വിദ്യാര്‍ത്ഥിയും അധ്യാപകനുമായ റസൂല്‍ (സ)

1452508_536214969797379_1443684014_n

മുനീര്‍ മുഹമ്മദ് റഫീഖ്‌

ദൈവിക മതത്തിന്റെ അധ്യാപനങ്ങള്‍ക്കൊത്ത് ജീവിതത്തെ ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ മുഴുവന്‍ ജീവിത വ്യവഹാരങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. മറ്റു രംഗങ്ങളിലെന്ന പോലെ അധ്യാപന രംഗത്തും ഇസ്‌ലാം ഏറ്റവും ഉദാത്തമായ മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നത്. മാതൃകായോഗ്യനായ ഒരു മികച്ച അധ്യാപകനെയും പ്രവാചകനില്‍ ദര്‍ശിക്കാം. ദൈവിക വെളിപാടുകള്‍ എത്തിച്ചു കൊടുക്കുന്ന ജിബ്‌രീല്‍ മാലാഖയുടെ മുമ്പില്‍ അനുസരണയും ആദരവുള്ള ഒരു വിദ്യാര്‍ത്ഥിയെയും നമുക്ക് പ്രവാചകനില്‍ കാണാം.

റമദാനിന്റെ രാവുകളില്‍ തനിക്കുമേല്‍ അവതരിച്ച ദൈവിക വെളിപാടുകള്‍ ജിബ്‌രീലിന് ചൊല്ലി കേള്‍പ്പിക്കുന്ന, ഒത്തുനോക്കി ഉറപ്പുവരുത്തുന്ന പ്രവാചകനില്‍ ദൈവികജ്ഞാനത്തിന്റെ അന്തസ്സത്തയെ അന്വേഷിക്കുന്ന ജ്ഞാനതൃഷ്ണനായ വിദ്യാര്‍ത്ഥിയുടെ ഭാവങ്ങള്‍ കണ്ടെടുക്കാവുന്നതാണ്. കേവല വിദ്യയെ അര്‍ത്ഥിച്ച ഒരാളായിരുന്നില്ല പ്രവാചകന്‍ എന്നതാണ് ഏറ്റവും പ്രധാനം. ലോകത്തെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കും ദുര്‍മാര്‍ഗത്തില്‍ നിന്നു നേര്‍മാര്‍ഗത്തിലേക്കും നയിക്കാനുള്ള ദൈവികജ്ഞാന(വെളിപാടുകള്‍) ത്തിനായിരുന്നു പ്രവാചകന്‍ എന്ന വിദ്യാര്‍ത്ഥി അര്‍ത്ഥിച്ചിരുന്നത്. ആ ദൈവിക വെളിപാടുകളില്‍ നിന്ന് സ്വായത്തമാക്കിയ ജ്ഞാനത്തെയാണ് പ്രവാചകന്‍ ലോകത്തിനു മുമ്പില്‍ പ്രബോധനം ചെയ്തത്. ആര്‍ജിത അറിവുകളുടെ പരിമതികള്‍ക്കപ്പുറത്തുള്ള ആത്യന്തിക ജ്്ഞാന ഉറവിടത്തില്‍ നിന്നുള്ള അഭൗതികജ്ഞാനമായിരുന്നു അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ഏറ്റവും വലിയ സവിശേഷത.

യഥാര്‍ത്ഥത്തില്‍ ജിബ്‌രീല്‍(അ) അല്ലാഹുവിന്റെ സന്ദേശവാഹകനായ ഒരു ദൂതന്‍ മാത്രമായിരുന്നുവെങ്കിലും ആ മലക്കിനെ പ്രവാചകന്‍ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. പ്രവാചകന്റെ പ്രസ്തുതഭയപ്പാടിനെ കുറിച്ച് ആയിശ (റ) പറയുന്നത് ഇമാം റാഗിബ് സര്‍ജാനി വിശദീകരിക്കുന്നുണ്ട്.
മലക് ജിബിരീല്‍ പ്രവാചകനു മുമ്പില്‍ വന്നു. വന്നപാടെ പറയുന്നത് ഇഖ്‌റഅ് (വായിക്കൂ) എന്നാണ്. മുഖവുരയോ മറ്റു സംസാരങ്ങളോ ഒന്നുമില്ല. സ്വയം പരിചയപ്പെടുത്തുന്നില്ല. തിരുമേനിയെ കുറിച്ച് ഒന്നും ചോദിക്കുന്നില്ല. കാലങ്ങളായി അറിയുന്ന ഒരാളാണ് പ്രവാചകന്‍ എന്ന നിലയ്ക്കാണ് ജിബ്‌രീലിന്റെ പെരുമാറ്റം. മുഹമ്മദിനുണ്ടോ വല്ലതും വായിക്കാനറിയുന്നു. അദ്ദേഹത്തിന് വായിക്കാനോ എഴുതാനോ അറിയില്ല നിരക്ഷരന്‍. ജിബ്‌രീല്‍ വീണ്ടും ആവശ്യപ്പെടുകയാണ് വായിക്കുക. തിരുമേനി അതീവ വിനയത്തോടെയും വളരെ ആദരവോടെയും പറഞ്ഞു. മാ അന ബിഖാരിഇന്‍, (ഞാന്‍ വയിക്കുന്നവനല്ല) അറബി ഭാഷയില്‍ വളരെ ആദരവപൂര്‍വമായ ഒരു സംസാരമാണിത്.

അറിയാത്ത ഒരാള്‍ വന്ന്് എന്തെങ്കിലും കാര്യം ആവശ്യപ്പെടുമ്പോള്‍ ഏതൊരാളും ചോദിക്കും. നിങ്ങള്‍ ആരാണ്? നിങ്ങള്‍ എവിടെ നിന്നു വരുന്നു.? എന്നാല്‍ പ്രവാചകന്‍ ഭയന്നു വിറച്ചു പോയി. ഒന്നും ചോദിക്കാനോ പറയാനോ കഴിയാത്ത വിധം ഭയചകിതനായി. പിന്നീടാണ് ജിബ്‌രീല്‍ തിരുമേനിയുടെ അടുത്തുവന്ന് തിരുമേനിയെ കെട്ടിപ്പിടിക്കുകയും വരിഞ്ഞു മുറുക്കുകയും ചെയ്യുന്നത്. തിരുമേനി കുതറാന്‍ ശ്രമിച്ച്് ‘ഞാന്‍ വായിക്കുന്നവനല്ല’ എന്ന പല്ലവി ആവര്‍ത്തിച്ചു. മൂന്നുപ്രാവശ്യം ഇതു പോലെ ജിബ്‌രീല്‍ ചെയ്യുകയും തിരുമേനി ഇങ്ങനെ പ്രതിവചിക്കുകയും ചെയ്്തു. അതിന് ശേഷമാണ് ജിബ് രീല്‍ സൂറതുല്‍ അലഖിലെ ആദ്യ ഖുര്‍ആന്‍ വചനങ്ങള്‍ ഓതികേള്‍പ്പിക്കുന്നത്.

താന്‍ സ്വപ്‌നം കാണുകയല്ല, സ്വബോധത്തിലാണ് എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ജിബ്‌രീല്‍ ഇങ്ങനെ ആവര്‍ത്തിച്ചതെന്നും ഈ മനുഷ്യന്‍ വന്നു പറയുന്ന അതീവ ഗൗരവതരമായ കാര്യങ്ങളാണെന്നു ബോധ്യപ്പെടുത്താനുമാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ജിബ്‌രീല്‍ ഇങ്ങനെ ചെയ്തത് എന്നാണ് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.
അല്ലാഹുവിന്റെ ദിവ്യവെളിപാടുകള്‍ ജിബ്‌രീലിലൂടെ പഠിക്കുകയായിരുന്നു പ്രവാചകന്‍ മുഹമ്മദ് നബി. ഇവിടെ പ്രവാചകനെ ഒരു പഠിതാവ്, ശ്രോതാവ് എന്ന നിലയില്‍ നമുക്ക് കാണാനാകുന്നു.

അധ്യാപനം പ്രവാചകത്വത്തിന്റെ അവിഭാജ്യ ഘടകം
ദൈവിക വേദഗ്രന്ഥം പ്രവാചകന്‍ മുഹമ്മദിനെ ഒരു അധ്യാപകനായും വിശേഷിപ്പിക്കുന്നുണ്ട്.
‘നിരക്ഷരന്‍മാര്‍ക്കിടയില്‍ അവരില്‍ നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു. അദ്ദേഹം അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതത്തെ സംസ്‌ക്കരിക്കുന്നു. വേദവും തത്ത്വജ്ഞാനവും പഠിപ്പിച്ചുകൊടുക്കുന്നു. അവര്‍ ഇതിനു മുമ്പ് തികഞ്ഞ ദുര്‍മാര്‍ഗത്തിലായിരുന്നവല്ലോ. (സൂറതുല്‍ ജുമുഅ: 2 )

ജനങ്ങള്‍ക്ക് പഠിപ്പിക്കേണ്ട കാര്യങ്ങള്‍ സ്വജീവിതത്തില്‍ പ്രവര്‍ത്തിക്കുക എന്നതായിരുന്നു പ്രവാചകനിലെ അധ്യാപകറോളിന്റെ ഏറ്റവും വലിയ പ്രത്യേകത. പറയാനുള്ളത് തന്റെ ജീവിതത്തില്‍ നടപ്പാക്കിമാത്രമേ തിരുമേനിയുടെ നാവിലൂടെ  പുറത്തുവരൂ. എങ്ങനെ നടക്കണം, കിടക്കണം, സുജൂദ് ചെയ്യണം, ദൈവ ഭയമുണ്ടാകണം ഇങ്ങനെ ജീവിതത്തിന്റെ സമസ്തവശങ്ങളെയും ചൂഴ്ന്നു നില്‍ക്കുന്നതായിരുന്നു പ്രവാചകന്റെ അധ്യാപനങ്ങള്‍. അതു കൊണ്ടു തന്നെ ആ സമൂഹത്തില്‍ പ്രവാചകന്റെ അധ്യാപനങ്ങള്‍ സ്വീകരിക്കപ്പെടാന്‍ പ്രയാസമുണ്ടായില്ല. പ്രവാചകനെ അല്ലാഹുവിന്റെ റസൂലായി അംഗീകരിച്ച വിശ്വാസികള്‍ അദ്ദേഹത്തെ അതു പോലെ അനുകരിക്കാന്‍ ശ്രമിച്ചു. ജീവിതത്തിന്റെ എല്ലാ രംഗത്തും അവര്‍ മാതൃകയാക്കിയത് ഈ അധ്യാപകനെയായിരുന്നു.

അതുകൊണ്ടു തന്നെ അദ്ദേഹം ജീവിച്ച കുടുംബവും പരിതസ്ഥിതികളും പ്രവാചന്റെ ചൈതന്യം പ്രസരിപ്പിക്കപ്പെട്ട ഇടങ്ങളായിരുന്നു. പ്രവാചക ശ്രേഷ്ഠന്റെ അധ്യാപനത്തിന്റെ ഫലപ്രാപ്തി വിശദീകരിച്ചു കൊണ്ടു ഫതഹുല്ലാ ഗുലന്‍ പറയുന്നതു കാണുക. ‘ഒരിക്കല്‍ പ്രവാചകനെ കണ്ടിട്ടുള്ളവര്‍ പോലും  സ്വര്‍ഗത്തിന്റെ മാസ്മരകതയില്‍ ആകര്‍ഷിതരാവുകയും നരകത്തെ ഭയപ്പെടുകയും ചെയ്തു. നരകം കണ്‍മുമ്പില്‍ കണ്ടിട്ടെന്ന വണ്ണം ഭയന്നു വിറച്ച് നമസ്‌ക്കരിക്കുന്ന പ്രവാചകനെ അവര്‍ കണ്ടു. നമസ്‌കാരത്തിലൂടെ സ്വര്‍ഗ പ്രതീക്ഷയുടെ ചിറകിലേറിയാണ് അദ്ദേഹം സഞ്ചരിക്കുന്നതെന്ന് അവര്‍ കണ്ടു. അദ്ദേഹത്തെ കണ്ടവര്‍ ദൈവത്തെ ഓര്‍ത്തു. ഇമാം നസാഈ നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. ‘പ്രവാചകന്‍ തിരുമേനി നമസ്‌ക്കരിക്കുമ്പോള്‍ തിളക്കുന്ന പാത്രത്തിലെന്ന പോലെ ഒരു ശബ്ദം കേള്‍ക്കാമായിരുന്നു’ കാരണം തപിക്കുന്ന ഹൃദയവും ഉരുകുന്ന മനവുമായാണ് അവിടുന്ന് നമസ്‌ക്കരിച്ചിരുന്നത്. സുജൂദുല്‍ വീണു കിടക്കുന്ന പ്രവാചകന്‍ വല്ലാതെ വിറച്ചിരുന്നതായി ആയിശ (റ) പറയുന്നുണ്ട്.

ജീവിതത്തെ അധ്യാപനം ചെയ്ത പ്രവാചകനില്‍ ഉപദേശകന്‍ എന്ന ഗുണത്തേക്കാള്‍ മുന്തിനിന്നിരുന്നത് പരിശീലകന്‍ എന്ന ഗൂണമായിരിക്കും. ഒരു മനുഷ്യന്‍ ജീവിതത്തില്‍ പാലിക്കേണ്ട ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളും അവിടുന്ന് അങ്ങനെ തന്നെ ചെയ്തുകാണിക്കുകയായിരുന്നല്ലോ.  വികാരവും വിചാരവും ചിന്തയും പെരുമാറ്റവും സ്വഭാവവും ശീലങ്ങളും പ്രാര്‍ത്ഥനകളും നടത്തവും ഇരുത്തവും കിടത്തവും സംസാരവും കുടുംബ ജീവിതവും എല്ലാം അവിടുന്ന് പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു.
ലോകത്ത് മികച്ച അധ്യാപകര്‍ ഒട്ടേറെ കടന്നുപോയിട്ടുണ്ടാകാം. മികച്ച അധ്യാപകരില്‍ ചിലര്‍ക്ക് മികച്ച ശിഷ്യന്‍മാരുമുണ്ടാവുകയും ആ ശിഷ്യന്‍മാര്‍ അധ്യാപകരേക്കാള്‍ മികച്ച അധ്യാപകരുമായിത്തീര്‍ന്നിട്ടുള്ള ചരിത്രവും നമുക്ക് മുമ്പിലുണ്ട്. എന്നാല്‍ പ്രവാചകന്‍ മുഹമ്മദ് (സ)നേക്കാള്‍ മികച്ച അധ്യാപകനാകാന്‍ ലോകത്ത് ആര്‍ക്കാണ് സാധിച്ചിട്ടുള്ളത്?

ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍
ഒരാള്‍ക്ക് ഫലത്തില്‍ മൂന്ന് പിതാക്കന്‍മാരുണ്ടാകുമെന്നാണ് ഇമാം ഗസ്സാലി അഭിപ്രായപ്പെട്ടിട്ടുള്ളത്. അയാള്‍ക്ക് ജന്‍മം നല്‍കിയ പിതാവാണ് ഒരാള്‍, അയാളെ വളര്‍ത്തിയ ആള്‍ രണ്ടാമത്തെ പിതാവും മൂന്നാമത്തെ ആള്‍ അയാള്‍ക്ക് വിദ്യഭ്യാസം നല്‍കിയ ആളുമാണ്, (ശലബി, 1954, 175)
അധ്യാപകര്‍ കുട്ടികളുടെ ഇഷ്ടവും ആദരവും നേടിയെടുക്കേണ്ടത് കുട്ടികളെ സന്തോഷിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞു കൊണ്ടാണ്. കുട്ടികള്‍ തീര്‍ച്ചയായും മറ്റുള്ളവരുടെ മുമ്പില്‍ വച്ച് അധ്യാപകരാല്‍ പ്രശംസിക്കപ്പെടണം. കുട്ടികള്‍ വല്ല തെറ്റും ചെയ്താല്‍ അത് കണ്ടില്ലെന്നു നടിക്കുക എന്നതാണ് ഏറ്റവും നല്ലത്. ആ തിന്‍മയുടെ പേരില്‍ മറ്റുള്ളവരുടെ മുമ്പില്‍ വച്ച് കുട്ടികളെ ഒരിക്കലും പരിഹസിക്കുകയോ വഴക്കു പറയുകയോ അരുത്.  തെറ്റു വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ സ്വകാര്യമായി ആ കുട്ടിയോടു തെറ്റിനെ കുറിച്ച് ഉപദേശിക്കുകയും അതിന്റെ  ഗൗരവം ഓര്‍മ്മപ്പെടുത്തുകയും വേണം. ഇനിയും നീ ഇതാവര്‍ത്തിച്ചാല്‍ മറ്റുള്ളവരോട്  ഞാന്‍ പറയും എന്നു ഭയപ്പെടുത്തി ആ തിന്മയില്‍ നിന്നു കുട്ടിയെ പിന്തിരിപ്പിക്കാവുന്നതാണ്.
അധ്യാപകരെ ആദരിക്കലും ബഹുമാനിക്കലും കുട്ടികള്‍ക്ക് അവരോടുള്ള ബാധ്യതയാണ്. അധ്യാപകനോടൊപ്പം നടക്കുമ്പോള്‍ അധ്യാപകനെ മുന്നിട്ട് കുട്ടികള്‍ നടക്കരുത്. അധ്യാപകന്റെ അനുവാദം വാങ്ങാതെ കുട്ടികള്‍ സംസാരിക്കരുത്. ഗുരുനാഥന്റെ ഉപദേശം തേടുന്നതിന് ഏറ്റവും അനുയോജ്യമായ സമയമേതെന്ന് ഉറപ്പാക്കിവെക്കുക.

Related Post