New Muslims APP

ഹജ്ജ്: തിന്മക്കെതിരെയുള്ള സത്യപ്രതിജ്ഞ

hajju 2015

ഹജ്ജ്: തിന്മക്കെതിരെയുള്ള സത്യപ്രതിജ്ഞ

عَنْ أَبِى هُرَيْرَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ « الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا ، وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ (صحيح البخاري، صحيح مسلم.

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു ഉംറ അടുത്ത ഉംറ വരെയുള്ള പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണ്. (തെറ്റുകുറ്റങ്ങളില്‍ നിന്ന് മുക്തമായ) പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ല.

كَفَّارَةٌ : പ്രായശ്ചിത്തം
بَيْنَ : ഇടയില്‍
مَبْرُورٌ : പുണ്യകരമായത്
لَيْسَ : ഇല്ല
لَهُ : അവന്
جَزَاءٌ : പ്രതിഫലം
إِلاَّ : ഒഴികെ, അല്ലാതെ
الْجَنَّةُ : സ്വര്‍ഗം

ഹജ്ജ് എന്ന അറബി പദത്തിന് മഹത്തായ കാര്യം ഉദ്ദേശിച്ചുചെല്ലുക, തീര്‍ഥാടനം ചെയ്യുക എന്നൊക്കെയാണ് അര്‍ഥം. സാങ്കേതികമായി, നിര്‍ണിത മാസത്തില്‍ മക്കയിലെത്തി നിര്‍വഹിക്കുന്ന പ്രത്യേകമായ ഇബാദത്താണ് ഹജ്ജ്. പൗരാണികമായ ഒരു ആരാധനകര്‍മമാണ് ഹജ്ജ്. ഇബ്‌റാഹീം നബിയാണ് അതിന് തുടക്കം കുറിച്ചത്. പണ്ഡിതന്മാരുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം ഹിജ്‌റ ആറാം വര്‍ഷമാണ് മുഹമ്മദ് നബിയുടെ ഉമ്മത്തിന് ഹജ്ജ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ദൈവിക കല്‍പന അവതരിക്കുന്നത്. പ്രവാചകന്‍ ഹജ്ജ് നിര്‍വഹിച്ചത് ഹിജ്‌റ പത്താം വര്‍ഷമാണ്. (അല്‍ബഖറ: 158, അല്‍ഹജ്ജ്: 26-29/ ആലുഇംറാന്‍ 97)

മുസ്‌ലിമായിരിക്കുക, ബുദ്ധിസ്ഥിരതയുണ്ടായിരിക്കുക, പ്രായപൂര്‍ത്തിയാവുക, സ്വതന്ത്രനായിരിക്കുക, ശാരീരികവും സാമ്പത്തികവുമായ ശേഷിയുണ്ടായിരിക്കുക, മക്കയിലെത്താനുള്ള യാത്രാസൗകര്യമുണ്ടായിരിക്കുക തുടങ്ങിയവയാണ് ഹജ്ജ് നിര്‍ബന്ധമാവാനുള്ള ഉപാധികള്‍. ദുര്‍ഹജ്ജ് 8 മുതല്‍ 13 വരെയാണ് ഹജ്ജിന്റെ ദിനങ്ങള്‍.

വ്യക്തിയുടെ മനസ്സിനെ സമൂഹമനസ്സിനോട് കൂട്ടിച്ചേര്‍ക്കുന്ന മഹത്കര്‍മമാണല്ലോ ഹജ്ജ്. വര്‍ഷം തോറും ലോകത്തിന്റെ വിദൂരസ്ഥ കേന്ദ്രങ്ങളില്‍ നിന്നുള്ള ജനലക്ഷങ്ങള്‍ ദൈവവിളികേട്ട് മണ്ണും വിണ്ണും മറന്ന് മക്കയിലേക്ക് കുതിച്ചെത്തുന്നു. വിശ്വാസത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന അനേകം വിഗ്രഹങ്ങളെ ചുവടുമാന്തി നശിപ്പിക്കുക മാത്രമല്ല ഹജ്ജ് ചെയ്യുന്നത്. സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്ത് ചൂഷണത്തിന്റെ നീരൊഴുക്കിക്കഴിയുന്ന തിരുവാഴിത്തന്‍മാരുടെ ചലനശേഷിയെ അത് വെല്ലുവിളിക്കുകയും ചെയ്യുന്നു.

അല്‍ഭുതകരമായ ആന്തരികാര്‍ഥങ്ങളുടെയും ഉള്‍പ്പൊരുളുകളുടെയും കലവറയാണ് ഹജ്ജ്. ഹജ്ജ് നിര്‍വഹിക്കുന്നയാള്‍ അതിന്റെ യഥാര്‍ഥ സത്ത ഉള്‍ക്കൊള്ളുന്നുവെങ്കില്‍ തീര്‍ച്ചയായും അത് അനവദ്യസുന്ദരമായിരിക്കും.

വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ജീവിത വ്യവഹാരങ്ങളില്‍ തൗഹീദിന്റെ അനുഗ്രഹീത ഭൂമിക പുനഃസ്ഥാപിച്ചെടുക്കാനുള്ള വഴിയും വെളിച്ചവുമാണ് ഹജ്ജ്. ആദര്‍ശത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിശ്വാസി ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ യാതൊരു വിധ പ്രീണനത്തിനും പ്രകോപനത്തിനും ഭീരുത്വത്തിനും വഴങ്ങരുതെന്നും അവന്‍ എപ്പോഴും ധീരനും ആര്‍ജവുള്ളവനും അല്ലാഹുവിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവനുമായിരിക്കണമെന്നും ഹജ്ജ് പഠിപ്പിക്കുന്നു. മുന്നോട്ടുള്ള ഓരോ കാല്‍വെപ്പിലും എളിമയും താഴ്മയും അര്‍പ്പണ ബോധവും പരലോക ചിന്തയും ഭയഭക്തിയും മുറുകെ പിടിക്കാനുള്ള പരിശീലനം കൂടിയാണ് ഹജജ്.

ഹജ്ജിനായി മക്കയിലെത്തുമ്പോള്‍ നമ്മുടെ ഓര്‍മകള്‍ക്ക് ഒരായിരം പൊന്‍ചിറകുകള്‍ മുളക്കുന്നു. എകാധിപത്യവും പൗരോഹിത്യവും കൈകോര്‍ത്ത് തീര്‍ത്ത അധാര്‍മികതക്കും അവകാശധ്വംസനത്തിനുമെതിരെ ഒറ്റയാനായി നിന്നുകൊണ്ട് പടപൊരുതിയ, ശിര്‍ക്കിന്റെ ആളിപ്പടരുന്ന കാട്ടുതീ തച്ചുകെടുത്തിയ ഖലീലുല്ലാഹ് ഇബ്‌റാഹീമിന്റെ ജീവിതം നമുക്ക് തരുന്ന ഊര്‍ജവും ആവേശവും അനന്തമാണ്.

ലാളിത്യത്തിന്റെ വിളംബരം കൂടിയാണ് ഹജ്ജ്. അതില്‍ പണക്കാരന് പ്രൗഡി പ്രകടിപ്പിക്കാന്‍ അവസരമില്ല. ഹജ്ജില്‍ ധനികനെ ദരിദ്രരില്‍ നിന്ന് വേര്‍തിരിക്കുന്ന വകഭേദങ്ങളൊക്കെ വകഞ്ഞുമാറ്റപ്പെടുന്നു. ആര്‍ക്കും വിലപിടിച്ച പാന്റ്‌സും ഷര്‍ട്ടുമില്ല. ടൈയും ഷൂസും കോട്ടുമില്ല. എല്ലാവരും ഒരേ വസ്ത്രം. അതിന്റെ വര്‍ണം ശുഭ്രം. അതോ കഫന്‍ പുടവയെ ഓര്‍മിപ്പിക്കുന്നതും.

ഹാജിമാര്‍ ഉരിഞ്ഞുവെച്ച വസ്ത്രങ്ങള്‍ വ്യത്യസ്തങ്ങളാണ്. വളരെ വില കൂടിയവും കുറഞ്ഞവയുമുണ്ട്. മനുഷ്യരെ വേര്‍തിരിക്കുന്നതില്‍ വസ്ത്രത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ ഹജ്ജില്‍ അങ്ങനെയുള്ള വേര്‍തിരിവുകളെല്ലാം അവസാനിച്ചിരിക്കുന്നു. അറബിയും അനറബിയും കറുത്തവനും വെളുത്തവനും നീളമുള്ളവനും നീളം കുറഞ്ഞവനുമെല്ലാം ഹറമില്‍ സമമാണ്. എല്ലാവരും അല്ലാഹുവിന്റെ ദാസന്മാര്‍.

ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് അവര്‍ പലരും ആയിരുന്നു. രാജാക്കന്മാര്‍, പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍….. പക്ഷേ ഇപ്പോള്‍ എല്ലാവരും ഒന്നാണ്. എല്ലാവരുടെയും മനസ്സ് ഒന്ന്. ലക്ഷ്യം ഒന്ന്. കര്‍മവും തഥൈവ. ത്വവാഫില്‍ മുന്നില്‍ ശിപായി; പിന്നില്‍ കലക്ടര്‍; മന്ത്രിയോട് തൊട്ടുരുമ്മി റിക്ഷവലിക്കാരന്‍. ഇവിടെ സ്ഥാനവസ്ത്രമില്ലാത്തതുപോലെ അവസ്ഥാ വ്യത്യാസവുമില്ല. എല്ലാവരും യാചകരാണ്. ദാതാവ് അല്ലാഹു മാത്രം. ഇവിടെ എല്ലാവരുടെയും മന്ത്രം ഒന്ന്. മുദ്രാവാക്യം ഒന്ന്. പാനീയം ഒന്ന്.

അവിടെ ഞാന്‍ എന്ന ഭാവം എല്ലാവരും വിസ്മരിക്കുന്നു. ഓരോരുത്തരും വന്‍സമൂഹത്തിന്റെ ഭാഗമായി മാറുന്നു. എല്ലാവരും ഒരു മഹാപ്രവാഹത്തിന്റെ കണ്ണിയായി മാറുന്നു. സഅ്‌യിലും ത്വവാഫിലുമെല്ലാം സംഭവിക്കുന്നത് അതാണ്. ഹജ്ജ് വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്കുള്ള പ്രയാണമത്രെ. എല്ലാ വിധ സങ്കുചിതത്വങ്ങളില്‍ നിന്നുമുള്ള മോചനം. ഹജ്ജ് ചെയ്യുന്നവര്‍ക്ക് ഒന്നിനോട് മാത്രമേ പക്ഷപാതിത്തമുള്ളൂ. സത്യത്തോട് മാത്രം. മിഥ്യയോട് എന്നും കലഹിക്കാനുള്ള ഊര്‍ജമാണ് അവിടെ നിന്ന് ഓരോ ഹാജിയും സംഭരിക്കുന്നത്. ജംറകളില്‍ കല്ലെറിഞ്ഞുകൊണ്ട് ആ പോരാട്ടത്തിന്റെ സന്നദ്ധത പ്രഖ്യാപിക്കുന്നു.

ലോക ഇസ്‌ലാമിക സമൂഹത്തിന്റെ കൊച്ചുരൂപമാണ് അറഫ സംഗമം. ലോകമെങ്ങുമുള്ള വിശ്വാസവ്യൂഹത്തിന്റെ ചേതോഹരമായ പരിഛേദം. ഹജ്ജ് ലോകമുസ്‌ലിംകളുടെ ഒത്തുചേരലാണല്ലോ. ഒരര്‍ഥത്തില്‍ മാനുഷികത്വത്തിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം. ഭൗതിക താല്‍പര്യങ്ങള്‍ക്കു വേണ്ടി പരസ്പരം വടം വലി നടത്തുന്ന നേതാക്കന്‍മാരുടെ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ പോലെയല്ല അത്.

നംറൂദുമാരും ഫറോവമാരും ഖാറൂന്മാരും ഹാമാന്‍മാരും അവരുടെ ശിങ്കിടികളായ പുരോഹിതന്മാരും അരങ്ങുവാഴുന്ന ലോകത്ത് അവരുടെ മര്‍മത്തില്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള ഇബ്‌റാഹീമുമാരെ കാലം തേടിക്കൊണ്ടിരിക്കുകയാണ്. നാമാണ് അതിന് ഉത്തരം നല്‍കേണ്ടത്.

ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയമിടിപ്പാണ് ഹജ്ജ്. മനുഷ്യശരീരത്തില്‍ ഹൃദയത്തിന്റെ ദൗത്യമാണ് ലോകത്ത് കഅ്ബ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അത് ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള മുസ്‌ലിംകളെ വലിച്ചുകൊണ്ടുവരികയും അവരെ പാപങ്ങളില്‍ നിന്നും സ്വഭാവദൂഷ്യങ്ങളില്‍ നിന്നും പരിശുദ്ധരാക്കി അവരുടെ മനസ്സില്‍ ഒരു ഉത്തമമായ നവജീവന്‍ ഉദ്ദീപിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവരെ തിരിച്ചെത്തിക്കുകയും ചെയ്യുന്നു. ഈ ഹൃദയവികാരം നിലനില്‍ക്കുന്ന കാലത്തോളം ലോകത്തുള്ള ഒരു ശക്തിക്കും ഇസ്‌ലാമിനെ മായ്ചുകളയുവാന്‍ സാധിക്കുകയില്ല.

സന്ദര്‍ശനമെന്നര്‍ഥമുള്ള ‘ഇഅ്തിമാര്‍’ എന്ന പദത്തില്‍ നിന്നാണ് ‘ഉംറ’ ഉണ്ടായത്. ഹജ്ജുപോലെത്തന്നെ ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തിയായ വിശ്വാസി ജീവിതത്തില്‍ ഒരു തവണ നിര്‍വഹിക്കല്‍ നിര്‍ബന്ധമായ കര്‍മമാണ് ഉംറ. ഉംറ ഏത് മാസത്തിലും നിര്‍വഹിക്കാം. ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്, മുടിമുറിക്കല്‍ എന്നിവയാണ് ഉംറയുടെ കര്‍മങ്ങള്‍. ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രത്യേക ആദരവും സ്‌നേഹവും ലഭിക്കും. നബി(സ) പറഞ്ഞു: ഹജ്ജു ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അല്ലാഹുവിന്റെ യാത്രാസംഘമാണ് (അതിഥികളാണ്). അവര്‍ അവനോട് പ്രാര്‍ഥിച്ചാല്‍ അവര്‍ക്ക് ഉത്തരം നല്‍കും. പാപമോചനം തേടിയാല്‍ പാപമോചനം നല്‍കും. (1)

നിര്‍ഭാഗ്യവശാല്‍ ഹജ്ജും ഉംറയും ഇന്ന് പലര്‍ക്കും ഒരു ടൂറോ ബിസിനസോ മാത്രമാണ്. ഇന്ന് ചൈതന്യം ചോരുകയും മുനയൊടിയുകയും ചെയ്ത ആരാധനാകര്‍മങ്ങളില്‍ ഹജ്ജും ഉംറയും ഉള്‍പ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇബ്‌റാഹീമീ മില്ലത്തിന്റെ കാവല്‍ഭടന്മാരാകുന്നതിന് പകരം സ്വേഛാധിപത്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമായ നംറൂദിന്റെ പോറ്റുമക്കള്‍ക്ക് ഉണര്‍ത്തുപാട്ടു പാടുന്നവരായി പലരും തരംതാണിരിക്കുന്നു. ഹജ്ജ്/ഉംറ നിര്‍വഹിച്ചവര്‍ക്കുണ്ടാവേണ്ട പോരാട്ട വീര്യമോ സ്വഭാവ മഹിമയോ സംസ്‌കാരമോ ഇന്ന് പലരിലും കാണുന്നില്ല. അനൈക്യത്തിനും കുഴപ്പങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരും സ്വഭാവദൂഷ്യത്തിന്റെ പ്രതീകങ്ങളുമൊക്കെയാണ് പല ഹാജിമാരും. അല്ലാമാ ഇഖ്ബാല്‍ ചോദിക്കുന്നു: ‘ഹിജാസില്‍ നിന്നും വരുന്നോരേ, നിങ്ങള്‍ ഞങ്ങള്‍ക്കായി സംസം കുപ്പിയല്ലാതെ മറ്റൊന്നും കൊണ്ടുവന്നിട്ടില്ലേ?’

……………………….
(عَنْ أَبِي هُرَيْرَةَ ، عَنْ رَسُولِ اللهِ صَلَّى الله عَليْهِ وسَلَّمَ أَنَّهُ قَالَ : الْحُجَّاجُ وَالْعُمَّارُ ، وَفْدُ اللهِ إِنْ دَعَوْهُ أَجَابَهُمْ ، وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ (سنن ابن ماجة.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.