ഫലസ്തീന്‍ മടക്കം

ഫലസ്തീന്‍ അഭയാര്‍ഥി പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളും

ഫലസ്തീന്‍; ഒരു കൊളോണിയല്‍ അധിനിവേശം

ഇറാഖിലെ അമേരിക്കന്‍ അധിനിവേശം മൂലം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് അവിടെയുണ്ടായിരുന്ന ഫലസ്തീനികളായിരുന്നു. 1948 ലെ നഖബ സംഭവത്തിന് ശേഷമാണ് നിരവധി ഫലസ്തീനികള്‍ ഇറാഖിലേക്ക് കുടിയേറുന്നത്. 2003 ലെ അമേരിക്കന്‍ അധിനിവേശത്തിന്റെയും അതിന് ശേഷം ഇറാഖില്‍ അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെയും ഫലമായി നിരവധി ഫലസ്തീനികള്‍ ഇറാഖ് വിട്ട് പോകാന്‍ നിര്‍ബന്ധിതരാവുകയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അകപ്പെടുകയും ചെയ്തു. ബുഷ് ഭരണത്തില്‍ പങ്കാളികളായിരുന്ന ഇസ്രയേല്‍ അനുകൂല നവ യാഥാസ്ഥികരാണ് ഇറാഖ് അധിനിവേശത്തിന് മുഖ്യമായും ചുക്കാന്‍ പിടിച്ചത്. അഥവാ, ഫലസ്തീന്‍ വിരുദ്ധ വികാരവും അമേരിക്കയുടെ ഇറാഖ് നയത്തില്‍ പ്രകടമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖില്‍ പ്രവേശിച്ച അമേരിക്കന്‍ സൈന്യത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ഫലസ്തീനികളായിരുന്നു. സദ്ദാം ഹുസൈന്റെ ഭരണത്തെ അവര്‍ പിന്തുണച്ചു എന്നതായിരുന്നു അവര്‍ക്കെതിരായ മുഖ്യ ആരോപണം.

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അഭയാര്‍ത്ഥി ജീവിതം അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇറാഖ് അധിനിവേശത്തോടെ ഇത് നാലാം തവണയായിരുന്നു അവര്‍ അഭയാര്‍ത്ഥികളാകുന്നത്. അമേരിക്ക ഇറാഖില്‍ നിന്ന് പിന്‍വലിയുമ്പോള്‍ ഏകദേശം 34,000 ത്തോളം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായിക്കഴിഞ്ഞിരുന്നു. അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമം സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ മാത്രമാണ് അമേരിക്ക ഇറാഖിലെ ഫലസ്തീനികളെ അഭയാര്‍ത്ഥികളായി അംഗീകരിക്കാന്‍ പോലും തയ്യാറായത്. 2008 ലാണ് ഒരു അഭയാര്‍ത്ഥി സമൂഹമായി ഫലസ്തീനികളെ അമേരിക്ക അംഗീകരിക്കുന്നത്. ലബനാനിലും ജോര്‍ദാനിലും സമാനമായ അനുഭവം അവര്‍ക്കുണ്ടായിട്ടുണ്ട്. 1970 ലാണ് ജോര്‍ദാനില്‍ നിന്ന് ഫലസ്തീനികള്‍ പുറത്താക്കപ്പെടുന്നത്. ലബനാനില്‍ നിന്ന് പലായനം അവര്‍ നിര്‍ബന്ധിതരാകുന്നത് ആഭ്യന്തര യുദ്ധത്തിനും 1982 ലെ ഇസ്രയേല്‍ അധിനിവേശത്തിനും ശേഷമാണ്.

ഇസ്രയേലിന്റെ ലബനാന്‍ അധിനിവേശത്തിന്റെ ഫലമായി ആയിരക്കണക്കിന് ഫലസ്തീനികളാണ് യമന്‍, തുനീഷ്യ, സുഡാന്‍, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായത്. അവശേഷിച്ച ഫലസ്തീനികളെ ഏരിയല്‍ ഷാരോണിന്റെയും റഫേല്‍ എയ്താന്റെയും നേതൃത്വത്തിലുള്ള ഇസ്രയേല്‍ സൈന്യം കൂട്ടക്കശാപ്പ് ചെയ്യുകയായിരുന്നു. ലബനാനില്‍ അവശേഷിച്ച പതിനായിരക്കണക്കിന് ഫലസ്തീനികളാണ് അന്ന് കൊല്ലപ്പെട്ടത്. സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്തും സമാനമായ ദുരനുഭവമാണ് ഫലസ്തീനികള്‍ നേരിട്ടത്. യുദ്ധം ശക്തമായപ്പോള്‍ ഫലസ്തീനികള്‍ക്ക് കുവൈത്തില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഇപ്പോള്‍ സിറിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം മൂലവും ഫലസ്തീനികള്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഭക്ഷണവും താമസവുമടക്കമുള്ള ജീവിതത്തിലെ പ്രാഥമിക ആവശ്യങ്ങള്‍ പോലും അവര്‍ക്ക് തടയപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, അവിടത്തെ ശിയാ-സുന്നി സംഘര്‍ഷങ്ങളും ഫലസ്തീനികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പടിഞ്ഞാറിന്റെയും അറബ് ലോകത്തിന്റെയുമിടയില്‍ കുടുങ്ങിക്കിടക്കുകയാണവര്‍ എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന ഫലസ്തീനികളെ സയണിസ്റ്റ് ശക്തികള്‍ അവരുടെ സ്വാധീനമുപയോഗിച്ച് ഭീകരവാദ കേസുകളിലൊക്കെ പെടുത്താറുണ്ട്. സയണിസ്റ്റ് ലോബിക്ക് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെല്ലാം നല്ല സ്വാധീനമുള്ളതിനാല്‍ തന്നെ അതെളുപ്പവുമാണ്. ഇപ്പോഴും ഫലസ്തീനില്‍ നിന്ന് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലേക്ക് പഠനാവശ്യങ്ങള്‍ക്കും ജോലിയാവശ്യങ്ങള്‍ക്കുമെല്ലാം പലായനം ചെയ്യുന്ന ഫലസ്തീനികള്‍ നേരിടേണ്ടി വരുന്നത് വേറൊരു രാഷ്ട്ര പൗരന്‍മാരും അനുഭവിക്കാത്ത പ്രതിസന്ധികളും വെല്ലുവിളികളുമാണ്. 9\11 സംഭവത്തിന് ശേഷം പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ കനത്ത സുരക്ഷാ പരിശോധനകളാണ് ഫലസ്തീനികള്‍ക്ക് നേരിടേണ്ടി വരുന്നത്. അതിനവര്‍ക്ക് ഇസ്രയേല്‍ ഭരണകൂടത്തിന്റെ പ്രത്യേക പരിശീലനവും ലഭിക്കുന്നുണ്ട്. ഇപ്പോഴും അമേരിക്കന്‍ ജയിലുകളില്‍ ഭീകരവാദ ആരോപണങ്ങളില്‍ പിടിക്കപ്പെട്ട് കഴിയുന്ന ഒരുപാട് ഫലസ്തീനികളുണ്ട്. അവര്‍ ചെയ്ത കുറ്റമെന്താണെന്ന് അവര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇത്രയും സൂചിപ്പിച്ചത് ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം നഖ്ബ സംഭവം 1948ല്‍ അവസാനിച്ചിട്ടില്ല എന്ന് സൂചിപ്പിക്കാനാണ്. മറിച്ച് അതിന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പല രാഷ്ട്രങ്ങളിലുമുള്ള ഫലസ്തീന്‍ അനുഭവങ്ങള്‍ക്ക് അതിന്റേതായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളുണ്ടാകുമെങ്കിലും ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം നഖ്ബ സംഭവം അവയെയെല്ലാം ബന്ധിപ്പിക്കുന്ന ഒന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഫലസ്തീനികളെ ലോകത്തുടനീളം ഒരു അഭയാര്‍ത്ഥി സമൂഹമായി മാറ്റാന്‍ അതിന് കഴിഞ്ഞു. അതിനാല്‍ തന്നെ ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം മാതൃഭൂമി എന്നത് ഒരു സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. അതേസമയം ഇതര ജനസമൂഹങ്ങളെ അപേക്ഷിച്ച് ഫലസ്തീനികള്‍ക്ക് ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അത്ര തൃപ്തികരമൊന്നുമല്ല. കുറ്റവാളികളോടുള്ള സമീപനമാണ് അവരോട് ലോകരാഷ്ട്രങ്ങള്‍ സ്വാകരിക്കുന്നത്. അതിനാല്‍ തന്നെ യൂറോപ്പിലേക്കും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലേക്കുമുള്ള പലായനം ഇനിയങ്ങോട്ട് ശ്രമകരം തന്നെയായിരിക്കും.

അതേസമയം സയണിസ്റ്റുകള്‍ അറബികളെയാണ് ഫലസ്തീനികളുടെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്. അറബികള്‍ ഫലസ്തീനികളോട് മോശമായാണ് പെരുമാറുന്നത് എന്നവര്‍ ആരോപിക്കുന്നു. ഒരു ജനതയെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിപ്പായിച്ച ശേഷം അതേ ജനതയെത്തന്നെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താനുള്ള തൊലിക്കട്ടി സയണിസ്റ്റുകള്‍ക്ക് മാത്രം സ്വന്തമാണ്. അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ കാതലായ കാരണങ്ങളെക്കുറിച്ചോ അത് മൂലം ഇല്ലാതാക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചോ ചിന്തിക്കാന്‍ സയണിസ്റ്റുകള്‍ക്ക് സാധിക്കുന്നില്ല. അല്ലെങ്കിലും കൊളോണിയലിസ്റ്റുകളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. യഥാര്‍ത്ഥത്തില്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഗൗരവം ഏറ്റവും നന്നായി അറിയുന്നവരാണ് സയണിസ്റ്റുകള്‍. കാരണം അവരും ഒരുകാലത്ത് യൂറോപ്പില്‍ അഭയാര്‍ത്ഥികളായിരുന്നു. തങ്ങളുടെ അഭയാര്‍ത്ഥി ജീവിതത്തിന് വിരാമമിടാന്‍ വേറൊരു സമൂഹത്തെ അഭയാര്‍ത്ഥികളാക്കുന്ന നീതികേടാണ് അവര്‍ ചെയ്തത്.

വിവ: സഅദ് സല്‍മി

Related Post