New Muslims APP

ലൈലത്തുല്‍ ഖദര്‍

ലൈലത്തുല്‍ ഖദര്‍

              ലൈലത്തുല്‍ ഖദ്ര്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സമ്മാനമാണ്.

ഒരിഞ്ചു സ്ഥലം പോലും ലഭിക്കാതെയാണ് രാത്രി നമസ്‌കാരത്തിന് ആളുകള്‍ വന്നു ചേര്‍ന്നത്. ഇമാം നമസ്‌കാരം ആരംഭിച്ചു. ഖുര്‍ആന്‍  പാരായണത്തിന്റെ കൂടെ ആളുകളുടെ സ്ഥാനത്തതും അസ്ഥാനത്തുമുള്ള അടക്കിപ്പിടിച്ച കരച്ചില്‍   ഉയര്‍ന്നു കൊണ്ടിരുന്നു. അറ്റമില്ലാത്ത നിര പള്ളിയുടെ പുറത്തും നീണ്ടു പോയിരുന്നു. അല്പം സമയത്തിനു ശേഷം സുബ്ഹി ബാങ്ക് കൊടുത്തു. പള്ളിയില്‍ എന്നുമുള്ള വരിയില്‍ നിന്നും ഒരാളും കൂടിയതായി നാം കണ്ടില്ല.

ആകാശത്തു നിന്നും മാലാഖമാര്‍ ഭൂമിയില്‍ വരുന്ന രാവ്. അവരുടെ കൂടെ നേതാവ് ജിബ്‌രീലും. പണ്ട് പ്രവാചകന്മാര്‍ക്ക് വഹ്‌യുമായി വന്ന വിശിഷ്ട മാലാഖയാണ് ജിബ്രീല്‍. പ്രവാചക നിയോഗം കഴിഞ്ഞു പോയി. ഇപ്പോള്‍ ജിബ്രീല്‍ ഭൂമിയില്‍ വരുന്നത് ചിലപ്പോള്‍ മാത്രമാകും. അതില്‍ ഒന്നാണ് ലൈലത്തുല്‍ഖദ്ര്‍. ആയിരം മാസത്തെ പുണ്യം ഒരു രാവ് കൊണ്ട് നേടുക എന്നത് പലര്‍ക്കും അപ്രതീക്ഷിതമായി ലഭിക്കുന്ന സുവര്‍ണാവ സരമാണ്. എന്നും ദൈവീക മാര്‍ഗത്തില്‍ ഉറച്ചു  നില്‍ക്കുന്നവര്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ഈ രാവിന്റെ പുണ്യം. അത് ചുളുവില്‍ അടിച്ചു മാറ്റാന്‍ കഴിയില്ല. കരയുക എന്നത് ഒരു നിലപാടാണ്. അല്ലാഹുവിനെ ഓര്‍ത്തു കരയുന്ന കണ്ണുകള്‍ നരകത്തില്‍ പ്രവേശിക്കില്ല എന്നാണു പ്രവാചക വചനം.

ലൈലത്തുല്‍ ഖദ്ര്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സമ്മാനമാണ്. അതെന്നാണ് എന്നത് തീര്‍ത്ത് പറയാന്‍ കഴിയുന്ന ഒരു തെളിവും നമ്മുടെ കയ്യിലില്ല. അതെ സമയം ആ ദിനം റമദാനിലാണ് എന്നുറപ്പാണ്. അത് കൊണ്ട് റമദാന്‍ ഒന്ന് മുതല്‍ അതിനെ പ്രതീക്ഷിക്കലാണ് ബുദ്ധി. എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധ്യതയുള്ള ഒരു അതിഥിയാണ് ലൈലത്തുല്‍ ഖദ്ര്‍. ആ അതിഥിയെ പറഞ്ഞയക്കുന്നത് മഹാനാണ്. ആ അതിഥിയെ നാം എങ്ങിനെ സ്വീകരിക്കുന്നു എന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്. ആ അതിഥി കടന്നു വരുമ്പോള്‍  നമ്മുടെ പരിസരം നന്നാവണം. വീടുകളില്‍ ഇപ്പോഴും ഒരു ഇസ്ലാമിക സംസ്‌കാരം നിലനിര്‍ത്തുക എന്നതാണ് ആദ്യപടി വേണ്ടത്.

ലൈലത്തുല്‍ ഖദറില്‍ പ്രവാചകന്‍ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു. വിട്ടുവീഴ്ചയാണ് നാം അല്ലാഹുവിനോട് ആവശ്യപ്പെടുന്നത്. അതെ സമയം ഈ റമദാനില്‍ നാം എത്ര പേര്‍ക്ക് വിട്ടുവീഴ്ച ചെയ്തു കൊടുത്തു എന്ന് ചിന്തിക്കണം. താന്‍ ചെയ്യാത്ത കാര്യം മറ്റുള്ളവര്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്നത് അതിരു കടക്കലാണ്. പുണ്യം നേടുക ഇസ്ലാമില്‍ എളുപ്പമല്ല. ഒരുപാട് ശീലങ്ങള്‍ ചേര്‍ന്നതാണ് ഇസ്ലാമിലെ പുണ്യം. ആ ശീലങ്ങളുടെ വീണ്ടെടുപ്പാണ് റമദാന്‍. ലൈലത്തുല്‍ ഖദ്ര്‍ അത് കൊണ്ടാണ് കളങ്കമില്ലാത്ത വിശ്വാസികള്‍ക്ക് മാത്രമായി ചുരുങ്ങുന്നതും. ഒരായിരം മാസത്തെ പുണ്യം ഒരു രാത്രി കൊണ്ട് അടിച്ചെടുക്കാം എന്ന മൂഢ ധാരണയില്‍ ജീവിക്കുന്ന മനുഷ്യന്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറയാതെ തരമില്ല.

ദീര്‍ഘമായ രാത്രി നമസ്‌കാരത്തിന് ശേഷം നിര്‍ബന്ധ നമസ്‌കാരത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കാത്ത ആരാധന രീതി ആയിരം മാസത്തെ പുണ്യ സംസ്‌കാരത്തിന്റെ ഭാഗമല്ല. പല രീതിയിലാണ് കേരളം ഇതാഘോഷിക്കുന്നത്. റമദാന്‍ ഇരുപത്തിയേഴു രാത്രി പ്രവാചകനും അനുയായികളും പ്രത്യേക വല്ല രീതികളും സ്വീകരിച്ചതായി നമുക്കറിയില്ല. അവസാന പത്തില്‍ അവര്‍ പള്ളികളില്‍ കൂടുതല്‍ കഴിച്ചു കൂട്ടി. പള്ളികളില്‍ നിന്നും വിശ്വാസികളെ പറമ്പിലേക്കും പാടത്തേക്കും എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ആധുനിക നേട്ടം. ആരാധനകള്‍ മനുഷ്യനും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടാണ്. ആയിരം മാസം കൊണ്ട് നേടാന്‍ കഴിയുന്ന സമ്പത്തു ഒറ്റ രാത്രികൊണ്ട് നേടാന്‍ കഴിയുന്നു എന്നതും ഒരു പുണ്യം തന്നെയാണ്.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.