New Muslims APP

പ്രബോധനത്തില്‍ പ്രവാചകനേയുള്ളൂ മാര്‍ഗദര്‍ശി

prophet-the-leader

പ്രബോധനത്തില്‍ പ്രവാചകനേയുള്ളൂ മാര്‍ഗദര്‍ശിസത്യപ്രബോധനം ദൈവദൂതന്‍മാര്‍ ഏറ്റെടുത്ത് നിര്‍വഹിച്ച ദൗത്യമായിരുന്നു എന്ന് നാം നേരത്തെ സൂചിപ്പിച്ചു. ദൈവികസന്ദേശങ്ങളുടെ പരമ്പര പൂര്‍ത്തീകരിച്ചും പ്രവാചകപരമ്പരയ്ക്ക് സമാപ്തി കുറിച്ചുമാണ് മുഹമ്മദ് (സ) നെ അല്ലാഹു പ്രഥമസത്യപ്രബോധകനായി അയച്ചത്. തിരുനബിയുടെ നിയോഗം മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം മഹത്തായൊരു ദൈവികാനുഗ്രഹമായിരുന്നു. നബിതിരുമേനി പ്രബോധകരുടെയെല്ലാം നേതാവും മാതൃകാസരണിയുമാണ്. പ്രവാചകന്‍ പ്രബോധനത്തിന് തെരഞ്ഞെടുത്ത രീതിശാസ്ത്രമാണ് ഏറ്റവും ശരിയായ രീതിശാസ്ത്രം.

 

 

 

 

 

 

 

 

 

 

 

 

 

പ്രബോധനം നിര്‍വഹിക്കുന്ന വ്യക്തിയും സമൂഹവും പ്രസ്തുത രീതിശാസ്ത്രം പിന്തുടരേണ്ടതുണ്ട്. പ്രബോധനം എന്ന മഹാദൗത്യം ഏറ്റെടുക്കാന്‍ അവര്‍ സ്വയം സജ്ജമാകേണ്ടതുണ്ട്. സത്യപ്രബോധനദൗത്യത്തിന്റെ അടിസ്ഥാനം പ്രവാചകന്‍ മുഹമ്മദ്(സ)ലാണ്. അല്ലാഹു പറയുന്നു: ‘പ്രവാചകരേ, നിന്നെ നാം സത്യസാക്ഷിയും സുവിശേഷകനും താക്കീതുകാരനുമായി അയച്ചിരിക്കുന്നു. അല്ലാഹുവിന്റെ അനുമതിയോടെ ജനങ്ങളെ സത്യസരണിയിലേക്ക് ക്ഷണിക്കുന്ന പ്രബോധകനാണ് നീ. പ്രകാശദീപവും'(അല്‍ അഹ്‌സാബ് 45-46)

മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ‘നീ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുക. തീര്‍ച്ചയായും നീ നേരായ മാര്‍ഗത്തിലാണ്'(അല്‍ഹജ്ജ് 67)
ഇസ്‌ലാമിക സമൂഹത്തെ അല്ലാഹു സമാദരിച്ചിട്ടുണ്ട്. സത്യപ്രബോധനദൗത്യത്തില്‍ പ്രവാചക തിരുമേനി യോടൊപ്പം പങ്കുചേരുന്നുവെന്ന കാരണത്താല്‍ അവരെ അല്ലാഹു മഹത്ത്വപ്പെടു ത്തിയിട്ടുമുണ്ട്.

‘നീ പറയുക, ഇതാണ് ഞാന്‍ സഞ്ചരിക്കുന്ന വഴി, ഞാനും എന്നെ പിന്‍പറ്റുന്നവരും തികഞ്ഞ ഉള്‍ക്കാഴ്ചയോടുകൂടിയാണ് അല്ലാഹുവിന്റെ സരണിയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്.'(യൂസുഫ് 108)

ഇതേ മഹത്ത്വപ്പെടുത്തലിലേക്ക് ഖുര്‍ആന്‍ വേറൊരിടത്ത് ഇങ്ങനെ ശ്രദ്ധക്ഷണിക്കുന്നുണ്ട്: ’ജനങ്ങള്‍ക്കുവേണ്ടി നിയുക്തരായ ഉത്തമസമുദായമാണ് നിങ്ങള്‍ . നന്‍മകല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുന്നവരാണ് നിങ്ങള്‍'(ആലുഇംറാന്‍ 110). അതുകൊണ്ട് ഒരു സത്യപ്രബോധകന്‍ പ്രവാചകന്‍മാര്‍ നിര്‍വഹിച്ചുപോന്നിരുന്ന ആ മഹാദൗത്യം ഏറ്റെടുക്കുമ്പോള്‍ നിര്‍ബന്ധമായും പ്രബോധകനേതാവെന്ന നിലയില്‍ മുഹമ്മദ് നബിയുടെ രീതിശാസ്ത്രം പിന്തുടരാന്‍ ബാധ്യസ്ഥനാണ്. മുന്നോട്ടുവെക്കുന്ന ഓരോ ചുവടുവെപ്പിലും നബി തിരുമേനിയുടെ വിശിഷ്ടമാതൃക അനുധാവനം ചെയ്യേണ്ട ഉത്തരവാദിത്തവും അയാള്‍ക്കുണ്ട്.

അല്ലാഹു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ മാതൃകയുണ്ട്’ (അഹ്‌സാബ് 21)

സത്യപ്രബോധനത്തിന്റെ സമസ്ത ഘട്ടങ്ങളിലും അന്ത്യപ്രവാചകന്റെ ചര്യ മുറുകെപ്പിടിക്കാന്‍ നിസ്വാര്‍ഥനും സൂക്ഷ്മാലുവുമായ പ്രബോധകന്‍ ബാധ്യസ്ഥനാണ്. പ്രബോധനരീതികളില്‍ ഏറ്റവും സുബദ്ധവും അഭികാമ്യവുമായിട്ടുള്ളത് നബിതിരുമേനിയുടേതാണ്. പ്രവാചകന്റേതിന് വിരുദ്ധമായ രീതികളെല്ലാം ദൈവികമാര്‍ഗദര്‍ശനത്തില്‍നിന്നുള്ള പുറത്തുപോക്കും പ്രവാചകചര്യയില്‍നിന്നുള്ള വ്യതിചലനവുമാണ്. പരാജയത്തിലേക്കെന്നപോലെ ലക്ഷ്യപ്രാപ്തിയില്‍നിന്നുള്ള വ്യതിചലനത്തിലേക്ക് അത് നയിക്കും. അതിലെല്ലാമുപരി പ്രബോധകന്‍മാര്‍ പീഡിപ്പിക്കപ്പെടാനും അതിടവരുത്തും. അധ്വാനപരിശ്രമങ്ങള്‍ പാഴാവും. സുരക്ഷിതമല്ലാത്ത തറക്കുമുകളില്‍ അതല്ലെങ്കില്‍ ഗുണമേന്‍മയില്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ച് കെട്ടിടം പണിയുന്നതുപോലെയാകും അത്. ഒരു പക്ഷെ, താമസക്കാരോടൊപ്പമാകും പ്രസ്തുത കെട്ടിടം ഇടിഞ്ഞുവീഴുക. പ്രബോധകന്റെ ഉദ്ദേശ്യം ശുദ്ധമാണെങ്കില്‍ പോലും ഇത്യാദി പരിമിതികളും അബദ്ധങ്ങളും സംഭവിച്ചേക്കാം.

സൗമ്യതയോടും സ്വഭാവമഹിമയോടും സത്യപ്രബോധനം നിര്‍വഹിക്കുന്നതാണ് ഏറ്റവും ശരിയായതും ജനങ്ങള്‍ക്ക് സ്വീകാര്യപ്രദവുമായിട്ടുള്ളതുമായ രീതിശാസ്ത്രം. പാരുഷ്യവും തീവ്രതയും പ്രവാചകന്റെ മാതൃകയല്ല. അത്തരം രീതി സ്വീകരിച്ചാല്‍ സത്യസരണിയില്‍നിന്ന് ജനങ്ങള്‍ അകലാനും പിന്‍വാങ്ങാനും തുടങ്ങും. പ്രബോധകന്‍ എത്രകണ്ട് ശുദ്ധനും സഹൃദയനുമാണെങ്കിലും പൊതുസമൂഹത്തിലത് ഈര്‍ഷ്യയും മടുപ്പും സൃഷ്ടിക്കും. സ്വഛമായ രീതിശാസ്ത്രത്തില്‍നിന്ന് പുറത്തുകടക്കുന്ന ഏതൊരു പ്രബോധകനും രണ്ട് അബദ്ധങ്ങളാണ് പ്രവര്‍ത്തിക്കുക. സത്യപ്രബോധനഘട്ടങ്ങളില്‍ മതവിധികള്‍ ലംഘിക്കുന്നതും സത്യസരണിയോട് ജനങ്ങളില്‍ ഈര്‍ഷ വളര്‍ത്തുന്നതുമാണ് പ്രസ്തുത രണ്ട് അബദ്ധങ്ങള്‍. പ്രബോധകനേതാവായ മുഹമ്മദ് നബി പഠിപ്പിച്ച രീതിശാസ്ത്രത്തിലല്ല താനുള്ളതെന്ന് കൃത്യമായി അറിയാന്‍ അപ്പോള്‍ ഓരോ പ്രബോധകനും തയ്യാറാകണം.

അതാണ് തിരുമേനിയെ അഭിസംബോധനചെയ്ത് അല്ലാഹു പറഞ്ഞത്:’അല്ലാഹുവിന്റെ കാരുണ്യത്താല്‍ നീ അവരോട് സൗമ്യമായി പെരുമാറി. പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നു നീയെങ്കില്‍ ജനങ്ങള്‍ നിന്റെയടുത്തുനിന്ന് പിരിഞ്ഞുപോകുമായിരുന്നു'(ആലുഇംറാന്‍ 159)

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.