New Muslims APP

ഇസ്ലാമിന്റെ ശാശ്വത മൂല്യങ്ങള്‍

മാറുന്ന ലോകത്ത് ഇസ്ലാമിന്റെ ശാശ്വത മൂല്യങ്ങള്‍

മാറുന്ന ലോകത്ത് ഇസ്ലാമിന്റെ ശാശ്വത മൂല്യങ്ങള്‍

ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് മോണ്ട്‌ഗോമറി വാട്ട് തന്റെ Islamic Political Thought എന്ന പുസ്തകത്തില്‍ പറയുന്നു:
ദീനും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെ നാം നിരീക്ഷിച്ചാല്‍ ദീനിന് ഒരു വ്യക്തിയുടെ ജീവിതത്തില്‍ മുഖ്യ സ്ഥാനമുണ്ടെന്ന് കാണാം. ദീന്‍ ഒരു വ്യക്തിയില്‍ നാമമാത്ര സ്വാധീനമല്ല ചെലുത്തുന്നത്. മറിച്ച് എല്ലാറ്റിനെയും നിര്‍ണയിക്കുന്ന മര്‍മ പ്രധാനമായ പങ്കു വഹിക്കുന്നുണ്ടത്.

രണ്ടു രീതിയില്‍ നമുക്കിത് വ്യക്തമാക്കാം.

ഒന്ന്: ദീനീചിന്തകള്‍ ഒരാളുടെ സകല പ്രവര്‍ത്തനങ്ങളുമുള്‍ക്കൊള്ളുന്ന സാംസ്‌കാരിക മണ്ഡലത്തെ കൃത്യമായി വിശദീകരിക്കുന്നു. ഇവ അവന്റെ ജീവിതത്തിലെ പൊതു പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തുന്നതോടൊപ്പം അത്തരം പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

രണ്ട്: ദീന്‍ ഒരു വിശ്വാസിക്ക് തന്റെ ജീവിത ലക്ഷ്യങ്ങളെ കുറിച്ച് ഏറ്റവും ആഴത്തിലുള്ള അവബോധം  നല്‍കുന്നു. മാത്രമല്ല, അവന്റെ കര്‍മങ്ങള്‍ക്കുള്ള പ്രചോദനവും ഈ ദീനാണ്. യഥാര്‍ഥത്തില്‍ ഈ ദീനീപ്രചോദനമില്ലെങ്കില്‍ അധിക കര്‍മങ്ങളും നിര്‍വഹിക്കുക സാധ്യമല്ല.

മേല്‍പറഞ്ഞ രണ്ടുസംഗതികളിലൂടെ ദീന്‍ ഒരു മനുഷ്യ ജീവിതത്തിലെ മര്‍മസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നതെങ്ങനെ എന്ന് നാം മനസിലാക്കി. എല്ലാ കാര്യങ്ങളും വിശദാംശങ്ങളോടെ അറിയിച്ചുവെന്നല്ല, മറിച്ച് ജീവിതത്തിലെ പൊതു ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍ണയിച്ചുവെന്നര്‍ഥത്തിലാണ്. അതോടൊപ്പം ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി സര്‍വ ശക്തിയും സംഭരിക്കാനും അതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ദീന്‍ സഹായിക്കുന്നുണ്ട്.

ജീവിതത്തെ അര്‍ഥസമ്പുഷ്ടമാക്കുന്ന സാംസ്‌കാരിക പിന്‍ബലമില്ലെങ്കില്‍ ജീവിതത്തിന് ഒരു വിലയുമില്ല. അതിനാല്‍ സംസ്‌കാരത്തിനുണ്ടാകുന്ന ഏതൊരു അപചയവും മാനുഷിക മൂല്യങ്ങളെ ശോഷിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു. ദീന്‍ സംസ്‌കാരത്തില്‍ ഉള്‍ച്ചേരുമ്പോഴും, അതിന് അടിത്തറയേകുമ്പോഴും സംസ്‌കാരത്തിന്റെ തനതു മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും അറബ് – ഇസ്‌ലാമിക ലോകത്ത് നാമിതാണ് കാണുന്നത്.

മത-സാമൂഹിക-സാംസ്‌കാരിക തനിമകള്‍ പരസ്പരം ലയിക്കുകയും രാഷ്ട്രീയാതിരുകള്‍ ഇല്ലാതാകുകയും ചെയ്യുന്ന ഒരു നവലോകസാഹചര്യത്തെയാണ് ദീന്‍ ഇന്ന് നേരിടുന്നത്. ഈ ദീനാകട്ടെ വ്യക്തിയിലും സമൂഹത്തിലും എന്നും മുഖ്യസ്ഥാനം വഹിക്കുന്നുണ്ടു താനും. ദേശീയ പ്രശ്‌നങ്ങള്‍ (ന്യൂനപക്ഷാവകാശങ്ങള്‍, വ്യക്തിസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം തുടങ്ങി പലതും) ദേശ-സമൂഹ-അതിര്‍ത്തികള്‍ ഭേദിച്ച് ലോകം നേരിടുന്ന പ്രശ്‌നങ്ങളായി മാറി. അതേ സമയം ലോക പ്രശ്‌നങ്ങള്‍ (സമാധാനം, വികസനം, മൂലധനവിനിമയം, അതിന്റെ ഉപഭോഗം, സാമ്പത്തിക സഹായങ്ങള്‍, ചരക്കു നീക്കം) ദേശീയ-ആഭ്യന്തര പ്രശ്‌നങ്ങളായി ചുരുങ്ങി.

ഒരു വശത്ത് പിന്നാക്കാവസ്ഥയുടെയും മറുവശത്ത് തനിമയെ കുറിച്ച ആത്മഭീതിയുടെയും സമ്മിശ്രാവസ്ഥയില്‍ ആഗോളമാറ്റത്തിന്റെ അടിയൊഴുക്കുകളറിഞ്ഞ് തദനുസൃതം ലോകവുമായുള്ള വ്യവഹാരത്തിന് തനതു ശൈലി രൂപപ്പെടുത്താന്‍ അറബ്‌ലോകം നിര്‍ബന്ധിതമായിട്ടുണ്ട്.

തങ്ങളുടെ പിന്നാക്കാവസ്ഥയുടെ കരണത്ത് പാശ്ചാത്യന്‍ലിബറലിസത്തിന്റെ കരതലങ്ങള്‍ പതിച്ചുകൊണ്ടിരിക്കെ, തങ്ങളെന്തുകൊണ്ടാണ് നവീകരണത്തെയും ആധുനികീകരണത്തെയും ആശ്ലേഷിക്കുന്നതില്‍നിന്ന് വിട്ടുനിന്നത് എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

പ്രസ്തുത ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ട സംഗതികളിതാ:
1- ആധുനികീകരണവും നവീകരണവും എന്താണെന്നും, അവയുടെ പരിധികള്‍ എത്രത്തോളമെന്നും തുടങ്ങിയ വിശദീകരണം.
2- വികസനത്തിലും നവീകരണത്തിലും ദീനിനുള്ള പങ്ക് പ്രതിലോമമോ പ്രചോദകമോ? (മാക്‌സ് വെബ്ബറിന്റെ ദര്‍ശനം- ക്യാപിറ്റലിസവും പ്രൊട്ടസ്റ്റന്റ് ധാര്‍മിക മൂല്യങ്ങളും)
3- പാശ്ചാത്യന്‍ സംസ്‌കാരം അനുധാവനം ചെയ്യുന്നതിലൂടെ മാത്രമാണ് പുരോഗതി. (ബെഞ്ചമിന്‍ കിഡ്ഡിന്റെ വീക്ഷണം)
4- നവീകരണമെന്നത് കിഴക്കുള്ള അറബ് ഇസ്‌ലാമിക സംസ്‌കാരം കാത്തു സൂക്ഷിക്കുന്നതിലൂടെ മാത്രം.
(രിഫാഅഃ, ത്വഹ്ത്വാവി, മുഹമ്മദ് അബ്ദു, റശീദ് രിദാ, ജമാലുദ്ദീന്‍ അഫ്ഗാനി, ശകീബ് അര്‍സലാന്‍ തുടങ്ങി മാലിക് ബിന്നബി വരെയുള്ളവരുടെ കാഴ്ചപ്പാടുകള്‍)

യഥാര്‍ഥത്തില്‍ മറ്റെല്ലാ സംസ്‌കാരങ്ങള്‍ക്കും നാഗരികതകള്‍ക്കും മുന്നില്‍ അറബ്- ഇസ്‌ലാമിക ലോകം സധൈര്യം തങ്ങളുടെ വാതായനങ്ങള്‍ തുറന്നു വെച്ചിട്ടുണ്ട്. എത്രത്തോളമെന്നാല്‍, തര്‍ജ്ജമക്ക് പ്രത്യേക  വകുപ്പുതന്നെ സ്ഥാപിച്ച മഅ്മൂനിന്റെ പ്രത്യേക കാലം തൊട്ട്, ഗ്രീക്ക്- പേര്‍ഷ്യന്‍- ഇന്‍ഡ്യന്‍ ഭാഷകളില്‍ നിന്ന് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഭാഷാന്തരം ചെയ്യാന്‍ പദ്ധതിയിട്ട അബ്ദുന്നാസ്വിറിന്റെ കാലത്തും, യൂറോപ്പിലെ ശാസ്ത്ര-സാങ്കേതിക പുരോഗതിയെപ്പറ്റി പഠിച്ച് സ്വദേശത്ത് നടപ്പിലാക്കുന്നതിന് പത്തോളം വിദ്യാര്‍ഥി പ്രതിനിധി സംഘങ്ങളെ അയച്ച മുഹമ്മദ് അലിയുടെ കാലത്തും ഈ അവസ്ഥ തുടര്‍ന്നുകൊണ്ടിരുന്നു. അറബി ഭാഷയില്‍ അച്ചടിയും തര്‍ജ്ജമയും ചെയ്യുന്നതില്‍ ലെബനാനിലെ മതപാഠശാലകള്‍ക്കുള്ള പങ്ക് സുവിദിതമാണല്ലോ.

ഇത്തരം ഉദാരനയങ്ങള്‍ക്ക് ദീന്‍ ഒരിക്കലും തടസ്സമായിരുന്നില്ല. അതേ സമയം, അറിവും വിജ്ഞാനവും സ്വായത്തമാക്കാന്‍ ഏതുവിദൂരദിക്കിലും ചെന്ന് അശ്രാന്ത പരിശ്രമം തുടരണമെന്നാണ് ദീന്‍ ശക്തിയായി പ്രേരിപ്പിക്കുന്നത്.

സ്വാംശീകരണത്തിന്റെ ഈ തുറന്നനയം നാഗരിക സംഘട്ടനങ്ങളുടെ ദര്‍ശനങ്ങളോട് പൂര്‍ണമായും വിയോജിച്ചു. മനുഷ്യരാശിയെ നവലോകവികസനക്രമത്തിലേക്കും പുരോഗതിയിലേക്കും വഴി കാണിക്കുന്ന ആംഗ്ലോ- സാക്‌സണ്‍ വംശമാണ് അടിസ്ഥാനവംശമെന്നും, അതിനാല്‍ അത് സംരക്ഷിക്കപ്പെടണമെന്നും വാദിച്ച്  രംഗത്തുവന്ന ബെഞ്ചമന്‍ കിഡ്ഡിന്റെ ദര്‍ശനത്തിന് ആധുനിക ഭാഷ്യംചമച്ച സാമുവല്‍ ഹണ്ടിംഗ്ടണ്‍ ആണ് നാഗരിക സംഘട്ടനത്തിന്റെ ആശയലോകം തുറന്നത്.

അതേ സമയം, വൈജ്ഞാനിക-ചിന്താ-സാംസ്‌കാരിക മേഖലകളില്‍ മേല്‍കോയ്മ നേടിയ അധിനിവേശകര്‍ കീഴാള രാജ്യങ്ങളില്‍ കടന്നു കയറുന്നത് തങ്ങളുടെ അവകാശമായിട്ടാണ് കാണുന്നതെന്ന് ആല്‍ബര്‍ട്ട് ബേയറ്റ് അഭിപ്രായപ്പെടുന്നു.
പിന്നാക്കമാണെന്ന സംഭവ യാഥാര്‍ഥ്യത്തെ അറബ്-ഇസ്‌ലാമിക ലോകം തിരിച്ചറിയുന്നുണ്ട്. പുരോഗതിയാര്‍ജിക്കാന്‍ സര്‍വവിധ പരിശ്രമങ്ങളും വിനിയോഗിക്കേണ്ടതുണ്ടെന്ന് അവര്‍ മനസിലാക്കുന്നു.

‘യാഥാര്‍ഥ്യബോധം സവിശേഷ സാംസ്‌കാരിക മൂല്യങ്ങളെ പകര്‍ന്നുതരുന്നുവെന്നത് തീര്‍ച്ചയാണ്. പക്ഷെ, പരിഷ്‌കരണം ഇതുകൊണ്ട് മാത്രം പൂര്‍ത്തിയാകുന്നില്ല. അത് വൈയക്തിക-സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍, പ്രയോഗതലത്തില്‍ തന്നെ ഉണ്ടാകേണ്ടതായ ഒന്നാണ്’. നംസാവി ഗോഡാമെയര്‍ ചൂണ്ടിക്കാട്ടുന്നു.

ഗോഡാമെയര്‍ തുടരുന്നു : ‘ഏറ്റവും കടുത്ത പ്രതിസന്ധിഘട്ടത്തില്‍ സാംസ്‌കാരിക സ്വത്വബോധം അതിന്റെതന്നെ സംരക്ഷണത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ട് ഉള്‍വലിയുന്നു. പക്ഷെ, പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ പോംവഴികളില്ലെന്ന് കണ്ടാല്‍ മൂര്‍ത്തമോ സാങ്കല്പികമോ ആയ ശത്രുവിനെതിരെ ഏറ്റുമുട്ടുന്നു’.

ഇതില്‍ നിന്ന് ഉരുത്തിരിയുന്നതിതാണ് : ആഗോളമാറ്റങ്ങളോടുള്ള സമീപനം നിഷേധാത്മകമാകരുത്. മറിച്ച്, സഹകരണാത്മകമായിരിക്കണം. ഏറ്റുമുട്ടല്‍ നയത്തിനു പകരം നല്ലതിനെ സ്വാംശീകരിക്കുന്നതായിരിക്കണം. അന്ധമായ എതിര്‍പിനു പകരം ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്നുകൊണ്ട് നിരൂപണബുദ്ധ്യാ നിലപാടുകള്‍ സ്വീകരിക്കുന്നതായിരിക്കണം.

ഇസ്‌ലാം മാനവികതയുടെ ഏകതയെയും വൈവിധ്യത്തെയും കുറിച്ചുപറയുന്നു. ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളുടെ അന്തഃസത്തയെ നിര്‍ണയിക്കുന്ന, ദീനീ-സാംസ്‌കാരിക-വംശസവിശേഷതകളുടെ വൈജാത്യത്തെയും വൈവിധ്യത്തെയും ആദരിക്കുന്ന അടിസ്ഥാനാദര്‍ശങ്ങള്‍ അത് ഊന്നിപറയുന്നുണ്ട്: ഇവയുടെ അഭാവത്തില്‍ ഈമാന്‍ പൂര്‍ത്തിയാകുന്നില്ലെന്നതോ പോകട്ടെ, അടിസ്ഥാനാദര്‍ശങ്ങള്‍തന്നെ നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. ഈ യാഥാര്‍ഥ്യത്തെ ഊന്നിപ്പറയുന്ന അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ നമുക്ക് കാണാം.

അല്ലാഹു ആദം സന്തതികളെ ആദരിച്ചു. അതായത് ഈ ആദരവിന് ഒരു വിശ്വാസിയോ വിശ്വാസി സമൂഹമോ മാത്രമല്ല അര്‍ഹരാകുന്നത്. മറിച്ച് മാനവരാശി മുഴുവനുമാണ്.

ഭൂമിയിലെ തന്റെ പ്രതിനിധിയായി അല്ലാഹു മനുഷ്യനെ നിശ്ചയിച്ചു. മറ്റൊരു സമുദായവും അത്തരമൊരു ബഹുമതിക്കര്‍ഹരായില്ല. അല്ലാഹു ഒരൊറ്റ ആത്മാവില്‍ നിന്ന് മുഴുവന്‍ ജനങ്ങളെയും സൃഷ്ടിച്ചു. അവര്‍ക്കിടയില്‍ സമഭാവം ഊന്നിപ്പറഞ്ഞു. പിന്നീട് അവരെ വംശ-വര്‍ണ-വര്‍ഗ-ഭാഷാ-കര്‍മ-മാര്‍ഗ വൈജാത്യങ്ങള്‍ക്കുകീഴില്‍ കൊണ്ടുവന്നു. അങ്ങനെയൊന്നും അവന്‍ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ ‘കുന്‍ ഫയകൂന്‍’ എന്ന് പറയാമായിരുന്നു.

ഈ അടിസ്ഥാനങ്ങളുടെ വ്യക്തതക്കായി മറ്റുചില ആയത്തുകള്‍ കൂടി പരിശോധിക്കാം.
”മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാ (പരിചയപ്പെടാന്‍)നാണ്” (അല്‍ ഹുജുറാത്ത്: 13).
മൂന്ന് അടിസ്ഥാനങ്ങള്‍ ഈ ആയത്തിലൂടെ വെളിപ്പെടുന്നുണ്ട്.

ഒന്ന് : മാനവ ഏകത
അതായത്, മനുഷ്യരെല്ലാം ഒരൊറ്റ സമുദായമായിത്തീരുന്നു. അല്ലാഹു ഒരൊറ്റ ആത്മാവില്‍ നിന്നാണ് മനുഷ്യനെ സൃഷ്ടിച്ചത്. ഖുര്‍ആനില്‍ പറയുന്നത് കാണുക:
”മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചത്”.

രണ്ട് : മനുഷ്യസമൂഹത്തിലെ വൈവിധ്യം.
മുകളില്‍ പരാമര്‍ശിച്ച സൂക്തത്തിന്റെ ശേഷ ഭാഗം കൂടി കാണുക.
”നിങ്ങളെ വിവിധ വിഭാഗങ്ങളും  ഗോത്രങ്ങളും ആക്കിയത്”
അതായത് ഈ വൈവിധ്യം ദൈവനിശ്ചയമാണ്. സംഭവലോകത്ത് നാം കാണുന്നത് ഈ ദൈവനിശ്ചയത്തിന്റെ പുലര്‍ച്ചയും ആവിഷ്‌കാരവുമാണ്.

മൂന്ന്: ജനസമൂഹങ്ങള്‍ അന്യോന്യം തിരിച്ചറിഞ്ഞ്, തങ്ങള്‍ക്കിടയിലുള്ള വൈവിധ്യത്തെ കാത്തുസൂക്ഷിച്ചും ആദരിച്ചും സമഭാവത്തെ യാഥാര്‍ഥ്യമാക്കുക എന്നതാണ് വ്യത്യസ്ഥരായി സൃഷ്ടിച്ചതിനെ പിന്നിലെ ഉദ്ദേശ്യം. അതു സൂചിപ്പിച്ചുകൊണ്ടാണ് ഖുര്‍ആന്‍ സൂക്തം പൂര്‍ത്തിയാക്കുന്നത്.
”(പരിചയപ്പെട്ട്) തിരിച്ചറിയാനാണ്. നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്”.

പരസ്പരം പരിചയപ്പെടുക, അറിയുക എന്നത് വ്യത്യസ്ത ജനതകള്‍ക്കിടയില്‍ ഒരു പാലമായി വര്‍ത്തിക്കുന്നു. പക്ഷെ, തിരിച്ചറിയാതെ പരിചയപ്പെടല്‍ ഉണ്ടാവില്ലല്ലോ, എന്നു പറഞ്ഞാല്‍ പരിചയപ്പെടല്‍ തിരിച്ചറിവിന്റെ അടിസ്ഥാനമാണെന്നര്‍ഥം. പരിചയപ്പെടണമെങ്കില്‍ അപരന്‍ വ്യത്യസ്തനായിരിക്കണം. അപരനില്‍ നിന്ന് നമ്മള്‍ വ്യത്യസ്തത പുലര്‍ത്തിയെങ്കിലേ നമ്മെ പരിചയപ്പെടുന്നതിന്ന് അര്‍ഥമുള്ളൂ.

വ്യത്യസ്തതയില്ലെങ്കില്‍ പരിചയപ്പെടേണ്ട ആവശ്യം തന്നെയില്ല. അത്തരമൊരവസ്ഥയില്‍, പരിചയപ്പെടുകയെന്നത് അടിസ്ഥാനം പോലുമല്ലാതായിത്തീരും. ജനങ്ങളോട് പരസ്പരം പരിചയപ്പെടാനുള്ള ഖുര്‍ആനിന്റെ ആഹ്വാനം ആ നിലക്ക് അവര്‍ക്കിടയിലുള്ള വൈജാത്യങ്ങളെകുറിച്ചറിയാനുള്ള ആഹ്വാനമാണ.് ആ വൈജാത്യങ്ങളെ അംഗീകരിക്കാനുള്ള മാനവികവിശാലതയുണ്ടാകണമെന്നത് അതിനാല്‍ അനിവാര്യമത്രെ.

മനുഷ്യര്‍ വ്യത്യസ്തസമൂഹങ്ങളെ അറിയണമെന്നും പരിചയപ്പെടണമെന്നുമുള്ള തത്ത്വം മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനത്തോട് യോജിക്കുന്ന ഒന്നാണ്. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും കുറിക്കുന്ന ഒരുപാട് സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അവയില്‍ നിന്ന് ഏതാനും സൂക്തങ്ങളിതാ:
”മനുഷ്യരൊക്കെ ഒരൊറ്റ സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു.” (യൂനുസ്: 19)

”നിന്റെ നാഥന്‍ ഇഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും.” (ഹൂദ്: 118)

അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ മുഴുവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍, അവന്‍ ഇഛിക്കുന്നവരെ തന്റെ അനുഗ്രഹത്തിന്  അവകാശിയാക്കുന്നു. അക്രമികള്‍ക്ക് സഹായിയോ രക്ഷകനോ ഇല്ല.” (അശ്ശൂറാ: 8)

സ്രഷ്ടാവിലും സൃഷ്ടിയിലും ഏകതയുണ്ടെങ്കിലും ജനസമൂഹം വ്യത്യസ്ത സമുദായങ്ങളും, വര്‍ഗങ്ങളും ആകണമെന്നാണ് ദൈവയുക്തിയുടെ ഉദ്ദേശ്യം. അപ്പോള്‍ മാനവഏകത സമാനതയിലോ സദൃശ്യത്തിലോ അല്ല, മറിച്ച് വൈവിധ്യത്തിലും വൈജാത്യത്തിലുമാണ് കുടികൊള്ളുന്നതെന്നാണ്. അല്ലാഹുവിന്റെ മഹോന്നത ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് സമൂഹത്തിലെ വൈജാത്യം. സൃഷ്ടിപ്പിലെ കരവിരുതിന്റെ വശ്യപ്രകടനം.

ഖുര്‍ആന്‍ പറയുന്നു:
”ആകാശ ഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം, ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.” (അര്‍റൂം: 22)

വംശവൈവിധ്യം ശ്രേഷ്ഠതയുടെയോ കീഴാളതയുടെയോ മാനദണ്ഡമല്ല. അത് മാനവികതയിലെ കുടുംബ വൃത്തത്തിലുള്ള കേവലവ്യത്യാസം മാത്രമാണ്. മറ്റൊരുഛായയില്‍ സൃഷ്ടിക്കപ്പെട്ടവനെ ആദരിക്കുകയെന്നത് നിര്‍ബന്ധമാണ്.

ഭാഷാ-വര്‍ണ-വര്‍ഗ വൈജാത്യത്തിലും അപരനെ ആദരിക്കുകയെന്നത് ഇസ്‌ലാമിലെ പെരുമാറ്റചട്ടത്തിന്റെ അടിസ്ഥാന നിയമമാണെങ്കില്‍ ദൈവിക ശരീഅത്തിന്റെ വ്യത്യസ്തതയിലും അവരെ ആദരിക്കല്‍ വിശ്വാസകാര്യങ്ങളുടെ അടിസ്ഥാനങ്ങളില്‍പെട്ടതാണ്. അത് അഭിപ്രായ സ്വാതന്ത്ര്യത്തെ ആദരിക്കുന്നതിന്റെയും, ‘ദീനില്‍ ബലപ്രയോഗമില്ല’ എന്ന തത്ത്വത്തെ മുറുകെപിടിക്കുന്നതിന്റെയും ഭാഗമാണ്. ഖുര്‍ആന്‍ പറയുന്നു:
”ഒരോ വിഭാഗത്തിനും ഓരോ ദിശയുണ്ട്. അവര്‍ അതിന്റെ നേരെ തിരിയുന്നു” (അല്‍ ബഖറഃ: 148).

ഓരോ കൂട്ടര്‍ക്കും തങ്ങളുടെതായ അഭിമുഖീകരണസ്ഥാനങ്ങള്‍ ഉണ്ടെന്നതിലേക്ക് തെളിവായി വേറെയും സൂക്തങ്ങളിതാ:
”അവരില്‍ തന്നെ ഒരു വിഭാഗം മറ്റു വിഭാഗക്കാരുടെ ഖിബ്‌ലയെ പിന്തുടരില്ല” (അല്‍ ബഖറഃ: 145).
”എല്ലാ ഓരോ സമുദായത്തിനും നാം ഓരോതരം ആരാധനാരീതി നിശ്ചയിച്ചിട്ടുണ്ട്. അവരതനുഷ്ഠിച്ചുപോരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ അവരാരും നിന്നോട് കലഹിക്കാതിരിക്കട്ടെ. നീയവരെ നിന്റെ നാഥങ്കലേക്ക് ക്ഷണിച്ചുകൊള്ളുക. തീര്‍ച്ചയായും നീ വളവൊട്ടുമില്ലാത്ത നേര്‍വഴിയില്‍തന്നെയാണ്” (അല്‍ ഹജ്ജ്:67).

”എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും”(അല്‍ജാസിയഃ 28).

മേല്‍പറഞ്ഞതിന്റെ വിവക്ഷയിതാണ്. ഭാഷാ വര്‍ണ വൈജാത്യത്തോടൊപ്പം തന്നെ ശരീഅത്ത്-കര്‍മ മാര്‍ഗ വൈജാത്യങ്ങളും അല്ലാഹുവിന്റെ കാരുണ്യ പ്രകൃതിയില്‍പെട്ടതാണ്. ഇക്കാര്യം ഖുര്‍ആന്‍ ഊന്നിപ്പറയുന്നുണ്ട്.

ഖിയാമത്തുനാള്‍ വരെ നിലനില്‍കുന്നതാണ് വംശ-സംസ്‌കാര-ദീനീ-കര്‍മമാര്‍ഗ വൈജാത്യങ്ങള്‍. അല്ലാഹു അന്നാളില്‍ അക്കാര്യത്തില്‍ വിധിപറയും. യാഥാര്‍ത്ഥ്യം ഇതായിരിക്കെ, മറ്റുള്ള വിഭാഗങ്ങളെ അവഗണിച്ചുകൊണ്ടും അവരുമായുള്ള ബന്ധം വിഛേദിച്ചുകൊണ്ടും ഉള്ളതായിരിക്കരുത് നമ്മുടെ പെരുമാറ്റരീതി. പ്രകൃതി പ്രതിഭാസമെന്നോണം അവരെ മനസിലാക്കികൊണ്ടും അവരിലേക്കിറങ്ങിച്ചെന്നും ആദരവോടെയാകണം നമ്മുടെ ഇടപെടല്‍.

വാസ്തവത്തില്‍, അബ്ദുല്‍ വലീദ് അല്‍ബാജി തന്റെ ‘അഹ്കാമുല്‍ ഫുസ്വൂല്‍ ഫീ അഹ്കാമില്‍ ഉസ്വൂല്‍’ എന്ന കൃതിയില്‍ വ്യക്തമാക്കുന്നതുപോലെ സത്യം എന്നും ഒന്നേയുള്ളൂ.

സത്യംകൊണ്ട് വിധിക്കാത്തവന്‍ അസത്യംകൊണ്ടത്രെ വിധിച്ചത്. പക്ഷെ, അത് പിന്‍പറ്റാന്‍ നാം ബാധ്യസ്ഥരല്ല. എന്നാല്‍, സത്യമേതെന്നറിയുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്. ഏതൊരുവന്‍ സത്യത്തെ അറിയാന്‍ പ്രയത്‌നിക്കുന്നില്ലയോ അവന്‍ തെറ്റുകാരനാണ്. ഇനിയൊരുവന്‍ പരിശ്രമിച്ച് സത്യത്തെ കണ്ടെത്തി അത് പിന്‍പറ്റി. എങ്കില്‍, അവന് രണ്ടു പ്രതിഫലമുണ്ട്.

ഒന്ന് പരിശ്രമഫലത്തിനും മറ്റൊന്ന് സത്യം കണ്ടെത്തിയതിനും. ഇനി ആരെങ്കിലും പരിശ്രമിച്ചിട്ട് അവന് അബദ്ധം പിണഞ്ഞുവെങ്കിലോ അവന്റെ പരിശ്രമഫലങ്ങള്‍ക്കുള്ള പ്രതിഫലമവനുണ്ട്. അബദ്ധം സംഭവിച്ചതിന് അവന്‍ തെറ്റുകാരനാവുന്നില്ല.

അതായത്, ഇജ്തിഹാദ് (സത്യം കണ്ടെത്താനുള്ള പരിശ്രമം) ധൈഷണിക പ്രവര്‍ത്തനമാകയാല്‍ അതിന്റെ ഫലം തെറ്റാകാനും ശരിയാകാനും സാധ്യതയുണ്ട്. അതിനാല്‍, ആര്‍ക്കും നിരുപാധികമായി സത്യത്തിന്റെ കുത്തക അവകാശപ്പെടാന്‍ കഴിയില്ല. അപരന്റെ ചിന്തകള്‍ തെറ്റാണെന്ന് കുറ്റപ്പെടുത്താനും ആര്‍ക്കുമവകാശമില്ല. ഇസ്‌ലാമിന്റെ വിശാലതക്ക് തെളിവാണ് തെറ്റുപറ്റിയ ഏതൊരു മുജ്തഹിദും ചിന്തകനും തന്റെ തെറ്റിന്റെ പേരില്‍ കുറ്റക്കാരനാകുന്നില്ല എന്നത്. പകരം തന്റെ പരിശ്രമ നടപടികള്‍ക്ക് അവന്ന് പ്രതിഫലം ലഭിക്കുന്നു.

ഇനി സത്യത്തിലെത്തിച്ചേരുകയാണെങ്കിലോ അതിനുമുണ്ട് പ്രതിഫലം. ഇമാം അബൂഹനീഫഃയുടെ വാക്കുകള്‍ സ്മരണീയമാണ്.എന്റെ അഭിപ്രായം ശരിയാണെങ്കില്‍, തെറ്റാനും സാധ്യതയുണ്ട്. എന്റെതല്ലാത്തവരുടെ അഭിപ്രായം തെറ്റാണെങ്കില്‍ ശരിയാകാനും സാധ്യതയുണ്ട്.

ദീനിന്റെ ഖണ്ഡിത പ്രമാണത്തെ ഒരു കൂട്ടര്‍ മാത്രമേ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നുള്ളുവെന്നും അതിനാല്‍ തന്നെ ആ വിഷയത്തില്‍ അവര്‍ മാത്രമേ അവലംബനീയമായുള്ളൂവെന്നും ദീനിനെ സംബന്ധിച്ച അവരുടെ കാഴ്ചപ്പാടുകളെ തള്ളികളയുന്നവര്‍ ദീനിന് പുറത്താണെന്നുമുള്ള വാദം യഥാര്‍ഥത്തില്‍ അതിന്റെ അടിസ്ഥാനങ്ങള്‍ക്കും മൂലപ്രമാണങ്ങള്‍ക്കും എതിരാണെന്നതിനാല്‍ ദീനില്‍പെട്ടതല്ല.

അല്ലാഹുവിന്റെ ഖണ്ഡിതപ്രമാണങ്ങളെ മനസിലാക്കുന്നതിനായി മനനനിരീക്ഷണങ്ങളില്‍ ചിന്താവിപ്ലവത്തിന്റെ തുടര്‍ഗാഥകള്‍ രചിച്ചിട്ടുള്ള ഇജ്തിഹാദീ പാരമ്പര്യത്തിനും ദീനീചിന്താ പാരമ്പര്യത്തിനും എതിരാണത്. മനുഷ്യന് സ്വന്തത്തോടും സ്വന്തം സഹോദരനോടും (അവന്‍ മുസ്‌ലിമോ അമുസ്‌ലിമോ ആയിക്കൊള്ളട്ടെ) സമൂഹത്തോടും പ്രപഞ്ചനാഥനായ രക്ഷിതാവിനോടുമൊക്കെയുള്ള ബന്ധത്തെപ്പറ്റി ഇസ്‌ലാം ഊന്നിപ്പറയുന്നു.

കാലഘട്ടങ്ങളും സമൂഹങ്ങളും മാറിമറിയുമ്പോള്‍ ഉല്‍ഭവിക്കാന്‍ സാധ്യതയുള്ള സകല ജീവിത പ്രശ്‌നങ്ങളും പരിഹരിക്കാനുതകുന്ന സമഗ്രാടിസ്ഥാന നിയമങ്ങളാണിതൊക്കെയും. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കൊത്തുള്ള മാറ്റങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും അനുയോജ്യമായ വിധത്തില്‍ നിയമങ്ങളെ മനനം ചെയ്‌തെടുക്കാനും അവയെ മനസിലാക്കാനും മനുഷ്യധിഷണക്ക് ഒരു മേഖലതന്നെ തുറന്നുവെച്ചുകൊണ്ടാണ് ഖണ്ഡിത ദീനീപ്രമാണങ്ങള്‍ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇത് അല്ലാഹുവിന്റെ യുക്തിയത്രെ.

യഥാര്‍ഥത്തില്‍ ഏകത അപരനുമായി യോജിച്ചു കൊണ്ടുമാത്രമെ സാധ്യമാകുകയുള്ളൂ. അപരന്‍ വ്യത്യസ്തനായിരിക്കണം എന്നത് ഒരു ഉപാധിയായിവരുന്നു. ഒരു വ്യത്യാസവുമില്ലെങ്കില്‍ അപരനാകുകയില്ല. അതായത്, ഏകത നിലനിര്‍ത്തപ്പെടുന്നത് അപരന്റെ സുരക്ഷാബോധത്തിലാണ്. ഏകതയുടെ നൈരന്തര്യം അപരന്റെ അസ്തിത്വനൈരന്തര്യത്തിലത്രെ. ഇതില്‍നിന്നുരുത്തിരിയുന്ന വസ്തുത ഇതാണ്.

അപരനെ ഉന്മൂലനം ചെയ്യുവാനും തളര്‍ത്താനും നടത്തുന്ന ശ്രമങ്ങള്‍ ഏകതക്ക് വിഘ്‌നം സൃഷ്ടിക്കും. നേരെ മറിച്ചാണെങ്കിലോ തനിമയാര്‍ന്ന ഏകത നിലനില്‍ക്കും. ഏകത രൂപം കൊള്ളുകയും നിലനില്‍കുകയും പുഷ്‌കലമാകുകയും ചെയ്യുന്നത് അപരന്നും അതുപോലുളള അവസ്ഥാന്തരങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്. അവന്റെ സ്വത്വസംരക്ഷണത്തിനുള്ള അവകാശം ലംഘിക്കപ്പെടുമ്പോള്‍ ഏകത ശിഥിലമാകുകയും തിരോഭവിക്കുകയും ചെയ്യും.

ഫ്രോയിഡ് വ്യത്യസ്തതരത്തിലുള്ള നാര്‍സിസത്തിന്റെ സ്വഭാവങ്ങളെപ്പറ്റി പഠനം നടത്തിയ ശേഷം പറയുന്നു: ‘വൈജാത്യങ്ങളെ വേലിക്കെട്ടിന് പുറത്ത് നിര്‍ത്താന്‍ നാമെത്രതന്നെ ശ്രമിച്ചാലും അവ നമ്മുടെ സ്വത്വബോധത്തിന്റെ അഗാധതലങ്ങളില്‍ വേരുറപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകും’.
വൈജാത്യത്തില്‍ ഏകതയ്ക്ക് മൂന്ന് അടിസ്ഥാന നിയമങ്ങള്‍ ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. വൈജാത്യം മനുഷ്യപ്രകൃതിക്കെതിരായ ഒന്നല്ല. വൈജാത്യത്തിനും ഏകതക്കും ഇടയിലുള്ള ഏകീകൃത ബന്ധത്തെ മൂന്ന് അടിസ്ഥാനങ്ങളിലൂടെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണുക.

1. ചാക്രികത
എല്ലാ ജനസമൂഹവും ഏകവംശത്തിലോ മാര്‍ഗത്തിലോപെട്ടവരായിരുന്നുവെങ്കില്‍ ചാക്രികത ആവശ്യമാകുമായിരുന്നില്ല. അവര്‍ വ്യത്യസ്തരായതുകൊണ്ടാണ് ചാക്രികത തന്നെ അനിവാര്യമായി വന്നത്. ചാക്രികതകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യപരമ്പരയുടെ തുടര്‍ച്ചയും നൈരന്തര്യവുമാണ്. ‘ചരിത്രത്തിന്റെ അന്ത്യം’ എന്ന വീണ്‍വാക്കിന് നേര്‍ വിപരീതമാണിത്. ചാക്രികത ജീവിതമാണ്. ചരിത്ര അന്ത്യമെന്നതോ മരണവും.

2. പരസ്പര പ്രതിരോധം
പരസ്പര പ്രതിരോധം എന്നത് അന്യനെ ആട്ടിയോടിക്കലോ അവനോട് ഏറ്റുമുട്ടലോ അല്ല. അത് പുരോഗമനപരവും വികസനപരവുമായ തലങ്ങളില്‍ നിന്നുകൊണ്ടുള്ള ഭിന്നമനുഷ്യസമൂഹങ്ങള്‍ക്കിടയിലുള്ള മത്സരമാണ്. സമൂഹങ്ങള്‍ ജലത്തെപ്പോലെയാണ്. അത് നിശ്ചലമായിരുന്നാല്‍ കെട്ടുപോകും. അതേസമയം, ഒഴുകുകയാണെങ്കില്‍ അതില്‍ ഓളങ്ങളുണ്ടാകുകയും കാറ്റും വെളിച്ചവും സ്വാംശീകരിക്കുക വഴി ജീവന്റെ തുടിപ്പിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാനഘടകങ്ങളതിലുള്‍ച്ചേരുകയും ചെയ്യും.

വ്യത്യസ്ത സംസ്‌കാരങ്ങള്‍ക്കും ജനതകള്‍ക്കുമിടയില്‍ ധൈഷണികപകര്‍ച്ചകളും സാംസ്‌കാരികകൈമാറ്റങ്ങളും നാഗരികാദാനപ്രദാനങ്ങളും ഉണ്ടാകുന്നില്ലെങ്കില്‍ ബുദ്ധിക്ക് അറിവിനോടുള്ള തൃഷ്ണ ഇല്ലാതാകും. അറിവാണ് ബുദ്ധിക്ക് ഊര്‍ജം പകരുന്നത് . തീര്‍ച്ചയായും ജനങ്ങള്‍ക്കിടയിലുള്ള വൈജാത്യവും അതിനുള്ള പ്രേരകങ്ങളും ചലനാത്മകത പകര്‍ന്നു നല്‍കുന്നു. ഒരുവേള, ഭൂമിയില്‍ കുഴപ്പങ്ങളില്ലാതിരിക്കാന്‍ അതനിവാര്യമത്രെ.

3. വ്യതിരിക്തത
വ്യത്യസ്തതയും വ്യതിരിക്തതയും അടിസ്ഥാന നിയമമാണ്. അതിര്‍ലംഘനത്തെ നിലയ്ക്കു നിറുത്താനുള്ള നിയമം. സൃഷ്ടിപ്പിന്റെ ആരംഭം തൊട്ട് അന്ത്യനാള്‍ വരെ മനുഷ്യസമൂഹത്തില്‍ അനിഷേധ്യനിയമമായി അതു നിലകൊള്ളുന്നു.

അല്ലാഹു പരസ്പര പരിചയത്തിന്റെതായ അടിസ്ഥാന തത്ത്വങ്ങള്‍ക്കാണ് വ്യതിരിക്തതയുടെയും വൈജാത്യത്തിന്റെയും നിയമങ്ങളെക്കാള്‍ ഊന്നല്‍ നല്‍കിയത്. അതേസമയം, രണ്ട് നിയമങ്ങളും മനുഷ്യ സാഹോദര്യത്തിലൂന്നിയ അടിസ്ഥാന സംഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്നു. സാഹോദര്യമില്ലാതെ സുരക്ഷിതത്വവും സമാധാനവുമുണ്ടാകില്ലല്ലോ.

ഇസ്‌ലാം പറഞ്ഞത്, സമൂഹങ്ങളും സമുദായങ്ങളും തമ്മില്‍ പരസ്പരം ഉള്ളുതുറന്ന് തിരിച്ചറിയണമെന്നാണ്. അല്ലാതെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നല്ല. നീഷേ പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയാണ്. ഇഷ്ടങ്ങള്‍ക്ക് വഴങ്ങുന്നത് അപരന്റെ മുന്നില്‍ താഴ്ന്നുകൊടുക്കലാണ്. അങ്ങനെ വരുമ്പോള്‍ വിധേയന് മേല്‍ അധികാരവാഴ്ച നടപ്പില്‍ വരുന്നു.

ഏകദൈവ വിശ്വാസത്തിലൂന്നിയ ആദര്‍ശങ്ങളോട്, ഇസ്‌ലാമിനുള്ള ബന്ധം കീഴ്‌പെടുത്തലിന്റെതല്ല, മറിച്ച് വിശ്വാസപരമാണ്. അതായത്, ക്രിസ്ത്യാനികള്‍ക്കും, ജൂതന്മാര്‍ക്കും അവതരിപ്പിച്ചുകിട്ടിയതില്‍ വിശ്വസിക്കാതെ മുസ്‌ലിമിന്റെ ഈമാന്‍ പൂര്‍ത്തിയാവുകയില്ല. ഖുര്‍ആന്‍ ഖണ്ഡിതമായി പറയുന്നത് കാണുക :

”പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റുപ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍ നിന്നു വന്നെത്തിയത് – എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട മുസ്‌ലിംകളാണ്”(ആലു ഇംറാന്‍: 84)

വിശ്വാസത്തിന്റെയും വിധേയത്വത്തിന്റെയും ബന്ധങ്ങളിലുള്ള അന്തരമെത്രയെന്നു നോക്കൂ…!
ആദ്യത്തേത് വൈജാത്യത്തെ ആദരിച്ചും യാഥാര്‍ഥ്യത്തെ അംഗീകരിച്ചുമുള്ളതാണെങ്കില്‍ രണ്ടാമത്തേത് അപരന്റെ മേല്‍ മേധാവിത്വം പുലര്‍ത്തികൊണ്ടുള്ളതാണ്. ഇത് യാഥാര്‍ഥ്യ നിഷേധവുമാണ്.

ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉദ്ദേശിച്ച് പറയുന്ന മറ്റൊരു സൂക്തം കാണുക.
”പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: ‘അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെക്കൂടാതെ നമ്മില്‍ ചിലര്‍ മറ്റു ചിലരെ രക്ഷാധികാരികളാക്കാതിരിക്കുക” (ആലു ഇംറാന്‍: 64)

യോജിക്കുന്ന ഒരു പോയന്റിലേക്കുള്ള ക്ഷണം, അത് യഥാര്‍ഥത്തില്‍ ചര്‍ച്ചയിലേക്കുള്ള ക്ഷണമാണ്. വിശ്വാസികളെയും ഏകദൈവത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ സംഗതികളിലുള്ള ചര്‍ച്ച. ഏകദൈവ വിശ്വാസധാരയിലേക്കായി അസംഖ്യം മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതും അവയുടെ പ്രായോഗിക നടപടിക്രമങ്ങളും ചര്‍ച്ച ചെയ്യണം.

അഭിപ്രായ വ്യത്യാസങ്ങളെയും സംഘര്‍ഷങ്ങളെയും നന്മകൊണ്ട് നേരിടണമെന്നാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
”നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മകൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും” (ഫുസ്സ്വിലത്ത്: 34).

ശത്രുവിനോടുപോലും ഏറ്റവും നല്ല രീതിയില്‍ വര്‍ത്തിക്കണമെന്ന ദീനിന്റെ ആഹ്വാനം തീവ്രതയുടെയും ഭീകരതയുടെയും സമീപനത്തില്‍ നിന്ന് എത്രയോ അകലെയാണെന്ന് നമുക്ക് മനസിലാകുന്നു. അത് കാഫിറാക്കലിനും മതഭ്രഷ്ഠനാക്കലിനും നേര്‍ക്കുള്ള ശക്തമായ നിഷേധമാണ്. നന്മകൊണ്ട് നേരിടണമെന്ന അല്ലാഹുവിന്റെ ആഹ്വാനം കേവലം മുസ്‌ലിംകളുടെയും ദൈവവിശ്വാസികളുടെയും ഇടയിലുള്ള ബന്ധങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുകയല്ല വേണ്ടത്. മറിച്ച്, മൊത്തം മാനവരാശിയോടുള്ള പരസ്പരബന്ധങ്ങളില്‍ സ്വീകരിക്കേണ്ട നയമത്രെ.

മത-മദ്ഹബീ-സംഘടന പക്ഷപാതിത്വങ്ങള്‍ അന്യോന്യം  അകല്‍ച്ചയുടെയും അറിവില്ലായ്മയുടെയും തുരുത്തുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതിനെത്തുടര്‍ന്ന് സംശയവും അപരനെ അഭിമുഖീകരിക്കാനുള്ള ഭയവും മനസില്‍ കൂടുകെട്ടുന്നു. ഏകതാ സങ്കല്‍പത്തിന് തികച്ചും അന്യമാണ് ഇത്തരത്തിലുള്ള വേറിട്ടു നില്‍പ്പ്. എന്നു മാത്രമല്ല, കടകവിരുദ്ധവും. എന്നാല്‍ പരസ്പരം അറിയുകയെന്നത് വൈജാത്യത്തിനിടയിലും ഏകതയെ നിലനിറുത്താന്‍ സഹായിക്കുന്നു. അതാകട്ടെ അപരനെ അറിയുന്നതിലൂടെയും അംഗീകരിക്കുന്നതിലൂടെയും ആദരവും സംസ്‌കാരവും സ്‌നേഹവും പരസ്പരം കൈമാറുന്നതിലൂടെയുമാണ്. വൈജാത്യത്തില്‍ ഏകത അപ്രകാരമാണ് നിലനിറുത്തപ്പെടുന്നത്.

അപരനെ തള്ളിപ്പറയുക, അവന്റെ വ്യതിരിക്തമായ ചിന്തകളെ നിഷേധിക്കുക, അതിനെ അവഗണിക്കുക ഇതൊക്കെത്തന്നെ യുക്തിഹീനമാണ്. ഈ യുക്തിഹീനത ശത്രുക്കള്‍ക്ക് അറബ്-ഇസ്‌ലാമിക ലോകത്തിന് മേല്‍ ക്രമേണ ആധിപത്യം സ്ഥാപിക്കാനുതകും വിധം ഏറ്റുമുട്ടലിന്റെതായ വാതിലുകള്‍ തുറന്നുകൊടുക്കുകയാണ് ചെയ്യുക. അതുവഴി വലിയ തെറ്റിദ്ധാരണകള്‍ പടരുകയും അത് അക്രമത്തിലേക്ക് വഴി തുറക്കുകയും ചെയ്യും. ഏറ്റവും നല്ല നിലയില്‍ സഹവര്‍ത്തിക്കുകയെന്നതും അപരനെ കാഫിറാക്കുന്ന തീവ്രനയവുമായി മുന്നോട്ടു പോവുകയെന്നതും തമ്മില്‍ അജഗജാന്തരമുണ്ടെന്ന് ഇതിലൂടെ മനസിലാക്കാം.

മനുഷ്യബന്ധങ്ങളില്‍ നിഷേധാത്മകമായ രണ്ട് തലങ്ങളുണ്ട്. അവ ഒരിക്കലും പുരോഗമനാത്മകമല്ല. ബലപ്രയോഗത്തിലൂടെയുള്ള ഏകത വൈജാത്യങ്ങളെയും വ്യത്യാസങ്ങളെയും തുടച്ചു നീക്കുന്നു. (സോവിയറ്റ് ഐക്യനാടുകളിലേതു പോലെ). നിരുപാധിക വൈജാത്യം അപരന്റെ മേല്‍ ആധിപത്യം വാഴുകയും ആദരവിന്റെ അടിസ്ഥാനത്തിലുള്ള ഏകതയെ നിരാകരിക്കുകയും ചെയ്യുന്നു. (ബാള്‍ക്കന്‍ മേഖലകളിലും മറ്റിടങ്ങളിലും കാണപ്പെടുന്നതുപോലെ)

അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളായ വിജ്ഞാനത്തിന്റെയും വിവേകത്തിന്റെയും മേല്‍ സ്ഥാപിതമായ പരസ്പര പരിചയത്തിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നു. യോജിപ്പിന്റെയും സൗഹൃദത്തിന്റെയും അടിത്തറകളെ രൂപപ്പെടുത്തുന്ന സാഹോദര്യ ബോധം, വൈജാത്യങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനാല്‍ എതിര്‍പ്പിന്റെയോ പരസ്പരാക്ഷേപത്തിന്റെയോ അന്തരീക്ഷത്തെ പ്രോല്‍സാഹിപ്പിക്കുകയില്ലയെന്നതാണ് യാഥാര്‍ഥ്യം.
 

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.