New Muslims APP

വിശ്വഭാഷയോട് അധ്യാപകര്‍ക്ക് ചെയ്യാനുള്ളത് ?

ലോക ക്ലാസിക് ഭാഷകളില്‍ സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും 1017293_551445061557913_108292800_nമരണമില്ലാതെ വിനിമയഭാഷയും സാഹിത്യഭാഷയുമായവശേഷിക്കുന്ന അത്യപൂര്‍വ ഇനം എന്ന സവിശേഷത അറബിക്ക് – ഒരുവേള അറബിക്ക് മാത്രം- അവകാശപ്പെട്ടതാണ്. ഭാഷയുടെ പേരില്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ സാര്‍വദേശീയ തലത്തില്‍ സക്രിയമായി നില നില്‍ക്കുന്നതും അറബിയുടെ ഗരിമതന്നെ. അറബി രാഷ്ട്ര സമുച്ചയമായ അറബ് ലീഗില്‍ ഇരുപത്തിരണ്ട് രാജ്യങ്ങള്‍ അംഗങ്ങളാണല്ലോ. ഭാഷക്ക് മതമോ സമുദായമോ ഇല്ലെങ്കിലും രണ്ടാമത്തെ വിശ്വമതത്തിന്റെ വൈദിക ഭാഷ എന്ന പദവിയുമുണ്ട് അറബിക്ക്. മഹത്തായ ഇസ്്‌ലാമിക സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഷ എന്ന കാരണത്താല്‍ തന്നെയാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പാഠ്യഭാഷയായി അരനൂറ്റാണ്ട് മുമ്പേ അറബി അംഗീകാരം നേടിയെടുത്തത്.

അറബ് ലോകത്തിന് പുറത്ത് പതിനായിരത്തിലധികം അധ്യാപകര്‍ സര്‍ക്കാര്‍ ചെലവില്‍ അറബി പഠിപ്പിക്കുന്ന പ്രദേശം ദൈവത്തിന്റെ സ്വന്തം നാടല്ലാതെ മറ്റേതുണ്ട്? ലോക നിലവാരത്തില്‍ അതിവിശിഷ്ടമായ ഒരു അറബി വിശ്വവിദ്യാലയം കേരളത്തില്‍ സ്ഥാപിക്കാന്‍ സമയമായി എന്ന് പലരും ചൂണ്ടിക്കാട്ടുന്നതും ഈ പശ്ചാത്തലത്തിലാണ്. മതേതര ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ എന്തുകൊണ്ടും അവസരമൊരുക്കുന്ന അതിമഹത്തായ ഒരു സാംസ്‌കാരിക ഗേഹമായിരിക്കും നിര്‍ദിഷ്ട അറബിക് യൂണിവേഴ്‌സിറ്റി.

അത്തരമൊരു സ്വപ്‌നം പൂവണിയുന്നതിനു മുമ്പ് തന്നെ കേരളത്തിലെ അറബി ഭാഷാപഠനം ഗണ്യമായി മെച്ചപ്പെടുത്താന്‍ അതിന്റെ പേരില്‍ ഉപജീവനം തേടുന്ന ആയിരക്കണക്കായ അധ്യാപക സമൂഹത്തിന് സാധിക്കേണ്ടതാണ്. ആധുനികോത്തരയുഗത്തില്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം കൈവരിച്ച നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ ഭാഷാപഠനം മാത്രമല്ല നൈപുണിയും വൈദഗ്ധ്യവും പരിപോഷിപ്പിക്കാന്‍ കഴിയും. ആഗോളവല്‍ക്കരണത്തിന്റെ യുഗത്തില്‍ ലോകം ഒരു വില്ലേജായി സങ്കോചിച്ചിരിക്കെ അതിലെ ഏത് സ്ഥാപനവുമായും ആശയവിനിമയവും സഹകരണവും സുസാധ്യമാണ്. ശാസ്ത്രസാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്കും തദ്വാരാ രൂപപ്പെട്ട ടെര്‍മിനോളജിക്കും അനുഗുണമായി വികസിച്ചു.
കഴിഞ്ഞ നൂതന അറബി ശബ്ദാവലിയെ കേരളത്തിലെ പുതിയ തലമുറക്ക് പരിചിതമാക്കേണ്ടതുണ്ട്. അനുദിനം പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്ന അറബി മാധ്യമഭാഷയും നമ്മുടെ തലമുറക്ക് അജ്ഞാതമായിക്കൂടാ. സാമ്പ്രദായിക ശൈലിയില്‍ കേരളീയ അറബി പണ്ഡിതന്‍മാര്‍ ആവിഷ്‌ക്കരിച്ച പദങ്ങളും ശൈലിയില്‍ കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നവീകരണം കേരളത്തിന്റെ നാലതിര്‍ത്തികളില്‍ ഒതുങ്ങിമാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ ഒരു നിസ്സഹായാവസ്ഥ അവശേഷിക്കുന്നില്ലതാനും.

വിശ്വോത്തര സാംസ്‌കാരിക ഭാഷകളിലൊന്നാണ് അറബി എന്ന് നാടേ സൂചിപ്പിച്ചു. ആ പരിഗണന കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ അമ്പത് വര്‍ഷങ്ങള്‍ മുമ്പേ അറബി ഭാഷാഭ്യാസനം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ വഴിയൊരുക്കി എന്നും നാം അറിയുന്നു. എങ്കില്‍ അറബി അധ്യാപകര്‍ക്ക് കേവലം അധ്യാപകര്‍ എന്നതില്‍ കവിഞ്ഞ നിലയും വിലയും ഇല്ലേ, ഉണ്ടാവേണ്ടതല്ലേ എന്ന ചിന്ത തികച്ചും പ്രസക്തമാണ്. സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരു പേലെ സാംസ്‌കാരിക നൈതിക മൂല്യങ്ങള്‍ക്ക് ഗുരുതരമായ ശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഭാവി രാഷ്ട്ര നിര്‍മാതാക്കളെ വാര്‍ത്തെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരുടെ ഉത്തരവാദിത്തം ഏറെ വലുതാണെന്നോര്‍മിപ്പിച്ചത് 1986-ലെ ദേശീയ വിദ്യാഭ്യാസനയം തന്നെയാണ്. വിദ്യഭ്യാസത്തിന്റെ ധാര്‍മികവത്കരണത്തെക്കുറിച്ച് ഏറെ വാചാലമാണ് ബൃഹത്തായ അധ്യാപക പരിശീലന പദ്ധതിയുടെ ആമുഖം. വിദ്യാഭ്യാസം ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമല്ലെങ്കില്‍ സാക്ഷരത രാക്ഷസതയായി പരിണമിക്കുമെന്ന മഹദ്വചനം അക്ഷരാര്‍ഥത്തില്‍ പുലരുകയാണിപ്പോള്‍. സത്യം,ധര്‍മം,നീതി, സമത്വം, സാഹോദര്യം, സമാധാനം എന്നീ സുസമ്മത തത്ത്വങ്ങളെ മറ്റെന്തിനെക്കാളും ഉയര്‍ത്തിക്കാട്ടുന്ന സംസ്‌കാരത്തെയാണ് അറബിഭാഷ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയുടെ മഹാനായ പുത്രന്‍ സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം പിറന്നാല്‍ രാജ്യമാകെ കെങ്കേമമായി ആഘോഷിച്ചത്  നാം കണ്ടതാണ്. കാലിഫോര്‍ണിയയില്‍ പാസമേനയിലെ ഷേക്‌സ്പിയര്‍ ക്ലബ്ബില്‍ 1900 ഫെബ്രുവരി 3-ന് സ്വാമി ചെയ്ത പ്രഭാഷണത്തില്‍ പറയുന്നതിങ്ങനെ:

‘ മുഹമ്മദ് സ്വജീവിതത്തിലൂടെ മുഹമ്മദീയര്‍ക്കിടയില്‍ സമ്പൂര്‍ണ സമത്വവും സാഹോദര്യവും ഉണ്ടായിരിക്കണമെന്ന് കാണിച്ചുകൊടുത്തു. ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ വ്യത്യാസങ്ങളുടെ പ്രശ്‌നം അവിടെയില്ല. തുര്‍ക്കി സുല്‍ത്താന്‍ ആഫ്രിക്കന്‍ ചന്തയില്‍ നിന്ന് ഒരു കാപ്പിരിയെ വിലക്കു വാങ്ങി ചങ്ങലയില്‍ തളച്ചു തുര്‍ക്കിയില്‍ കൊണ്ടു വന്നെന്നിരിക്കട്ടെ. എന്നാല്‍, അയാള്‍ ഒരു മുഹമ്മദീയനായാല്‍ വേണ്ടത്ര അര്‍ഹതയും കഴിവുമുണ്ടെങ്കില്‍ അയാളൊരു പക്ഷെ, സുല്‍ത്താന്റെ പുത്രിയെ വിവാഹം ചെയ്‌തെന്നുവരാം. ഈ നാട്ടില്‍ കാപ്പിരികളോടും അമേരിക്കന്‍ ഇന്ത്യാക്കാരോടും പെരുമാറുന്ന രീതിയുമായി അതൊന്ന് താരതമ്യപ്പെടുത്തി നോക്കൂ. മറ്റുവര്‍ഗക്കാരെ അപേക്ഷിച്ച് മുഹമ്മദീയന്റെ മഹത്വം നിങ്ങള്‍ക്ക് അക്കാര്യത്തില്‍ കാണാം. സമത്വത്തില്‍ കൂടി അത് പ്രകടമാവുന്നു. വര്‍ഗ വര്‍ണ വ്യത്യാസമില്ലാത്ത സമ്പൂര്‍ണ സമത്വം!’

ജാതീയതയും വര്‍ഗീയതയും സവര്‍ണ-അവര്‍ണ വിവേചനവും ലിംഗഭേദവും സാമൂഹിക ജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ ആ വിശ്വോത്തര മാതൃക കുഞ്ഞിളം മനസ്സുകളിലേക്ക് പകര്‍ന്ന് നല്‍കാനുള്ള സുവര്‍ണാവസരം അധ്യാപകര്‍ പ്രയോജനപ്പെടുത്തിയേ തീരൂ. നാടോടുമ്പോള്‍ നടുവേ ഓടുക എന്ന ന്യായം ഒഴുക്കിനെതിരെ നീന്താന്‍ പ്രാപ്തരായ നവതലമുറയെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ചുമതലപ്പെട്ട അധ്യാപകര്‍ക്ക് പിടിവള്ളിയായിക്കൂടാ. ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തോട് ഉത്തരവാദിത്ത നിര്‍വഹണത്തെ വിളക്കിച്ചേര്‍ക്കുന്നതില്‍ സംഭവിക്കുന്ന വന്‍വീഴ്ചയാണ് തൊഴിലാളികളിലും ജീവനക്കാരിലും അധ്യാപകരിലുമാകെ സാമാന്യമായി കാരണപ്പെടുന്ന ദൂഷ്യം. മാനവികതയുടെ ഭൂമികയില്‍, ധാര്‍മികായുധീകരണത്തിന്റെ ഭദ്രമായ അടിത്തറ അവകാശപ്പെടാവുന്ന അറബി അധ്യാപകര്‍ക്ക് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത മാതൃകാപരമായി തെളിയിക്കാനാവും. അവരുടെ മുന്‍ഗാമികള്‍ ഏറെ സഹിച്ചും അനുഭവിച്ചും ആ പ്രതിബദ്ധത നിറവേറ്റിയതിന്റെ ഗുണഫലങ്ങളാണ് ഇന്നും സമൂഹം പങ്കിടുന്നതെന്നോര്‍ക്കുക. അവസാനമായി, നിരക്ഷരരായ അറബികളെ സാക്ഷരതയിലൂടെ ചരിത്രത്തിന്റെ ഭാഗധേയം തിരുത്തിക്കുറിക്കാന്‍ യോഗ്യരാക്കിയ മഹാനുഭാവന്റെ ഭാഷയാണ് അറബി എന്ന് മറക്കാതിരിക്കുക.
ഒ.അബ്ദുറഹ്മാന്‍
(മാധ്യമം ദിനപത്രം എഡിറ്ററാണ് ലേഖകന്‍)

1 Star2 Stars3 Stars4 Stars5 Stars (No Ratings Yet)
Loading...

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.