ഇണയുടെ വികാരങ്ങളെ മാനിക്കുക

ഇണ

                                                        ഇണയുടെ വികാരങ്ങളെ മാനിക്കുക

ഇണകള്‍

എപ്പോഴും നിന്റെ അഭിപ്രായങ്ങളില്‍ ഭാര്യയെ കൂടി പങ്കാളിയാക്കണം, പ്രത്യേകിച്ചും മക്കളുടെ മുമ്പില്‍. അവളുടെ വികാരങ്ങളെ നീ പരിഗണിക്കണം പ്രത്യേകിച്ചും മറ്റുള്ളവരുടെ മുമ്പില്‍. നീ മടങ്ങി ചെല്ലാന്‍ വൈകുമ്പോള്‍ അക്കാര്യം അവളെ വിളിച്ച് അറിയിക്കണം. അപ്രകാരം വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ ഒരുങ്ങുമ്പോല്‍ അവള്‍ക്ക് എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ എന്ന് അന്വേഷിക്കണം.

നീ ജോലിസ്ഥലത്തായിരിക്കുമ്പോള്‍ സാധിക്കുമെങ്കില്‍ അവളെയൊന്ന് വിളിച്ചു നോക്കണം. അവളുടെയും മക്കളുടെയും കാര്യത്തില്‍ വലിയ ആശ്വാസമാണത് പകര്‍ന്നു നല്‍കുക. താങ്കളുടെ അസാന്നിദ്ധ്യം അവളോടുള്ള അവഗണന കാരണമല്ല, ജോലിത്തിരക്കുകള്‍ കാരണമാണെന്ന ബോധ്യം അതവളില്‍ ഉണ്ടാക്കുകയും ചെയ്യും. അവള്‍ വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ നീ ക്ഷമയോടെ അതിന് ചെവികൊടുക്കണം. അപ്പോള്‍ വാച്ചില്‍ നോക്കി നീയൊരിക്കലും അസ്വസ്ഥനാവരുത്. വല്ല കാരണവശാലും അവളുടെ വികാരത്തെ വ്രണപ്പെടുത്തിയാല്‍ അതിന് ക്ഷമ ചോദിക്കാനും മടിക്കരുത്.

നീ നിന്റെ ഇണക്ക് സ്വന്തത്തിലുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. നീയൊരുക്കിയ വളയത്തില്‍ ചുറ്റിക്കറങ്ങുന്നവളാക്കി മാറ്റുന്നതിന് പകരം അവളുടേതായ സ്വത്വവും ചിന്തയും തീരുമാനങ്ങളും ഉണ്ടാക്കിയെടുക്കാന്‍ നീ പ്രോത്സാഹിപ്പിക്കണം. എല്ലാ കാര്യങ്ങളും അവളോട് കൂടിയാലോചിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. ഏറ്റവും നല്ല ശൈലിയായിരിക്കണം അതിന് നീ സ്വീകരിക്കേണ്ടത്. അവളുടെ അഭിപ്രായങ്ങള്‍ ശരിയായി നിനക്ക് തോന്നിയാല്‍ അക്കാര്യം അവളെ അറിയിക്കണം. നിങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണ് അവളുടെ അഭിപ്രായമെങ്കില്‍ മാന്യമായും നൈര്‍മല്യത്തോടെയും അത് പറഞ്ഞ് മനസ്സിലാക്കുകയും വേണം.

പ്രശംസനീയമായ കാര്യങ്ങളില്‍ ഇണയില്‍ കാണുമ്പോള്‍ അതിനെ പ്രശംസിക്കാന്‍ ഒരു മടിയും നീ കാണിക്കരുത്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ”ജനങ്ങളോട് നന്ദി കാണിക്കാത്തവരോട് അല്ലാഹു നന്ദി കാണിക്കുകയില്ല.”

ഇണയെ കുറിച്ച നിന്റെ സങ്കല്‍പം നന്നായി വസ്ത്രങ്ങളെല്ലാം അലക്കുന്ന, രുചികരമായി ആഹാരം തയ്യാറാക്കുന്ന, വീട് വൃത്തിയായി കൊണ്ടു നടക്കുന്ന ഒരു മാതൃകാ വീട്ടമ്മയില്‍ പരിമിതപ്പെടുത്തരുത്. കുടുംബത്തിലെ ദൗത്യം നിര്‍വഹിക്കുന്നതിനൊപ്പം സാമൂഹിക ദൗത്യം നിര്‍വഹിക്കുന്നതില്‍ അവളെ വിജയിയാക്കുന്നതിന് നിങ്ങളുടെ പിന്തുണയും സഹായവും അനിവാര്യമാണ്. ‘ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവും’ എന്ന് പറയുന്നത് പോലെ ഏതൊരു സ്ത്രീയുടെയും വിജയത്തിന് പിന്നിലും അവള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു പുരുഷനുണ്ടാവുമെന്നാണ് ഞാന്‍ പറയുന്നത്.

ഒരുമിച്ച് ചെയ്യാവുന്ന ജോലികള്‍ ഇണക്കൊപ്പം നിങ്ങള്‍ ചെയ്യുക. സൂക്ഷിച്ചു വെക്കാവുന്ന ഒട്ടേറെ നല്ല ഓര്‍മകള്‍ അതവള്‍ക്ക് സമ്മാനിക്കും. നിങ്ങള്‍ക്കിടയിലെ അടുപ്പത്തിന്റെ ശക്തിയത് വര്‍ധിപ്പിക്കുകയും ചെയ്യും. ഉമ്മയെ കുറിച്ച നല്ല ഒരു ചിത്രമാണ് മക്കളുടെ മനസ്സില്‍ ഉണ്ടാവേണ്ടത്. അവര്‍ക്കും മക്കള്‍ക്കും ഇടയിലെ നല്ല ബന്ധത്തിന് അതാവശ്യമാണ്. അതിന് നിങ്ങള്‍ ഇണയെ സഹായിക്കണം. നിങ്ങളുടെ കണ്ണില്‍ നല്ലൊരു ഇണയും ഉമ്മയുമായി അവള്‍ മാറുമ്പോള്‍ സന്താനപരിപാലനം അടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് വലിയ ശേഷി അതവള്‍ക്ക് നല്‍കും.

ഇണയിലെ നല്ല ഗുണങ്ങള്‍ നേടിയെടുക്കാന്‍ നീ ശ്രമിക്കണം. ഭാര്യമാരുടെ ദീനീ നിഷ്ഠയും ധാര്‍മികമൂല്യങ്ങളോടുള്ള പ്രതിപത്തിയും കാരണം കൂടുതല്‍ ദീനീനിഷ്ഠ പുലര്‍ത്തുന്നവരായി മാറിയ എത്രയോ പുരുഷന്‍മാരുണ്ട്.

അവസാനമായി പറയാനുള്ളത് ഇണയുടെ വികാരങ്ങള്‍ക്ക് നീ വിലകല്‍പിക്കണമെന്നാണ്. എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിച്ചിരുന്ന രാജകുമാരിയായിട്ടും ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിനൊപ്പമുള്ള ജീവിതത്തിലെ കൊടും ദാരിദ്ര്യത്തെ തൃപ്തിപ്പെട്ടവളായിരുന്നു അദ്ദേഹത്തിന്റെ ഇണ ഫാതിമ ബിന്‍ത് അബ്ദുല്‍ മലിക്. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌നേഹമില്ലാതെ ഒരു ദിവസം പോലും ജീവിക്കുന്നത് ആ മഹതി ഇഷ്ടപ്പെട്ടില്ല. അദ്ദേഹം മറ്റു തിരക്കുകളില്‍ വ്യാപൃതനായപ്പോള്‍ അവര്‍ അദ്ദേഹത്തിനെഴുതിയ കവിതാ ശകലങ്ങള്‍ ശ്രദ്ധേയമാണ്.
എന്റെ ബുദ്ധിയെ തടവിലാക്കുകയും എന്റെ മനസ്സിനെ കവര്‍ന്നെടുക്കുകയും ചെയ്ത രാജാവേ,
മുഴുവന്‍ ജനങ്ങളോടും നീതി കാണിച്ച അങ്ങ് എന്നോട് അനീതി കാണിച്ചതായി ഞാന്‍ കാണുന്നു.
പ്രജകള്‍ക്ക് എല്ലാ ഔദാര്യവും താങ്കള്‍ നല്‍കി, ഉറക്കമില്ലായ്മയല്ലാതെ മറ്റൊന്നും എനിക്ക് നല്‍കിയില്ല.

Related Post