധവും നിഷേധാത്മകവുമാണ് ഇസ്‌ലാമിന്റെ ദൈവ സങ്കല്‍പം. അത് ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമേയുള്ളൂ എന്ന ബാലപാഠങ്ങളില്‍ മാത്രം പരിമിതമല്ല. സുവ്യക്തവും യുക്തിബന്ധുരവുമാണതിന്റെ ആദര്‍ശം. ഒരു ദൈവികവ്യവസ്ഥ എന്നനിലയില്‍ ഇസ്‌ലാമിന്റെ ‘ശാരിഅ്’ അഥവാ മത-മതേതര നിയമങ്ങളുടെ ഉപജ്ഞാതാവ് മനുഷ്യനുള്‍പ്പെടെയുള്ള മുഴു ലോകത്തിന്റെയും സ്രഷ്ടാവും പരമാധികാരിയുമായ ഏകനായ അല്ലാഹു മാത്രമാണ് എന്ന ആത്യന്തിക വിശ്വാസത്തിലധിഷ്ഠിതമാണ്. തഖ്‌ലീദിന്റെ പിന്‍വാതിലിലൂടെ ഇസ്‌ലാമിക സമൂഹത്തിലേക്ക് നുഴഞ്ഞുകയറിയ ത്വരീഖത്ത്, സ്വൂഫിസം, അനല്‍ഹഖ് തുടങ്ങിയ ചിന്താധാരകളുടെ ഫലമായി അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്ന മിഥ്യാധാരണയിലൂടെ അമ്പിയാ-ഔലിയാക്കള്‍ക്ക് പണ്ഡിത സമൂഹം വകവെച്ചുകൊടുത്ത എല്ലാ അദൃശ്യജ്ഞാനങ്ങളുടെയും അദൃശ്യലോകങ്ങളുടെയും താക്കോല്‍ ത്രികാലജ്ഞനായ അവന്റെ പക്കല്‍ മാത്രമാണുള്ളത്. സന്നിഗ്ദ്ധ ഘട്ടങ്ങളിലും അല്ലാതെയും ഇലാഹാണെന്ന വിശ്വാസത്തോടെയും വിശ്വാസമില്ലാതെയും മറഞ്ഞവഴിക്കും അല്ലാതെയുമുള്ള സകലപ്രാര്‍ത്ഥനകളും ആവലാതികളും വേവലാതികളും ബോധിപ്പിക്കേണ്ടതും പാപമോചനത്തിനും ഉദ്ദേശ്യപൂര്‍ത്തീകരണത്തിനും സര്‍വൈശ്വര്യങ്ങള്‍ക്കും ഇഹപരവിജയത്തിനും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതും അവനോട് തന്നെ.

ബി) പ്രവാചകന്‍മാരോടുള്ള സമീപനം:

‘ഞങ്ങളുടെ ഉപ്പാപ്പമാരുടെ പാരമ്പര്യാചാരങ്ങളാണ്’ എന്ന തഖ്‌ലീദിയന്‍ ന്യായവാദങ്ങളിലൂടെ തങ്ങളുടെ സമുദായം ചെയ്തുകൊണ്ടിരിക്കുന്ന അധാര്‍മികപ്രവര്‍ത്തനങ്ങളെയും മൂഢവിശ്വാസാചാരങ്ങളെയും പ്രവാചകന്‍മാര്‍ ശക്തിയുക്തം എതിര്‍ത്തു. മുന്‍ സമുദായങ്ങളുടെ ഉത്ഥാനപതനങ്ങളെ വിശുദ്ധഖുര്‍ആന്‍ നിരൂപണം ചെയ്യുന്നത് ലോകാവസാനംവരെയുള്ള ജനസമൂഹത്തിന് പാഠമുള്‍ക്കൊള്ളാന്‍ വേണ്ടിയാണ്.

സി) മുഹമ്മദ് നബി(സ)യോടുള്ള സമീപനം:

ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാന ശിലയായ ‘തൗഹീദ്’ സമ്പൂര്‍ണത കൈവരിക്കുന്നത്, എക്കാലത്തേക്കുമുള്ള മനുഷ്യ സമൂഹത്തിന് അനുഗ്രഹവും മാതൃകയുമായി നിയുക്തനാക്കപ്പെട്ട മുഹമ്മദ് നബി(സ)യെ അന്ത്യപ്രവാചകനും മതമതേതര രംഗങ്ങളില്‍ നേതാവുമായി അംഗീകരിക്കുന്നതോടെ മാത്രമാണ്. മനുഷ്യ വിമോചകനായ അദ്ദേഹത്തിലൂടെയാണ് ഇസ്‌ലാമിക ശരീഅത്തിന്റെ പൂര്‍ത്തീകരണമെന്ന് അദ്ദേഹത്തിന് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പ്രഖ്യാപിക്കുന്നു:

‘ഇന്നുഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്ക് സമ്പൂര്‍ണമാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ നിങ്ങളുടെ ദീനായി ഞാന്‍ സ്വീകരിക്കുകയും തൃപ്തിപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു’ (അല്‍ മാഇദ: 3)

ഇമാം ഇബ്‌നു ജരീര്‍ അത്ത്വ ബ്‌രി ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

‘നിങ്ങളുടെ ജീവിത വ്യവസ്ഥക്ക് അടിസ്ഥാനമായിവേണ്ട സകലകാര്യങ്ങളും യാതൊരു ഏറ്റക്കുറവുകള്‍ ആവശ്യമില്ലാത്ത വിധം എന്റെ പ്രവാചകന്റെ നാവിലൂടെയുള്ള എന്റെ വഹ്‌യിലൂടെ ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു.’ (ത്വബ്‌രി: 4/51)

ഇബ്‌നു കസീറും മറ്റും ഇതേകാര്യം തന്നെ വ്യക്തമാക്കുന്നു. (ഇബ്‌നു കസീര്‍: 2/554).

സംസ്‌കാര ശൂന്യരായ പ്രാകൃത ജനസമൂഹത്തെ അത്യുന്നതമായ ധാര്‍മിക നാഗരിക സംസ്‌കാരത്തിന്റെ വക്താക്കളാക്കി മാറ്റിയ അദ്ദേഹത്തിന്റെ വിപ്ലവാത്മകമായ പരിശ്രമങ്ങളെ ലോകം മതാതിര്‍ത്തികള്‍ക്കതീതമായി കൃതജ്ഞതാപൂര്‍വം അനുസ്മരിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ സമാധാനപൂര്‍ണമായ നിലനില്‍പും സുരക്ഷിതത്ത്വവും സത്യത്തിന്റെയും നിയമനിര്‍മാണത്തിന്റെയും ആധികാരിക സ്രോതസ്സുകളായ വിശുദ്ധ ഖുര്‍ആനും അതിന്റെ വിശദീകരണമായ പ്രവാചക ജീവിതസന്ദേശവും -സുന്നത്തും- അനുധാവനം ചെയ്യുമ്പോള്‍ മാത്രമാണ്. ‘പ്രവാചകരേ, താങ്കളെങ്ങാനും ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചംതന്നെ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല’ എന്ന കാല്‍പനിക കെട്ടുകഥകള്‍ക്കപ്പുറമുള്ള സുദൃഢമായ വിശ്വാസത്തിന്റെയും വ്യക്തമായ തെളിവുകളുടെയും പിന്‍ബലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹത്തെ സച്ചരിതരായ സ്വഹാബികള്‍ ആദരിച്ചതും അനുസരിച്ചതും പ്രശംസാകീര്‍ത്തനങ്ങള്‍ നടത്തിയതും. ഇസ്‌ലാമിക വ്യവസ്ഥയുടെ ചേതോഹരമായ പൂര്‍ത്തീകരണമാണ് ഇഖാമത്തുദ്ദീനിന്റെ അനിവാര്യമായ ഇസ്‌ലാമിക ഖിലാഫത്തിന്റെ സംസ്ഥാപനത്തിലൂടെ അദ്ദേഹം ലോകത്തിന് അനുപമമാതൃക കാണിച്ചത്. പ്രവാചകനോടുള്ള സ്‌നേഹപ്രശംസാ പ്രകീര്‍ത്തനങ്ങളുടെ അര്‍ത്ഥതലം മനസ്സിലാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ വിയോഗാനന്തരം സച്ചരിതരായ ഖുലഫാക്കള്‍ സര്‍വോന്‍മുഖമായ ക്ഷേമൈശ്വര്യങ്ങളോടെ അത് നിലനിര്‍ത്തി. പിന്നീട് ഭൗതികാസക്തിയുടെ ആലസ്യതയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഈമാനികാദര്‍ശ വിപ്ലവവീര്യം ചോര്‍ന്നുപോവുകയും പ്രവാചക സ്‌നേഹത്തിന്റെ അടിസ്ഥാന ഉറവിടം വറ്റിവരളുകയും അദ്ദേഹം ഏല്‍പിച്ച ഭാരിച്ച ഉത്തരവാദിത്തം വിസ്മരിക്കുകയും ചെയ്തതിന്റെ ദാരുണ ഫലമായി അത് തകരുകയായിരുന്നു.

ബിദ്അത്തുകളോടുള്ളഇസ്‌ലാമിക സമീപനം

ഇസ്‌ലാമിലെ അടിസ്ഥാന നിയമസ്രോതസുകളായ വിശുദ്ധഖുര്‍ആന്‍, സുന്നത്ത്, ഉപസ്രോതസായ സച്ചരിതരായ ഖലീഫമാരുടെ ഖുര്‍ആനിലും സുന്നത്തിലും നേര്‍ക്കുനേരെ കാണാത്ത വിഷയങ്ങളോടും പ്രശ്‌നങ്ങളോടുമുള്ള ധൈഷണികമായ സമീപനങ്ങള്‍ അഥവാ ഇജ്തിഹാദ് എന്നിവ മുന്‍വിധികളോ അന്ധമായ അനുകരണ ഭ്രമമോ (~Ǹ²J) ഇല്ലാതെ യുക്തിസഹമായി പഠന വിധേയമാക്കുമ്പോള്‍ ഇന്ന് മുസ്‌ലിം സമൂഹവും അവര്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരും ഇര്‍ബലിലെ മുളഫ്ഫര്‍ രാജാവിന്റെ മാതൃക പിന്‍പറ്റി (ഇആനത്തുത്വാലിബീന്‍ 2/364) ആര്‍ഭാടപൂര്‍വം ആഘോഷിച്ചുകൊണ്ടിരിക്കുന്ന മദ്ഹുര്‍റസൂലിന്റെ പേരിലുള്ള നബിദിന മാമാങ്കവും ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)യുമായി ബന്ധപ്പെട്ട സ്വൂഫീ ത്വരീഖത്തുകള്‍ വഴി ഇസ്‌ലാമിലേക്ക് കടന്നുവന്ന ഖുത്തുബിയത്ത്, റാത്തീബുകള്‍ തുടങ്ങി ആത്മീയ ബിസിനസുകളായ ആണ്ടുകള്‍, ഉറൂസുകള്‍, മഹാത്മാക്കളോടുള്ള ഇസ്തിഗാസ മുതലായവ ഇസ്‌ലാമിലെ ഇബാദത്തുകളായിക്കണ്ടുകൊണ്ട് പുണ്യകരവും റസൂലിന്റെ ശഫാഅത്ത് ലഭിക്കുന്നതും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമാണെന്ന മിഥ്യാ ധാരണയോടെ ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം അനുഷ്ഠാനങ്ങള്‍ ഇതുവരെ വിശദീകരിച്ച തൗഹീദിന്റെ വിശാലമായ താല്‍പര്യത്തിന് തികച്ചും വിരുദ്ധവും അനിസ്‌ലാമികവുമാണെന്നും പ്രാമാണികമായി മനസ്സിലാക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം ആപല്‍ക്കരങ്ങളായ അത്യാചാരങ്ങളെ ഇസ്‌ലാമിലെ ഇബാദത്തുകളാണെന്ന് സ്ഥാപിക്കാന്‍ ഖുലഫാഉറാശിദുകളുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ചരിത്രത്തിലെ സംഭവബഹൂലമായ ധൈഷണിക ഗവേഷണങ്ങളുമായി തുലനം ചെയ്യുന്നത് ഇജ്തിഹാദിന്റെ സവിശേഷപദവിക്ക് ഒട്ടും നിരക്കുന്നതേയല്ല.

ഇജ്തിഹാദിന്റെ അന്തസത്ത

ശരീഅത്തിന്റെ ഉപസ്രോതസായ ഇജ്തിഹാദ് ഇസ്‌ലാമിന്റെ കാലാതീതമായ സുന്ദരനിലനില്‍പിനും അയത്‌നലളിതമായ അതിന്റെ അനുധാവനത്തിനും വേണ്ടി അതിന്റെ ‘ശാരിഅ്’ നല്‍കുന്ന പ്രത്യേക അംഗീകാരമാണ്. അതിന്റെ അബദ്ധസുബദ്ധങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമാകണമെങ്കില്‍ അതിനുവേണ്ടി തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ ഗവേഷണപ്രസക്തങ്ങളായിരിക്കുക എന്നത് ഉസ്വൂലുല്‍ ഫിഖ്ഹിന്റെ താല്‍പര്യമാണ്. സംഭവലോകത്തെ ഗവേഷണ പ്രസക്തങ്ങളായ ആഗോളീകരണത്തോടുള്ള ഇസ്‌ലാമിക സമീപനം, അത്യന്താധുനിക മാരക ആയുധങ്ങളുപയോഗിച്ച് യാങ്കീ-ഇസ്രയേല്‍ കൊടുംഭീകരര്‍ ഇസ്‌ലാമിനും ദുര്‍ബലജനവിഭാഗത്തിനും നേരെ നടത്തികൊണ്ടിരിക്കുന്ന അതിനിഷ്ഠൂരമായ കുരിശുയുദ്ധത്തിനെതിരെ സ്വീകരിക്കേണ്ട ഇരകളുടെ പ്രതിരോധ തന്ത്രങ്ങളും അതിലേക്കുള്ള സകാത്തിന്റെ വിനിയോഗവും അമുസ്‌ലിം രാഷ്ട്രങ്ങളിലെ ന്യൂനപക്ഷ മുസ്‌ലിംകളുടെ രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങി വളരെ പ്രസക്തങ്ങളായ ഇജ്തിഹാദീ വിഷയങ്ങള്‍ അവഗണിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും പകരം പ്രവാചകനോടും മഹാന്മാരോടുമുള്ള ഇസ്‌ലാമിന്റെ പരിധിലംഘിച്ചുകൊണ്ടുള്ള സ്‌നേഹാദരബഹുമാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം അവിവേകത്തിന്റെയും ബുദ്ധിശൂന്യതയുടെയും മറ്റൊരുദാഹരണമാണ്, വാര്‍ത്താലോകത്ത് കൗതുകമുള്ള ‘അഹിബ്ബാഉ അലി, എന്ന ശീഈ സംഘടന അലി(റ)നോടുള്ള സ്‌നേഹപ്രകടനാര്‍ഥം ഇസ്‌ലാമിന്റെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് 500 ദശലക്ഷം ഡോളര്‍ ചെലവഴിച്ച് ഫ്രാന്‍സിലെ ക്ലോണ്‍ എയിഡ് കമ്പനിയുമായി സഹകരിച്ച് അദ്ദേഹത്തെ ക്ലോണിംഗിലുടെ പുനഃസൃഷ്ടിക്കാന്‍ പോകുന്നു എന്ന സംഭവം (മാധ്യമം, 2006 ജൂലൈ: 28) പൊതുനന്മയോ ഇഹ-പര പ്രതിഫലമോ പുണ്യമോ ഇല്ലാത്ത ഇത്തരം ഗവേഷണങ്ങളല്ലാത്ത സ്‌നേഹപ്രകടനങ്ങളും ആചാരങ്ങളും ഇസ്‌ലാമിലെ ഇബാദത്തിന്റെ ഭാഗമാക്കാന്‍ ഇജ്തിഹാദിനെ ഉപയോഗിക്കുന്നത് അതിന്റെ അടിസ്ഥാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമായി മാറുന്നു. ഇജ്തിഹാദിന്റെ മൗലിക ലക്ഷ്യങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഇത്തരം വിശ്വാസാചാരങ്ങള്‍ സാക്ഷാല്‍ ബിദ്അത്തായി മാറുമ്പോള്‍, ഉമര്‍(റ) പറഞ്ഞ നല്ല ബിദ്അത്ത് എന്ന സംഭവം സുന്നത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. സാക്ഷാല്‍ ബിദ്അത്തുകള്‍ക്ക് ഏറ്റവും യോജിപ്പും സാമീപ്യവും തൗഹീദിനേക്കാള്‍ ശിര്‍ക്കിനോടാണ് എന്ന് വരുമ്പോള്‍ അത്തരം ആചാരാനുഷ്ഠാനങ്ങളോടുള്ള ജാഗ്രതയും ഗൗരവവുമാണ് നമ്മെ തെര്യപ്പെടുത്തുന്നത്.

സാക്ഷാല്‍ ബിദ്അത്തുകളോടുള്ള മുജ്തഹിദുകളുടെ സമീപനം

തൗഹീദിന്റെ യാഥാര്‍ത്ഥ്യവും അതിലൂടെ ലഭ്യമാകുന്ന പാരത്രികാനുഗ്രഹങ്ങളും അല്ലാഹുവിലേക്കുള്ള സാമീപ്യവും പ്രവാചക സ്‌നേഹത്തിന്റെ അകക്കാമ്പും മനസ്സിലാക്കിയ ഇമാം ശാഫിഈ(റ) അദ്ദേഹത്തിന്റെ ശിഷ്യന്‍ മുസ്‌നി, ഇമാം നവവി(റ) ഇബ്‌നു ഹജറുല്‍ അസ്ഖലാനി, ഇമാം ഗസ്സാലി, ഇമാം സഖാവി, ഇമാം ഫാകിഹാനി, ഇബ്‌നു തൈമിയ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയ പ്രാമാണ്യ യോഗ്യരായ പണ്ഡിതന്മാരും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)നെ പോലുള്ള മഹദ് വ്യക്തിത്വങ്ങളും ശിര്‍ക്കിലേക്ക് നയിക്കുന്ന സകല സംഗതികളും ശിര്‍ക്ക്, ബിദ്അത്ത്, തഖ്‌ലീദ് തുടങ്ങിയവയുടെ മാരകമായ അപകടങ്ങളും എന്തായിരിക്കുമെന്നും മുസ്‌ലിം ഉമ്മത്തിനെ നിരന്തരം ഓര്‍മ്മപെടുത്തി. പണ്ഡിതന്‍മാരെഴുതുന്നതും പറയുന്നതും വേദമൊഴികളാണെന്ന് തെറ്റുധരിച്ച് അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും ഭൂരിപക്ഷം ചെയ്യുന്നതെല്ലാം സത്യമാണെന്നുധരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അന്ധമായ അനുകരണഭ്രമത്തെ അവര്‍ ശക്തിയുക്തം എതിര്‍ത്തുകൊണ്ട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ശിര്‍ക്കിലേക്ക് നയിക്കുന്ന സകല സംഗതികളും തഖ്‌വയുടെ താല്‍പര്യമായ ‘വറഅ്’, സൂക്ഷ്മത തുടങ്ങിയവയുടെ പേരിലും പ്രവാചക സ്‌നേഹത്തിന്റെ മൗലികോദ്ദേശ്യം മനസ്സിലാക്കിക്കൊണ്ടും സാക്ഷാല്‍ ബിദ്അത്തുകള്‍ ഇസ്‌ലാമിക സമൂഹം വര്‍ജ്ജിക്കണമെന്നാണ് ഇതുപോലുള്ള മാതൃകായോഗ്യരായ പണ്ഡിതന്മാര്‍ ആവശ്യപ്പെട്ടതെന്ന് അവരുടെ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണമായി ഇമാം ഇബ്‌നുല്‍ ജൗസി (റ) (ഹി:508/597) പറയുന്നു:

‘ശരീഅത്തിന് വിരുദ്ധമല്ലാത്തതും നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതില്ലാത്തതുമായ വല്ലകാര്യവുമാണ് പുതുതായി ആവിഷ്‌കരിച്ചതെങ്കില്‍ പോലും പൗരാണിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും അതിനെ വെറുക്കുകയാണ് ചെയ്തത്. ഏതൊരു പുതിയ കാര്യവും അത് ‘ജാഇസ്’ ആണെങ്കില്‍ പോലും അത്തരം കാര്യങ്ങളില്‍ നിന്ന് ബഹുദൂരം അകന്നുമാറുമായിരുന്നു. കാരണം അടിസ്ഥാന കാര്യം പ്രവാചകനെ അനുധാവനം ചെയ്യുക എന്നതാണല്ലോ. (തല്‍ബീസ് ഇബ്‌ലീസ്. പേ: 25)

ഇന്നത്തെ നബിദിനാഘോഷത്തെ അവര്‍ എങ്ങനെ കാണുന്നു.

ഹാഫിള് അബുല്‍ ഖൈര്‍ അസ്സഖാവി (റ) പറയുന്നു:

‘മൗലിദ് ആചാരം മൂന്ന് ശ്രേഷ്ഠ നൂറ്റാണ്ടിലെയും സലഫുസ്വാലിഹില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. തീര്‍ച്ചയായും അത് പുതുതായി ആവിഷ്‌കരിക്കപ്പെട്ടതാണ്’

ഇമാം ഫാകിഹാനിയെ ഉദ്ധരിച്ചുകൊണ്ട് ഇമാം ജലാലുദ്ദീന്‍ സുയൂത്വി പറയുന്നു:

‘ഈ മൗലിദാഘോഷത്തിന് ഖുര്‍ആനിലും സുന്നത്തിലും യാതൊരു അടിസ്ഥാനവും തെളിവുമില്ല. ദീനില്‍ മാതൃകയായ പൂര്‍വികരുടെ ചര്യ പിന്‍പറ്റുകയും ചെയ്ത ഒരു പണ്ഡിതനില്‍ നിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇത് യാതൊരു ജോലിയുമില്ലാത്തവരുണ്ടാക്കിയ അനാചാരവും ശാപ്പാട്ടുരാമന്‍മാര്‍ മനുഷ്യന്റെ ദേഹേഛയെ മുതലെടുത്തതുമാണ്’ (അല്‍ ഹാവി: 1/255).

ഇബ്‌നു കസീറിന്റെയും (അല്‍ ബിദായത്തുവന്നിഹായ: 12/181) സയ്യിദ് അല്‍ ബക്‌രിബ്‌നു ദിംയാത്വിയുടെയും (ഇആനത്തുത്വാലിബീന്‍: 3/363-364) പ്രസ്താവനകള്‍ ഈ സംഭവത്തെ ശക്തിപ്പെടുത്തുമ്പോള്‍ ശൈഖ് അബ്ദുസലാം അശ്ശുഖൈരി അദ്ദേഹത്തിന്റെ ‘അസ്സുനനു വല്‍ മുബ്തദആത്ത്’ എന്ന ഗ്രന്ഥത്തിലൂടെ ചോദിക്കുന്നത്‌നബിയുടെ ജന്മദിനം ആഘോഷിക്കുവാന്‍ താല്‍പര്യം കാണിക്കുന്നവര്‍, അതേ മാസം തന്നെ വഫാത്തായ അദ്ദേഹത്തിന്റെ ചരമദിനം എന്തുകൊണ്ട് ആചരിക്കുന്നില്ല? എന്നാണ്. ഇസ്‌ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട നമസ്‌കാരം, നോമ്പ് തുടങ്ങിയ ആരാധനകളും ജുമുഅഃ, പെരുന്നാള്‍ തുടങ്ങി പ്രത്യേകം ആദരിക്കപ്പെട്ട ദിവസങ്ങളും പോലെ നബിജന്മദിനവും ആയിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ സച്ചരിതരായ ഖുലഫാക്കളാരും തന്നെ ഇതിന് പ്രാധാന്യം കല്‍പിക്കുകയോ പ്രത്യേകം ആചാരങ്ങള്‍ നടത്തുകയോ ചെയ്യാതിരുന്നതെന്തുകൊണ്ട്? തീര്‍ച്ചയായും ഇത് ആരംഭിച്ചത്, സ്വൂഫികളും, ബിദ്അത്തിന്റെ ആളുകളും തീറ്റിപ്രിയന്‍മാരുമാണ്’. (അസ്സുനനുവല്‍ മുബ്തദആത്ത്. പേ: 97)

ഇതുപോലെ അനേകം പ്രസ്താവനകള്‍ തല്‍സംബന്ധമായി ഉദ്ധരിക്കാന്‍ കഴിയുമെങ്കിലും സന്ദര്‍ഭം അനുവദിക്കുന്നില്ല.

ശൈഖ് ജീലാനിയുമായി ബന്ധപ്പെട്ട ആചാരങ്ങളും ശിര്‍ക്ക്-ബിദ്അത്തുകളോടുള്ള അദ്ദേഹത്തിന്റെ സമീപനവും

ത്വരീഖത്തുകളുടെയും ആള്‍ ദൈവങ്ങളുടെയും മായാലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതികയുഗത്തിലാണ് നാം കഴിഞ്ഞുകൊണ്ടിരിക്കുന്നത് എന്നത് ചരിത്രത്തിലെ വൈരുധ്യമായിരിക്കാം. ശിര്‍ക്കിനെതിരില്‍ സ്വന്തം പിതാവിനോടും രാജാവിനോടും സമൂഹത്തോടും ജീവിതം മുഴുവന്‍ വിപ്ലവം ചെയ്ത ഇബ്‌റാഹീം നബി (അ) യുടെ ബിംബം പോലും തൗഹീദിന് വേണ്ടി സ്ഥാപിക്കപ്പെട്ട പരിശുദ്ധ കഅ്ബാലയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് അവരെ പ്രേരിപ്പിച്ച ചേതോവികാരം അദ്ദേഹത്തോടുള്ള സ്‌നേഹാദരബഹുമാനങ്ങളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ഇതേ ‘ന്യായം’ മുന്നില്‍ വെച്ചുകൊണ്ടാണ്, സകല ശിര്‍ക്കുകള്‍ക്കും ബിദ്അത്തുകള്‍ക്കും ഭരണാധികാരികള്‍ ചെയ്തുകൊണ്ടിരുന്ന നെറികേടുകള്‍ക്കും ആഢംബര ജീവിതത്തിനുമെതിരില്‍ പണ്ഡിതന്മാരുടെ മുഴുവന്‍ അനുഗ്രഹാശിസുകളോടെ ബാഗ്ദാദിന്റെ വിപ്ലവഭൂമിയില്‍ നിന്നുകൊണ്ട് ജീവിതം മുഴുവന്‍ പോരാടിയ, തൗഹീദിന്റെ കര്‍മയോദ്ധാവ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിക്ക് പ്രവാചകനേക്കാളും അല്ലാഹുവിനേക്കാളും സ്ഥാനവും പദവിയും നല്‍കുവാന്‍ അദ്ദേഹത്തോടുള്ള ബഹുമാനം കാരണമായിട്ടുള്ളതെങ്കില്‍, സിയോണിസത്തിന്റെ മസ്തിഷ്‌കപ്രക്ഷാളനം ഈ മുസ്‌ലിംഉമ്മത്തിന്റെ ആദര്‍ശഹൃദയത്തില്‍ നടന്നുകഴിഞ്ഞു എന്ന് നിസംശയം പറയാന്‍ സാധിക്കും.

ശൈഖ് ജീലാനി(റ)യുടെ വരികള്‍ ഇവിടെ സ്മരണീയമാണ്:

‘നിന്റെ ഹൃദയത്തില്‍ അനേകം ഇലാഹുകള്‍ ഉണ്ടായിരിക്കെ നിനക്കെങ്ങനെ ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കാന്‍ സാധിക്കും? അല്ലാഹുവിനെ കൂടാതെ നീ അവലംബിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സര്‍വവും നിന്റെ വിഗ്രഹങ്ങളാകുന്നു. നാവുകൊണ്ട് നീ തൗഹീദ് ഉച്ചരിച്ചാലും ഹൃദയത്തില്‍ ‘ശിര്‍ക്ക്’ രൂഢമൂലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിനക്ക് ഒരുപകാരവും ചെയ്യുകയില്ല’. (അല്‍ ഫത്ഹുര്‍റബ്ബാനി: 147) ‘ഇജ്തിഹാദി’ന്റെ പവിത്രമായ പദവി ഉപയോഗിച്ച് സകല ശിര്‍ക്ക് ബിദ്അത്തുകളും ന്യായീകരിക്കുകയും ഇസ്‌ലാമിലെ ഇബാദത്തുകളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന സകല പണ്ഡിതന്മാരോടുമുള്ള ശൈഖ് ജീലാനിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദമാണ് ഇതെന്ന് ചിന്താഗ്രാഹ്യശേഷിയുള്ളവര്‍ക്ക് ബോധ്യപ്പെടുന്നതാണ്. ഖുര്‍ആനും സുന്നത്തും മുറുകെപിടിച്ച് ജീവിതം നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങളിലൂടെ സാര്‍ത്ഥകമാക്കാന്‍ ലോകമുസ്‌ലിം ഉമ്മത്തിനെ ഒരു പ്രബോധകന്റെ ഉത്തമമായ ശൈലിയില്‍ അദ്ദേഹം ഉദ്‌ബോധനം ചെയ്തു:

‘കുട്ടീ, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അതു രണ്ടും മുറുകെ പിടിച്ചുകൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ കളങ്കരഹിതമായി പ്രവര്‍ത്തിക്കേണ്ടതിന്റെയും അനിവാര്യത നിനക്ക് ഞാന്‍ വ്യക്തമാക്കി തന്നിരിക്കുന്നു. നിങ്ങളുടെ പണ്ഡിതന്മാര്‍ അങ്ങേയറ്റം വിവരം കെട്ടവരും ജീവിത വിരക്തി അഭിനയിക്കുന്നവര്‍ ഭൗതികത വാരിപ്പുണരുന്നവരും അല്ലാഹുവിനെ മറന്നുകൊണ്ട് അവന്റെ സൃഷ്ടികളില്‍ വിശ്വാസമര്‍പ്പിക്കുന്നവരും അവരില്‍ ഭരമേല്‍പിക്കുന്നവരുമായിട്ടാണ് എനിക്ക് കാണാന്‍ സാധിക്കുന്നത്. അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരില്‍ വിശ്വാസമര്‍പ്പിക്കുന്നത് അല്ലാഹുവിന്റെ ശാപത്തിന് കാരണമായിത്തീരും’ (അല്‍ ഫത്ഹുറബ്ബാനി: പേ:148)

ബിദ്അത്തുകള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറയുന്നു:

‘കുട്ടീ! അല്ലാഹുവിന്റെ ദീനില്‍ ഇല്ലാത്ത വല്ലകാര്യവും പുതുതായി ആവിഷ്‌ക്കരിക്കുകയോ ആചാരങ്ങളായി അനുഷ്ഠിക്കുകയോ ചെയ്യരുത്. നീതിയുക്തമായ രണ്ട് സാക്ഷികളെ അഥവാ വിശുദ്ധ ഖുര്‍ആനും സുന്നത്തും നീ പിന്‍പറ്റുക. കാരണം അവ രണ്ടും മാത്രമേ നിന്നെ നിന്റെ റബ്ബിന്റെ സാമീപ്യത്തിലേക്ക് എത്തിക്കുകയുള്ളൂ. എന്നാല്‍, നീ ബിദ്അത്തുകാരനായി മാറുകയാണെങ്കില്‍ നിന്റെ ന്യായപ്രമാണങ്ങള്‍ നിന്റെ ദേഹേഛയും അതിനെ രൂപപ്പെടുത്തുന്ന നിന്റെ ബുദ്ധിയുമായിരിക്കും. നിസംശയം, അവ രണ്ടും നിന്നെ ഫിര്‍ഔനിന്റെയും ഹാമാനിന്റെയും അവരുടെ സൈന്യത്തോടുമൊപ്പം നരകത്തിലേക്കാണെത്തിക്കുക’. (അല്‍ ഫത്ത്ഹുര്‍റബ്ബാനി: പേ:148)

ഇനി, അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ചെയ്തുകൊണ്ടിരിക്കുന്ന ഖുത്തുബിയത്തിലെ വരികളും അതിന് പണ്ഡിതന്‍മാര്‍ നല്‍കുന്ന വിശദീകരണവും കൂടി കാണുക:

‘ഉദ്ദേശ്യ പൂര്‍ത്തീകരണത്തിന് നമ്മുടെ നാടുകളില്‍ അഹ്‌ലുസുന്നത്ത് വല്‍ ജമാഅത്ത് നടത്തുന്ന കാര്യമാണ് ഖുതുബിയ്യത്ത് ചൊല്ലല്‍. മര്യാദകള്‍ പാലിച്ചുകൊണ്ട് ബഹുമതിയോടെ ഇത് ചൊല്ലുന്നവര്‍ക്ക് ഉദ്ദേശ്യം എളുപ്പത്തില്‍ പൂര്‍ത്തിയായി കിട്ടാറുണ്ട്. അത്തരം അനുഭവങ്ങള്‍ ധാരാളമത്രെ’. തുടര്‍ന്ന് ഖുത്തുബിയ്യത്തിലെ വരികള്‍ ഇങ്ങനെ വായിക്കാം:

‘ആരെങ്കിലും എന്റെ നാമം ആയിരം തവണ മറ്റെല്ലാചിന്തകളും അശ്രദ്ധയും ഒഴിവാക്കി ദൃഢനിശ്ചയത്തോടെ വിളിച്ചാല്‍ അവന്റെ വിളിക്ക് ഞാന്‍ പെട്ടെന്ന് ഉത്തരം ചെയ്യും. അതുകൊണ്ട് അവന്‍ ‘മുഹ്‌യുദ്ദീന്‍ അബ്ദുല്‍ഖാദിറേ’ എന്നു വിളിച്ചുകൊള്ളട്ടെ (എന്ന് ശൈഖ് പറഞ്ഞു). വിശദീകരണം: ‘മുഹ്‌യുദ്ദീന്‍ ശൈഖ് (റ) പറഞ്ഞു: ഒരു വിഷമ ഘട്ടത്തില്‍ ആരെങ്കിലും എന്നോട് സഹായം ചോദിച്ചാല്‍ ഞാനത് ദൂരീകരിച്ചുകൊടുക്കും. വലിയ വിഷമം ഉണ്ടാകുമ്പോള്‍ എന്റെ പേര് വിളിച്ചാല്‍ ഞാന്‍ ഒഴിവാക്കിക്കൊടുക്കും’ ‘ആയിരം വിളിക്കുന്നത് ഓരോരുത്തരും വിളിക്കണം. കൂടുതല്‍ ആളെ സംഘടിപ്പിച്ച് എണ്ണം അവര്‍ക്ക് വീതിച്ചുകൊടുത്താല്‍ പോരാ’. ‘സന്നിഗ്ധ ഘട്ടങ്ങളില്‍ സഹായിക്കാന്‍ പലരെയും അല്ലാഹു തആലാ നിയോഗിച്ചിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആനും നബി(സ)യുടെ ഹദീസും ഈ വസ്തുത അംഗീകരിച്ചിട്ടുണ്ട്’ (ഖുത്തുബിയ്യത്ത് പരിഭാഷയും വിശദീകരണവും, പാറന്നൂര്‍ പി.പി. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍)

സമാപനം

ബുദ്ധിയും വിവേകവും മസ്തിഷ്‌കവും പണയം വെച്ചിട്ടില്ലാത്ത സകലര്‍ക്കും സുവ്യക്തമായി ബോധ്യപ്പെടുന്ന സത്യത്തിന്റെ ഗര്‍ജനവും സകല ത്വാഗൂത്തുകള്‍ക്കും ശിര്‍ക്ക്‌, ബിദ്അത്തുകള്‍ക്കെതിരിലുള്ള യുദ്ധ പ്രഖ്യാപനവുമാണ് ശൈഖ് ജീലാനി(റ)ഇവിടെ നടത്തിയതെന്നും അദ്ദേഹം ഏതൊരു പണ്ഡിതസമൂഹത്തെ നോക്കിക്കൊണ്ട് നിങ്ങള്‍ പണ്ഡിതന്മാര്‍ അങ്ങേയറ്റത്തെ വിവരക്കേടിലാണ് ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിതപിച്ചതിന്റെയും സാക്ഷാല്‍ ഉദാഹരണം ഇതുവരെ ഉദ്ധരിച്ചതില്‍ നിന്നും വ്യക്തമാകുന്നതാണ്.

സലീം അബ്ദുല്ലാ അല്‍ ഹമദാനി താമരശ്ശേരി

Related Post