-മുഹമ്മദ് സ്വാലിഹ് അല്‍ മുന്‍ജിദ്
അല്ലാഹു പറയുന്നു: ‘അതിനാല്‍ നിങ്ങള്‍ രാത്രിയും രാവിലെയും അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുക. ആകാശത്തും ഭൂമിയിലും അവനുതന്നെയാണ് സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ വാഴ്ത്തുവീന്‍’. (വി: ഖു.30:17,18)
ഈ ആയത്തിന്റെ തഫ്സീറില്‍ പറയുന്നു: ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഖുര്‍ആനില്‍ അഞ്ച് നമസ്കാരങ്ങളുമുണ്ട്. ശിഷ്യര്‍ ചോദിച്ചു: എവിടെ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘രാവില്‍ നിങ്ങള്‍ അവന്റെ വിശുദ്ധിയെ വാഴ്ത്തുക’. ഇവിടെ ഉദ്ദേശം മഗ്രിബ് നമസ്കാരവും ഇശാ നമസ്കാരവുമാണ്. ‘രാവിലെയും’ എന്നതുകൊണ്ടുദ്ദേശം സുബ്ഹി നമസ്കാരമാണ്. ‘വൈകുന്നേരം’ എന്നത് അസര്‍ നമസ്കാരമാണുദ്ദേശം. ഉച്ചതിരിയുമ്പോള്‍ എന്നതിന് മധ്യാഹ്ന(ളുഹ്ര്) നമസ്കാരമാണ് ഉദ്ദേശം.
ദഹാക്, സഈദ് ബ്നു ജുബൈര്‍ എന്നീ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതേ വ്യാഖ്യാനമാണ് ഈ ആയത്തുകള്‍ക്ക് നല്‍കിയിട്ടുള്ളത്.
ഈ സൂക്തത്തില്‍ നാല് നമസ്കാരങ്ങളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇശാ നമസ്കാരത്തെക്കുറിച്ച് സൂറത്തു ഹൂദിലെ സൂക്തം 114-ലാണ് പറഞ്ഞിരിക്കുന്നത്. ‘പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.’
മിക്കവാറും പണ്ഡിതര്‍ ആദ്യ അഭിപ്രായത്തെയാണ് പിന്തുണച്ചിരിക്കുന്നത്. ഇമാം ജസ്വാസ്വ് പറയുന്നു: ‘നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.’ അബ്ദുല്ലാ ബ്നു മസ്ഊദില്‍ നിന്ന് റിപ്പോര്‍ട്ട്. അദ്ദേഹം പറഞ്ഞു: ഈ ആയത്തിന്റെ (4:103) ഉദ്ദേശം ഹജ്ജിന്റെ സമയം പോലെ നമസ്കാരത്തിനും സമയക്രമമുണ്ട് എന്നാകുന്നു. ഇബ്നു അബ്ബാസ് മുജാഹിദ് അത്വിയ്യ എന്നിവര്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ എന്നാണ് വ്യാഖ്യാനിച്ചത്. നിര്‍ണിത സമയത്തിന്റെ ഉദ്ദേശം: നിര്‍ണിതവും അറിയപ്പെട്ടതുമായ സമയത്ത് നമസ്കാരങ്ങള്‍ നിര്ബകന്ധമാണ് എന്നാണ്. ഇവിടെ എല്ലാ സമയവും പൊതുവായി പരാമര്ശിക്കകയാണ് ചെയ്തിരിക്കുന്നത്. വേറെ ആയത്തുകളില്‍ ക്രമത്തിലല്ലാതെ മുഴുവന്‍ നമസ്കാരത്തിന്റെയും സമയങ്ങള്‍ പരാമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത്. പിന്നെ നബി(സ) അതിന്റെ ക്രമവും റക്അത്തുകളുടെ എണ്ണവും പഠിപ്പിക്കുകയും ചെയ്തു.
അല്ലാഹു ഖുര്‍ആനിലൂടെ നമസ്കാര സമയം പറയുന്നത് വ്യത്യസ്ത സൂക്തങ്ങളിലൂടെയാണ്. ‘സൂര്യന് തെറ്റുന്നതു മുതല്‍ രാവ് ഇരുളും വരെ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്തുള്ള പ്രഭാത നമസ്കാരവും.’ മുജാഹിദ് ഇബ്നു അബ്ബാസില്‍ നിന്നും ഉദ്ധരിക്കുന്നു: ‘ദുലൂക്കു ശംസ്’ എന്നതിന്റെ ഉദ്ദേശം സൂര്യന് ആകാശത്തിന്റെ മധ്യത്തില്‍ നിന്ന് നീങ്ങിയാല്‍ എന്നാണ്. അഥായത് ളുഹ്റ് നമസ്കാരമാണ് ഉദ്ദേശിച്ചത്. ‘ഇലാ ഗസകില്ലൈലി’ എന്നതിന്റെ ഉദ്ദേശം രാത്രി തുടങ്ങുമ്പോള്‍ അഥായത് മഗ്രിബും ഇശായുമാണ്. ഇബ്നു ഉമറും ഇതേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്.
മറ്റൊരു ആയത്തില്‍ പറയുന്നു: പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ ആദ്യയാമത്തിലും നീ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക.(11:114) ഹസന്(റ) പറയുന്നു: ഇവിടെ പകലിന്റെ രണ്ടറ്റംകൊണ്ടുദ്ദേശം സുബ്ഹി നമസ്കാരവും ളുഹ്റും അസറുമാകുന്നു. രാത്രിയിലെ നമസ്കാരങ്ങള്കൊണ്ട് മഗ്രിബും ഇശാഉമാണ് ഉദ്ദേശം. ഇങ്ങനെ അഞ്ച് നമസ്കാരങ്ങളും ഈ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഹസനും ലൈസും ഇതേ ആശയത്തില്‍ സൂറത്തുറൂമിലെ 17,18 ആയത്തുകളെ വിശദീകരിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ ഖാഫ് സൂക്തം 39-ലും സൂറത്തുത്വാഹ സൂക്തം 130-ലും ഇതുപോലെ നമസ്കാരത്തിന്റെ സമയങ്ങള്‍ ക്രമത്തിലല്ലാതെ പറഞ്ഞിരിക്കുന്നു എന്നാണ് ഇബ്നു അബ്ബാസില്‍നിന്നും മറ്റ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്.(അഹ്കാമുല്‍ ഖുര്‍ആന്‍, ജസ്വാസ്വ്)