New Muslims APP

തയമ്മും മണ്ണ് കൊണ്ടുള്ള ശുദ്ധീകരണം

തയമ്മും എങ്ങനെ ?

തയമ്മും മണ്ണ് കൊണ്ടുള്ള ശുദ്ധീകരണം

ഒരു കാര്യം ഉദ്ദേശിക്കുകയോ സങ്കല്‍പിക്കുകയോ ചെയ്യുക എന്നതാണ് ഈ വാക്കിന്റെ അര്‍ഥം. വെള്ളം ലഭിക്കാതാവുകയോ ഉപയോഗയോഗ്യമല്ലാതാവുകയോ ചെയ്താല്‍ വെള്ളത്തിനുപകരം മണ്ണുപയോഗിക്കുക എന്ന അര്‍ഥത്തിലാണ് ഖുര്‍ആനിലും കര്‍മശാസ്ത്രഗ്രന്ഥങ്ങളിലും ഈ പദം കടന്നുവരുന്നത്.

നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ മലമൂത്രവിസര്‍ജ്ജനംകഴിഞ്ഞുവരികയോ സ്ത്രീസംസര്‍ഗത്തിലാവുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് വെള്ളം ലഭിച്ചില്ലെങ്കില്‍ ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക ‘(അല്‍ മാഇദ 6).
‘ഇതരപ്രവാചകന്‍മാര്‍ക്കൊന്നും നല്‍കാത്ത മൂന്ന് അനുഗ്രഹങ്ങളാല്‍ അല്ലാഹു എന്നെ ആദരിച്ചു’ എന്ന് മുഹമ്മദ് നബി(സ) പറഞ്ഞു. ‘ആരാധനാകാര്യങ്ങളില്‍ എന്റെ ആരാധനാപദവി മാലാഖമാരുടേതിന് തുല്യമത്രേ. ഭൂമിമുഴുവന്‍ (ലോകം മുഴുവന്‍) എന്റെ ആളുകള്‍ക്ക് ആരാധനാലയമാക്കി(മസ്ജിദ്). വെള്ളം ലഭിക്കാത്ത അവസരത്തില്‍ എന്റെ ജനതയ്ക്ക് ഭൂമിയിലെ പൊടി(മണ്ണ്) അംഗശുദ്ധിക്കുപയുക്തമാക്കി’.

കുളിക്കും വുദുവിനും പകരമായി ശുദ്ധമായ മണ്ണുകൊണ്ട് തയമ്മുംചെയ്യുന്ന ചില സാഹചര്യങ്ങളുണ്ട്.
1. രോഗിയാവുകയും വെള്ളമുപയോഗിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുക.
2. മതിയായത്ര വെള്ളം ലഭിക്കാതിരിക്കുക.
3. വെള്ളമുപയോഗിക്കുന്നത് ദോഷകരമോ രോഗകാരണമോ ആവുക.
4. വുദു നിര്‍വഹിക്കാന്‍ സമയമുപയോഗിക്കുക വഴി പെരുന്നാള്‍ നമസ്‌കാരമോ മയ്യത്ത് നമസ്‌കാരമോ നഷ്ടപ്പെടാനിടയാവുക എന്നീ സാഹചര്യങ്ങളില്‍ കുളിക്കും വുദുവിനും പകരമായി ‘തയമ്മും’ ചെയ്യാം.

തയമ്മുമിന്റെ പൂര്‍ണരൂപം:

1. നിയ്യത്ത് ചെയ്യുക. അല്ലാഹുവിന്റെ തൃപ്തികാംക്ഷിച്ചും അവന്റെ കല്‍പന അനുസരിച്ചും ഒരു കാര്യംചെയ്യാന്‍ മനസ്സിലുദ്ദേശിക്കുക എന്നതാണ് നിയ്യത്ത്.
2.ബിസ്മി ചൊല്ലി ഇരുകൈകളും സാവധാനം ശുദ്ധമായ മണ്ണിലോ, മണലിലോ അതില്ലെങ്കില്‍ ഉറച്ച പ്രതലത്തിലോ അടിക്കുക.
3. ഇരുകൈകളും മെല്ലെ തട്ടി പൊടികളഞ്ഞശേഷം മുഖത്ത് വുദു ഉണ്ടാക്കുന്ന ഭാഗം തടവുക.
4. വീണ്ടും കൈകള്‍ മണ്ണില്‍ അടിച്ച ശേഷം ഇടതുകൈകൊണ്ട് വലതുകൈയ്യും വലതുകൈകൊണ്ട് ഇടതുകൈയ്യും മുട്ടുവരെ തടവുക.

തയമ്മുമില്‍ അനുവദനീയമായ കാര്യങ്ങള്‍
1. നമസ്‌കാരം, ത്വവാഫ്, മുസ്ഹഫ് കയ്യിലെടുക്കല്‍ തുടങ്ങി വുദുകൊണ്ട് അനുവദനീയമായ എല്ലാ കാര്യങ്ങളും.
2. ഒരു വുദുവില്‍ ഒന്നിലേറെ ഫര്‍ദ്, സുന്നത്ത് നമസ്‌കാരങ്ങള്‍ അനുവദനീയമായതുപോലെ തയമ്മുമിലും അത് അനുവദനീയമാകും.
നബി(സ) പറഞ്ഞതായി അബൂദര്‍റ് (റ) നിവേദനം ചെയ്യുന്നു: ‘പത്തുകൊല്ലം വെള്ളം കിട്ടിയില്ലെങ്കിലും മണ്ണ് മുസ്‌ലിമിന്റെ ശുദ്ധീകരണവസ്തുവാകുന്നു. എന്നാല്‍ വെള്ളം കിട്ടിയാല്‍ അവന്‍ അതുകൊണ്ട് തന്റെ തൊലി നനച്ചുകൊള്ളട്ടെ. അതാണുത്തമം'(അഹ്മദ്, തിര്‍മിദി)

തയമ്മുമിനെ ദുര്‍ബലപ്പെടുത്തുന്നവ:

വുദു ദുര്‍ബലപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും തയമ്മുമിനെ ദുര്‍ബലപ്പെടുത്തും.വെള്ളം ലഭിക്കാത്തതുകൊണ്ടും രോഗാവസ്ഥയോ കൊണ്ട് വെള്ളം ഉപയോഗിക്കാനാവത്തുകൊണ്ടും തയമ്മും ചെയ്യേണ്ടിവന്നവരെ സംബന്ധിച്ചിടത്തോളം ആ അവസ്ഥ മാറുന്നതോടെ (വെള്ളം ലഭിക്കുകയോ, രോഗം മാറുകയോ ചെയ്യുമ്പോള്‍) അവരുടെ തയമ്മും ദുര്‍ബലപ്പെടുന്നതാണ്. തയമ്മും ചെയ്ത് നമസ്‌കരിച്ചശേഷം വെള്ളം കിട്ടുകയോ വെള്ളമുപയോഗിക്കാന്‍ കഴിവുണ്ടാവുകയോ ചെയ്താല്‍ നമസ്‌കാരം തിരിച്ചുവീട്ടേണ്ടതില്ല.

അബൂസഅ്ദില്‍ ഖുദ്‌രി പ്രസ്താവിക്കുന്നു: ‘രണ്ടാളുകള്‍ യാത്രചെയ്യുകയായിരുന്നു. നമസ്‌കാരം ആസന്നമായപ്പോള്‍ അവരുടെ കൈവശം വെള്ളമില്ലായിരുന്നു. അങ്ങനെ അവര്‍ നല്ല മണ്ണെടുത്ത് തയമ്മും ചെയ്ത് നമസ്‌കരിച്ചു. അനന്തരം ആ നമസകാരസമയത്തുതന്നെ അവര്‍ക്ക് വെള്ളം കിട്ടിയപ്പോള്‍ ഒരാള്‍ വുദു വെടുത്ത് വീണ്ടും നമസ്‌കരിച്ചു. രണ്ടാമന്‍ അത് ചെയ്തില്ല. പിന്നീട് ഇരുവരും നബി(സ)യുടെ അടുത്ത് വന്ന നടന്നതെല്ലാം വിവരിച്ചു. അപ്പോള്‍ നമസ്‌കാരം ആവര്‍ത്തിക്കാത്തവനോട് ‘നീ സുന്നത്ത് കണ്ടെത്തി, നിനക്ക് ആ നമസ്‌കാരം മതി’ എന്നും നമസ്‌കാരം ആവര്‍ത്തിച്ചവനോട് ‘നിനക്ക് ഇരട്ടി പ്രതിഫലമുണ്ട്’എന്നും തിരുമേനി അരുള്‍ചെയ്തു.(അബൂദാവൂദ്, നസാഈ).
എന്നാല്‍ നമസ്‌കാരത്തില്‍ പ്രവേശിച്ചതിന് ശേഷം അത് കഴിയുന്നതിന് മുമ്പുതന്നെ വെള്ളം ലഭിക്കുകയോ അതുപയോഗിക്കാന്‍ സാധിക്കുകയോചെയ്താല്‍ തയമ്മുംദുര്‍ബലപ്പെടുകയും വെള്ളംകൊണ്ട് ശുദ്ധീകരണം നിര്‍ബന്ധമാകുകയുംചെയ്യുന്നതാണ്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.