New Muslims APP

മനസ്സുകളെ കീഴടക്കും ഖുര്‍ആന്‍

old-version-of-quran

മരവിച്ച മനസ്സുകളില്‍ നന്മയുടെ വസന്തം വിരിയിക്കാനും ഖുര്‍ആന് കഴിയും.

മനസ്സുകളെ കീഴടക്കും ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആനിന്റെ വശ്യത, മാധുര്യം, മാസ്മരികത എല്ലാം അപാരമാണ്. അതിന് മനുഷ്യ മനസ്സുകളില്‍ അങ്ങേയറ്റത്തെ സ്വാധീനം ചെലുത്താനാകും. ഏത് കടുത്ത മനസ്സിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് സാധിക്കും, മരവിച്ച മനസ്സിനെയും തരളിതമാക്കാന്‍ കഴിയുന്നതാണ് അതിന്റെ ശൈലി. മഴ പെയ്ത് ഭൂമി നിര്‍മലമായി ചെടികള്‍ക്ക് അവസരമേകുന്നതു പോലെ, മരവിച്ച മനസ്സുകളില്‍ നന്മയുടെ വസന്തം വിരിയിക്കാനും ഖുര്‍ആന് കഴിയും. വീണ്‍വാക്കല്ല മറിച്ച് ചരിത്രവും ആധുനിക കാലവും അതിനു സാക്ഷിയാണ്. കഠിന ശത്രുക്കള്‍ പോലും അതിന്റെ മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. നിങ്ങള്‍ക്കറിയുമോ, മക്കയിലെ പ്രമാണി ഉത്ബയുടെ കഥ. നല്ല കവിയും ഭാഷാ പണ്ഢിതനും വാക്ചാതുരിക്ക് ഉടമയുമായ അദ്ദേഹത്തെ ഖുറൈശികള്‍ മുഹമ്മദിന്റെ അടുത്തേക്ക് നിയോഗിക്കുകയാണ്. കാരണമെന്തെന്നല്ലേ. അവരുടെ മതം അപകടത്തിലാണ്. മുഹമ്മദ് ഓതിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ പാമര ജനത്തെ വശീകരിച്ചു കൊണ്ടിരിക്കുകയാണ്. പാണ്ഢിത്യത്തിന്റെ ആയുധമില്ലാതെ അതിനെ നേരിടുക അസാധ്യം. അതിനാകട്ടെ റബീഅയുടെ മകന്‍ ഉത്ബയെ പോലെ യോഗ്യന്‍ വേറെയില്ലതാനും. പോരെങ്കില്‍ അല്‍പം ഭൗതിക പ്രലോഭനങ്ങളിലൂടെയാണെങ്കിലും മുഹമ്മദിനെ പിന്തിരിപ്പിച്ചേ പറ്റൂ. അതിനും അദ്ദേഹത്തിനാകും.

മുഹമ്മദിനു മുമ്പില്‍ ഉത്ബ തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത് പുത്തന്‍ ആശയത്തിന്റെ അപകടങ്ങള്‍ മുഴുവന്‍ ബോധ്യപ്പെടുത്തി. പിന്തിരിഞ്ഞാല്‍ കിട്ടാന്‍ പോകുന്ന നേട്ടങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു. മക്കയിലെ രാജാവാക്കാനും, ഏറ്റവും നല്ല സുന്ദരിയായ പെണ്ണിനെ വിവാഹം കഴിപ്പിച്ച് കൊടുക്കാനും, ഏറ്റവും വലിയ സമ്പന്നനാക്കാനും അവര്‍ തയ്യാറാണ് ഈ ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിക പ്രബോധനവും അവസാനിപ്പിച്ചാല്‍ മാത്രം മതി. മറുപടിയായി ഖുര്‍ആനിലെ അല്‍ഫുസ്സില അധ്യായം ഓതിക്കേള്‍പ്പിക്കുകയാണ് നബി തിരുമേനി ചെയ്തത്. ഖുര്‍ആനിന്റെ വശ്യതയിലകപ്പെട്ട ഉത്ബ പ്രവാചക സന്നിധിയില്‍ നിന്ന് മടങ്ങി വന്ന് ഖുറൈശികളോട് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ഇതാ.. ഞാന്‍ ഇന്ന് ഒരു വാക്യം ശ്രവിച്ചു. അല്ലാഹുവാണ് സത്യം അതുപോലൊന്ന് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ല. അല്ലാഹുവാണ് സത്യം അത് കവിതയല്ല, മായാജാലമല്ല, മന്ത്രവുമല്ല.

അവിശ്വാസികളുടെ നേതാവും ബുദ്ധിശാലിയുമായിരുന്നു ബുദ്ധിമാനായിരുന്നു ഉമര്‍. മുഹമ്മദ് ജനങ്ങള്‍ക്കിടയില്‍ ‘ഭിന്നത’യുണ്ടാക്കുന്നത് അദ്ദേഹം കണ്ടു. കൂടുതല്‍ കാലം മുഹമ്മദിനെ കയറൂരി വിട്ടാല്‍ അപകടമാണ്. മുഹമ്മദിനെക്കൊന്നാല്‍ നാട്ടില്‍ സമാധാനമുണ്ടാകും. ഈ ചിന്തയോടെ ഊരിപ്പിടിച്ച വാളുമായി നബിയെ കൊല്ലാനിറങ്ങിയ ഉമര്‍ ഒടുവില്‍ സഹോദരി ഫാത്വിമയുടെ വീട്ടില്‍ എത്തിച്ചേരികയും അവിടെ നിന്ന് കേട്ട ഖുര്‍ആനിന്റെ സ്വാധീനത്താല്‍ അതിന്റെ ഉത്തമ അനുയായിയായിമാറുകയും ചെയ്ത കഥ പ്രസിദ്ധമാണല്ലോ?

മുസ്‌ലിംകള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്ത സന്ദര്‍ഭത്തില്‍ മുസ്‌ലിംകളെ തിരിച്ച് മക്കയിലേക്ക് തന്നെ അയക്കണമെന്ന് ആവശ്യപ്പെട്ട് മക്കാമുശ്‌രിക്കുകളുടെ പ്രതിനിധികള്‍ നജ്ജാശി രാജാവിന്റെ അടുത്തെത്തി. രാജാവ് വിളിപ്പിച്ചതനുസരിച്ച് കൊട്ടാരത്തിലെത്തിയ മുസ്‌ലിംകളുടെ നേതാവ് ജഅ്ഫര്‍ ബിന്‍ അബീ ത്വാലിബ് നജ്ജാശി രാജാവിന്റയും പൂരോഹിതരുടെയും മുന്നില്‍ സൂറത്തു മര്‍യമിന്റെ ആദ്യഭാഗം ഓതിക്കേള്‍പ്പിച്ചു. ഖുര്‍ആന്‍ കേട്ട നജ്ജാശി രാജാവ് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ‘നിശ്ചയമായും ഇതും ഈസാ കൊണ്ടു വന്നതും ഒരൊറ്റ ദീപത്തില്‍ നിന്ന് പുറപ്പെടുന്നത് തന്നെയാണ്.’

വിരക്തനും ഭക്തനുമായി അറിയപ്പെടുന്ന ഫുദൈല്‍ ബിന്‍ ഇയാദ് തന്റെ ആദ്യകാലത്തെ അധാര്‍മ്മിക ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമായത് ഖുര്‍ആന്‍ ശ്രവിച്ചതാണെന്ന് പറയപ്പെടുന്നു. കഥ ഇപ്രകാരമാണ്. പതിവു പോലെ ഒരു അടിമസ്ത്രീയെ പ്രാപിക്കാനായി മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കവെ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം അദ്ദേഹം കേള്‍ക്കുകയാണ്: ‘സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവ സ്മരണയ്ക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യവേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? അവര്‍ മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കട്ടെ, കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി. അവരിലേറെ പേരും അധാര്‍മികരാണ്.’ (57:16) ഉടനെ അദ്ദേഹം പ്രതിവചിച്ചു: ‘അതെ എന്റെ നാഥാ സമയമായിക്കഴിഞ്ഞു, ഞാന്‍ എന്റെ പശ്ചാതാപമായി നിന്റെ ഭവനത്തിന്റെ സാമീപ്യം സ്വീകരിക്കുന്നു.’

ഖുര്‍ആന് മനുഷ്യ ഹൃദയങ്ങളിലുള്ള സ്വാധീനം അവര്‍ണ്ണനീയമത്രെ. ഒരുപര്‍വ്വതം പോലും തകര്‍ന്നു പോ കത്തക്ക ആശയ ഗാംഭീര്യം ഖുര്‍ആനുണ്ട്. എന്നാല്‍ ആ ഭാരം താങ്ങാനുള്ള കഴിവ് മനുഷ്യ ഹൃദയത്തിന് സൃഷ്ടാവ് നല്‍കിയിരിക്കുന്നു. ഖുര്‍തുബി ഇമാം പറയുന്നത് നോക്കുക: ‘തന്റെ അടിയാറുകളുടെ ഹൃദയത്തില്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുവാനും അതിലെ ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും, തന്നെ ഇബാദത് ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഉള്ള ശക്തി അല്ലാഹു നല്‍കിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നറിയാന്‍ അവന്റെ സത്യ വചനമൊന്ന് കേള്‍ക്കൂ. :’നാം ഈ ഖുര്‍ആനിനെ ഒരു പര്‍വതത്തിന്മേ ലാണ് ഇറക്കിയിരുന്നതെങ്കില്‍ ദൈവഭയത്താല്‍ അത് ഏറെ വിനീതമാകുന്നതും പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു. ഈ ഉദാഹരണങ്ങളെല്ലാം നാം മനുഷ്യര്‍ക്കായി വിവരിക്കുകയാണ്. അവര്‍ ആലോചി ച്ചറിയാന്‍’ (59:17 ) മനുഷ്യന്റെ ശക്തിയും പര്‍വ്വതത്തിന്റ ശക്തിയും തമ്മില്‍ എന്ത് താരതമ്മ്യം? എന്നാല്‍ അല്ലാഹു തന്റെ കാരുണ്യവും ഔദാര്യവുമായി തന്റെ അടിയാറുകള്‍ക്ക് അതിനുള്ള ശക്തി നല്‍കിയിരിക്കുന്നു.’ (ഖുര്‍തുബി. വാ. 1 പേ. 4)

1 Star2 Stars3 Stars4 Stars5 Stars (1 votes, average: 1.00 out of 5)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.