New Muslims APP

സമ്പത്തും വിനിമയവും

സകാത്ത്

                      സമ്പത്തും വിനിമയവും

സമ്പത്തും വിനിമയവും

സര്‍ക്കാര്‍- പ്രൈവറ്റ് ജോലിക്കാരുടെ ശമ്പളം, നിശ്ചിതജോലികള്‍ കരാറെടുക്കുന്ന കോണ്‍ട്രാക്റ്റര്‍മാര്‍, ആര്‍ട്ടിസ്റ്റുകള്‍, ഡോക്ടര്‍-എഞ്ചിനീയര്‍-വക്കീല്‍ തുടങ്ങി പ്രൊഫഷണല്‍ ജോലിയുടെ വരുമാനം എന്നിവയിലുള്ള സകാത്ത് എങ്ങനെയാണ് കണക്കാക്കുന്നത് ? കാര്‍ഷികവിളകളില്‍ വരുമാനത്തിന് സകാത്ത് ചുമത്തുന്നതുപോലെ (300 സാഇന്ന്-653 കി.ഗ്രാം ഭക്ഷ്യധാന്യം ചെലവുകഴിച്ച് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ പത്ത് ശതമാനം) ആളുകളുടെ വരുമാനത്തിനും സകാത്ത് ചുമത്തണമെന്ന് ചില ആധുനികപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് പക്ഷേ ശരിയല്ല. കൃഷിയില്‍ ഭൂമിയും മരങ്ങളും പോലെ വ്യവസായത്തില്‍ കെട്ടിടവും ഭൂമിയും മെഷീനറികളും മൂലധനമായിരിക്കുകയും അതിന്റെ വരുമാനത്തിന് സകാത്ത് ഈടാക്കുകയുമാണെങ്കില്‍ ഇവിടെ വരുമാനം പൂര്‍ണാര്‍ത്ഥത്തില്‍ മൂലധനമാണ്. അതിനാല്‍ മൂലധനത്തിന് സകാത്ത് ബാധകമാകുന്ന നാണയങ്ങളുമായി ഇതിനെ തുലനംചെയ്യുന്നതായിരിക്കും ഏറ്റവും യുക്തം.

ഇത്തരത്തില്‍ വരുമാനത്തിന് നിസാബ് പരിഗണിക്കേണ്ടത് എപ്പോഴാണ് എന്ന സംശയം ഉയരാം. കാരണം ചിലര്‍ക്ക് ശമ്പളം, പ്രതിഫലം എന്നിവ ദിവസ-ആഴ്ച-മാസ കണക്കിനായിരിക്കും ലഭിക്കുക. വേറെ ചിലര്‍ക്ക് ഒന്നു-രണ്ട് വര്‍ഷം കഴിഞ്ഞായിരിക്കും കിട്ടുന്നത്. അതിനെ വര്‍ഷത്തില്‍ എത്ര കിട്ടുന്നുവെന്ന് കണക്കാക്കി ചെലവുകഴിച്ച് ബാക്കി നിസാബ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ (85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്ക്ക് തുല്യമായ തുക) സകാത്ത് കൊടുക്കണം. ഒരിക്കല്‍ സകാത്ത് നല്‍കിയ ധനത്തിന് അടുത്ത വര്‍ഷമേ സകാത്ത് ബാധകമാകുകയുള്ളൂ. ഇബ്‌നു മസ്ഊദ്, മുആവിയ(റ) തുടങ്ങിയ സ്വഹാബികളും ഉമറുബ്‌നു അബ്ദില്‍ അസീസും പട്ടാളക്കാരുടെ ശമ്പളത്തില്‍നിന്ന് സകാത്ത് ഈടാക്കിയിരുന്നത് ഈ തോതിലായിരുന്നു(ഫിഖ്ഹുസ്സകാത്ത് 1/52).

സാമ്പത്തിക പ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍

പ്രകൃതിസമ്പത്തുക്കള്‍ പരിമിതമാണെന്നും ഭൂമിയുടെ വലിപ്പമോ ഭൂവിഭവങ്ങളോ വര്‍ധിക്കുകയില്ലെന്നും മുതലാളിത്തം നിരീക്ഷിക്കുന്നു. അതിനാല്‍ ജനസംഖ്യ കൂടുന്നതിനും നാഗരികസംസ്‌കാരം വളരുന്നതിനും അനുസരിച്ച് മനുഷ്യാവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് അത് സിദ്ധാന്തിക്കുന്നു. മാത്രമല്ല, അത് കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കും. ഈ വീക്ഷണമനുസരിച്ച് നാഗരികതകളുടെ താല്‍പര്യങ്ങളുമായി ഒത്തുപോകാന്‍ പ്രകൃതിയിലെ സമ്പദ്‌സ്രോതസ്സുകള്‍ക്ക് കഴിയില്ല.

അതേസമയം ഉല്‍പാദനരീതികളും വിതരണബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് അടിസ്ഥാനപ്രശ്‌നമെന്നാണ് കമ്യൂണിസത്തിന്റെ കാഴ്ചപ്പാട്. ഇവ തമ്മില്‍ പൊരുത്തപ്പെടാനായാല്‍ സാമ്പത്തികജീവിതത്തിന് സ്ഥിരതകൈവരും. എന്നാല്‍ പ്രകൃതിവിഭവങ്ങളുടെ കമ്മിയാണ് മൗലികപ്രശ്‌നമെന്ന മുതലാളിത്ത വീക്ഷണത്തോട് ഇസ്‌ലാം യോജിക്കുന്നില്ല. കാരണം, മനുഷ്യജീവിതത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എല്ലാ വിധ സമ്പത്തുക്കളും അല്ലാഹു പ്രകൃതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഉല്‍പാദന രീതികളും വിതരണബന്ധങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് സാമ്പത്തികപ്രശ്‌നമെന്ന കമ്യൂണിസ്റ്റ് വീക്ഷണത്തോടും ഇസ്‌ലാമിന് വിയോജിപ്പാണ്. യഥാര്‍ഥത്തില്‍ പ്രകൃതിയോ ഉല്‍പാദനരീതികളോ അല്ല ‘മനുഷ്യന്‍ ‘ തന്നെയാണ് പ്രശ്‌നം.

ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവാണ് ഭൂമി-വാനങ്ങളെ സൃഷ്ടിച്ചവന്‍, അവന്‍ മാനത്തുനിന്ന് മഴ വര്‍ഷിച്ചു. അതുവഴി നിങ്ങള്‍ക്ക് ആഹാരത്തിനുവേണ്ടി ഫലങ്ങളുല്‍പാദിപ്പിച്ചു. അവന്റെ ആജ്ഞാനുസാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ കപ്പലുകളെ നിങ്ങള്‍ക്കധീനമാക്കിത്തന്നു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന സൂര്യ-ചന്ദ്രന്‍മാരെയും കീഴ്‌പ്പെടുത്തിത്തന്നു. നിങ്ങള്‍ ചോദിച്ചതൊക്കെയും അവന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ എണ്ണാന്‍ വിചാരിച്ചാലും അത് തിട്ടപ്പെടുത്താനാവില്ല. മനുഷ്യന്‍ മഹാ അതിക്രമിയും കൃതഘ്‌നനും തന്നെ'(ഇബ്‌റാഹീം 32,33). ഈ വിശാലപ്രപഞ്ചത്തില്‍ മനുഷ്യനാവശ്യമായ എല്ലാം അല്ലാഹു ഒരുക്കിയിട്ടുണ്ട്. പക്ഷേ, മനുഷ്യനാണ് അവസരം പാഴാക്കുന്നത്. അവന്റെ നിഷേധമനസ്സും അക്രമമനോഭാവവുമാണ് യഥാര്‍ഥപ്രതി. ഇപ്പറഞ്ഞതനുസരിച്ച് മനുഷ്യജീവിതത്തിലെ സാമ്പത്തികപ്രശ്‌നത്തിന്റെ നാരായവേര് ദൈവാനുഗ്രഹങ്ങളുടെ നേരെയുള്ള നിഷേധവും പ്രായോഗിക ജീവിതത്തിലെ അക്രമവുമാണ്.

വിതരണരംഗത്തെ അക്രമം ഇല്ലായ്മ ചെയ്യുകയും പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മനുഷ്യശേഷി സജ്ജമാവുകയുംചെയ്താല്‍ അവന്റെ എല്ലാ സാമ്പത്തികപ്രശ്‌നങ്ങളും പരിഹൃതമാവും.

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.