New Muslims APP

കര്‍മങ്ങളില്‍ മാലിന്യം പുരളാതെ സൂക്ഷിക്കുക

العفو-صفات-الاقوياء

വിനയം

ഒരിക്കല്‍ ഉമര്‍ ബിന്‍ ഖത്താബ്(റ) നബി തിരുമേനിയുടെ(സ) ഖബ്‌റിനടുത്തു കൂടെ നടന്നു പോകുമ്പോള്‍ മുആദ്(റ) അവിടെ ഇരുന്ന് കരയുന്ന കാഴ്ച്ച കാണുന്നു. ഉമര്‍(റ) കരയുന്നതിന്റെ കാരണമന്വേഷിച്ചു. ഈ ഖബ്‌റില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ)യുടെ ഒരു വചനം ഞാന്‍ ഓര്‍ത്തു പോയതാണ് കാരണമെന്ന് അദ്ദേഹം മറുപടി നല്‍കി. ‘പ്രകടനവാഞ്ച അതെത്ര നിസ്സാരമാണെങ്കിലും ശിര്‍ക്കാണ്. അല്ലാഹുവിന്റെ ഔലിയാക്കന്‍മാരോട് ആരെങ്കിലും യുദ്ധം പ്രഖ്യാപിച്ചാല്‍ അല്ലാഹുവിനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണവന്‍. അല്ലാഹു ഇഷ്ടപ്പെടുന്നത് പുണ്യവാന്‍മാരും ഭക്തരും കാണാമറയത്ത് നന്മകള്‍ പ്രവര്‍ത്തിക്കുന്നവരുമായ ആളുകളെയാണ്. ഒരു സദസ്സില്‍ അവരെ കാണാതായാല്‍ ആരും അന്വേഷിക്കില്ല, ഒരു സദസ്സില്‍ ഹാജരായാല്‍ അവര്‍ അറിയപ്പെടുകയുമില്ല. അവരുടെ ഹൃദയങ്ങള്‍ വെളിച്ചത്തിന്റെ പ്രകാശ നാളങ്ങളാണ്. ഇരുള്‍ മുറ്റിയ എല്ലാ മണ്ണിലും അവര്‍ പുറത്തുവരും.’ എന്ന വചനമായിരുന്നു അദ്ദേഹം ഓര്‍ത്തത്.

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് നബി(സ) ഇതിലൂടെ സൂചിപ്പിച്ചിട്ടുള്ളത്. നമ്മുടെ കര്‍മങ്ങളും ചിന്തകളും അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രം മോഹിച്ചായിരിക്കണം. ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിയും ഭൗതികമായ ഏതെങ്കിലും നേട്ടങ്ങളും ആര്‍ജ്ജിക്കാനുള്ള ഒരു വഴിയായിട്ട് കര്‍മങ്ങളെ കാണുമ്പോള്‍ അവ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമല്ല എന്ന തത്വമാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. അതിനാണ് ‘ഇഖ്‌ലാസ്’ എന്നു വിളിക്കുന്നത്. വിശുദ്ധ ഖുര്‍ആനും ഹദീസുകളും വളരെ വ്യക്തമായി പഠിപ്പിക്കുന്ന ഒരു വിഷയമാണിത്. നമ്മുടെ കര്‍മങ്ങളില്‍ അല്ലാഹുവിന്റെ തൃപ്തിയല്ലാത്ത ലക്ഷ്യം കടന്നു കൂടിയാല്‍ ആ പ്രവര്‍ത്തനം അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു.

‘പ്രകടനവാഞ്ച അത് ചെറുതാണെങ്കിലും ശിര്‍ക്കാണ്.’ എന്ന് പറഞ്ഞ നബി(സ) മറ്റു സന്ദര്‍ഭങ്ങളില്‍ ‘പ്രകടനവാഞ്ച ചെറിയ ശിര്‍കാണ്.’ എന്നും ‘നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ചെറിയ ശിര്‍കാണ്.’ ഇതു കേട്ട നബി(സ)യോട് സഹാബികള്‍ എന്താണ് ചെറിയ ശിര്‍ക്ക് എന്നന്വേഷിച്ചു. പ്രകടവാഞ്ചയാണ് അതെന്ന് അദ്ദേഹം വിശദീകരിച്ചു കൊടുത്തു. ‘എല്ലാ പ്രവര്‍ത്തനങ്ങളും അവയുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്’ എന്നുള്ള ഹദീസ് വളരെ പ്രസിദ്ധമാണ്. ഓരോ വ്യക്തിക്കും അല്ലാഹു അവന്റെ നിയ്യത്തിനനുസരിച്ചാണ് അല്ലാഹു പ്രതിഫലം നല്‍കുക. എത്രത്തോളമെന്നാല്‍ അതിവിശിഷ്ടമായ ഹിജ്‌റയെന്ന കര്‍മം പോലും അതിന്റെ ലക്ഷ്യം ഭൗതികമായി മാറിയാല്‍ അയാള്‍ക്ക് ഹിജ്‌റയുടെ പ്രതിഫലം ലഭിക്കില്ലെന്നും പ്രസ്തുത ഹദീസ് വിശദമാക്കുന്നു.

വിശുദ്ധ ഖുര്‍ആനും പലയിടത്തും ഇക്കാര്യം വ്യക്തമാക്കുന്നു:
‘അവരാവട്ടെ വിധേയത്വം അല്ലാഹുവിനു മാത്രം ആക്കിക്കൊണ്ട് അവന് ഇബാദത്ത് ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനുമല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അതാകുന്നു ഏറ്റവും ശരിയും സാധുവുമായ ദീന്‍.’ (98:5)
അറിഞ്ഞിരിക്കുക, കലര്‍പ്പില്ലാത്ത വിധേയത്വം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു.’ (39:3)
പ്രവാചകന്‍മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന സവിശേഷ ഗുണമായിട്ട് അല്ലാഹു പറയുന്നു: ‘ഒരു വിശിഷ്ട ഗുണത്തിന്റെ അടിസ്ഥാനത്തില്‍ നാം അവരെ തെരഞ്ഞെടുത്തിട്ടുണ്ട് പരലോകസ്മരണയുടെ അടിസ്ഥാനത്തില്‍.’ (38:46) പരലോകത്തെ ഓര്‍ത്തുകൊണ്ട് അതിന് വേണ്ടി കര്‍മനിരതരാവാനുള്ള മോഹം അവരില്‍ ഉണ്ടാക്കി എന്നാണ് ഇത് വ്യക്തമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനില്‍ ഇഖ്‌ലാസ് എന്ന പദം ഏത് രൂപത്തില്‍ ഉപയോഗിച്ചു എന്ന് ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് വ്യക്തമാക്കാം. ഇഖ്‌ലാസ് എന്താണെന്ന് അല്ലാഹു സൂറത്തുന്നഹ്‌ലില്‍ വ്യക്തമാക്കി തരുന്നുണ്ട്. ‘കന്നുകാലികളിലും നിങ്ങള്‍ക്ക് പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ള ചാണകത്തിനും ചോരയ്ക്കുമിടയില്‍ നിന്നൊരു പാനീയം നാം നിങ്ങളെ കുടിപ്പിക്കുന്നു. അതായത്, കുടിക്കുന്നവരിലാനന്ദമുളവാക്കുന്ന നറുംപാല്‍!’ (16:66) ശുദ്ധമായ പാലിനെ വിശേഷിപ്പിക്കാന്‍ ‘خَالِص’ എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. മൃഗങ്ങളുടെ പാലില്‍ ചാണകത്തിന്റെയോ മൂത്രത്തിന്റെയോ രക്തത്തിന്റെയോ അംശം കലരാതെ ശുദ്ധമായി അത് ഒരുക്കിയിരിക്കുന്നു. ഇപ്രകാരം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ മാലിന്യങ്ങള്‍ കലര്‍ന്നാല്‍ ഇഹത്തിലോ പരത്തിലോ അവനത് ഉപകരിക്കില്ല എന്ന സന്ദേശം അല്ലാഹു ഇതിലൂടെ നല്‍കുന്നു.

ഒരാള്‍ ഒരു നന്മ ചെയ്യാന്‍ ഉദ്ദേശിക്കുകയും എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ അതിന് സാധിക്കാതിരിക്കുകയും ചെയ്താല്‍ അയാള്‍ക്ക് ആ ഉദ്ദേശ്യത്തിന് പ്രതിഫലം നല്‍കുമെന്നാണ് നബി(സ) പഠിപ്പിച്ചിട്ടുള്ളത്. ആ നന്മ ചെയ്താല്‍ അതിന്റെ അനേകമിരട്ടി പ്രതിഫലം അയാള്‍ക്ക് നല്‍കപ്പെടും. ഒരു ചീത്തപ്രവൃത്തി ചെയ്യാനുദ്ദേശിച്ച ഒരാള്‍ അല്ലാഹുവിനെ ഭയന്ന് അതില്‍ നിന്ന് പിന്തിരിഞ്ഞാല്‍ അതിന്റെ പേരില്‍ അയാള്‍ക്ക് പ്രതിഫലം നല്‍കും. എന്നാല്‍ ആ ഒരു തിന്മ ചെയ്താല്‍ ഒരു തിന്മയുടെ ശിക്ഷയുടെ ഫലം മാത്രമേ അല്ലാഹു നല്‍കുകയുള്ളൂ എന്നത് അല്ലാഹുവിന്റെ കാരുണ്യത്തെയാണ് കുറിക്കുന്നത്. എല്ലാ കാര്യത്തിലും മനുഷ്യന്റെ നിയ്യത്താണ് പ്രധാനം എന്ന് പ്രവാചകന്‍(സ) പഠിപ്പിക്കുകയാണ്. അതുകൊണ്ടാണ് ആരെങ്കിലും അല്ലാഹുവോട് ആത്മാര്‍ത്ഥമായി രക്തസാക്ഷിത്വം തേടിയാല്‍ വീട്ടിലെ വിരിപ്പില്‍ കിടന്ന് മരിക്കുകയാണെങ്കിലും അവന് രക്തസാക്ഷികളുടെ പദവി നല്‍കുമെന്ന് നബി(സ) പറഞ്ഞത്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഏറ്റവും പവിത്രമായ നിയ്യത്ത്. ഭൗതിക സൗകര്യങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ തബൂക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരെ കുറിച്ച് നബി(സ) പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്. ‘നിങ്ങള്‍ ഏത് മലഞ്ചെരിവുകള്‍ താണ്ടിയാലും, ഏത് വഴികള്‍ പിന്നിട്ടാലും മദീനയിലെ ഒരു വിഭാഗം നിങ്ങളോടൊപ്പമുണ്ട്. പ്രയാസങ്ങളാണ് അവരെ അവിടെ തടഞ്ഞുവെച്ചിട്ടുള്ളത്.’ അവരുടെ നിയ്യത്തിന്റെ ഫലമാണിത്.

ഒരിക്കല്‍ സഹാബിമാര്‍ നബി തിരുമേനിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്ക് ശേഷം താങ്ങളുടെ ഉമ്മത്ത് ശിര്‍ക് ചെയ്യുമോ? അദ്ദേഹം പറഞ്ഞു: അതെ, അവര്‍ സൂര്യനെയോ ചന്ദ്രനെയോ കല്ലിനെയോ ബിംബങ്ങളെയോ ആരാധിക്കുകയില്ല, എന്നാല്‍ പ്രകടനവാഞ്ചയോട് കൂടി കര്‍മങ്ങള്‍ ചെയ്യുന്നവരായിരിക്കും അവര്‍.’ സമൂഹത്തില്‍ പ്രശസ്തിക്കും അനുയായികളെ ലഭിക്കാനും വേണ്ടി ആരെങ്കിലും പാണ്ഡിത്യം നേടിയാല്‍ അത് ഇസ്‌ലാം പൊറുപ്പിക്കാത്ത ഒന്നാണെന്ന് ചരിത്രം പറയുന്നു. ഒരിക്കല്‍ ഉബയ്യ് ബിന്‍ കഅ്ബ്(റ) മദീനയിലെ തെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുറകെ കുറേ ആളുകള്‍ കൂടി. ഇതുകണ്ട ഉമര്‍(റ) തന്റെ കയ്യിലുള്ള ചൂരല്‍ കൊണ്ട് ഉബയ്യിനെ അടിക്കാന്‍ ഓങ്ങി. അപ്പോള്‍ ഉബയ്യ്(റ) ചോദിച്ചു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍, ഞാനെന്ത് തെറ്റാണ് ചെയ്തത്? ഉബയ്യിന്റെ(റ) പിറകില്‍ കൂടിയ അനുയായികളെ ചൂണ്ടി ഉമര്‍(റ) പറഞ്ഞു: ഇത് പിറകെ വരുന്നവര്‍ക്ക് അപമാനവും മുന്നില്‍ വരുന്നവന് ഫിത്‌നയാണ്. ഇസ്‌ലാമില്‍ നേതാക്കളായാലും അനുയായികളായാലും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നതാണ് നാം മനസ്സിലാക്കേണ്ടത്.

താബിഇകളില്‍ പ്രമുഖനായ സുഫ്‌യാനു ഥൗരി മരണശയ്യയില്‍ കിടക്കുന്നു. അദ്ദേഹത്തിന്റെ വേദനയും വെപ്രാളവും കണ്ട അനുയായികള്‍ ചോദിച്ചു: താങ്കള്‍ മഹാ പണ്ഡിതനാണ്, എല്ലാ വിധ കര്‍മങ്ങളും ചെയ്തിട്ടുണ്ട്. എന്നിട്ടും എന്താണിത്ര വെപ്രാളപ്പെടുന്നത്? ധാരാളം കര്‍മങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയെല്ലാം അല്ലാഹുവിന്റെ ത്രാസില്‍ കര്‍മങ്ങളായി ഗണിക്കപ്പെടുമോ എന്ന ആശങ്കയാണ് എന്നെ അലട്ടുന്നത് എന്നാണ് അതിനദ്ദേഹം മറുപടി നല്‍കിയത്. ‘റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവര്‍.’ (23:60) എന്ന ആയത്തിനെ കുറിച്ച് ഇത് ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണോ എന്ന് നബി(സ)യോട് ചോദിച്ചു. നമസ്‌കാരം, നോമ്പ്, സദഖ് തുടങ്ങിയ കര്‍മങ്ങള്‍ ചെയ്യുന്നവരെ കുറിച്ചാണ് ഇത് പറഞ്ഞിരിക്കുന്നതെന്ന് നബി(സ) അവര്‍ക്ക് പറഞ്ഞു കൊടുത്തു. ഇതില്‍ നിന്നെല്ലാം കര്‍മങ്ങളുടെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രീതിയാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതാക്കാനാണ് നാം പരിശ്രമിക്കേണ്ടത്.
(2014 ഡിസംബര്‍ 26-ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)

പി കെ ജമാല്‍

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.