New Muslims APP

ജീവിതം പ്രഭാപൂരിതമാക്കാനുള്ള ബന്നയുടെ പത്ത് നിര്‍ദ്ദേശങ്ങള്‍

iban

 

ഇസ്‌ലാം മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുകയും പ്രകാശപൂരിതമാക്കുകയും ചെയ്യുന്ന ദൈവികമായ ജീവിത ദര്‍ശനമാണെന്ന് നമുക്കറിയാം. മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇസ്‌ലാം എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് നാം പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടുണ്ടാവില്ല. വിശ്വാസിയുടെ ജീവിതത്തിന്റെ നിഖിലമേഖലകളില്‍ ഇസ്‌ലാം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇമാം ഹസനുല്‍ ബന്ന നല്‍കിയിട്ടുള്ള വിശദീകരണം വളരെ ചിന്തോദ്ദീപകമാണെന്ന് കാണാന്‍ കഴിയും. സ്വന്തത്തെ പുതുക്കി പണിയാന്‍ ഓരോ വ്യക്തിയും സ്വയം സന്നദ്ധനാകുക എന്നതാണ് അദ്ദേഹം ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. അദ്ദേഹം വിവരിക്കുന്നു: ‘ഓരോ മുസ്‌ലിമും ശാരീരികമായി ശക്തനായിരിക്കുകയും ഉന്നതമായ സ്വഭാവ ഗുണങ്ങള്‍ ആര്‍ജിക്കുകയും ഉയര്‍ന്ന ചിന്താഗതി വെച്ചുപുലര്‍ത്തുകയും വേണം. ജീവിതോപാധികള്‍ സമ്പാദിക്കാന്‍ പരിശ്രമിക്കുന്നതോടൊപ്പം വിശ്വാസം പവിത്രമാക്കുകയും ആരാധനകളില്‍ കണിശത പുലര്‍ത്തുകയും ചെയ്യണം. ഇച്ഛകളെ നിയന്ത്രിക്കാനും ജീവിതത്തില്‍ സമയനിഷ്ട വെച്ചു പുലര്‍ത്താനും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചിട്ടപ്പെടുത്തി കൂടുതല്‍ ഉപകാരപ്രദമാകുന്ന കാര്യങ്ങളില്‍ മുഴുകാനും വിശ്വാസി ശ്രദ്ധിക്കണം. അതോടൊപ്പം സേവന മനോഭാവം കാത്തുസൂക്ഷിക്കുകയും ചെയ്യുക’. ഇസ്‌ലാം വിശ്വാസിയുടെ ജീവിതത്തിലുണ്ടാകണമെന്ന് ശഠിക്കുന്ന ഈ പത്ത് കാര്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നവര്‍ ഉയര്‍ന്ന വ്യക്തിത്വത്തിനുടമകളായിത്തീരുമെന്ന് തീര്‍ച്ച.

1. ആരോഗ്യ സംരക്ഷണം വിശ്വാസിയെ അല്ലാഹു ഏല്‍പ്പിച്ച അമാനത്താണ്. ശാരീരികമായ ശക്തി ദൗര്‍ബല്യങ്ങള്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും സ്വാധീനം ചെലുത്തും. ശാരീരികമായി ശക്തനായിരിക്കുമ്പോള്‍ മാനസികമായും ചിന്താപരമായും നാം കൂടുതല്‍ ഊര്‍ജ്ജസ്വലരും ഉത്സാഹമുള്ളവരാകുന്നത് സ്വാഭാവികം. അതേസമയം, ആരോഗ്യം ക്ഷയിക്കുമ്പോള്‍ ക്ഷീണവും ആലസ്യവും നമ്മെ പിടികൂടുകയും മാനസിക സമ്മര്‍ദ്ദങ്ങളും ആത്മസംഘര്‍ഷങ്ങളും നമ്മെ അലട്ടുകയും ചെയ്യും. അതിനാല്‍ ആരോഗ്യ സംരക്ഷണം തെളിമയുള്ള വ്യക്തിത്വം വാര്‍ത്തെടുക്കാന്‍ വിശ്വാസിക്ക് അനിവാര്യമാണ്.

2. വ്യക്തികളെ അളക്കാനുള്ള ഏറ്റവും നല്ല അളവുകോല്‍ അയാളുടെ സ്വഭവ പെരുമാറ്റങ്ങള്‍ തന്നെയാണ്. പരസ്പരമുള്ള ഇടപാടുകളില്‍ അത് കൂടുതല്‍ പ്രകടമാകും. സന്തോഷവും എളുപ്പമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമല്ല സംഘര്‍ഷഭരിതമായ അവസ്ഥകളിലും മാര്‍ദ്ദവത്തോടെ പെരുമാറാന്‍ കഴിയുന്നവനായിരിക്കണം വിശ്വാസി. അവിടെയാണ് സല്‍സ്വഭാവത്തിന്റെ മാറ്റ് വെളിവാകുന്നത്. ആത്മീയമായ പക്വത ആര്‍ജിച്ചവര്‍ക്കുമാത്രമേ ഇത്തരത്തിലുള്ള സ്വഭാവഗുണങ്ങള്‍ കരഗതമാക്കാന്‍ സാധിക്കൂ.

3. ബൗദ്ധികവും വൈജ്ഞാനികവുമായി വിശ്വാസി കൂടുതല്‍ ശക്തനാകേണ്ടതുണ്ട്. അപ്പോഴാണ് വ്യക്തികളുടെ സാംസ്‌കാരിക നിലവാരം ഉയരുന്നത്. ആരാധനാനുഷ്ടാനങ്ങളില്‍ കാണിക്കുന്ന ശ്രദ്ധയും താല്‍പര്യവും വിദ്യനേടി ബൗദ്ധിക നിലവാരമുയര്‍ത്തുന്ന കാര്യത്തില്‍ വിശ്വാസികള്‍ പലപ്പോഴും കാണിക്കാറില്ല എന്നത് ഒരു സത്യമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഇസ്‌ലാമിനെ യഥാര്‍ത്ഥ രൂപത്തില്‍ കാലികമായി പ്രതിനിധീകരിക്കാന്‍ സാധിക്കണമെങ്കില്‍ വിശ്വാസി സമൂഹം അതിനു വേണ്ട അറിവും ഊര്‍ജ്ജവും സംഭരിക്കേണ്ടതുണ്ട്. എല്ലാ കാലത്തും മാനവകുലത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാന്‍ ശേഷിയുള്ള ഒരേയൊരു മതം ഇസ്‌ലാം മാത്രമാണ്. എന്നാല്‍ അതിന്റെ അനുയായികള്‍ കാലത്തെ വായിക്കാനുള്ള ശേഷി നേടിയെടുത്തില്ലെങ്കില്‍ അതങ്ങെനെ സാധ്യമാവും?

4. സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും ഓരോ വിശ്വാസിയും പരിശ്രമിക്കണം. ഉപജീവനത്തിന് വേണ്ടി മറ്റുളളവരുടെ ഓശാരത്തിന് കൈനീട്ടുന്നവന് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ തീര്‍ച്ചയായും ബുദ്ധിമുട്ടുകളുണ്ടാകും. ദരിദ്രനായാലും സമ്പന്നനായാലും അവരവരുടെ നിലവാരത്തിനനുസരിച്ച് ജീവിതം മുന്നോട്ട് നയിക്കാനുള്ള സാമ്പത്തിക ശേഷി വിശ്വാസി നേടിയെടുക്കണം. അപ്പോള്‍ മാത്രമേ തന്റെ കഴിവും ശേഷിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഇസ്‌ലാമിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ വിശ്വാസിക്ക് സാധിക്കുകയുള്ളൂ.

5/6. ദൃഢ വിശ്വാസവും ആരാധനാനുഷ്ടാനങ്ങളിലെ കൃത്യനിഷ്ടയുമാണ് അടുത്ത രണ്ട് കാര്യങ്ങള്‍. ഇതുവരെ പറഞ്ഞവയെ ശക്തിപ്പെടുത്തുന്നത് വിശ്വാസിയുടെ ദൃഢ വിശ്വാസവും ആരാധനാ കര്‍മ്മങ്ങളുമാണ്. വിശ്വാസിയുടെ കര്‍മ്മങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിക്കുന്നത് അല്ലാഹുവിലുള്ള അവന്റെ വിശ്വാസത്തില്‍ നിന്നും ആരാധനകളില്‍ നിന്നുമാണ്. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം മനുഷ്യന്റെ പ്രകൃതിപരമായ ആത്മീയ ദാഹത്തെ ശമിപ്പിക്കുകയും നേര്‍മാര്‍ഗത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് നല്‍കുകയും ചെയ്യുന്നു.

7. വിശ്വാസി എപ്പോഴും അവന്റെ ദേഹേച്ഛകളോടുള്ള പോരാട്ടത്തിലായിരിക്കും. അല്ലാഹുവില്‍ വിശ്വസിച്ച് സത്യത്തിന്റെ പാതയില്‍ അണിനിരക്കുന്നവര്‍ക്ക് മുമ്പില്‍ പ്രതിസന്ധികളും പ്രയാസങ്ങളും എന്നും വിലങ്ങു തടിയായി നില്‍ക്കും. ശരീരേച്ഛയെ നിയന്ത്രിച്ച് ദൈവിക പാന്ഥാവില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം മുള്ളുനിറഞ്ഞ മലമ്പാതകളെ താണ്ടിക്കടക്കാനാവുകയുള്ളൂ.

8. ഏതാനും നിമിഷങ്ങളാണ് മനുഷ്യന്റെ ജീവിതം. സമയം അനാവശ്യമായി ചിലവഴിച്ചവന്‍ സ്വന്തം ആയുസ്സ് തന്നെയാണ് പാഴാക്കിയത്. മഹാനായ ഹസന്‍ ബസ്വരി പറഞ്ഞു: ‘ഹേ, ആദമിന്റെ മകനേ, നീ ഓരോ തവണയും ശ്വസിച്ച് വായു പുറത്തേക്ക് വിടുമ്പോള്‍ നിന്റെ ആയുസ്സിന്റെ ഒരു ഭാഗം കൂടിയാണ് കൊഴിഞ്ഞു പോകുന്നത്’. അതുകൊണ്ട് സമയം പാഴാക്കാതിരിക്കുക.

9. പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുക. നമ്മുടെ ആയുസ്സ് വളരെ കുറഞ്ഞ സമയം മാത്രമാണ്. ഈ ചുരുങ്ങിയ കാലത്ത് കൂടുതല്‍ പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി നാഥനെ കണ്ടുമുട്ടാനാണ് വിശ്വാസി ശ്രമിക്കേണ്ടത്. നമ്മിലര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ നമുക്ക് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ നമുക്ക് സാധിക്കണം.

10. അവസാനമായി പറയുന്നത് ഏറ്റവും സുപ്രധാനമായ കാര്യമാണ്. നമ്മുടെ ജീവിതത്തിന്റെ മുഖമുദ്രയാവേണ്ടതാണത്. അപരനെ സഹായിക്കുക എന്നതാണത്. മറ്റുള്ളവരോട് മോശമായി പെരുമാറുന്നവന് മുമ്പ് പറഞ്ഞ ഗുണങ്ങളൊന്നുമുണ്ടായിട്ട് കാര്യമില്ലായെന്ന് ഓര്‍ക്കുക.

അല്ലാഹുവില്‍ നിന്നും നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മുടെ കര്‍മ്മങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലം നല്‍കാനാണ് അല്ലാഹു ആഗ്രഹിക്കുന്നത്. അതുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളും ഏറ്റവും ഉത്തമമാക്കുക. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ കര്‍മ്മങ്ങളെ അളന്നു നോക്കുകയും വിലയിരുത്തുകയും ചെയ്യുക. ഉന്നതമായ സ്വഭാവ ഗുണങ്ങള്‍ കരസ്ഥമാക്കി അല്ലാഹുവിന്റെ അനുഗ്രവും പ്രതിഫലവും നേടാന്‍ നമുക്ക് സാധിക്കുമാറാകട്ടെ.

വിവ : ജലീസ് കോഡൂര്‍

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.