വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ

ദൈവത്തെ ഏറ്റവും കൂടുതല്‍ സൂക്ഷിച്ചു ജീവിക്കുന്നവന്‍

                                     വിശ്വാസത്തെ ചൂഷണം ചെയ്യുന്നവർ

മനുഷ്യരില്‍ ഏറ്റവും ഉത്തമന്‍ ആരെന്ന ചോദ്യത്തിന് നല്‍കാന്‍ കഴിയുന്ന മറുപടി ‘ദൈവത്തെ ഏറ്റവും കൂടുതല്‍ സൂക്ഷിച്ചു ജീവിക്കുന്നവന്‍’ എന്നാകും. മനുഷ്യര്‍ ഒരേ രീതിയിലാണ് സൃഷ്ടിക്കപ്പെട്ടത്. ദൈവത്തോട് മനുഷ്യന്‍ അടുക്കുന്നത് അവന്റെ കര്‍മം കൊണ്ടാകണം. എല്ലാം കേള്‍ക്കുന്ന ദൈവം,എല്ലാം അറിയുന്ന ദൈവം എന്നാണു ദൈവത്തെ കുറിച്ച വിശ്വാസികളുടെ നിലപാട്.

ദൈവത്തോട് നേരിട്ട് സഹായം ചോദിക്കുക മനുഷ്യന്റെ വിഷമങ്ങള്‍ പറയുക, തെറ്റിന് പാപമോചനം തേടുക എന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. മനുഷ്യനും ദൈവത്തിനുമിടയില്‍ ഒരു സൂപ്പര്‍മാന് എന്നത് പ്രകൃതി വിരുദ്ധമാണ്. പ്രവാചകന്മാര്‍ മനുഷ്യനും ദൈവത്തിനുമിടയിലെ കൈകാര്യ കര്‍ത്താക്കളല്ല. തങ്ങളോട് പ്രാര്‍ത്ഥിക്കാനും തെറ്റുകള്‍ ഏറ്റു പറയാനും അവര്‍ പഠിപ്പിച്ചിട്ടില്ല. അവരും സങ്കടവവും വിഷമവും നേരിട്ടു സൃഷ്ടാവിനോട് പറഞ്ഞു.

രഹസ്യം

രഹസ്യം മനുഷ്യ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. എല്ലാം എല്ലാവരോടും തുറന്നു പറയാന്‍ കഴിയില്ല എന്നത് ഒരു പൊതു തത്വമാണ്. അടുത്ത ആളുകളില്‍ നിന്നും മറച്ചു വെക്കുന്ന പലതും പലരിലുമുണ്ട്. അത് പുറത്തു പോയാല്‍ ഗുണത്തേക്കാളേറെ ദോഷമാകും എന്നത് കൊണ്ട് പലപ്പോഴും പലതും മറച്ചു വെക്കേണ്ടി വരുന്നു. പല രഹസ്യങ്ങളും പലപ്പോഴും ആളുകളെ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ കാരണമാകും.

അടുത്തിടെ കത്തോലിക്കാ സഭയെ കുറിച്ച് കേട്ടു വരുന്ന വാര്‍ത്തകള്‍ അത്ര നല്ലതല്ല. യുവതിയുടെ കുമ്പസാരം മറയാക്കി പല അച്ചന്മാരും പീഡിപ്പിച്ചു എന്നാണു വാര്‍ത്ത. ആദ്യമൊന്നും സഭ വിഷയം വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ല എന്നാണ് കേള്‍വി. മാത്രമല്ല പരാതിക്കാരിയെ മറ്റു പല മാര്‍ഗങ്ങളും ഉപയോഗിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എന്നും കേള്‍ക്കുന്നു. പരാതിക്കാരി അതില്‍ ഉറച്ചു നിന്നപ്പോള്‍ അവസാനം നടപടി എടുക്കേണ്ടി വന്നു എന്നും കേള്‍ക്കുന്നു.

വിശ്വാസം

ലോകത്തിലെ ഏറ്റവും എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുന്നത് വിശ്വാസമാണ്. വിശ്വാസം എന്നത് അധികവും അദൃശ്യമായ കാര്യമാണ്. വിശ്വാസികള്‍ പലപ്പോഴും കേട്ടറിഞ്ഞാണ് വിശ്വാസം കൈക്കൊള്ളുക. പുരോഹിതര്‍ എല്ലാ മതത്തിലും ഒരു ഘടകമാണ്. ദൈവത്തിനും മനുഷ്യനും ഇടയില്‍ കയറി നില്‍ക്കുക എന്നതാണ് അവരുടെ മുഖ്യജോലി. ദൈവത്തിലേക്ക് തങ്ങള്‍ വഴി മാത്രമേ അടുക്കണ കഴിയൂ എന്ന ധാരണ അവര്‍ വിശ്വാസികളില്‍ പ്രചരിപ്പിക്കുന്നു, തങ്ങളുടെ ചെയ്തികള്‍ക്ക് അവര്‍ ദൈവത്തിന്റെ കയ്യൊപ്പു ചാര്‍ത്തും.

തന്റെ ജീവിത്തിലെ ഏതോ മോശമായ കാര്യം കുമ്പസാരത്തിനിടയില്‍ വിവാഹിതയായ യുവതി പറഞ്ഞു പോയി. മനുഷ്യനില്‍ രണ്ടു വിധം മനസ്സുണ്ട്. ഒന്ന് ദൈവത്തെ സൂക്ഷിച്ചു ജീവിക്കുന്ന മനസ്സ് മറ്റൊന്ന് തിന്മകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മനസ്സ്. ഇത് രണ്ടും ഒരാളില്‍ തന്നെ നില കൊള്ളുന്നു. രണ്ടാമത്തെ മനസ്സ് ഒന്നാമത്തെ മനസ്സിനെ കീഴടക്കുമ്പോള്‍ അവിടെ പിശാച് ജനിക്കും. അത് ജനിക്കാനുള്ള വഴികള്‍ തടയുക എന്നതാണ് മനുഷ്യന് ചെയ്യാന്‍ കഴിയുന്ന മാര്‍ഗം. എല്ലാവരും ഒരേ പോലെ എന്നല്ല.വാസ്തവത്തില്‍ യേശു പഠിപ്പിച്ച മതത്തില്‍ ഈ അവസ്ഥ ഉണ്ടായിരുന്നുവോ?. മനുഷ്യന്‍ മനുഷ്യനോട് തെറ്റ് ഏറ്റു പറയുക എന്ന കാര്യം. ഇല്ലെന്നാണ് എന്റെ ബോധ്യം.

 

രഹസ്യം കടലിലെ പര്‍വതം പോലെയാണ്. പര്‍വതത്തിന്റെ കുറച്ചു  ഭാഗം മാത്രമേ പുറത്തു കാണൂ. ബാക്കിയെല്ലാം വെള്ളത്തിന് താഴെയാണ്. തെറ്റുകളും കുറ്റങ്ങളും അങ്ങിനെ തന്നെ. സാധാരണ രീതിയില്‍ വളരെ കുറച്ചു മാത്രമേ പുറത്തു വരൂ. പലപ്പോഴും ഇരകള്‍ തന്നെ അത് വിട്ടുവീഴ്ച ചെയ്യുകയാണ് പതിവ്. പുറത്തു പറഞ്ഞാല്‍ സംഭവിക്കുന്ന മാനഹാനിയും ബുദ്ധിമുട്ടുകളും അവരെ അതില്‍ നിന്നും തടയുന്നു. ഇവിടെ വിഷയം പുറത്തു പറഞ്ഞ സ്ത്രീക്ക് ഉണ്ടായ സമ്മര്‍ദ്ദം നാം വായിക്കുന്നു. ദൈവത്തിനു ചെയ്യേണ്ടതു മനുഷ്യരോട് ചെയ്താല്‍ സംഭവിക്കാന്‍ ഇടയുള്ളതു തന്നെ.

മതത്തിലെ ഒന്നാമത്തെ ബന്ധം മനുഷ്യനും ദൈവവും തമ്മിലാണ്. അവിടെയാണ് പലരും കൈ കടത്താന്‍ ശ്രമിക്കുന്നതും. അത് തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് കഴിയാത്ത കാലത്തോളം ഏതു മതത്തിലും ഈ പീഡനവും ചൂഷണവും തുടര്‍ന്ന് കൊണ്ടിരിക്കും. വിശ്വാസികളുടെ പരാതിയെക്കാള്‍ പലപ്പോഴും താല്പര്യം മത നേതാക്കളുടെ താല്പര്യമാകുന്നതും അത് കൊണ്ടാണ്

Related Post