ഇസ്‌ലാമിക നിയമസംഹിത

മൂസാ പ്രവാചകന് നല്‍കപ്പെട്ട അമാനുഷ ദൃഷ്ടാന്തങ്ങളില്‍ പ്രധാനം അത്ഭുത സിദ്ധിയുള്ള വടിയായിരുന്നു. മുഹമ്മദ് നബിക്ക് ലഭിച്ച അമാനുഷ ദൃഷ്ടാന്തമാകട്ടെ വിശുദ്ധ ഖുര്‍ആനും. എന്തുകൊണ്ടാണ് മൂസാനബിക്ക് ഖുര്‍ആനും മുഹമ്മദ്‌നബിക്ക് വടിയും നല്‍കാതിരുന്നത്?
ഉത്തരം വ്യക്തമാണ്; ആഭിചാരകന്മാരുടെ കാലത്തും ദേശത്തുമാണ് മൂസാനബി നിയുക്തനായത്. മുഹമ്മദ്‌നബി ആഗതനായതാകട്ടെ സാഹിത്യ പടുക്കളുടെ ഇടയിലും. കാലദേശങ്ങളുടെയും സാമൂഹിക സാഹചര്യങ്ങളുടെയും അവസ്ഥാന്തരങ്ങള്‍ പരിഗണിച്ചുകൊണ്ട് മനുഷ്യനെ അഭിസംബോധന ചെയ്യുന്നുവെന്ന ഇസ്‌ലാമിന്റെ മൗലിക സവിശേഷതയെയാണ് ഈ ചരിത്രം അടയാളപ്പെടുത്തുന്നത്.library-books

ഇസ്‌ലാംദര്‍ശനത്തിന്റെ പ്രബോധനവും നിയമവ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണവും നിര്‍വഹിക്കുന്നത് മനുഷ്യരുടെ ബൗദ്ധിക വൈജ്ഞാനിക നിലവാരം, യുക്തിബോധം, വ്യക്തികളുടെ വികാര-വിചാര തലങ്ങള്‍ എന്നിവയും അതത് ദേശങ്ങളുടെ മത-സാമൂഹിക-രാഷ്ട്രീയ പരിതസ്ഥിതികളും ഗൗരവപൂര്‍വം പരിഗണിച്ചുകൊണ്ടാണ്. ആകാശത്തുനിന്ന് അവതരിക്കുന്ന ദിവ്യവെളിപാടുകളെ അക്ഷരങ്ങളില്‍ വായിച്ച്, യുക്തിരഹിതമായി ഭൂമിയില്‍ നടപ്പാക്കാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നില്ല. മറിച്ച്, വെളിപാടുകളിലെ അക്ഷരങ്ങളെ ആശയങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യുകയും, ആശയങ്ങളെ കാല-ദേശാന്തരങ്ങള്‍ക്കനുസരിച്ച് പരിഭാഷപ്പെടുത്തുകയും ചെയ്യണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. മാറ്റമില്ലാത്ത മൗലിക സിദ്ധാന്തങ്ങള്‍ക്ക് മാറുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് പ്രായോഗിക ഭാഷ്യം നല്‍കാനും പഠിപ്പിക്കുന്നു. ഇതേറ്റവും ബാധകമാകുന്നത് ഇസ്‌ലാമിക ശരീഅത്തിനാണ്; അഥവാ നിയമനിര്‍ധാരണത്തിലും പ്രയോഗവല്‍ക്കരണത്തിലും.

വികാസക്ഷമത

കാലാതിവര്‍ത്തിയായ ചിരന്തന സത്യങ്ങള്‍ക്ക് കാലാനുസൃതമായ പ്രയോഗരൂപങ്ങള്‍ ഉണ്ടാകണം. അപ്പോഴാണത് നിത്യഹരിതമാകുന്നത്. ഈ വസ്തുത ഇസ്‌ലാമിക ശരീഅത്തില്‍ നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ട്. ചലനാത്മകതയാണ് ഇസ്‌ലാമിക നിയമങ്ങളുടെ സവിശേഷതകളിലൊന്ന്. മൗലികാടിത്തറകളെ സുസ്ഥിരമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്തുണ്ട് അതിന്. വികാസക്ഷമത എന്നാണ് ഈ പ്രകൃതം വിശേഷിപ്പിക്കപ്പെടുന്നത്. ഇസ്‌ലാമിനെ സാര്‍വകാലികവും സാര്‍വജനീനവും സാര്‍വലൗകികവുമായി നിലനിര്‍ത്തുന്നതില്‍ വികാസക്ഷമത വലിയ പങ്കുവഹിക്കുന്നുണ്ട്.

ഇസ്‌ലാമിക ദര്‍ശനത്തിന്റെ അസ്തിവാരമായ വിശുദ്ധ വചനത്തെ ഒരു ഉത്തമ വൃക്ഷത്തോടാണ് ഖുര്‍ആന്‍ ഉപമിച്ചിട്ടുള്ളത്.1 ഒരു ചെടി നട്ട് തിരിച്ചുപോന്ന്, പിന്നീടങ്ങോട്ട് ശ്രദ്ധിക്കാതിരുന്നാല്‍ ഉത്തമ വൃക്ഷമുണ്ടാകില്ല. വെള്ളവും വളവും മറ്റും നല്‍കി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിനെ പരിപാലിച്ചുകൊണ്ടിരിക്കണം. ഒരു വൃക്ഷത്തിന് തടി മാത്രമല്ല, കൊമ്പും ചില്ലയും ഇലകളും കായ്കളുമൊക്കെയുണ്ടാകും. പൂവിടുകയും കായ്ക്കുകയും ഇല പൊഴിക്കുകയും വീണ്ടും തളിര്‍ക്കുകയും ചെയ്തുകൊണ്ട് വൃക്ഷം ഋതുഭേദങ്ങളോട് കൃത്യമായി പ്രതികരിക്കുന്നത് കാണാം. അത് വൃക്ഷത്തിന്റെ ദൈവനിശ്ചിതമായ പ്രകൃതമാണ്. ശരീഅത്ത് എന്ന ഉത്തമവൃക്ഷം മനുഷ്യസമൂഹത്തിന്റെ ഋതുഭേദങ്ങളോട് സക്രിയമായി പ്രതികരിക്കുമ്പോഴാണ് പുതിയ നിയമനിര്‍ധാരണങ്ങളും കര്‍മശാസ്ത്ര ആവിഷ്‌കാരങ്ങളും ഉണ്ടാകുന്നത്. ശരീഅത്തിന്റെ പരിപാലനമാണ് ഇജ്തിഹാദ്; പഠന മനന ഗവേഷണം. അത് നിലച്ചാല്‍ മുരടിച്ചു പോകുന്ന നിയമസംഹിത പഴഞ്ചനും ഉപയോഗശൂന്യവുമായിത്തീരും. പഴഞ്ചനെന്ന പഴി കേള്‍ക്കാതിരിക്കാനും നിറയൗവനം കാത്തുസൂക്ഷിക്കാനും അനുയായികള്‍ തന്നെയാണ് ബദ്ധശ്രദ്ധരാകേണ്ടത്.

സമൂഹ വളര്‍ച്ച ഒരു യാഥാര്‍ഥ്യമാണ്. മനുഷ്യ ചിന്തയും വിജ്ഞാനീയങ്ങളും ജീവിത സാഹചര്യങ്ങളും അഭിരുചികളും നിരന്തരം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കും. ശരീഅത്ത് അവതീര്‍ണമായ ഏഴാം നൂറ്റാണ്ടില്‍നിന്ന് ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോള്‍ ഈ മാറ്റത്തിന് പ്രകാശവേഗമായിട്ടുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അഭൂതപൂര്‍വമായ മുന്നേറ്റം ലോകഘടനയെ, രാഷ്ട്രങ്ങളെ, സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളെ ശരവേഗത്തില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ജീവിത മേഖലകളിലും ഈ മാറ്റങ്ങളുടെ കൃത്യമായ പ്രതിഫലനം പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. തെളിവുകള്‍ നിരത്തി വിശദീകരിക്കേണ്ടതില്ലാത്ത വിഷയമാണിത്. ഇവ്വിധം ചലനാത്മകമായ ഒരു ലോകത്തോട് സംവദിക്കാന്‍ ജഡികമായ ഒരു നിയമവ്യവസ്ഥ തീര്‍ത്തും അശക്തമായിരിക്കും. അത് ചവറ്റുകുട്ടയില്‍ തള്ളപ്പെടും. മനുഷ്യ നാഗരികത അത്തരമൊരു അചേതന നിയമവ്യവസ്ഥയെ പുറംതള്ളി മുന്നോട്ടുകുതിക്കും. പക്ഷേ, ഇസ്‌ലാമിക നിയമസംഹിതക്ക് അത്തരമൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരില്ല. കാരണം, മെച്ചപ്പെട്ട  ഒരു നാഗരികതക്ക് അസ്തിവാരമാകാന്‍ കഴിയുന്ന മൗലിക നിയമങ്ങള്‍ വികസിക്കാനുള്ള ആന്തരിക കരുത്ത് അതിനുണ്ട്. പുനഃപരിശോധനകളും പുനഃസംവിധാനങ്ങളും ശരീഅത്തില്‍ ഒരു സ്വാഭാവിക പ്രക്രിയയാണ്. ശരീഅത്തില്‍നിന്ന് രൂപംകൊള്ളുന്ന കര്‍മശാസ്ത്രം(ഫിഖ്ഹ്) അതിന്റെ വഴിയാണ്. ആവശ്യാനുസാരം നടക്കേണ്ട ഫിഖ്ഹിന്റെ പുനരാവിഷ്‌കാരം വഴിയാണ് സാമൂഹിക പുരോഗതിക്ക് ശരീഅത്ത് അവസരമൊരുക്കുന്നത്.

മനുഷ്യനാഗരികതയുടെ വളര്‍ച്ചക്ക് അനുസൃതമായാണ് പ്രവാചകന്മാരുടെ പ്രബോധനം വികസിച്ചുവന്നിട്ടുള്ളത്. ആദം-നൂഹ് പ്രവാചകന്മാര്‍ മുതല്‍ മുഹമ്മദ്‌നബി വരെയുള്ളവരുടെ ചരിത്രം വിശകലനം ചെയ്താല്‍, ഓരോ പ്രവാചകനില്‍ നിന്നും അടുത്ത വ്യക്തിയിലേക്ക് ഇസ്‌ലാം കൈമാറ്റം ചെയ്യപ്പെടുമ്പോഴുള്ള വികാസം വ്യക്തമാകും. നിയമവ്യവസ്ഥകളില്‍ യാതൊരു മാറ്റവുമില്ലാത്ത മതമല്ല പ്രവാചകന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. മൗലികാടിത്തറകള്‍ ഒന്നായിരിക്കെത്തന്നെ സാമൂഹിക അവസ്ഥാന്തരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള വ്യത്യസ്ത നിയമക്രമങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കപ്പെടുകയായിരുന്നു. ”അവരിലോരുരുത്തര്‍ക്കും നാം ഓരോ നിയമവ്യവസ്ഥയും ജീവിതസരണിയും നിശ്ചയിക്കുകയുണ്ടായി” എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്.2 വ്യത്യസ്ത പ്രവാചകന്മാര്‍ക്ക് ഭിന്നസാഹചര്യങ്ങളില്‍ ഭിന്ന ശരീഅത്തുകള്‍ നല്‍കിയപോലെ, ഒരു പ്രവാചകന് രണ്ട് സാഹചര്യത്തില്‍ രണ്ട് നിയമശാസനകള്‍ നല്‍കിയത് പൂര്‍വിക ശരീഅത്തുകളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അടയാളമാണ്. മൂസാനബിക്ക് നല്‍കപ്പെട്ട യുദ്ധനിയമങ്ങള്‍ ഉദാഹരണം. ആദ്യഘട്ടത്തില്‍ ഈജിപ്തില്‍ ഫറോവയുടെയും ഖിബ്തി ഫാഷിസ്റ്റുകളുടെയും പീഡനങ്ങളെ ക്ഷമയും പ്രാര്‍ഥനയും വഴി മറികടക്കാന്‍ കല്‍പ്പിക്കുകയും സായുധ സംഘട്ടനം വിലക്കുകയും ചെയ്തു. എന്നാല്‍ ഈജിപ്ത് വിട്ട് സീനാ മരുഭൂമിയിലെത്തിയ ബനൂഇസ്‌റാഈല്യരോട് ഫലസ്ത്വീനില്‍പോയി യുദ്ധം ചെയ്യാന്‍ കല്‍പ്പിച്ചു. രണ്ട് സമീപനങ്ങളും ഖുര്‍ആന്‍ വിശകലനം ചെയ്തിട്ടുണ്ട്.3 ഈ രണ്ട് നിയമങ്ങളും പരസ്പരം ഏറ്റുമുട്ടുന്നവയല്ല. ഒന്നാം നിയമത്തെ റദ്ദ്(നസ്ഖ്) ചെയ്യുന്നതല്ല രണ്ടാം നിയമം. ഒരേ അടിസ്ഥാനത്തില്‍ ഊന്നിനിന്നുകൊണ്ട്, ഒരേ ലക്ഷ്യത്തിന് വേണ്ടിയുള്ള നിയമത്തിന്റെ രണ്ട് സമീപനങ്ങളാണത്.

ഇങ്ങനെ, ലോകനാഗരികതയുടെ ഋതുഭേദങ്ങളോട് ആരോഗ്യകരമായി സംവദിച്ചു കടന്നുവന്ന ദൈവിക ജീവിതവ്യവസ്ഥയുടെ ഈ സവിശേഷത മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട ശരീഅത്തിലും പ്രകടമാണ്. വിശുദ്ധ ഖുര്‍ആനിലെ നിയമാവതരണ ഘട്ടങ്ങള്‍, ഭിന്ന വ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍, ശരീഅത്ത് പ്രയോഗവല്‍ക്കരിക്കുന്നതില്‍ നബി സ്വീകരിച്ച രീതിശാസ്ത്രം തുടങ്ങിയവയില്‍ ഇതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്. ശരീഅത്തിന്റെ വളര്‍ച്ചാ ചരിത്രം വിശകലനം ചെയ്യുന്ന കൃതികളില്‍ ഇത് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.4

മുഹമ്മദ്‌നബിക്ക് നല്‍കപ്പെട്ട ശരീഅത്ത്, മാറ്റമില്ലാത്ത മൗലികാടിത്തറകളോടൊപ്പം, മാറിക്കൊണ്ടിരിക്കേണ്ട വിശദാംശങ്ങള്‍ക്കുള്ള വിശാല ഇടം കൂടി തുറന്നുവെച്ചിട്ടുണ്ട്; ഏഴാം നൂറ്റാണ്ടിന് ശേഷമുള്ള നാഗരിക വളര്‍ച്ചയെ അഭിസംബോധന ചെയ്യാന്‍ അങ്ങനെയാണ് ഇസ്‌ലാം പദ്ധതിയിട്ടത്. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് രണ്ട് വശങ്ങളുണ്ട്. പരസ്പര ബന്ധിതമാണവ.

 

ഒന്ന്: ഇസ്‌ലാമിക ശരീഅത്ത്

 

സുസ്ഥിരമായ അടിസ്ഥാന നിയമങ്ങളാണവ. സുവ്യക്തമായ ഖണ്ഡിത പ്രമാണങ്ങളിലൂടെ (നസ്വ്) നല്‍കപ്പെട്ട, ഭേദഗതികള്‍ക്ക് അവസരമില്ലാത്ത തത്ത്വങ്ങള്‍. സമൂഹത്തെ നേര്‍ദിശയില്‍ നയിക്കുവാനുള്ള ഈ ശരീഅത്ത് സമൂഹത്തിന് വിധേയപ്പെടുത്തുവാനോ, മാറുന്ന പരിതസ്ഥിതികള്‍ക്കും മനുഷ്യന്റെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് വളച്ചൊടിക്കുവാനോ പാടില്ലാത്തതാണ്. മനുഷ്യന്റെ കൈകടത്തലുകള്‍ക്ക് പഴുതില്ലാത്ത വിശുദ്ധമായ ദൈവിക നിയമങ്ങളും ശാശ്വതമൂല്യങ്ങളുമാണ് അവ. വിശ്വാസം, ആരാധന, അനുഷ്ഠാനമുറകള്‍, സാമൂഹിക വ്യവസ്ഥ തുടങ്ങിയവയിലെല്ലാം ഈ വശം പൂര്‍ണമായോ ഭാഗികമായോ അടങ്ങിയിട്ടുണ്ട്.

രണ്ട്: ഫിഖ്ഹ്-കര്‍മശാസ്ത്ര നിയമങ്ങള്‍

ശരീഅത്ത് അനുശാസിക്കുന്ന അടിസ്ഥാന നിയമങ്ങള്‍ക്കുപരിയായി, സാഹചര്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി, ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കാലാകാലങ്ങളില്‍ മഹത്തുക്കളായ പണ്ഡിതന്മാര്‍ ആവിഷ്‌കരിക്കുന്നതാണ് ഫിഖ്ഹ്-കര്‍മശാസ്ത്രം. ശരീഅത്തും ഫിഖ്ഹും രണ്ടാണെങ്കിലും പൊതുവെ ഫിഖ്ഹിനെയാണ് ‘ശരീഅത്ത്’ എന്ന് പലരും പറയാറുള്ളത്. വ്യഖ്യാന സാധ്യതയുള്ള പ്രമാണങ്ങളില്‍ ഗവേഷണം (ഇജ്തിഹാദ്) നടത്തിയും വ്യക്തമായ പ്രമാണങ്ങളില്ലാത്ത വിഷയങ്ങളില്‍ ഖിയാസ്, മസ്വാലിഹ് മുര്‍സല, ഇസ്തിഹ്‌സാന്‍ തുടങ്ങിയ തത്ത്വങ്ങളെ ആസ്പദിച്ച് നിര്‍ധാരണം നടത്തിയുമാണ് നിലവിലുള്ള ഫിഖ്ഹീ നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടത്.

പ്രമാണങ്ങളെ അടിസ്ഥാനമാക്കിയോ അവയുടെ വെളിച്ചത്തിലോ ഉള്ള പണ്ഡിതന്മാരുടെ ചിന്തകളില്‍നിന്നാണ് ഫിഖ്ഹ് രൂപം കൊള്ളുന്നത്. സ്വാഭാവികമായും ഒരു കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ ചിന്തകള്‍, അടുത്ത കാലഘട്ടത്തിലെ പണ്ഡിതന്മാരുടെ പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. കാലവും ലോകവും സാമൂഹിക സാഹചര്യങ്ങളും സമ്പ്രദായങ്ങളും മാറുന്നതിനനുസരിച്ച് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇങ്ങനെ മാറ്റുന്നത് അല്ലാഹുവിന്റെ നിയമങ്ങളല്ല, നബിയുടെ ചര്യകളുമല്ല, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍, പണ്ഡിതാഭിപ്രായങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പ്പിക്കാന്‍ പാടില്ലാത്തതാണ്. ഫിഖ്ഹിന്റെ വികാസം ഉറപ്പുവരുത്തുകയും, സാഹചര്യങ്ങള്‍ മാറുമ്പോള്‍ ശരീഅത്തിന്റെ ഉദ്ദേശ്യങ്ങള്‍ (മഖാസ്വിദുശരീഅ) പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ ഫത്‌വകള്‍ മാറ്റുകയും ചെയ്യുക എന്നതിനര്‍ഥം പഴയ നിയമങ്ങളെ റദ്ദ് (നസ്ഖ്) ചെയ്യുകയെന്നല്ല. നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തലും (നസ്ഖ്), ഫത്‌വകള്‍ മാറലും രണ്ട് കാര്യങ്ങളാണ്.

തീര്‍ത്തും വാസ്തവവിരുദ്ധവും അനുഭവ സത്യങ്ങളോട് ഇടയുന്നതുമായ നിഗമനങ്ങള്‍ കര്‍മശാസ്ത്രകാരന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ഏറ്റവും കൂടിയ ഗര്‍ഭകാലത്തെക്കുറിച്ച മദ്ഹബുകളുടെ നിലപാട് ഉദാഹരണം. രണ്ടുവര്‍ഷം, നാലുവര്‍ഷം, അഞ്ചുവര്‍ഷം, ഏഴുവര്‍ഷം എന്നിങ്ങനെ കൂടിയ ഗര്‍ഭകാലത്തെക്കുറിച്ച സമുന്നത മദ്ഹബ് പണ്ഡിതര്‍ വിധിപറഞ്ഞത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നുണ്ട്.5  ഇതിനെ അനുകരിച്ചു (തഖ്‌ലീദ് ചെയ്തു) കൊണ്ട് ഇന്ന് വിധിപ്രസ്താവിച്ചാല്‍ എങ്ങനെയിരിക്കും!?

വിവാഹം നിഷിദ്ധമായ പുരുഷന്‍(മഹ്‌റം) കൂടെയില്ലാതെ ഒരു സ്ത്രീ തനിച്ച് യാത്ര ചെയ്യുന്നത് നബി വിലക്കിയതായി ഹദീസ് ഉണ്ട്. വിജനമായ മരുഭൂമിയില്‍, പലതരം ആപച്ഛങ്കകള്‍ക്കു മധ്യേ ഒരു സ്ത്രീ ഒറ്റക്ക് യാത്ര ചെയ്താലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച ചിന്തയാണ് ഈ വിലക്കില്‍ അന്തര്‍ലീനമായിട്ടുള്ളത്. ഇത് ഇന്നും ചിലര്‍ കണിശമായി നടപ്പിലാക്കുന്നുണ്ട്. എന്നാല്‍, ഒരുപാടുപേര്‍ ഒന്നിച്ചുയാത്ര ചെയ്യുന്ന ആധുനിക ഗതാഗത സംവിധാനങ്ങളില്‍ സാമൂഹിക സുരക്ഷയുടെ സാഹചര്യമുള്ളപ്പോള്‍ പഴയ വിധി തന്നെയാണോ അതേപടി നിലനിര്‍ത്തേണ്ടത്? പഴയ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പുതിയ സാഹചര്യത്തില്‍ മറ്റൊരു വിധത്തില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നിരിക്കെ മാറിയ പരിതസ്ഥിതിയില്‍ പുനരാലോചന അനിവാര്യമല്ലേ? മറ്റൊരു പ്രവാചകവചനം ഇതോടു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. അദിയ്യ്ബ്‌നുഹാത്വിം ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: ”ഒരു സ്ത്രീ ഹീറയില്‍നിന്ന് അംഗരക്ഷകരില്ലാതെ യാത്ര പുറപ്പെട്ട് കഅ്ബയില്‍വന്ന് പ്രദക്ഷിണം വെക്കുന്ന കാലം വരും; അല്ലാഹുവെ അല്ലാതെ മറ്റൊന്നിനെയും അവള്‍ ഭയപ്പെടേണ്ടി വരില്ല.”6 ‘മഹ്‌റം’ ഇല്ലാതെ യാത്ര ചെയ്യാവുന്ന സാമൂഹികസുരക്ഷയുടെ അന്തരീക്ഷത്തെക്കുറിച്ച് ഈ ഹദീസ് ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്. അപ്പോള്‍ ഒന്നാമത്തെ ഹദീസ് ഉള്‍ക്കൊള്ളുന്ന നിയമത്തില്‍നിന്ന്, സാഹചര്യങ്ങള്‍ മാറുമ്പോള്‍ രണ്ടാമത്തെ ഹദീസ് ഉള്‍ക്കൊള്ളുന്ന ആശയത്തിലേക്ക് സഞ്ചരിക്കാന്‍ ഫിഖ്ഹിന് ദിശാബോധവും ഗതിവേഗവും ഉണ്ടാകേണ്ടതുണ്ട്. ഇതിനെയാണ് നാം നിയമസംഹിതയുടെ വികാസക്ഷമതയെന്നും കര്‍മശാസ്ത്രത്തിന്റെ പുനഃസംവിധാനമെന്നും വിളിക്കുന്നത്. അത് പൂര്‍ത്തീകരിക്കാന്‍ വിശുദ്ധ ഖുര്‍ആനെയും നബിചര്യയെയും പുനര്‍വായന നടത്തണം; പൂര്‍വിക വ്യാഖ്യാനങ്ങളെല്ലാം ആദരിച്ചുകൊണ്ടുതന്നെ. മദ്ഹബുകള്‍ പുനഃപരിശോധന നടത്തണം; അതിന്റെ ഉപജ്ഞാതാക്കളെ മഹത്വപ്പെടുത്തിക്കൊണ്ടുതന്നെ. മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ എഴുതപ്പെട്ട വ്യക്തിനിയമങ്ങള്‍ ശരീഅത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ചേരുംവിധവും ഉദ്ദേശ്യലക്ഷ്യങ്ങള്‍ (മഖാസ്വിദുശരീഅ) സഫലമാകുംവിധവും പൊളിച്ചെഴുതാന്‍ ധൈര്യം കാണിക്കണം.

നബിക്കുശേഷം ഖലീഫമാരും മറ്റു സ്വഹാബിമാരും നിയമവികാസത്തിന്റെ ചേതോഹര ചിത്രങ്ങള്‍ വരഞ്ഞുവെക്കുകയുണ്ടായി. അവരെത്തുടര്‍ന്നുവന്നവരും (താബിഉകള്‍), ഇമാമുമാരും പ്രവാചക സഖാക്കളുടെ മാതൃക സ്വീകരിച്ചുകൊണ്ട് ബഹുദൂരം മുന്നോട്ടുപോയി. ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടുകള്‍ ഗവേഷണ പഠനത്തിന്റെയും (ഇജ്തിഹാദ്) കര്‍മശാസ്ത്ര (ഫിഖ്ഹ്) വികാസത്തിന്റെയും സുവര്‍ണ കാലഘട്ടമായിരുന്നു. മദ്ഹബുകളുടെ രംഗപ്രവേശം വികാസക്ഷമതയുടെ അനവദ്യ സുന്ദരമായ ആവിഷ്‌കാരമായിരുന്നു. യഥാര്‍ഥത്തില്‍, ഇമാമുമാര്‍ ഒരു വാതില്‍ തുറക്കുകയാണ് ചെയ്തത്. അവര്‍ അവര്‍ക്കുവേണ്ടി മാത്രമല്ല, വരുംതലമുറക്കുകൂടി വേണ്ടിയാണ് ആ വാതില്‍ തുറന്നത്. പക്ഷേ, അനുയായികള്‍ ഏറെക്കഴിയുംമുമ്പേ ആ വാതില്‍ അടച്ചുകളഞ്ഞു. ഇനിയൊരാളും അതു തുറക്കരുതെന്ന് ഉത്തരവിറക്കുകയും ചെയ്തു.

രണ്ടു പ്രതിസന്ധികളാണ് വികാസക്ഷമതക്ക് വിഘാതമായിനിന്നത്. ഒന്ന്, പുതിയ നിയമസമീപനങ്ങളിലൂടെ വികാസക്ഷമത ഉറപ്പുവരുത്താന്‍ നെടുനായകത്വം വഹിച്ച ഭരണനേതൃത്വത്തിന്റെ അഭാവം. ഖിലാഫത്തുര്‍റാശിദയുടെ പതനവും പിന്നീടുവന്ന ഭരണാധികാരികളുടെ നിലപാടുകളും പ്രതികൂലമായി ബാധിച്ചു. രണ്ട്, ഗവേഷണപഠനങ്ങളുടെ (ഇജ്തിഹാദ്) വാതിലുകള്‍ അടച്ചുപൂട്ടുകയും മദ്ഹബുകള്‍ തമ്മില്‍ കക്ഷിവഴക്കുകള്‍ രൂക്ഷമാവുകയും മതനേതൃത്വത്തെ ദുഷിപ്പുകള്‍ പിടികൂടുകയും ചെയ്തു. മദ്ഹബുകള്‍ക്കകത്തും പുറത്തുമുള്ള ഒറ്റപ്പെട്ട പണ്ഡിതന്മാര്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമം നടത്തുകയുണ്ടായി. മദ്ഹബുകള്‍ക്കകത്ത് ‘അഹ്‌ലുത്തഖരീജ്’ എന്നൊരു വിഭാഗം വളര്‍ന്നുവന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. അബൂബകര്‍ ഇബ്‌നുല്‍ അറബി, ഇസ്സുദ്ദീനുബ്‌നുഅബ്ദിസ്സലാം, ഇബ്‌നുദഖീഖില്‍ഈദ്, കമാലുബ്‌നുല്‍ഹുമ്മാം, ഇബ്‌നുതൈമിയ, ഇബ്‌നുല്‍ഖയ്യിം, ഇമാം ജലാലുദ്ദീന്‍ സുയൂത്വി, ശാഹ്‌വലിയ്യുല്ലാഹിദ്ദഹ്‌ലവി, ഇമാം ശൗകാനി തുടങ്ങിയ പ്രമുഖരെല്ലാം ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. എന്നാല്‍ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു മുന്നേറ്റം നീണ്ട നൂറ്റാണ്ടുകളായി ഈ രംഗത്ത് ഉണ്ടായില്ല. ഇസ്‌ലാമിക നിയമങ്ങളുടെ വികാസക്ഷമത പിന്നീട് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രംഗപ്രവേശത്തോടെയാണ്. ഗവേഷണ പഠനങ്ങളുടെയും നിയമ പുനഃസംവിധാനത്തിന്റെയും ആവശ്യകത ഉറക്കെ പറയുന്നതിനപ്പുറം, ആഴമുള്ള വൈജ്ഞാനിക ചുവടുവെപ്പുകളൊന്നും ഈ രംഗത്ത് അവരില്‍നിന്ന് ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നതാകും ശരി.

continued next

[email protected]

 

കുറിപ്പുകള്‍

1.    ഇബ്‌റാഹീം – 24

2.    അല്‍മാഇദ – 48

3.    അല്‍അഅ്‌റാഫ് – 128, അല്‍മാഇദ – 24

4.    താരീഖുത്തശ്‌രീഇല്‍ഇസ്‌ലാമി-മുഹമ്മദ് ഖുദ്‌രിബക്, താരീഖുത്തശ്‌രീഅ്-മന്നാഉല്‍ ഖത്വാന്‍.

5.    അല്‍മുഹല്ലാ, ഇബ്‌നുഹസം, പേജ്:10, സുനനുല്‍കുബ്‌റാ, ബൈഹഖി, വാള്യം:7, പേജ്:443.

6.    മുസ്‌നദ് അഹ്മദുബ്‌നുഹമ്പല്‍.

 

 

Related Post