ഖുര്‍ആനികൗഷധം

Written by സയ്യിദ് ഖുതുബ്

നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഖുര്‍ആനില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവുമായ ചിലതുണ്ട്. എന്നാല്‍ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കുന്നില്ല.
ഹൃദയം ഈമാനിനാല്‍ നിറഞ്ഞവര്‍ക്ക് ഖുര്‍ആനില്‍ ശമനവും അനുഗ്രഹവുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന മഹത്തായ അനുഗ്രഹത്തെ സ്വീകരിക്കാന്‍ അത്തരം ഹൃദയങ്ങള്‍ സജ്ജമായിരിക്കും. അതവരുടെ ഹൃദയത്തിന് ശാന്തിയും സ്ഥൈര്യവും സുരക്ഷിതത്വബോധവും നല്‍കുന്നു.

ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ ഒരു ശമനൗഷധമാണ്. ഹൃദയത്തിന്റെ അസുഖങ്ങളാണ് അത് ചികിത്സിച്ചു മാറ്റുന്നത്. ഉള്‍ക്കണ്ഠ, മാനസിക സംഘര്‍ഷം, വിഭ്രാന്തി, ഭയം തുടങ്ങിയ മാനസിക പ്രയാസങ്ങള്‍ക്കു ഖുര്‍ആന്‍ ഉത്തമ ഔഷധമാണ്. ഒരു വിശ്വസിയുടെ മനസ്സിന് ആശ്വാസവും സൗഖ്യവും ലഭ്യമാകുന്നത് അവന്‍ അവന്റെ രക്ഷിതാവുമായി ആത്മബന്ധം സ്ഥാപിക്കുന്നതിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ തനിക്ക് സുരക്ഷിതത്വം തോന്നുന്നതും മനശാന്തി തോന്നുന്നതും അല്ലാഹുവുമായുള്ള ബന്ധം വഴിയുണ്ടാകുന്നതാണ്.
ഉള്‍ക്കണ്ട, അനവധാനത, അങ്കലാപ്പും പലര്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങളാണ്.

ചിന്താവ്യതിചലനങ്ങളില്‍ നിന്നും വികാരവിക്ഷോഭങ്ങളില്‍ നിന്നും ഖുര്‍ആന്‍  സത്യവിശ്വാസിയുടെ ഹൃദയത്തെ മോചിപ്പിക്കുന്നു.ഖുര്‍ആന്‍ ഒരാളുടെ നന്‍മയെ നശിപ്പിച്ചു കളയുന്ന അസൂയ, അശുഭ ചിന്തകള്‍, പൈശാചികപ്രചോദനങ്ങള്‍ എന്നിവയില്‍ നിന്ന് ഹൃദയത്തെ സുരക്ഷിതമാക്കിനിര്‍ത്തുന്നു .

സാമൂഹിക തിന്‍മകളെയും രോഗങ്ങളെയും ചികിത്സിക്കുന്നതിനും ഖുര്‍ആന്‍ കൈകൊണ്ട ഔഷധമാണ്. ഒരു സമൂഹത്തിന്റെ ഘടനയെയും അതിന്റെ സമാധാനാന്തരീക്ഷത്തെയും തകര്‍ക്കുന്ന പല സാമൂഹികവിപത്തുകളുമുണ്ട്. എന്നാല്‍ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സാമൂഹികവ്യവസ്ഥിതിയില്‍ നീതിയും സുരക്ഷയും സമാധാനവും പരിപൂര്‍ണ്ണമായി ഉണ്ടായിരിക്കും. ഖുര്‍ആന്‍ വഴി മനുഷ്യരാശിക്ക് ലഭ്യമാകുന്ന മറ്റൊരു അനുഗ്രഹമാണിത്.

എങ്കിലും ഖുര്‍ആനെ ഒരു ശമനവും ഔഷധവുമായി ഉപയോഗിക്കാത്തവര്‍ക്ക് ഒരനുഗ്രഹവും ലഭ്യമാവുകയില്ലെന്നും ഖുര്‍ആന്‍ താക്കീതു നല്‍കുന്നുണ്ട്. ‘എന്നാല്‍ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.’ (അല്‍ ഇസ്‌റാഅ് 82).

അഹങ്കാരം അതിരുവിടുമ്പോള്‍ അധര്‍മകാരികള്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ അതിരുകവിയുന്നു. എന്നാല്‍ ഖുര്‍ആന്റെ അനുയായികള്‍ ഈ ലോകത്തുതന്നെ അവരെ പരാജയപ്പെടുത്തും. അവരുടെ അഹങ്കാരത്തിന്റെയും അവിശ്വാസത്തിന്റെയും സേചാധിപത്യപ്രവണത പരലോകത്തും അവര്‍ക്ക് നഷ്ടമേ വരുത്തിവെക്കൂ .

Related Post