ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(3)

ഉല്‍പത്തി

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(3)

ഈ ഗ്രന്ഥം അതിന്റെ വാഹകനായ മുഹമ്മദ് നബിയോട് തന്നെ ആജ്ഞാപിച്ചു: നീ നാവിട്ടടിക്കേണ്ട. ഇത് ജനങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചാ ല്‍മതി. അത് പിന്നീട് വേണ്ടപോലെ നാം വിശദീകരിച്ചുകൊള്ളും: ”നീ ഖുര്‍ആന്‍കൊണ്ട് ധൃതിപ്പെട്ട് നിന്റെ നാവിട്ടടിക്കേണ്ടതില്ല; അതിന്റെ സമാഹരണവും പാഠാവലിയും നമ്മുടെ ബാധ്യതയാണ്. നാം അതിനെ പാരായണം ചെയ്തുതരുമ്പോള്‍ നീ അത് ഏറ്റു പാരായണം ചെയ്താല്‍ മതി. അതിന്റെ (ആശയങ്ങള്‍) വ്യക്തമാക്കല്‍ നാം പിന്നീട് നിര്‍വഹിച്ചുകൊള്ളും” (അല്‍ഖിയാമഃ 16-19). അറ്റമില്ലാതെ പരന്നുകിടന്ന അറേബ്യന്‍മരുഭൂമിയൂടെ ഒരു മൂലയില്‍, ഹിജാസിലെ മക്കയില്‍, അബ്രഹാമിന്റെ അത്ഭുതനീരുറവയായ സംസം എന്ന ഏക ജലസ്രോതസ്സിനു ചുറ്റുമായി പരസ്പരം പോരടിച്ച് കഴിഞ്ഞുകൂടിയിരുന്ന ഗോത്രസമൂഹങ്ങളില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ് നബിക്ക് സ്വന്തം നിലയില്‍ അതൊരിക്കലും കഴിയുമായിരുന്നില്ല.
അന്നേവരെ മനുഷ്യവംശത്തിന് ചിന്തിക്കാന്‍പോലും കഴിഞ്ഞിട്ടില്ലാത്ത എന്തെല്ലാം വിഷയങ്ങള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു! സസ്യങ്ങളിലും ചെടികളിലും ലിംഗവൈരുധ്യമുണ്ട്. അവയുടെ പരസ്പരസങ്കലനം വഴി വംശവര്‍ധനവുണ്ടാവുന്നു. സസ്യങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നിടത്തെല്ലാം അവയെ ഇണകളായി മുളപ്പിച്ചതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതായി കാണാം. ഉദാ: ”അവര്‍ ഭൂമിയിലേക്ക് നോക്കിയില്ലേ, എത്രയെത്രയിനം വിശിഷ്ട സസ്യ ഇണകളെയാണ് നാം അതില്‍ മുളപ്പിച്ചിരിക്കുന്നത്” (അശ്ശുഅറാഅ്: 7).
‘നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന തൂണുകള്‍ ഇല്ലാതെ ഉപരിമണ്ഡലങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെയുമായി ഇളകാതിരിക്കാനായി ഭൂമിയില്‍ അവന്‍ പര്‍വതങ്ങളെ സ്ഥാപിച്ചിരിക്കുന്നു. എല്ലായിനം ജന്തുജാലങ്ങളെയും അവന്‍ അതില്‍ വിന്യസിക്കുകയും ചെയ്തിരിക്കുന്നു. ഉപരിമണ്ഡലത്തില്‍നിന്ന് നാം വെള്ളമിറക്കുകയും വിശിഷ്ട സസ്യയിനങ്ങളെയെല്ലാം നാം ഭൂമിയില്‍ മുളപ്പിക്കുകയും ചെയ്തു” (ലുഖ്മാന്‍: 10), ”ഭൂമിയെ നാം പരത്തുകയും കനത്ത പര്‍വതങ്ങള്‍ അതില്‍ സ്ഥാപിക്കുകയും കൗതുകമുള്ള സസ്യഇണകളെയെല്ലാം അതില്‍ മുളപ്പിക്കുകയും ചെയ്തു” (ഖാഫ്: 7), ”……….. നാം മഴപെയ്യിച്ചാല്‍ വരണ്ട ഭൂമി ഉണര്‍ന്ന് വികസിച്ച് കൗതുകമുള്ള പലതരം സസ്യഇണകളെ മുളപ്പിക്കുകയും ചെയ്യുന്നു” (അല്‍ഹജ്ജ്: 5)
മനുഷ്യരടക്കമുള്ള ജന്തുജീവികളെല്ലാം വിരുദ്ധലിംഗ ഇണകളാണ്. സസ്യജന്തുവര്‍ഗങ്ങളല്ലാത്ത പല സംവിധാനങ്ങളും ഇതുപോലെ ഇണകളാണ്: ”ഭൂമി മുളപ്പിക്കുന്ന എല്ലാറ്റിനെയും മനുഷ്യരെയും അവര്‍ക്കറിഞ്ഞുകൂടാത്ത മറ്റു പലതിനെയും ഇണകളാക്കി സൃഷ്ടിച്ചവന്‍ എത്ര വാഴ്ത്തപ്പെടേണ്ടവന്‍” (യാസീന്‍: 36).
കുഞ്ഞുങ്ങളുടെ നിദാനം പുരുഷബീജങ്ങള്‍ മാത്രമല്ല, സ്ത്രീകള്‍ക്കും തുല്യപങ്കുണ്ട്. ജീവന്റെ ഉല്‍പത്തി വെള്ളത്തില്‍നിന്നാണ്. ”നിഷേധികള്‍ കണ്ടില്ലേ, ഉപരിമണ്ഡലങ്ങളും ഭൂമിയുമെല്ലാമൊന്നിച്ച് ഒരു പിണ്ഡമായിരുന്നതും പിന്നീട് നാം അവയെ വേര്‍പ്പെടുത്തിയതുമാണെന്നും എല്ലാ ജൈവവസ്തുക്കളുടെയും ഉത്ഭവം നാം വെള്ളമാക്കിയതും. ഇനിയും അവര്‍ വിശ്വസിക്കുന്നില്ലേ?” (അല്‍ അമ്പിയാഅ്: 30).
ജീവന്റെ ഉല്‍പത്തിയുടെ മാത്രമല്ല, അതിന്റെ നൈരന്തര്യത്തിന്റെ അടിസ്ഥാനവും വെള്ളമാണ്. അഥവാ ഭൂമിയുടെ ഉപരിതലത്തില്‍ സസ്യ-ജന്തുജാലങ്ങളുടെ ജീവന്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യമതാണെന്നും ഈ അത്ഭുതദ്രാവകം സൃഷ്ടികര്‍ത്താവ് ഉപരിലോകത്തുനിന്ന് ഇറക്കുന്നതാണെന്നും അതിന്റെ വിതരണ-ക്രമീകരണങ്ങള്‍ പൂര്‍ണമായും അവന്റെ നിയന്ത്രണത്തിലാണെന്നും അതവന്‍ പിന്‍വലിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുമ്പോള്‍ ഭൂമി വരണ്ട് ചത്തുപോകുന്നത് മനുഷ്യന് കാണാമെന്നും വീണ്ടും വെള്ളമിറക്കുമ്പോള്‍ ഭൂമി തണുത്ത് കുളിര്‍ത്ത് ജീവന്‍വയ്ക്കുകയും അതില്‍ സസ്യ-ജന്തുജാലങ്ങള്‍ വീണ്ടുമുണ്ടാവുകയും ചെയ്യുന്നതും കാണാനും പാഠമുള്‍ക്കൊള്ളാനും ഖുര്‍ആന്‍

മനുഷ്യനോടാവശ്യപ്പെടുന്നു. ഖുര്‍ആനിലെ താഴെ വചനങ്ങള്‍ പരിശോധിക്കുക: 2:22, 6:99, 7:57, 14:32, 16:65, 20:53, 21:30, 22:5, 24:45, 25:54, 29:63, 30:24, 35:27.

Related Post