അല്ലാഹുവിനെ സൂക്ഷിക്കുക ; അവന്‍ നിന്നെ കാത്തുകൊള്ളും

575451_510915718956605_1177039899_n

നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്

ഹദീസ് : ഒരിക്കല്‍ ഇബ്‌നു അബ്ബാസ്(റ) പ്രവാചക(സ്വ)നോടൊപ്പം സഞ്ചരിക്കുകയായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘മോനെ, നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്. ശ്രദ്ധിച്ചുകേട്ടോളണം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ്. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക. നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക. നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല. നിനക്ക് എന്തെങ്കിലുമൊരു ദ്രോഹം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒന്നിച്ചധ്വാനിച്ചാലും, അല്ലാഹു നിനക്കുണ്ടാകാനുദ്ദേശിച്ച വിപത്തല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധ്യമല്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു.’ (തിര്‍മിദി)

പ്രവാചകന്റെ പിതൃവ്യ പുത്രനായ ഇബ്‌നു അബ്ബാസ്(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തത്. ഉമ്മത്തിന്റെ പണ്ഡിതന്‍, ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മശാസ്ത്ര വിശാരദന്‍ എന്നീ നിലകളിലെല്ലാം സഹാബികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണദ്ദേഹം. അദ്ദേഹത്തിന് ദീനില്‍ അവഗാഹം നേടാനും വ്യാഖ്യാനങ്ങള്‍ പഠിപ്പിക്കാനുമായി പ്രവാചകന്‍(സ) പ്രത്യേകം പ്രാര്‍ഥിച്ചിരുന്നു. ആഴമേറിയ വിജ്ഞാനത്തിന്റെ ഉടമയായ അദ്ദേഹം വിജ്ഞാന സാഗരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
വാചകങ്ങളുടെ അര്‍ഥങ്ങള്‍:
മോനേ : – ഇബ്‌നു അബ്ബാസ്(റ) ചെറിയ കുട്ടിയായിരുന്നു. പ്രവാചകന്‍(സ) മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് പതിനഞ്ചില്‍ താഴെ വയസ്സാണ് ഉണ്ടായിരുന്നത്.

നിനക്ക് ഞാന്‍ കുറച്ച് കാര്യങ്ങള്‍ പഠിപ്പിക്കുകയാണ് : – പറയുന്ന കാര്യത്തിലേക്ക് പൂര്‍ണശ്രദ്ധ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രയോഗിക്കുന്ന ശൈലിയാണിത്.

നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാത്ത് രക്ഷിക്കുന്നതാണ് : -നീ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കണം. എന്നാല്‍ നിന്റെ ദീനിനെയും കുടുംബത്തെയും സ്വത്തിനെയും ശരീരത്തെയുമെല്ലാം അല്ലാഹു സംരക്ഷിക്കുന്നതാണ്. ‘നിങ്ങള്‍ എന്നെ ഓര്‍ക്കുക, ഞാന്‍ നിങ്ങളെയും സ്മരിക്കുന്നതാണ് ‘ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ എന്റെ കരാറുകള്‍ പാലിക്കുന്ന പക്ഷം നിങ്ങളോടുള്ള കരാറുകള്‍ ഞാന്‍ പൂര്‍ത്തീകരിക്കുന്നതാണ് എന്നും വിശുദ്ധ ഖുര്‍ആനിലൂടെ വിവരിച്ചതായി കാണാം. മാത്രമല്ല, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാത്തവന്റെ സംരക്ഷണം അല്ലാഹുവിന്റെ ബാധ്യതയില്‍ പെട്ടതല്ല എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.

അവനെ നിനക്ക് നിന്റെ മുന്നില്‍ കാണാവുന്നതാണ് : നിന്റെ മുമ്പില്‍ അല്ലാഹുവിലേക്ക് നിന്നെ അടുപ്പിക്കുകയും അവന്റെ കഴിവിനെ മനസ്സിലാക്കുകയും ചെയ്യുന്ന നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. അതിലൂടെ നിനക്ക് അവനെ കണ്ടെത്താന്‍ കഴിയും. ‘ അല്ലാഹു സൂക്ഷമത പുലര്‍ത്തുന്ന സുകൃതവാന്മാരോടൊപ്പമാണ് ‘ എന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണാം.
നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവോട് മാത്രം ചോദിക്കുക : പ്രാര്‍ഥന ഇബാദത്താണ്. അത് അല്ലാഹുവിനോട് മാത്രമേ അര്‍പ്പിക്കാവൂ എന്നത് അടിമകളുടെ ബാധ്യതയാണ്. പ്രതീക്ഷയോടെയും ഭയത്തോടെയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നത് അവന്റെ ഇഷ്ടദാസന്മാരുടെ വിശേഷണമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അല്ലാഹു അവനോട് ചോദിക്കുന്നത് അതിയായി ഇഷ്ടപ്പെടുന്നു. സൃഷ്ടികളായ നാം നമ്മോട് വല്ലതും ചോദിക്കുന്നത് വെറുക്കുന്നവരുമാണ്. അത് നമ്മുടെ ദൗര്‍ബല്യത്തെയും അല്ലാഹുവിന്റെ അപാരമായ ശക്തിയെയും കുറിക്കുന്നതാണ്.
നീ സഹായം തേടുന്നുവെങ്കില്‍ അല്ലാഹുവിനോടു തന്നെ തേടുക: ആകാശ ഭൂമികളുടെ ഖജാനയുള്ള അല്ലാഹുവിനോട് മാത്രമേ സൃഷ്ടികള്‍ സഹായം തേടാന്‍ പാടുള്ളൂ. ആരെങ്കിലും അല്ലാഹുവിനോട് സഹായം തേടിയാല്‍ അല്ലാഹു അവനെ കൈവിടില്ല. അല്ലാഹു നിങ്ങളെ സഹായിക്കുന്ന പക്ഷം നിങ്ങളെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല, അവന്‍ നമ്മെ കൈവെടിഞ്ഞാല്‍ നമ്മെ ആര്‍ക്കാണ് സഹായിക്കാന്‍ കഴിയുക എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്്.

നിനക്കെന്തെങ്കിലും ഉപകാരം ചെയ്യാന്‍ ഒരു സമൂഹം മുഴുവന്‍ ഒത്തൊരുമിച്ചാലും ശരി, അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാതെ യാതൊരുപകാരവും നിനക്കുവേണ്ടി അവര്‍ക്ക് ചെയ്യാനാകില്ല, അപ്രകാരം തന്നെ ഉപദ്രവവും :- ഈ ഭൂമുഖത്ത് മനുഷ്യന് സംഭവിക്കുന്ന എല്ലാ ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിന്റെ മുന്‍കൂട്ടിയുളള അറിവിന്റെ അടിസ്ഥാനത്തിലാണ്. അതെല്ലാം രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അതില്‍ മാറ്റം വരുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ല.
പേനകള്‍ ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു. പേജുകള്‍ ഉണങ്ങുകയും ചെയ്തു : ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.( ഹദീദ് 22)

ഉള്ളടക്കം :
അല്ലാഹുവിന്റെ കല്‍പനകള്‍ അനുധാവനം ചെയ്യാനും നിരോധനങ്ങള്‍ വര്‍ജിക്കാനും അവന്റെ പരിധികള്‍ ലംഘിക്കാതെ സൂക്ഷിക്കാനുമുള്ള പ്രവാചക കല്‍പനയാണ് ഈ ഹദീസിലുള്ളത്. ആദര്‍ശമായ തൗഹീദിനെ എല്ലാവിധ വ്യതിചലനങ്ങളില്‍ നിന്നും കാത്തുസൂക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രഥമ പടി. വിശ്വാസി ജീവിതത്തില്‍ പുലര്‍ത്തേണ്ട ഇബാദത്തുകളും കര്‍മങ്ങളും കൃത്യമായി പാലിക്കുക, അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്നതെല്ലാം ഇതിന്റെ ഭാഗമാണ്. ഇതിലൂടെ മനുഷ്യന് അല്ലാഹുവിന്റെ സംരക്ഷണം നേടിയെടുക്കാവുന്നതാണ്. അവന്‍ അവരെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അത് രണ്ടുവിധത്തിലാണ്.
1. പിഴച്ച ആദര്‍ശങ്ങളില്‍ നിന്നും വിശ്വാസ സംഹിതകളില്‍ നിന്നും മ്ലേഛമായ വികാരങ്ങളില്‍ നിന്നും വ്യതിചലനങ്ങളില്‍ നിന്നും  സംരക്ഷണം നല്‍കി ഒരു അടിമക്ക് തന്റെ ദീനിലും വിശ്വാസത്തിലും അല്ലാഹു സംരക്ഷണമേകുന്നതാണ്. ഈമാനോട് കൂടി മരിക്കാനുള്ള ഭാഗ്യവും നല്‍കും.
2. ഒരു അടിമയുടെ ഐഹിക ജീവിതത്തില്‍ തന്നെ അവന്റെ ജീവനും സ്വത്തിനും കുടുംബത്തിനും അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടാകും. അവന്റെ മലക്കുകളെ ഇവരുടെ സംരക്ഷണത്തിനായി നിയമിക്കുകയും ചെയ്യും.
പ്രവാചകന്‍(സ) ദിനേന പ്രഭാതത്തിലും പ്രദോഷത്തിലും പ്രാര്‍ഥിക്കാറുണ്ടായിരുന്നു : അല്ലാഹുവേ, എന്റെ ദീനിനും ദുനിയാവിനും പരലോകത്തിനും ധനത്തിനും നീ സൗഖ്യവും സംരക്ഷണവും നീ നല്‍കേണമേ! എന്റെ നഗ്നതയെ മറക്കുകയും ഭയത്തില്‍ നിന്ന് നിര്‍ഭയത്വം നല്‍കുകയും ചെയ്യേണമേ! എന്റെ വലത്തും ഇടത്തും മുമ്പിലും പിന്നിലും നിന്റെ സംരക്ഷണമേകേണമേ! (അബൂദാവൂദ്)
ഈ സംരക്ഷണമാണ് അല്ലാഹു അഗ്നികുണ്ഡാരത്തിലെറിയപ്പെട്ടപ്പോള്‍ ഇബ്രാഹീം നബിക്ക് നല്‍കിയത്. യൂസുഫ് നബിയെ പൊട്ടക്കിണറില്‍ നിന്നും മൂസാനബിയെ നദിയില്‍ നിന്നും രക്ഷിച്ചത് ഈ സംരക്ഷണത്താലാണ്. ഈ സംരക്ഷണത്തിന്റെ പ്രതിധ്വനികള്‍ തലമുറകളോളം നീണ്ടുനില്‍ക്കും. സഈദു ബ്‌നുല്‍ മുസയ്യബ് അദ്ദേഹത്തിന്റെ മകനോട് പറയാറുണ്ടായിരുന്നു. ‘ നിനക്ക് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുമെന്ന കാരണത്താല്‍ ഞാന്‍ എന്റെ നമസ്‌കാരം വര്‍ദ്ദിപ്പിക്കുക തന്നെ ചെയ്യും.’എന്നിട്ട് അദ്ദേഹം സൂറ അല്‍ കഹ്ഫിലെ ‘ അവരിരുവരുടെയും പിതാവ് സ്വാലിഹായിരുന്നു’ എന്ന ഭാഗം പാരായണം ചെയ്യുകയും ചെയ്തു.
അല്ലാഹുവിനോട് സഹായം തേടാനും അവനില്‍ എല്ലാം ഭരമേല്‍പിക്കാനും പ്രവാചകന്‍ (സ) പ്രേരിപ്പിക്കുകയുണ്ടായി. എല്ലാ നമസ്‌കാരത്തിന്റെ ശേഷവും ഇപ്രകാരം പ്രാര്‍ഥിക്കാന്‍ വേണ്ടി റസൂല്‍(സ) മുആദിനോട് ആവശ്യപ്പെട്ടു: അല്ലാഹുവേ നിനക്ക് നന്നായി ഇബാദത്ത് ചെയ്യാനും നന്ദി അര്‍പിക്കാനും നിന്നെ സ്മരിക്കാനും എന്നെ നീ സഹായിക്കേണമേ! (അബൂദാവൂദ്)
ഒരു അടിമ തന്റെ നാഥനോടുള്ള സഹായാഭ്യര്‍ഥന ശക്തിപ്പെടുത്തിയാല്‍ അവന്റെ ഖദറിലും ഖളാഇലും(വിധിവിശ്വാസം) ആഴത്തിലുള്ള വിശ്വാസമുണ്ടാകുകയും എല്ലാ കാര്യവും അവനില്‍ ഭരമേല്‍പിക്കുകയും ചെയ്യും. ശത്രുക്കളുടെ കുതന്ത്രങ്ങളൊന്നും അവന്‍ പരിഗണിക്കുകയില്ല, കാരണം അവന് ഉപദ്രവമേല്‍പിക്കണമെന്ന് എല്ലാ മനുഷ്യരും തീരുമാനിച്ചാലും അല്ലാഹു തീരുമാനിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല എന്ന ദൃഢ വിശ്വാസമായിരിക്കും അവനെ നയിക്കുന്നത്.
(അവലംബം : www.sayed47.own0.com
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Post