ഇസ്ലാമിലെ മുത്വലാഖ്‌

ത്വലാഖ്‌

ഇസ്ലാമിലെ മുത്വലാഖ്‌ ന്‍റെ വിധി എന്താണ്?

ഇസ്ലാമിലെ  മുത്വലാഖ്‌ ന്‍റെ വിധി എന്താണ്?  എം വി മുഹമ്മദ്‌ സലീം

ദമ്പതികള്‍ തമ്മില്‍ കലഹിച്ച് വെറുപ്പ് ഉച്ചിയിലെത്തുമ്പോള്‍ ഭര്‍ത്താവിന്റെ കോപം തണുപ്പിക്കാനുള്ള വല്ല അടവും പയറ്റുകയാണ് ഭാര്യ ചെയ്യേണ്ടത്. എന്നാല്‍ കോപം ആളിക്കത്തിക്കാനാണ് അവള്‍ ശ്രമിക്കുന്നതെങ്കിലോ? രണ്ടു പേരും തരിമ്പും വിട്ടുകൊടുക്കില്ല. ഈ സാഹചര്യം തന്ത്രപൂര്‍വം ഒഴിവാക്കാന്‍ ആരും ശ്രദ്ധിച്ചില്ലെങ്കില്‍ സ്‌ഫോടനമുണ്ടാകും. ഈ പൊട്ടിത്തെറിയിലാണ് പലരും ത്വലാഖ് ചൊല്ലാറ്. ഇങ്ങനെ വെറുപ്പ് മൂത്ത് ഇനിയൊരിക്കലും ഇവളുമായി സന്ധിക്കാനിടവരരുത് എന്ന വികാരത്തോടെയാണ് ‘ഞാന്‍ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി’ എന്നു പറയുക. ഇങ്ങനെ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലുന്നതിന്റെ പേരാണ് മുത്വലാഖ്. ത്വലാഖ് കുടുംബം ശിഥിലമാക്കുന്ന ഒന്നാണ്. അതിനാല്‍ മനസ്സ് ശാന്തമായിരിക്കുമ്പോള്‍ ഭവിഷ്യത്തിനെക്കുറിച്ചെല്ലാം ഓര്‍ത്ത ശേഷം നടത്തേണ്ടതുമാണ്. കുടുംബകലഹത്തിന്റെ പര്യവസാനമാകരുത് ത്വലാഖ്. എന്നാല്‍ ഒരേ ഇരുപ്പില്‍ ‘നിന്നെ ഞാന്‍ മൂന്ന് ത്വലാഖും ചൊല്ലി’ എന്നു പറഞ്ഞാല്‍ എന്താണതിന്റെ ഇസ്‌ലാമിക വിധി? ഇങ്ങനെ പറയുന്നത് അധാര്‍മികവും കുറ്റകരവുമാണ്. നസാഈ ഉദ്ധരിക്കുന്ന ഒരു സംഭവമിതാ: ”ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയ ഒരാളെപ്പറ്റി ഞങ്ങള്‍ തിരുദൂതരോട് പറഞ്ഞു. അത് കേട്ട് അവിടുന്ന് കോപാകുലനായി എഴുന്നേറ്റ് ചോദിച്ചു: ‘ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉള്ളപ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുകയാണോ?’ അനുചരന്മാരില്‍ ഒരാള്‍ എഴുന്നേറ്റ് ‘തിരുദൂതരേ, ഞാനയാളെ വധിച്ചു കളയട്ടെ’ എന്നുപോലും ചോദിച്ചുപോയി.”

പരിശുദ്ധ ഖുര്‍ആന്‍ പലതവണയായി വേണം ത്വലാഖ് എന്ന് വ്യക്തമായി പറഞ്ഞത് ധിക്കരിച്ച് മൂന്നും ഒന്നാക്കിയതാണ് പ്രവാചക(സ)നെ ക്ഷുഭിതനാക്കിയത്. ‘ത്വലാഖ് രണ്ടു തവണയാണ്, മൂന്നാമത്തേത് മടക്കമില്ലാത്ത വേര്‍പിരിയലാണ്’ എന്ന് അര്‍ഥശങ്കക്കിടമില്ലാതെ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (2:229-230).

ഭാര്യയുമായി വേര്‍പിരിയാന്‍ ആഗ്രഹിക്കുന്ന വ്യക്തി ‘നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലി’ എന്നു പറഞ്ഞാല്‍ തന്നെ ബന്ധം വേര്‍പെടുമല്ലോ. വേണമെങ്കില്‍ ഇദ്ദക്കാലത്ത് മാറിച്ചിന്തിക്കാം. അല്ലെങ്കില്‍ വേര്‍പിരിയല്‍ അന്തിമമാക്കാം. എത്രയുക്തി സഹമാണിത്! ഒരു തവണ എന്നു പറഞ്ഞാല്‍ ഒരെണ്ണം എന്നല്ല അര്‍ഥം, ഒരു പ്രാവശ്യം എന്നാണ്. തിരിച്ചെടുത്ത് വീണ്ടും ത്വലാഖ് ചൊല്ലിയാല്‍ രണ്ടു തവണയായി. പിന്നെയും തിരിച്ചെടുത്ത ശേഷം ത്വലാഖ് ചൊല്ലിയാല്‍ മൂന്നാമത്തെ തവണയായി. ഇങ്ങനെ മൂന്ന് തവണയാണെങ്കിലും മൂന്നാമത്തെ ത്വലാഖ് ചൊല്ലുന്നത് വളരെ ആലോചിച്ച് വേണം. അവര്‍ക്ക് പിന്നീടൊരിക്കലും സന്ധിക്കാന്‍ കഴിഞ്ഞില്ലെന്നും വരാം. മറ്റൊരാള്‍ അവളെ വിവാഹം കഴിക്കുകയും അയാള്‍ക്ക് വേര്‍പിരിയാന്‍ തോന്നുകയും ചെയ്താല്‍ മാത്രമേ അങ്ങനെ ഒരവസരം തരപ്പെടുകയുളളൂ.

മുത്വലാഖിന്റെ വിധിയില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ഭിന്ന ചേരിയിലാണ്. ഭൂരിപക്ഷം പണ്ഡിതന്മാരും മദ്ഹബുകളുടെ ഇമാമുമാരും മൂന്നു ത്വലാഖും ഒന്നിച്ചുപോകും എന്ന പക്ഷക്കാരാണ്. അവരുടെ പ്രധാന അവലംബം ഉമറി(റ)ന്റെ ഒരിടപെടലാണ്. ഉമര്‍(റ) തന്റെ ഭരണത്തില്‍ രണ്ടുവര്‍ഷം കഴിഞ്ഞ ശേഷം ഒരു തീരുമാനം കൈക്കൊണ്ടു: ”അല്ലാഹു സാവകാശം നല്‍കിയ ഒരു കാര്യത്തില്‍ ജനങ്ങള്‍ ധൃതി കാണിക്കുകയാണ്. നാമത് അവരില്‍ നടപ്പാക്കിയാലോ? അങ്ങനെ അദ്ദേഹമത് നടപ്പാക്കി” (മുസ്‌ലിം).

മുത്വലാഖില്‍ ഒരു ത്വലാഖ് മാത്രമേ പോകൂ എന്നതാണ് മറുപക്ഷം. അവരുടെ ന്യായങ്ങള്‍ ഇനി പറയുന്നവയാണ്.
1. അബ്ദുല്ലാഹിബ്‌നു അബ്ബാസിനോട് അബുസ്സഹ്ബാഅ് ചോദിച്ചു: ”നബി(സ)യുടെ കാലത്തും അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണകാലത്തിന്റെ ആരംഭത്തിലും മൂന്ന് ത്വലാഖ് എന്ന് പറഞ്ഞാലും ഒരൊറ്റ ത്വലാഖായിട്ടല്ലേ കണക്കാക്കിയിരുന്നത്?” ”അങ്ങനെയായിരുന്നു.” ഇബ്‌നുഅബ്ബാസ്(റ) പ്രതിവചിച്ചു (മുസ്‌ലിം).

2. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: ”നബി(സ)യുടെ കാലത്തും അബൂബക്‌റി(റ)ന്റെ കാലത്തും ഉമറി(റ)ന്റെ ഭരണത്തില്‍ രണ്ടുവര്‍ഷവും മുത്വലാഖ് ഒന്നായാണ് കണക്കാക്കിയിരുന്നത്. അങ്ങനെയിരിക്കെ ഉമര്‍(റ) പറഞ്ഞു. ”ജനങ്ങള്‍ക്ക് സാവകാശമുണ്ടായിരുന്ന ഒരു വിഷയത്തില്‍ അവര്‍ തിരക്ക് കൂട്ടി. നാമത് അവരില്‍ നടപ്പാക്കിയാലോ? അങ്ങനെ അദ്ദേഹമത് നടപ്പാക്കി (മുസ്‌ലിം).

3. ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: റുകാന(റ) തന്റെ ഭാര്യയെ ഒരേ ഇരുപ്പില്‍ മൂന്നു ത്വലാഖും ചൊല്ലി. പിന്നീടദ്ദേഹം അവളെയോര്‍ത്ത് വല്ലാതെ ദുഃഖിച്ചു. നബി(സ) ആരാഞ്ഞു. നീ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്? റുകാന(റ): ”മൂന്നു ത്വലാഖും ചൊല്ലി.” നബി(സ): ”ഒരേ ഇരിപ്പിലോ?” ”അതെ.” ”എങ്കില്‍ അത് ത്വലാഖ് മാത്രമാണ്. നിനക്ക് വേണമെങ്കില്‍ അവളെ തിരിച്ചെടുക്കാം.” അദ്ദേഹം ഭാര്യയെ തിരിച്ചെടുത്തു.

4. ഉമര്‍(റ) മൂന്നും മൂന്നായിത്തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചത് അദ്ദേഹം തന്നെ സൂചിപ്പിച്ചത് പോലെ, അല്ലാഹു സാവകാശം നല്‍കിയ ഒരു കാര്യത്തില്‍ അനാവശ്യമായി ധൃതി കാണിച്ചവര്‍ക്കുള്ള അച്ചടക്ക നടപടി എന്ന നിലക്കാണ്. പ്രവാചകനും അബൂബക്ര്‍ സിദ്ദീഖും നടപ്പാക്കിയ നിയമം കയ്യൊഴിക്കാന്‍ ഇതില്‍ ന്യായമില്ല. പ്രഗത്ഭരായ ധാരാളം സ്വഹാബികളും താബിഉകളും, മൂന്നു ചൊല്ലിയാലും ഒന്നേ ഒരിക്കല്‍ പോവുകയുള്ളൂവെന്ന് ഫത്‌വ നല്‍കിയിട്ടുണ്ട്. പിന്‍ഗാമികളില്‍ പ്രഗത്ഭരായ ഇബ്‌നുതൈമിയ്യ, ഇബ്‌നുല്‍ ഖയ്യിം തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണ്.

5. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ശരീഅത്തു കോടതികളില്‍ ഈ അടിസ്ഥാനത്തിലാണ് വിധി നടത്തുന്നത്. നിയമ പുസ്തകത്തിലെ വാചകമിതാ: ”എണ്ണം ചേര്‍ത്ത് പറഞ്ഞ് ത്വലാഖ് ചൊല്ലിയാല്‍ ഒരു ത്വലാഖ് മാത്രമേ പോവുകയുള്ളൂ.”

ചുരുക്കത്തില്‍, മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയാല്‍ അത് ഒന്ന് ആയി മാത്രമേ ഗണിക്കൂ. ഭര്‍ത്താവിന് ഇദ്ദ കാലത്ത് ഭാര്യയെ തിരിച്ചെടുക്കാം. പുതിയ വിവാഹക്കരാറില്‍ ഏര്‍പ്പെടുകയോ, മഹ്ര്! വീണ്ടും നല്‍കുകയോ ചെയ്യേണ്ടതില്ല.

പൂര്‍വിക പണ്ഡിതന്മാരില്‍ പലരും ത്വലാഖ് നടപ്പാക്കുന്ന ഭാഗത്തിനാണ് മുന്‍തൂക്കം നല്‍കിക്കാണുന്നത്. ഇതിനവര്‍ കാണുന്ന ന്യായം ത്വലാഖുകൊണ്ടുണ്ടാകുന്ന ധനനഷ്ടവും പ്രയാസങ്ങളും പുരുഷന് ഒരു പാഠമാകട്ടെയെന്നാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാ പ്രയാസവും സഹിക്കുന്നത് നിസ്സഹായയായ സ്ത്രീയാണ്. ഇന്ത്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിലാണ് ലോകമുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും താമസിക്കുന്നത്. ഇവിടങ്ങളിലെല്ലാം വിവാഹത്തിന്റെ ഭാരം സ്ത്രീയും കുടുംബവുമാണ് വഹിക്കേണ്ടത്. അതിനാല്‍ ത്വലാഖ് ചൊല്ലുന്ന പുരുഷനല്ല പ്രയാസം, സര്‍വസ്വം നഷ്ടപ്പെടുന്ന സ്ത്രീയാണ് നരകയാതന അനുഭവിക്കുന്നത്. അതിനാല്‍ ത്വലാഖിനെ ദുരുപയോഗം ചെയ്യുന്ന മുത്വലാഖ് പോലുള്ള രീതികളെ കര്‍ശനമായി നിയന്ത്രിക്കണം എന്ന നിര്‍ദേശം പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യണം.

ത്വലാഖ് പരമാവധി ഒഴിവാക്കാനാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നത്. അനുവദനീയമായ കാര്യങ്ങളില്‍ അല്ലാഹുവിനു ഏറ്റവും വെറുപ്പുള്ളതാണ് ത്വലാഖ്. അതൊഴിവാക്കാനുള്ള മാര്‍ഗമാണ് പണ്ഡിതന്മാര്‍ ആരായേണ്ടത്. അടിമകളുടെ ക്ഷേമത്തിനാണ് അല്ലാഹു നിയമങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. അവരെ പ്രയാസപ്പെടുത്താനല്ല. ”നിങ്ങള്‍ക്കെളുപ്പമാണ് അല്ലാഹു ആഗ്രഹിക്കുന്നത്, നിങ്ങള്‍ക്കവന്‍ പ്രയാസം ആഗ്രഹിക്കുന്നില്ല.” (2:185) ”സന്തോഷിപ്പിക്കുക; വെറുപ്പിക്കരുത്, ലളിതമാക്കുക; കഠിനമാക്കരുത്.” ഇതാണ് പ്രവാചകന്റെ വസിയ്യത്ത് (ബുഖാരി, മുസ്‌ലിം, സുനനുല്‍ കുബ്‌റാ).
(പ്രബോധനം വാരിക പ്രസിദ്ധീകരിച്ച ”ശരീഅത്തും വ്യക്തി നിയമവും മുത്വലാഖ് വിവാദ പശ്ചാത്തലത്തില്‍ ഒരന്വേഷണം” എന്ന പഠനത്തില്‍ നിന്നും)

Related Post