New Muslims APP

സ്‌നേഹം ഉള്ളിലൊതുക്കാനുള്ളതല്ല

ഡോ. ജാസിമുല്‍ മുത്വവ്വ / കുടുംബം ‌

കുടുംബജീവിതത്തെ മധുരവും മനോജ്ഞവുമാക്കുന്നത് സ്‌നേഹം, പ്രേമം, അനുരാഗം തുടങ്ങിയ ആര്‍ദ്ര വികാരങ്ങളാണ്. എല്ലാവരുടെയും ഉള്ളില്‍ ഏറിയോ കുറഞ്ഞോ ഈ വികാരങ്ങള്‍ ഉണ്ടെന്നത് നേരു തന്നെ

കുടുംബജീവിതത്തെ മധുരവും മനോജ്ഞവുമാക്കുന്നത് സ്‌നേഹം, പ്രേമം, അനുരാഗം തുടങ്ങിയ ആര്‍ദ്ര വികാരങ്ങളാണ്. എല്ലാവരുടെയും ഉള്ളില്‍ ഏറിയോ കുറഞ്ഞോ ഈ വികാരങ്ങള്‍ ഉണ്ടെന്നത് നേരു തന്നെ. അവ പ്രകടിപ്പിക്കുന്നേടത്താണ് പ്രശ്‌നം. ഒന്നുകില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ പ്രകടിപ്പിക്കുമ്പോള്‍ പേശി പിടുത്തം അനുഭവപ്പെടുകയോ ലുബ്ധ് കാണിക്കുകയോ ചെയ്യുന്നു. മാതാപിതാക്കള്‍ക്ക് മക്കളോട് അതിരറ്റ സ്‌നേഹമുണ്ടാവും. അത് പ്രകടിപ്പിക്കാന്‍ പക്ഷേ, അവര്‍ക്ക് സാധിക്കുന്നില്ല. മക്കള്‍ക്ക് മാതാപിതാക്കളോടുമുണ്ടാവും അളവില്ലാത്ത സ്‌നേഹവും ആദരവും ബഹുമാനവും. അത് പ്രകടിപ്പിക്കാന്‍ അവര്‍ക്കും കഴിയുന്നില്ല. ദമ്പതികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരാജയപ്പെടുമ്പോള്‍ കുടുംബപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ഗൃഹാന്തരീക്ഷത്തില്‍നിന്ന് സ്‌നേഹം കുടിയൊഴിഞ്ഞ് പോവുകയും ചെയ്യുന്നു. സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ സ്‌നേഹിതന്മാരുടെ സ്ഥിതിയും ഇതുതന്നെ. എന്റെ മുന്നില്‍ വന്ന മിക്ക കുടുംബപ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം അപഗ്രഥിക്കുമ്പോള്‍ ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹ പ്രകടനത്തില്‍ വരുന്ന വീഴ്ചകളും പോരായ്മകളും പരാജയവുമാണ് വിവാഹ ജീവിത തകര്‍ച്ചക്ക് മുഖ്യ ഹേതുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഓരോ വ്യക്തിയും തന്റെ ഇണയില്‍ നിന്നാഗ്രഹിക്കുന്ന സ്‌നേഹ പ്രകടനത്തിന്റെ സ്വഭാവത്തെയും രീതിയെയും കുറിച്ചറിയാന്‍ വിവാഹിതരായ ചിലരോട് ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടി സമാഹരിക്കാം. പുരുഷന്മാര്‍ തങ്ങളുടെ ഇണകളില്‍ നിന്നാഗ്രഹിക്കുന്നത്:

”എന്നെ അനുസരിക്കണം. എന്റെ ആജ്ഞകള്‍ നടപ്പാക്കണം. സായാഹ്നങ്ങളില്‍ ക്ഷീണിതനായി വീട്ടില്‍ എത്തിയാല്‍ ആശ്വാസവചനങ്ങളുമായി എത്തണം. ഞാന്‍ പറയുന്നത് സത്യമെന്ന് അംഗീകരിക്കണം. വിശ്വാസ്യത ചോദ്യം ചെയ്യരുത്. ഉടുത്തൊരുങ്ങി സുഗന്ധം പൂശി പൂമുഖ വാതിലില്‍ പുഞ്ചിരിയുമായി സ്വീകരിക്കാന്‍ നില്‍ക്കണം. എന്നോട് കാര്യങ്ങള്‍ കൂടിയാലോചിക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തണം. ഗൃഹഭരണത്തില്‍ എന്നോട് മത്സരത്തില്‍ ഏര്‍പ്പെടരുത്. ഞാന്‍ അവള്‍ക്ക് വേണ്ടി നടത്തുന്ന അധ്വാനങ്ങളെ വിലമതിക്കണം. എന്റെ സ്‌നേഹം പിടിച്ചുപറ്റാനുള്ള കലയില്‍ പ്രവീണയായിരിക്കണം. ഭക്ഷണം അവള്‍ തന്നെ വിളമ്പിത്തരണം. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവളുടെ സുരക്ഷിതത്വത്തെക്കുറിച്ച് എനിക്ക് ആശങ്കയുളവാകരുത്. എന്റെ നമസ്‌കാരാദി ആരാധനാ കര്‍മങ്ങളില്‍ ശ്രദ്ധവേണം. നമസ്‌കാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കണം.”

സ്ത്രീകള്‍ തങ്ങളുടെ1186464-bigthumbnailഇണകളില്‍ നിന്നാഗ്രഹിക്കുന്ന സ്‌നേഹ പ്രകടന രീതികള്‍:

”എന്നെ ആദരിക്കുകയും അംഗീകരിക്കുകയും എന്നോട് മാന്യമായി പെരുമാറുകയും വേണം. വീട്ടിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യണം. തനിക്ക് അല്ലാഹു ഉപഹാരമായി നല്‍കിയ ഏറ്റവും സുന്ദരിയും നല്ലവളുമായ ഇണയാണ് ഞാനെന്ന് ഭര്‍ത്താവ് എന്നെക്കുറിച്ച് കരുതുന്നതായി എനിക്ക് തോന്നണം. എന്നോട് അതിരറ്റ താല്‍പര്യം ഭര്‍ത്താവിനുണ്ടെന്ന് എനിക്ക് അനുഭവപ്പെടണം. ‘പ്രിയേ’, ‘കണ്ണേ’ പോലുള്ള പ്രേമപൂര്‍വമായ വിളികള്‍ ഇടക്കെങ്കിലും കേള്‍ക്കാന്‍ കഴിയണം. എന്നോട് പ്രേമ സല്ലാപങ്ങളില്‍ ഏര്‍പ്പെടണം. എനിക്കെന്തെങ്കിലും അസ്വാസ്ഥ്യമോ മാനസിക പിരിമുറുക്കമോ ഉണ്ടായാല്‍ സാന്ത്വനിപ്പിക്കണം. എന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. ആഴ്ചയില്‍ ഒരു ദിവസം എനിക്കായി നീക്കിവെക്കണം. ഒപ്പമിരുന്ന് സംസാരിക്കണം. മക്കളുടെ ഭാവിയെക്കുറിച്ച് ഞാനുമായി ചര്‍ച്ച നടത്തണം. ഞാന്‍ സംസാരിക്കുമ്പോള്‍ ഇടക്ക് കയറി ഇടപെടാതെ ശ്രദ്ധാപൂര്‍വം കേള്‍ക്കണം.”

സ്‌നേഹം പ്രകടിപ്പിക്കുന്നതിലും ഉള്ളിലുള്ള സ്‌നേഹം തുറന്നു പറയുന്നതിലും ഉദാരമതിയായിരുന്നു മുഹമ്മദ് നബി(സ). അംറുബ്‌നുല്‍ ആസ്(റ) ഒരിക്കല്‍ നബി(സ)യോട് ചോദിച്ചു: ”റസൂലേ! ജനങ്ങളില്‍ ആരോടാണ് അങ്ങേക്ക് ഏറെ ഇഷ്ടം?”

റസൂലിന്റെ മറുപടി: ”എന്റെ പത്‌നി ആഇശ(റ)യോട്.”

വീട്ടിന് പുറത്തായിരുന്നു ഈ സംഭാഷണം എന്നോര്‍ക്കണം. വീട്ടിനുള്ളില്‍ തന്റെ ഭാര്യയോട് എന്തൊരു സ്‌നേഹവായ്‌പോടെയാണ് നബി(സ) പെരുമാറിയിട്ടുണ്ടാവുക! മറ്റൊരിക്കല്‍ ഒരു സ്വഹാബി നബി(സ)യോട്: ”റസൂലേ എനിക്ക് ഒരാളെ അങ്ങേയറ്റം ഇഷ്ടമാണ്. ഞാന്‍ അയാളെ സ്‌നേഹിക്കുന്നു.”

”എങ്കില്‍ നീ അയാളോട് അത് തുറന്നു പറയണം. നിങ്ങള്‍ അയാളെ ഇഷ്ടപ്പെടുന്നതായി അയാള്‍ അറിയട്ടെ.” റസൂല്‍ നിര്‍ദേശിച്ചു.

മുആദുബ്‌നു ജബലി(റ)നോട് ഒരിക്കല്‍ നബി(സ): ”മുആദേ, ഞാന്‍ താങ്കളെ അങ്ങേയറ്റം സ്‌നേഹിക്കുന്നു.” ”റസൂലേ, ഞാന്‍ അങ്ങയെയും.”മുആദ് നിറകണ്ണുകളോടെ പറഞ്ഞു. സ്‌നേഹം ആത്മാവിന്റെ മധുര സംഗീതമാണ്. ദൈവത്തിന്റെ വരപ്രസാദമാണ്. തന്റെ പത്‌നിയായ ഖദീജ(റ)യെക്കുറിച്ച് നബി പറഞ്ഞു: ”ഇന്നീ റുസിഖ്തു ഹുബ്ബഹാ” (അവരോടുള്ള സ്‌നേഹം എനിക്ക് അല്ലാഹുവില്‍ നിന്ന് വരദാനമായി ലഭിച്ചതാണ്). സ്‌നേഹം ഉള്ളിലൊതുക്കിയാല്‍ പോരാ. അത് പുറത്തേക്ക് വന്ന് പ്രഭ ചൊരിയട്ടെ.  വിവ: പി.കെ ജമാല്‍

(കുവൈത്തിലെ പ്രമുഖ ഫാമിലി കൗണ്‍സലിംഗ് വിദഗ്ധനായ ഡോ. ജാസിമുല്‍ മുത്വവ്വ കുവൈത്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദമെടുത്ത ശേഷം ‘കുടുംബസംവിധാനത്തില്‍ പുതിയ പാഠ്യപദ്ധതികള്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ഇഖ്‌റഅ ചാനലിന്റെ ചെയര്‍മാനും കുടുംബജീവിത സംബന്ധിയായ മുപ്പതില്‍ പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ അല്‍ ഫര്‍ഹ, വലദീ എന്നീ മാഗസിനുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്).

 

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.