ബിസ്മി

بسم الله സൂറതുത്തൗബ

എല്ലാ സൂറത്തിന്റെയും ആരംഭം ബിസ്മി കൊണ്ടാണ് ഫാതിഹയില്‍ ബിസ്മി ഒന്നാമത്തെ ആയതാണ് എന്നാല്‍ സൂറതുത്തൗബയില്‍ ബിസ്മി ഒഴിവാക്കിയതിനെ കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതില്‍ അലി(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഭിപ്രായത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. അദ്ദേഹം പറഞ്ഞു: ‘ബിസ്മില്ലാഹിര്‍റഹ്മാനി റഹീം എന്നത് നിര്‍ഭയത്വമാണ്. ബറാഅത് സൂറ ശത്രുക്കള്‍ക്ക് സുരക്ഷയില്ല എന്ന താക്കീത് നല്‍കുന്ന സൂറത്താണ്. അതിനാലാണ് ബിസ്മി ഉപേക്ഷിച്ചിട്ടുള്ളത്.’ (സാദുല്‍ മസ്വീര്‍-ഇബ്‌നുല്‍ ജൗസി) നിര്‍ണിത സമയം വരെ ശത്രുക്കളുമായുള്ള കരാറുകളം ഉടമ്പടികളും ലംഘിക്കുന്ന പരസ്യപ്രഖ്യാപനമാണ് സൂറയുടെ ഉള്ളടക്കം.

ബഹുദൈവാരധകര്‍ മുസ്‌ലിംകള്‍ക്കെതിരെ മോശമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ക്രൂരമായ മര്‍ദ്ധന പീഡനങ്ങള്‍ അഴിച്ചുവിടുകയും ജൂതന്മാരുമായി ചേര്‍ന്ന് മുസ് ലിംകള്‍ക്കെതിരെ ഗൂഢാലോചനകളിലേര്‍പ്പെടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് പ്രവാചകനും അനുയായികളോടും ചെയ്ത കരാര്‍ ശ്ര്രതുക്കള്‍ ലംഘിച്ചത്. അക്കാരണത്താല്‍ അവരുമായുള്ള എല്ലാ കരാറില്‍ നിന്നും മുസ്‌ലിംകള്‍ ഒഴിവായതിനെ കുറിച്ചുള്ള പരസ്യപ്രഖ്യാപനത്തോടെയാണ് സൂറ ആരംഭിക്കുന്നത്. ‘ബഹുദൈവവിശ്വാസികളില്‍ നിന്ന് ആരുമായി നിങ്ങള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു’ (അത്തൗബ : 1)

ബിസ്മിയില്‍ അല്ലാഹുവിന്റെ ‘റഹ്മാന്‍, റഹീം’ എന്ന വിശേഷണം പരമമായ കാരുണ്യത്തെ കുറിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഒരു സുരക്ഷയും നിര്‍ഭയത്വവും നല്‍കുന്നതാണ്. എന്നാല്‍ ഈ സൂറ ഗൗരവമായ താക്കീതാണ് നല്‍കുന്നത്. ‘അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.’ (അത്തൗബ : 5) ‘ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം
യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.’ (അത്തൗബ 36) ഇവരോട് വാളെടുക്കലല്ലാതെ കാരുണ്യത്തിന്റെയും സുരക്ഷയുടെയും നിലപാടെടുത്തിട്ട് കാര്യമില്ല എന്ന വിവരണമാണിത്.

Related Post