ജീവിതം ഭയപ്പെടുന്നതും സൂക്ഷ്മത പാലിക്കുന്നതും

നിറങ്ങള്‍ മാറുമ്പോള്‍

ജീവിതം ഭയപ്പെടുന്നതും സൂക്ഷ്മത പാലിക്കുന്നതും

ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരു വിഭാഗത്തെ പറ്റി എനിക്കറിയാം. അന്ത്യദിനത്തില്‍ തിഹാമ പര്‍വതത്തോളം നന്മകളുമായി അവര്‍ വരും. എന്നാല്‍ അല്ലാഹു അവയെ ചിന്നിച്ചിതറിയ ധൂളികളാക്കി മാറ്റും. അപ്പോള്‍ ഒരു അനുചരന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അതിനെ കുറിച്ചറിയിലാതെ ഞങ്ങള്‍ അതില്‍ അകപ്പെട്ടു പോകാതിരിക്കാന്‍ അവരുടെ വിശേഷണങ്ങള്‍ എന്താണെന്ന് അറിയിച്ചു തന്നാലും. നബി(സ) പറഞ്ഞു: ”നിങ്ങളുടെ സഹോദരന്‍മാരുടം വംശക്കാരുമാണവര്‍. നിങ്ങളെ പോലെ അവരും രാത്രിയില്‍ ആരാധനയിലേര്‍പ്പെടുന്നു. എന്നാല്‍ അവര്‍ ഒറ്റക്കായാല്‍ അല്ലാഹുവിന്റെ പരിധികളെ ലംഘിക്കും.”

ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരായിരിക്കും അവര്‍. അതേസമയം ജനങ്ങളുടെ കണ്ണുകളില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ അവര്‍ തെറ്റുകളില്‍ ഏര്‍പ്പെടും. എന്നാല്‍ അല്ലാഹു തന്റെ അടിമകളുടെ പാപങ്ങളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്. അവരുടെ ഓരോ അനക്കവും അല്ലാഹു അറിയുന്നുണ്ട്. എന്നാല്‍ മനുഷ്യന്‍ തെറ്റുകളില്‍ അകപ്പെടുന്നു. ഒരു ചെറിയ കുട്ടിയുടെ സാന്നിദ്ധ്യം പോലും തെറ്റില്‍ നിന്നവനെ തടയുന്നു. ആ കുട്ടി കാണുമല്ലോ എന്ന ലജ്ജ കാരണം തെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവന്‍ അല്ലാഹു കാണുന്നതോര്‍ത്ത് ലജ്ജിക്കുന്നില്ല. തന്റെ എല്ലാ പരസ്യവും രഹസ്യവും അല്ലാഹു അറിയുന്നുണ്ടെന്ന വസ്തുത വിസ്മരിക്കുകയാണ് മനുഷ്യന്‍.

അല്ലാഹു തന്നെ കാണുന്നില്ലെന്ന ധാരണയോടെ അവനെ ധിക്കരിക്കാന്‍ ധൈര്യപ്പെടുന്ന മനുഷ്യന്റെ കാര്യം എത്ര കഷ്ടം! എത്ര വലിയ നിഷേധമാണത്. ഇന് അല്ലാഹു അറിയുന്നുണ്ടെന്ന ധാരണയോട് കൂടിയാണെങ്കില്‍ എത്രത്തോളം നിര്‍ലജ്ജാകരമാണത്! ”തങ്ങളുടെ ചെയ്തികള്‍ ജനങ്ങളില്‍നിന്നും അവര്‍ ഒളിച്ചു വെക്കുന്നു, എന്നാല്‍, അല്ലാഹുവില്‍ നിന്ന് അവരത് ഒളിച്ചുവെക്കുന്നില്ല.” (അന്നിസാഅ്: 108)

അല്ലാഹുവിനെ അറിഞ്ഞു കൊണ്ട് അവനെ ധിക്കരിക്കുന്നതാണ് ഏറ്റവും ആശ്ചര്യകരമായ കാര്യം. അതവനില്‍ ഉണ്ടാകുന്ന കോപത്തെ കുറിച്ചും അവന്റെ ശിക്ഷയുടെ കാഠിന്യത്തെയും അതുണ്ടാക്കുന്ന പരിണതികളെയും കുറിച്ച് അവനറിയാം. ഖതാദ പറയുന്നു: ‘അല്ലയോ മനുഷ്യാ, നിനക്ക് മേല്‍ നിന്നില്‍ തന്നെ സാക്ഷികളുണ്ട്. അവരെ നീ സൂക്ഷിക്കുക. നിന്റെ രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവെ കുറിച്ച സദ്‌വിചാരത്തോടെ ഒരാള്‍ക്ക് മരണപ്പെടാന്‍ സാധിക്കുമെങ്കില്‍ അവനത് ചെയ്യട്ടെ. അല്ലാഹുവിനല്ലാതെ ഒരു ശക്തിയുമില്ല.’
”സ്വന്തം കണ്ണുകളും കാതുകളും ചര്‍മങ്ങളും ഒരിക്കല്‍ അതിനെതിരെ സാക്ഷിപറയുമെന്ന വിചാരമേ നിങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത, കര്‍മങ്ങളില്‍ മിക്കതും അല്ലാഹു അറിയുന്നില്ല എന്നായിരുന്നുവല്ലോ വിചാരം. സ്വന്തം വിധാതാവിനെക്കുറിച്ച് പുലര്‍ത്തിയ ഈ വിചാരംതന്നെയാണ് നിങ്ങളെ നാശത്തിലാഴ്ത്തിയത്.” (ഹാമീം അസ്സജദ: 22, 23)

ഇബ്‌നുല്‍ അഅ്‌റാബി പറയുന്നു: തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുകയും തന്റെ കണ്ഠനാഡിയേക്കാള്‍ അടുത്തവന്റെ മുന്നില്‍ മ്ലേച്ഛതകള്‍ പ്രകടമാക്കിയവനുമാണ് ഏറ്റവും അവസാനത്തെ നഷ്ടകാരി. ”മനുഷ്യനെ സൃഷ്ടിച്ചത് നാമാകുന്നു. മനസ്സിലുണരുന്ന തോന്നലുകള്‍ വരെ നാം അറിയുന്നുണ്ട്. നാം അവന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാകുന്നു.” (ഖാഫ്: 16)

അല്ലാഹുവിനെ കാണാതെ തന്നെ രഹസ്യമായി ഭയപ്പെടുന്നതും സൂക്ഷ്മത പാലിക്കുന്നതും വിശ്വാസത്തിന്റെ അടയാളമാണ്. പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും അര്‍ഹനാക്കുന്ന കാര്യവുമാണത്.
”ഉദ്‌ബോധനത്തെ പിന്‍പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്‍ത്താന്‍ കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്‍മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.” (യാസീന്‍: 11) വിശുദ്ധ ഖുര്‍ആനില്‍ സമാനമായ സൂക്തങ്ങള്‍ വേറെയും ഇടങ്ങളില്‍ കാണാം. (അല്‍മുല്‍ക്: 12, ഖാഫ്: 31-35) അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്‍ അവനെ പരസ്യമായും രഹസ്യമായും ഭയപ്പെടുന്നവനായിരിക്കുമെന്ന പാഠമാണിത് നല്‍കുന്നത്.

സംഗ്രഹം: നസീഫ്‌

Related Post