സിനിമ: ഇസ്ലാമിക സമീപനം

സിനിമ ഹാള്‍

ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ ഇസ്ലാമിക വീക്ഷണം

ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍

ലോകജനത, ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ സ്വാധീനിക്കപ്പെടുകയും അതിലുപരി നിയന്ത്രിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലത്ത്, ദൃശ്യശ്രാവ്യമാധ്യമങ്ങളോടുള്ള മുസ്‌ലിം സമൂഹത്തിന്റെ സമീപനങ്ങളിലും കാതലായ മാറ്റം ദൃശ്യമാകേണ്ടതുണ്ട്. വിദ്യാഭ്യാസ ശിക്ഷണ രംഗങ്ങളില്‍പോലും ഡോക്യുമെന്ററിയും ചലചിത്രവും ഡോക്യുഫിക്ഷനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത്, അഭിനയത്തിന്റെയും ഫോട്ടോഗ്രഫിയുടെയും പേരില്‍, സിനിമ, ടെലിവിഷന്‍ ചാനല്‍ സീരിയലുകളെ തീര്‍ത്തും ഹറാമായി വിധിക്കുന്ന പ്രവണത മുസ്‌ലിം സമൂഹത്തെ ഇനിയും ഒരുപാട് പിന്നിലാക്കാനേ ഉപകരിക്കൂ.

സമൂഹത്തെ നന്മയിലേക്കു നയിക്കാനും മൂല്യബോധം വളര്‍ത്താനും ഉതകുന്ന കാമ്പുള്ള മേത്തരം സിനിമകളും ടെലിവിഷന്‍ പരിപാടികളും മുസ്‌ലിംകളില്‍ നിന്നും ഉണ്ടായി വരേണ്ടതാണ്. അത്തരം സിനിമകള്‍ എത്രകണ്ട് കുറയുന്നുവോ അത്രയും അളവില്‍ സമൂഹം തിന്‍മകള്‍ നിറഞ്ഞ സിനിമകളെ ആശ്രയിക്കും. മനുഷ്യന്റെ സൗന്ദര്യാഭിരുചിയും കലയോടുള്ള പ്രകൃതിദത്തമായ ഇഷ്ടത്തെയും പാടെ നിരാകരിച്ചുകൊണ്ട് മുന്നോട്ടു പോകാനാവുക അസാധ്യമാണ്. മറിച്ച് ആ രംഗങ്ങള്‍ കൂടി മൂല്യവല്‍ക്കരിക്കുകയും ദൈവികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പുനസംവിധാനിക്കപ്പെടുകയുമാണ് വേണ്ടത്. അതോടെ ഇത്തരംകലാ സംരംഭങ്ങള്‍ സമൂഹത്തെ രചനാത്മകമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കും.

കര്‍മശാസ്ത്ര പണ്ഡിതര്‍

നാടകം സിനിമ അഭിനയം തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തമായ വിധികള്‍ പണ്ഡിതലോകത്ത് ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. ഒരു വിഭാഗം അതിനെ വിവാദമാക്കുകയും ചെയ്യും. എല്ലാ തരം നാടകങ്ങളും അഭിനയവും തെറ്റാണെന്ന് വിധിച്ച പണ്ഡിതന്‍മാരില്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ബാസ്, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി പോലുള്ള പ്രഗല്‍ഭ പണ്ഡിതന്‍മാരുണ്ട്. കാരണം അഭിനയം എന്നുള്ളത് ഒരു തരം കളവാണെന്നാണ് അക്കൂട്ടരുടെ അഭിപ്രായം. ആ കാഴ്ചപ്പാടില്‍ നോവലുകളും കഥകളും നിഷിദ്ധം തന്നെ. ചരിത്രസംഭവങ്ങള്‍ വളരെ കൃത്യവും സൂക്ഷ്മവുമായി ഭാവനയും കാല്‍പനികതയുമൊന്നുമില്ലാതെ രചിക്കുകയാണെങ്കില്‍ മാത്രമാണ് അനുവദനീയമാകുകയുള്ളൂവെന്നാണ് അവരുടെവീക്ഷണം.

എന്നാല്‍ മേല്‍വീക്ഷണത്തോട് അധിക കര്‍മശാസ്ത്ര പണ്ഡിതരും വിയോജിക്കുന്നു. നാടകവും അഭിനയവും തത്ത്വത്തില്‍ അനുവദനീയമാണെന്നാണ് അവരുടെ പക്ഷം. എന്നാല്‍ അതില്‍ ഏറ്റവും അനുയോജ്യമായത് എന്താണെന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഫിക്ഷനെ (ഭാവന) വ്യാജം എന്ന രീയിലില്ല ഈ പണ്ഡിതര്‍ കാണുന്നത്. അവരുടെ വീക്ഷണത്തില്‍ ഗുണപാഠങ്ങളുള്ള സാങ്കല്‍പിക കഥകള്‍ കളവല്ല. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളോ ചരിത്രമോതന്നെ ഇത്തരം കഥകള്‍ക്ക് ഇതിവൃത്തമാക്കിയേ മതിയാകൂ എന്നുമില്ല.

എന്തുതന്നെയായാലും ഇത്തരം ശ്രമങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നുണ്ടാകണമെന്ന് ആവശ്യപ്പെടുമ്പോള്‍ സമൂഹത്തില്‍ പൊതുവെയും മുസ്‌ലിം സമൂഹത്തില്‍ വിശേഷിച്ചും നന്‍മ ലക്ഷ്യമാക്കിക്കൊണ്ടുള്ള ആഹ്വാനമാണ്. നമ്മുടെ ജീവിതത്തെ വലിയൊരളവില്‍ ഇന്ന് ദൃശ്യശ്രാവ്യമാധ്യങ്ങള്‍ കീഴടക്കി കഴിഞ്ഞിരിക്കുന്നു. നാം ഉപയോഗിക്കുന്ന മൊബൈലില്‍ നാനാതരം ഓഡിയോകളും വിഡിയോകളും നാം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതില്‍ മതപ്രഭാഷണങ്ങള്‍ ഉണ്ട്. അല്ലാത്തവയുമുണ്ട്. അവയുടെ നല്ല വശങ്ങളും ചീത്തവശവും ഏതൊരാള്‍ക്കും മനസ്സിലാകുംവിധം സ്പഷ്ടമാണ്. ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈ ഓഡിയോ-വീഡിയോ ഷെയറിംഗുകള്‍ എവിടെ?ഇപ്പറയപ്പെട്ട വിധികള്‍ എവിടെ? മേല്‍ സൂചിപ്പിച്ച പണ്ഡിതന്‍മാരുടെ വിധികളും ജീവിതവുമായി ഏറെ അകലമുണ്ട്. നമ്മുടെ ജീവിതവുമായി ഇത്രയേറെ ചേര്‍ന്നുനില്‍ക്കുന്ന വിഷയങ്ങളെ കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ അഭിമുഖീകരിക്കാന്‍ മടിച്ചാലും സാധാരണ ജനത്തിന് ഇവയെ അവലംബിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നായിട്ടുണ്ട്.

സല്‍മാനുല്‍ ഔദ

ശൈഖ് സല്‍മാനുല്‍ ഔദ പറഞ്ഞതു പോലെ, ‘ജോലി തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാ നിലക്കും യോജിപ്പിലെത്തിയ ഒരു കൂട്ടരെ നമുക്ക് ആവശ്യമില്ല. വ്യത്യസ്തമായ ആശയങ്ങളും വീക്ഷണങ്ങളും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ വാതിലുകളും കൊട്ടിയടക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. എന്നാല്‍ മറ്റു ചിലര്‍ എല്ലാ വാതിലുകള്‍ തുറന്നിടാന്‍ ആഗ്രഹിക്കുന്നവരാണ്. അവരാകട്ടെ, വെറുതെയിരുന്ന് ഇല്ലായ്മകളെക്കുറിച്ച് കുറ്റം പറയുന്നതിനു പകരം എന്തെങ്കിലും ഗുണപരമായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാനാകുമോയെന്ന് സദാചിന്തിക്കുന്നവരാണ്.’ വെറുതെയിരുന്ന് പാശ്ചാത്യനെയും ഇസ്‌ലാം വിരുദ്ധരെയും ചീത്തവിളിക്കുന്നതിനു പകരം, അവരുടെ ശ്രമങ്ങള്‍ക്കെതിരില്‍ നമ്മുടെ പക്കല്‍ നിന്ന് എന്ന് ബദലുകള്‍ മുന്നോട്ടുവെയ്ക്കാനുണ്ടെന്നാണ് നാം ആലോചിക്കേണ്ടത്? സമൂഹത്തില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന കലാ-സാംസ്‌കാരിക കര്‍മ മേഖലകളില്‍ നിന്നും അകന്നു മാറി വളരെ പരിമിതമായ ഏതാനും മേഖലകളില്‍ മാത്രം ഇസ്‌ലാമിനെ ചുരുക്കികെട്ടി, എന്ത് സമൂലമായ മാറ്റമാണ് ലോകത്ത് നാം കൊണ്ടു വരാന്‍ പോകുന്നത്? സമൂഹത്തെ ബാധിക്കുന്ന മനുഷ്യനെ തൊട്ടു നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന് ഒന്നും ചെയ്യാനില്ലെങ്കില്‍ പിന്നെ ഇതെങ്ങനെയാണ് വിശ്വോത്തര ദര്‍ശനമാകുന്നത്? പ്രശ്‌നം ഇസ്‌ലാമിനല്ല, അതിനെ സമീപിക്കുന്ന രീതിക്കാണ്.

സിനിമാമേഖലയിലും തിരുത്തലുകള്‍ കൊണ്ടുവരാന്‍ നമുക്കേ ആകൂ. ഈ മേഖലയെ സംസ്‌കാരത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും അടിത്തറയില്‍ മാറ്റിപ്പണിയാന്‍ ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായത്തിനേ സാധിക്കൂ. കാരണം നന്മയുടെയും നീതിയുടെയും ആളുകളാണ് ഈ ദൈവികഗ്രന്ഥത്തെ ഏറ്റെടുത്തവര്‍. നമ്മുടെ സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളോടു ക്രിയാത്മകമായി സംവദിക്കാന്‍ സിനിമകള്‍ക്കാകണം. ജനങ്ങളുടെപ്രശ്‌നങ്ങളെഏറ്റെടുക്കാന്‍ അവയ്ക്കാകണം. നമ്മുടെ മാധ്യമങ്ങള്‍ ജനങ്ങളുടെ ജീവിതത്തിലെ എല്ലാ ഗുണപരമായ യാഥാര്‍ത്ഥ്യങ്ങളിലേക്കും കടന്നുചെല്ലണം. കലാപരമായും സാങ്കേതികമായും വാര്‍ത്താപരമായും അത് യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌ക്കരിക്കണം. യാഥാര്‍ത്ഥ്യങ്ങളിലൂന്നിയ മൂല്യവത്തായ സിനിമകളുടെ അഭാവമാണ് ജനങ്ങളെ ദുഷിച്ച സിനിമകളിലേക്ക് ആകര്‍ഷിക്കുന്നത്. അങ്ങേയറ്റം ദുഷിച്ച ആളുകള്‍ ഏറ്റവും നല്ലവരായും നിഷ്‌കളങ്കരായും സിനിമകളിലൂടെ സ്ഥാപിക്കപ്പെടുന്നു. സദ്‌വൃത്തരാകട്ടെ, തീവ്രവാദികളും അധമരുമായിചിത്രീകരിക്കപ്പെടുന്നു. ജനമനസ്സുകളില്‍ കൂടുകെട്ടിയ ദുഷ്പ്രവണതകളെയും സാമൂഹിക ദുരാചാരങ്ങളെയും നീക്കംചെയ്യാന്‍ നല്ല സിനിമകള്‍ക്കും സീരിയലുകള്‍ക്കുമാവും.

നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വികലമായി ചിത്രീകരിക്കുന്ന, അറബികളെയും മുസ്‌ലിംകളെയും വൃത്തികെട്ട വാര്‍പ്പുമാതൃകകളായി അവതരിപ്പിക്കുന്ന മുഖ്യധാരാ സിനിമകള്‍ ആധിപത്യം വാഴുന്ന ലോകത്ത് പുസ്തകങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മാത്രം നമുക്ക് വിജയിക്കാന്‍ കഴിയില്ല. നമ്മുടെ പ്രസംഗങ്ങള്‍ എത്ര പേര്‍ കേള്‍ക്കും? പുസ്തകങ്ങള്‍ എത്രപേര്‍ വായിക്കും? ഒരു നല്ല സിനിമ ഉണ്ടാക്കുന്നതിന്റെ നൂറില്‍ ഒന്ന് സ്വാധീനം മാത്രമാണ് ഒരു പുസ്തകത്തിന് ഉണ്ടാക്കാന്‍ കഴിയൂ. ഒരു ചെറിയ വിഭാഗം അഭ്യസ്തവിദ്യരെ പുസ്തകങ്ങള്‍ നല്ലയളവില്‍ സ്വാനീനിക്കുമെങ്കിലും ഭൂരിഭാഗം വരുന്ന സാധാരണക്കാരെ സ്വാധീനിക്കാന്‍ സിനിമയോളം പോന്ന മാധ്യമം ഇന്നില്ല.

നമ്മുടെ സമ്പത്തും അധ്വാനവും ഉപയോഗിച്ചു പ്രതിഭകളെ കൂട്ടുപിടിച്ച്ഈ രംഗത്തെ ദുശ്ശക്തികളുടെ അപ്രമാദിത്വം തകര്‍ക്കുവോളംലോകത്ത് ഇസ്‌ലാമിന്റെ നല്ല ഭാവിയെ കുറിച്ചു നമുക്ക് സ്വപ്‌നം കാണാന്‍ മാത്രമേ കഴിയൂ. ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കിലും കുറഞ്ഞ പക്ഷം വളര്‍ന്നു വരുന്ന മുസ്‌ലിം തലമുറയെയങ്കിലും നമുക്ക് നമ്മുടെ ചരിത്രവും പൈതൃകവും മതവും ഈ മാധ്യമത്തിലൂടെ പഠിപ്പിക്കാമല്ലോ? സദാ സമയവും മൊബൈലിലും ഇന്റര്‍നെറ്റിലും വിഹരിക്കുന്ന അവര്‍ക്ക് ഇതല്ലാത്ത മറ്റേതു മാധ്യമത്തിലൂടെയാണ് നമ്മുടെ ദീനും ചരിത്രവും മൂല്യങ്ങളും നമുക്ക് പഠിപ്പിക്കാനാവുക.

Related Post