New Muslims APP

ഫിത്ര്‍ സക്കാത്ത് എന്ത് ?

ഫിത്ര്‍ സക്കാത്ത്

റമദാന്‍ വ്രതത്തില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്വര്‍ സകാത്ത്. സ്ത്രീയോ പുരുഷനോ, വലിയവനോ ചെറിയവനോ, അടിമയോ സ്വതന്ത്രനോ, ആരായിക്കൊള്ളട്ടെ മുസ്‌ലിംകളില്‍ പെട്ട ഓരോ വ്യക്തിയുടെ പേരിലും പ്രസ്തുത സക്കാത്ത് നിര്‍ബന്ധമത്രെ.

ഇബ്്‌നു ഉമnews_20130906011857ര്‍ പ്രസ്്താവിച്ചതായി ബുഖാരിയും മുസ്്‌ലിമും ഉദ്ദരിച്ച താഴെ വരുന്ന ഹദീസാണ് തെളിവ്: (റമദാനിലെ നോമ്പവസാനിക്കുന്ന സകാത്തായി മുസ്‌ലിംകളായ അടിമകള്‍ക്കും സ്വതന്ത്രനും, സ്ത്രീക്കും പുരുഷനും, ചെറിയവനും വലിയവനും, ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് യവമോ നല്കണമെന്ന് അല്ലാഹുവിന്റെ റസൂല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു).

അതിലടങ്ങിയ യുക്തി:

നോമ്പുകാലത്ത് മനുഷ്യനില്‍നിന്ന് വന്നിരിക്കാവുന്ന അനാവശ്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന് ശുദ്ധീകരണമായിരിക്കാനും സാധുക്കള്‍ക്കും അവശ്യര്‍ക്കും ഒരു സഹായമാവാനും വേണ്ടിയാണ് ഫിത്വര്‍ സക്കാത്ത് ശരീഅത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാനിലായിരുന്നു അത് നിര്‍ബന്ധമാക്കിയത്. ഇബ്‌നു അബ്ബാസ്(റ) ഇങ്ങനെ പ്രസ്താവിച്ചതായി അബൂദാവൂദ്, ഇബ്്്‌നുമാജ, ദാറഖുത്്‌നി എന്നിവര്‍ രേഖപ്പെടുത്തുന്നു:

(നോമ്പുകാരന് അനാവശ്യകാര്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് അല്ലാഹുവിന്റെ റസൂല്‍ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാക്കിയത്. വല്ലവരും അത് നമസ്‌കാരത്തിനുമുമ്പ് നല്കിയാല്‍ അതൊരു സ്വീകാര്യമായ സകാത്താകുന്നു. നമസ്‌കാരത്തിന് ശേഷമാണ് നല്‍കുന്നതെങ്കിലോ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനവും).

ആര്‍ക്കാണ് നിര്‍ബന്ധം ?

തനിക്കും തന്റെ കുടുംബത്തിനും ഒരു രാവും പകലും കഴിയാനാവശ്യമായ ആഹാരം കഴിച്ച് ഒരു സ്വാഅ് ഭക്ഷ്യസാധനം ഉടമയിലുള്ള എല്ലാ സ്വതന്ത്രരായ മുസ്‌ലിംകള്‍ക്കും ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നു.

അവര്‍ സ്വദേഹത്തിനു വേണ്ടിയും തങ്ങള്‍ ചെലവ് കൊടുക്കേണ്ട ഭാര്യാസന്തതികള്‍ക്ക് വേണ്ടിയും തങ്ങള്‍ രക്ഷാകര്‍ത്തൃത്വമേല്‍ക്കുകയും ചെലവ് നിര്‍വഹിക്കുകയും ചെയ്യുന്ന ഭൃത്യന്‍മാര്‍ക്ക് വേണ്ടിയും പ്രസ്തുത സകാത്ത് നല്‍കേണ്ടത് നിര്‍ബന്ധമാണ്.

അളവ്:

ഗോതമ്പ്, യവം, ഈത്തപ്പഴം, മുന്തിരി, പാല്‍ക്കട്ടി, അരി, ചോളം തുടങ്ങിയ പ്രധാന ആഹാരമായി കണക്കാക്കപ്പെടുന്ന വസ്തുക്കളില്‍ നിന്ന് ഒരു സ്വാഅ് ആണ് ഫിത്വര്‍ സകാത്തായി നല്‌കേണ്ടത്. എന്നാല്‍ ഫിത്വര്‍ സകാത്തില്‍ സാധനത്തിന്റെ വില കൊടുത്താല്‍ മതിയാകുമെന്നും അരിയോ ഗോതമ്പോ ആണ് നല്കുന്നതെങ്കില്‍ അര സ്വാഅ് മതിയാകുമെന്നും അബൂഹനീഫ അഭിപ്രായപ്പെട്ടിരിക്കുന്നു.

അബൂ സഈദില്‍ ഖുദ്‌രി പ്രസ്താവിക്കുന്നു: റസൂല്‍ (സ) ഞങ്ങളോടൊപ്പമുണ്ടായിരുന്ന കാലത്ത് ചെറിയവന്നും വലിയവന്നും അടിമക്കും സ്വതന്ത്രന്നും വേണ്ടി ഞങ്ങള്‍ ഫിത്വര്‍ സകാത്തായി നല്കിയിരുന്നത് ഗോതമ്പ്, യവം, പാല്‍ക്കട്ടി, കാരക്ക, മുന്തിരി തുടങ്ങി ഏതെങ്കിലുമൊന്നില്‍ നിന്ന് ഒരു സ്വാആയിരുന്നു. പിന്നെയും ഞങ്ങളങ്ങനെത്തന്നെ കൊടുത്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് അമീര്‍ മുആവിയ ഹജ്ജിനോ ഉംറക്കോ വേണ്ടി വന്നത്. അദ്ദേഹം മിമ്പറില്‍ കയറി ജനങ്ങളെ അഭിമുഖീകരിച്ചു പ്രസംഗിച്ച കൂട്ടത്തില്‍ ഇങ്ങനെ പറയുകയുണ്ടായി: ‘രണ്ട് മുദ്ദ് (അരസ്വാഅ്) സിറിയന്‍ ഗോതമ്പ് ഒരു സ്വാഅ് (നാല് മുദ്ദ്) കാരക്കക്ക് തുല്യമാവുമെന്നാണെന്റെ അഭിപ്രായം.’ അനന്തരം ജനങ്ങളത് സ്വീകരിച്ചു. അബൂസഈദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം, മുമ്പ് നല്കിയ അത്രതന്നെ (ഒരു സ്വാഅ്) നല്കിക്കൊണ്ടേ ഇരിക്കുന്നതാണ്’ (ജമാഅത്ത് ഉദ്ധരിച്ചത്).

തിര്‍മിദി പ്രസ്താവിക്കുന്നു: ഇതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഏതാനും പണ്ഡിതന്‍മാരുടെ അഭിപ്രായം. അതായത് എല്ലാറ്റില്‍നിന്നും ഒരു സ്വാഅ് തന്നെ നല്കണമെന്നവര്‍ പറയുന്നു. ശാഫിഈ, ഇസ്ഹാഖ് എന്നിവരുടെ അഭിപ്രായവും അതാണ്.

അരി, ഗോതമ്പ് എന്നിവയൊഴിച്ച് മറ്റെല്ലാറ്റില്‍ നിന്നും ഒരു സ്വാഅ് വേണമെന്നും അരി, ഗോതമ്പ് എന്നിവയ്ക്ക് അര സ്വാഅ് മതിയെന്നുമാണ് മറ്റു ചില പണ്്ഡിതന്‍മാരുടെ പക്ഷം. സുഫ്‌യാന്‍, ഇബ്‌നുല്‍ മുബാറക് എന്നിവരുടെയും കൂഫക്കാരുടെയും അഭിപ്രായമതാണ്.

നിര്‍ബന്ധമാവുന്നതെപ്പോള്‍ ?

റമദാനിന്റെ അവസാനത്തിലാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെന്ന കാര്യത്തില്‍ പണ്്ഡിതന്‍മാര്‍ക്കിടയില്‍ യോജിപ്പാണുള്ളതെങ്കിലും അതിന്റെ നിശ്ചിത സമയം ഏതാണെന്ന കാര്യത്തെപ്പറ്റി അവര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്.

സൗരി, അഹ്മദ്, ഇസ്ഹാഖ് എന്നിവരും പുതിയ അഭിപ്രായത്തില്‍ ശാഫിഈയും മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം മാലിക്കും പറയുന്നത് പെരുന്നാള്‍ രാവില്‍ സൂര്യനസ്തമിക്കുന്നതോടെയാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുക എന്നത്രെ. എന്തുകൊണ്ടെന്നാല്‍ റമദാന്‍ വ്രതത്തില്‍ നിന്നു വിരമിക്കുന്ന സമയം അതാണല്ലോ.

എന്നാല്‍ അബൂഹനീഫയുടെയും ലൈസിന്റെയും ഖദീമു പ്രകാരം ശാഫിഈയുടെയും, മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം മാലികിന്റെയും അഭിപ്രായത്തില്‍ ചെറിയ പെരുന്നാള്‍ ദിവസത്തിന്റെ പ്രഭാതോദയം മുതല്‍ക്കാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാവുക.

ചെറിയ പെരുന്നാള്‍ രാവിന്റെ സൂര്യാസ്തമയ ശേഷവും പ്രഭാതോദയത്തിന്റെ മുമ്പുമായി ജനിക്കുന്ന കുട്ടിക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാകുമോ ഇല്ലേ എന്ന പ്രശ്‌നത്തിലാണ് ഈ അഭിപ്രായഭിന്നതയുടെ ഫലം പ്രകടമാവുന്നത്. ആദ്യത്തെ അഭിപ്രായപ്രകാരം ആ കുട്ടിക്ക് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമില്ല. കാരണം നിര്‍ബന്ധമാവുന്ന സമയത്തിന് ശേഷമാണ് കുട്ടി ജനിച്ചത്. രണ്ടാമത്തെ അഭിപ്രായപ്രകാരം നിര്‍ബന്ധവുമാണ്. കാരണം, നിര്‍ബന്ധമാവുന്ന സമയത്തിന് മുമ്പാണ് കുട്ടിയുടെ ജനനം.

സമയത്തിന് മുമ്പ് നല്കല്‍

പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഫിത്വര്‍ സകാത്ത് നല്കിയാല്‍ സാധുവാകുമെന്നാണ് കര്‍മശാസ്ത്ര പണ്്ഡിതന്‍മാരുടെ ഭൂരിഭാഗത്തിന്റെ അഭിപ്രായം. ഇബ്‌നു ഉമര്‍(റ) പ്രസ്താവിക്കുന്നു: (ജനങ്ങള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് ഫിത്വര്‍ സകാത്ത് നല്കാന്‍ റസൂല്‍(സ) ഞങ്ങളോട് കല്പിച്ചു).

ഇബ്‌നു ഉമര്‍(റ) പെരുന്നാളിന്റെ ഒരു ദിവസവും രണ്ടുദിവസവും മുമ്പ് അത് നല്കാറുണ്ടായിരുന്നുവെന്ന് നാഫിഅ് പ്രസ്താവിക്കുന്നു.

അതില്‍ കൂടുതല്‍ ദിവസം മുമ്പ് ഫിത്വര്‍ സകാത്ത് നല്കുന്നതിനെ സംബന്ധിച്ചേടത്തോളം പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. റമദാന്‍ മാസത്തിനു മുമ്പ് കൊടുത്താല്‍ പോലും സാധുവാകുമെന്നാണ് അബൂഹനീഫയുടെ പക്ഷം. ശാഫിഈയുടെ അഭിപ്രായത്തില്‍ റമദാന്‍ മാസത്തിന്റെ ആരംഭം മുതല്‍ അത് നല്കാമെന്നാണ്. ഒന്നോ രണ്ടോ ദിവസം മുമ്പായി മാത്രം അത് നല്കാമെന്നാണ് മാലിക്കിന്റെ പക്ഷം. അഹ്മദിന്റെ പ്രസിദ്ധാഭിപ്രായവും അപ്രകാരമത്രെ.

നിര്‍ബന്ധമായ ശേഷം കൊടുക്കാന്‍ പിന്തിച്ചത് കൊണ്ട് ഫിത്വര്‍ സകാത്തിന്റെ കടപ്പാട് ഇല്ലാതാവുകയില്ലെന്നും ജീവിതാന്ത്യത്തിലെങ്കിലും അത് വീട്ടുന്നതുവരെ, നിര്‍ബന്ധമായ ആളുടെ ഉത്തരവാദിത്വത്തില്‍ അതൊരു കടമായി അവശേഷിക്കുമെന്നുമുള്ള കാര്യത്തില്‍ ഇമാമുകള്‍ ഏകോപിച്ചിരിക്കുന്നു. അപ്രകാരം തന്നെ അത് പെരുന്നാള്‍ ദിവസത്തെക്കാള്‍ പിന്തിക്കാന്‍ പാടില്ലെന്നതിലും അവര്‍ ഏകോപിച്ചിരിക്കുന്നു. പെരുന്നാള്‍ ദിവസത്തേക്കാളും പിന്തിക്കാമെന്ന് ഇബ്‌നുസീരീനും നഖഈയും പറയുന്നതായ ഉദ്ധരണിമാത്രം അതില്‍ നിന്നൊഴിവത്രെ. ‘അതില്‍ തെറ്റൊന്നുമുണ്ടാവുകയില്ലെന്നാണ് എന്റെ പ്രതീക്ഷ’ എന്നത്രെ ഇമാം അഹ്മദ് പറയുന്നത്.

ഇബ്‌നുരിസ് ലാന്‍ പറയുന്നു: അത് ഏകകണ്ഠമായി ഹറാമാണ്. കാരണം, അത് നിര്‍ബന്ധദാനമായി. അപ്പോള്‍ നമസ്‌കാരം സമയം വിട്ടു പിന്തിക്കുന്നതു പോലെത്തന്നെ അത് പിന്തിക്കുന്നതിലും കുറ്റമുണ്ടാവേണ്ടത് നിര്‍ബന്ധമത്രെ.

‘പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ആരെങ്കിലും അത് നല്കിയാല്‍ അത് സ്വീകാര്യമായ സകാത്താണ്. നമസ്‌കാരാനന്തരമാണ് നല്കുന്നതെങ്കില്‍ ഇതര ദാനങ്ങളെപ്പോലെ ഒരു ദാനം മാത്രവും’ എന്ന നബിവചനം മുമ്പുദ്ധരിച്ചിട്ടുണ്ടല്ലോ.

വിതരണം:

സകാത്തിന്റെ വിതരണവകുപ്പുകളില്‍ തന്നെയാണ് ഫിത്വര്‍സകാത്തും വിതരണം ചെയ്യേണ്ടത്. അതായത് ‘ഇന്നമ സ്വദഖാത്തു ലില്‍ ഫുഖ്‌റാഇ….’ എന്ന് തുടങ്ങുന്ന ആയത്തില്‍ പ്രസ്താവിച്ച എട്ടു വിഭാഗങ്ങള്‍ക്കാണ് അതും വീതിക്കേണ്ടതെന്നര്‍ഥം. എന്നാല്‍ ഇവയില്‍ സാധുക്കളാണിവിടെ എല്ലാം പരിഗണനീയമായ വിഭാഗം. ‘അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന്നുള്ള ശുദ്ധീകരണമായും സാധുക്കള്‍ക്ക് ആഹാരമായുമാണ് റസൂല്‍(സ) ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്’ എന്ന ഉപര്യുക്ത ഹദീസാണ് തെളിവ്. കൂടാതെ ഇബ്്‌നു ഉമറില്‍നിന്ന് ബൈഹഖിയും ദാറഖുത്ത്‌നിയും ഉദ്ധരിച്ച ഹദീസ് ഇതിന് തെളിവെത്രെ. അദ്ദേഹം പറഞ്ഞു: റസൂല്‍(സ) ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: (ഈ ദിവസം നിങ്ങളവര്‍ക്ക് അന്യാശ്രയം കൂടാതെ കഴിക്കുക).

ബൈഹഖിയുടെ നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: (ഈ ദിവസത്തില്‍ ചുറ്റിനടക്കുന്നതില്‍നിന്ന് അവരെ നിങ്ങള്‍ ഐശ്വര്യവാന്‍മാരാക്കുക).

ദിമ്മിക്കു കൊടുക്കാമോ ?

ഫിത്വര്‍ സകാത്തില്‍ നിന്ന് ദിമ്മിക്ക് കൊടുക്കാമെന്ന് സുഹ്‌രി, അബൂഹനീഫ, മുഹമ്മദ്, ഇബ്‌നുശുബ്‌റുമ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. താഴെ കൊടുക്കുന്ന ഖുര്‍ആന്‍ സൂക്തമാണവര്‍ തെളിവായുദ്ധരിക്കുന്നത്: “മതകാര്യത്തില്‍ നിങ്ങളുമായി യുദ്ധം ചെയ്യുകയോ നിങ്ങളെ സ്വന്തം വീടുകളില്‍നിന്ന് ബഹിഷ്‌കരിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നന്‍മ ചെയ്യുന്നതും അവരുമായി നീതിപൂര്‍വം വര്‍ത്തിക്കുന്നതും അല്ലാഹു നിരോധിക്കുന്നില്ല. നീതിപാലകരെ അല്ലാഹു ഇഷ്്ടപ്പെടുന്നു” ( അല്‍മുംതഹന: 8).

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.