ഈ ലോകം മനോഹരമാണ്; ജീവിതവും

ജീവിതം

ഈ ലോകം മനോഹരമാണ്; ജീവിതവും

ഈ ലോകം മനോഹരമാണ്; ജീവിതവും

 ഇദരീസ് തൌഫീഖ്‌

നാം തന്നെയാണ് നമ്മുടെ ജീവിതത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. അല്ലേ? പത്രങ്ങളിലും ടി.വിയിലും കാണുന്ന അക്രമവും ഹിംസയും മാത്രമല്ല നമ്മുടെ ജീവിതത്തെ വിരസമാക്കുന്നത്. ചിലപ്പോള്‍ കോളേജിലോ ജോലിസ്ഥലത്തോ നാം എടുക്കുന്ന ഒരു തീരുമാനം പോലും നമുക്ക് വിരസതയുണ്ടാക്കാം. ഞാന്‍ ഇത് ചെയ്യണോ അല്ലെങ്കില്‍ അത് ചെയ്യണോ? എനിക്ക് ഇത് ചെയ്യാന്‍ കഴിയുമോ? ഇങ്ങനെയുള്ള കുഴക്കുന്ന കുറേ ചോദ്യങ്ങള്‍ക്ക് നടുവിലായിരിക്കും നമ്മള്‍. നമ്മുടെ മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നാം നേരിടുന്ന പലവിധത്തിലുള്ള സമ്മര്‍ദങ്ങളും അവരുടെ പ്രതീക്ഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് ജീവിക്കേണ്ടവരായി നമ്മെ മാറ്റുന്നു. എന്നാല്‍ സ്വന്തത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയാണ് നാം ചെയ്യേണ്ടത്.

സ്വന്തത്തില്‍ നിന്നും കുടുംബത്തില്‍ നിന്നു മാത്രമല്ല, ഇക്കാലത്തെ മുസ്‌ലിം യുവത സമൂഹത്തില്‍ നിന്നും സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവരാണ്. കാരണം, ഏതൊരു മനുഷ്യനേയും പോലെ തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരാണ് അവരും. എന്നാല്‍ സമൂഹം അവരെ അതിന് അനുവദിക്കാതെ തീവ്രവാദികളോ മൗലികവാദികളോ ആക്കി മുദ്രകുത്തിക്കഴിഞ്ഞിരിക്കും. സ്വപ്‌നങ്ങള്‍ കരിഞ്ഞ് ജീവിതം മറ്റെന്തിനോ വേണ്ടി ഹോമിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. നമ്മുടെ ചുറ്റും വിമര്‍ശകരും അധിക്ഷേപകരുമുണ്ടാകും. എന്നാല്‍ അവര്‍ പറയുന്നതിനും നമ്മള്‍ ചിന്തിക്കുന്നതിനും ഇടയിലാണ് നമ്മുടെ സ്ഥാനം. സ്വന്തത്തെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ടു കുതിക്കാന്‍ നാം തയ്യാറാകണം. ആ കുതിപ്പില്‍ പലതും നേടിയെടുക്കാന്‍ നമുക്ക് സാധിക്കും.

സ്വന്തം ചുറ്റുപാടിലേക്ക് കണ്ണോടിക്കൂ. നിങ്ങള്‍ ഉറക്കത്തിന്റെ മൂര്‍ധന്യത്തിലായിരിക്കുമ്പോള്‍ പ്രഭാത നമസ്‌കാരത്തിനായി ഫോണിലെ അലാറം ശബ്ദിക്കും. നാം ആകട്ടെ ഇന്റര്‍നെറ്റിലെ ചാറ്റിംഗും കഴിഞ്ഞ് വളരെ വൈകിയായിരിക്കും ഉറങ്ങിയിട്ടുണ്ടാവുക. അതുകൊണ്ട് കണ്ണു തുറന്ന് പ്രഭാതത്തിലേക്ക് ഉണരാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. എന്നാല്‍ ആ പ്രഭാതം സുന്ദരമാണ്. ചിലപ്പോള്‍ പ്രാതല്‍ കഴിക്കാന്‍ നമുക്ക് സമയം കിട്ടിക്കാണില്ല. കാരണം, വൈകിയാണ് നാം ഉണര്‍ന്നത്. ഓഫീസിലേക്കോ കോളേജിലേക്കോ കുതിക്കുന്ന തിരക്കില്‍ കുടുംബാംഗങ്ങളെ ശ്രദ്ധിക്കാനും നമുക്ക് സാധിച്ചില്ല. പകല്‍ മുഴുവന്‍ ജോലിയെടുത്ത് സമ്പാദിക്കുന്ന നമ്മുടെ ഉപ്പയെ ശ്രദ്ധിക്കാന്‍ നാം മറന്നുപോയി. നമുക്ക് വേണ്ടി മാത്രമായി ജീവിക്കുന്ന നമ്മുടെ ഉമ്മയെ ശ്രദ്ധിക്കാന്‍ നാം മറന്നുപോയി. നമ്മുടെ സന്തോഷമായ സ്വന്തം കുഞ്ഞനിയനെയോ അനിയത്തിയെയോ ശ്രദ്ധിക്കാനും നമുക്ക് സാധിച്ചില്ല. ആര്‍ക്കുവേണ്ടിയാണ് നാം അധ്വാനിക്കുന്നതും തിരക്കില്‍ ജീവിക്കുന്നതും? സ്വന്തത്തിന് വേണ്ടിയോ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയോ അല്ല. പിന്നെ ആര്‍ക്കുവേണ്ടി?

ഓരോ ദിവസവും നാം ശ്രദ്ധിക്കാന്‍ മറന്നുപോകുന്ന കുറേ ദൃഷ്ടാന്തങ്ങളാണ് ഇവ. കാരണം, നാം തിരക്കിലാണ്. നമ്മുടെ കൂടെ ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്ന ആളുകളെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? അവരും നമ്മെ പോലുള്ള അനേകം ജീവിതങ്ങളാണ്. വ്യത്യസ്തങ്ങളായ പേരുകളും കുടുംബവേരുകളും ജീവിത സാഹചര്യങ്ങളുമുള്ള ആളുകള്‍. അവരും തിരക്കിലാണ്. അവരുടെ തിരക്കിനുമുണ്ടാകും വ്യത്യസ്തമായ കാരണങ്ങള്‍. അവര്‍ ഓരോരുത്തരും വരുന്നത് എവിടെ നിന്നാണ്? വീട്ടില്‍ നിന്നാണോ? അതോ ഹോട്ടലില്‍ നിന്നാണോ? തിരക്കിട്ട് ഇറങ്ങുമ്പോള്‍ അവര്‍ക്ക് കോളുകള്‍ വന്നിട്ടുണ്ടാകും. ചിലപ്പോള്‍ കുട്ടിക്ക് സുഖമില്ലാത്ത വാര്‍ത്തയായിരിക്കാം. അല്ലെങ്കില്‍ കുട്ടി ജനിച്ച വാര്‍ത്തയായിരിക്കാം. അല്ലെങ്കില്‍ ആരുടെയെങ്കിലും മരണവാര്‍ത്തയായിരിക്കാം. അതിന്റെ സന്തോഷവും ആശങ്കയും ദുഃഖവും അവരുടെ മുഖത്ത് നിന്ന് ചിലപ്പോള്‍ നമുക്ക് വായിച്ചെടുക്കാം. മാസങ്ങള്‍ നീണ്ട ജോലിക്ക് ശേഷം ഒരു വിശ്രമദിനത്തിന് അവരും കാത്തിരിക്കുന്നുണ്ടാകും. കുടുംബത്തോടൊപ്പം ചേരാനും സന്തോഷിക്കാനും അവരും ആഗ്രഹിക്കുന്നുണ്ടാകും. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും, ഈ ലോകം വളരെ വിശാലമാണെന്ന്. നാം അതില്‍ വളരെ നിസ്സാരരാണെന്നും, ഒരു വലിയ പ്രവാഹത്തിലെ ഒരു കണിക മാത്രമാണ് നമ്മളെന്നും. എല്ലാവരെയും പോലെ നാം അല്ലാഹുവിന്റെ സൃഷ്ടികളാണെന്നും നാം ഓര്‍ക്കും.

നാം ജീവിക്കുന്ന ഈ ഭൂമി എത്ര മനോഹരമാണ്. അത് കാണാനുള്ള ഉള്‍ക്കാഴ്ച നമുക്കുണ്ടായിരുന്നുവെങ്കില്‍. എപ്പോഴാണ് നാം പാര്‍ക്കില്‍ ഒന്ന് നടക്കാന്‍ പോയത്? സ്വയം ഒന്ന് ആശ്വസിച്ചതും ദീര്‍ഘമായി ശ്വസിച്ചതും എപ്പോഴാണ്? നമ്മുടെ ചിന്തകള്‍ അവ്യക്തമായിരിക്കും. ഒരു പുഴക്കരയിലോ ഒരു സ്‌കൂള്‍ കൗമ്പോണ്ടിലോ നാം അവസാനമായി പോയതെപ്പോഴാണ്? ജീവിതം വളരെ കഠിനമാണ്. അതെ, അത് കഠിനമാണ്. എന്നാല്‍, അതിനേക്കാള്‍ ഉപരിയായി അത് മനോഹരമാണ്. ഈ പ്രപഞ്ചത്തെ മനസ്സ് നിറച്ച് കാണാനും അതിന് പിന്നിലെ ദൈവിക യാഥാര്‍ത്ഥ്യത്തെ പ്രകീര്‍ത്തിക്കാനും നമുക്ക് സാധിക്കണം. വേദഗ്രന്ഥം മാത്രമല്ല അവന്റെ ദൃഷ്ടാന്തം. നാം കാണുന്ന മൃഗങ്ങളും പക്ഷികളും സസ്യലതാദികളും വൃക്ഷങ്ങളും പുഴകളും മലകളും ആകാശവുമെല്ലാം അവന്റെ ദൃഷ്ടാന്തത്തില്‍ പെട്ടത് തന്നെ.

ഒരു മുസ്‌ലിം ഒരിക്കലും നിരാശനാകില്ല. കാരണം, അവന്റെ ഏറ്റവും വലിയ പ്രതീക്ഷ അല്ലാഹുവാണ്. ദുഖത്തിലും സന്തോഷത്തിലും അവന്‍ അല്ലാഹുവിനെ ഓര്‍ക്കും. എവിടെ നോക്കിയാലും തന്റെ നാഥന്റെ അടയാളങ്ങളാണ് അവന്‍ കാണുക. സഹോദരന്റെ വേദനയിലും സഹോദരന്റെ പുഞ്ചിരിയിലും അവന്‍ ദൈവത്തെ കണ്ടെത്തും. ഒരു മാതാവ് തന്റെ കുഞ്ഞിനോട് കാണിക്കുന്ന സ്‌നേഹവും അനുകമ്പയും ദൈവികമാണ്. ദരിദ്രന്റെ കണ്ണീര്‍ ഒപ്പുന്നതും ദൈവികമായ പണിയാണ്. ഒരു പാര്‍ക്കിനടുത്ത് വീടു വെക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ ഉറങ്ങിയെണീറ്റ് ജനാല തുറക്കുമ്പോള്‍ മഞ്ഞണിഞ്ഞ മലനിരകളും കണ്ണാടി പോലുള്ള തടാകങ്ങളും കാണണമെന്ന് നാം ആഗ്രഹിക്കുന്നില്ല. മതിലിലൂടെ നീങ്ങുന്ന എട്ടുകാലിയും നിലത്തു കൂടെ പോകുന്ന ഉറുമ്പും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. എല്ലാ ദിവസവും അല്ലാഹു അക്ബര്‍ എന്ന് നിരവധി തവണ നാം ഉരുവിടുന്നു. എന്നാല്‍ ഈ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍ അല്ലാഹു അക്ബര്‍ എന്നോ സുബ്ഹാനല്ലാഹ് എന്നോ നാം സ്മരിക്കാറുണ്ടോ? നാം ഓരോ തവണ കണ്ണു തുറക്കുന്നതും അല്ലാഹുവിന്റെ മഹത്വത്തിലേക്കായിരിക്കണം. നമ്മുടെ നാവുകള്‍ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തിക്കൊണ്ടിരിക്കണം. നമ്മുടെ ജീവിതം പ്രതീക്ഷാനിര്‍ഭരവും ശാലീനസുന്ദരവുമാകാന്‍ ഇത് മതിയാകും.

Related Post