പെണ്ണുങ്ങള്‍ക്ക് പറയാനുള്ളത്

 

എഴുതിയത് : ഷെലീന ജാന്‍ മുഹമ്മദ്
Hydrangeasമുസ് ലിം സ്ത്രീകള്‍ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. പെണ്ണുങ്ങള്‍ എങ്ങനെ വേഷം ധരിക്കണം, ഇസ് ലാമിനുനേരെയുള്ള ചോദ്യശരങ്ങളെ എങ്ങനെ നേരിടണം, മുസ് ലിം സ്ത്രീകള്‍ക്ക് വകവെച്ചുനല്‍കപ്പെട്ടിട്ടുള്ള അവകാശങ്ങള്‍ എന്ത് എങ്ങനെ ഒട്ടേറെ ചര്‍വിതചര്‍വണങ്ങളില്‍ മനംമടുത്ത് മുസ് ലിം സ്ത്രീകള്‍ സ്വയംതന്നെ മാറ്റത്തിന് നാന്ദികുറിച്ചിരിക്കുന്നു. പക്ഷേ, നിങ്ങള്‍ പുരുഷന്‍മാരെന്തുചെയ്യുന്നു?ഞാന്‍ രണ്ടുകാര്യങ്ങള്‍ പ്രസ്താവിക്കുകയാണിവിടെ. ഒന്ന്, ഞാന്‍ മുസ്‌ലിംസ്ത്രീകളുടെ വക്കാലത്തേറ്റെടുത്തിരിക്കുന്നു; അതായത് സ്ത്രീകള്‍ ഇസ്‌ലാമികവിശ്വാസപ്രമാണങ്ങളുടെ ചട്ടക്കൂടിലൊതുങ്ങിനിന്നുകൊണ്ട് സമുദായത്തിനകത്തുള്ള ലിംഗനീതിയെസംബന്ധിച്ച പാരമ്പര്യ കാഴ്ചപ്പാടുകളെ തിരുത്താനുറച്ചുകഴിഞ്ഞു. രണ്ട്, ആഗോളലോകക്രമം നിയാമകമാറ്റത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കെ, മുസ്‌ലിംസ്ത്രീകള്‍ ചുറ്റുപാടുനിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഹിമാലയപര്‍വതംകണക്കെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു.
ഇത് മുന്നില്‍ വെച്ചുകൊണ്ട് ഞാന്‍ ചോദിക്കുകയാണ്, നിങ്ങള്‍ മുസ് ലിം ചെറുപ്പക്കാരനായതുകൊണ്ടെന്താ ? മുസ് ലിംസ്ത്രീക്ക് പ്രതിസന്ധികളുള്ളതുപോലെ ആണുങ്ങള്‍ക്കുമുണ്ട് പ്രശ്‌നങ്ങള്‍ എന്ന് ഞാന്‍ വിചാരിക്കുന്നു. ‘സ്ത്രീകളും ഇസ് ലാമും’ അങ്ങനെ തുടങ്ങി സ്ത്രീകളെ സംബോധനചെയ്യുന്ന ഒട്ടേറെ പുസ്തകങ്ങളുണ്ട്. എന്നാല്‍ ആണുങ്ങളും ഇസ് ലാമും എന്നതലക്കെട്ടില്‍ വല്ല പുസ്തകവുമുണ്ടോ? എന്താ ഞാന്‍ പറഞ്ഞതുകേട്ടിട്ട് ആശ്ചര്യം തോന്നുന്നുണ്ടോ ?വ്യത്യസ്ത സംസ്‌കാരങ്ങളുടെയും ദീനീവിശ്വാസത്തിന്റെയും ഇടയില്‍പെട്ട് വിശ്വാസിനികള്‍ വലയുകയാണെപ്പോഴും. അതുപോലെ വിശ്വാസികളായ ആണുങ്ങളും അനുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്,വസ്ത്രധാരണത്തിന്റെ വിഷയത്തില്‍ ആണുങ്ങള്‍ക്ക് നിയതരൂപത്തിലുള്ള ഏതെങ്കിലും വസ്ത്രത്തെപ്പറ്റി ,അതിന്റെ ഇറുക്കത്തെപ്പറ്റിയോ അയവിനെപ്പറ്റിയോ മാനദണ്ഡം പറയാറുണ്ടോ ? അതേസമയം പുരുഷന്മാരുടെ ലൈംഗികാസക്തിയെ ചെറുക്കാന്‍ പര്‍ദയാണ് ഏറ്റവുമനുയോജ്യമെന്ന് ഐകകണ്‌ഠേന പറയുന്നു. നിങ്ങളെ പ്രകോപിപ്പിക്കുകയല്ല, അതല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് നിര്‍ദേശിക്കാനുണ്ടാകില്ല. ഞങ്ങള്‍ പര്‍ദയിടാനായി നിങ്ങള്‍ പറയുന്ന ന്യായമുണ്ടല്ലോ അതായത് പുരുഷന്മാരൊക്കെ കാമാര്‍ത്തരായ ഗുഹാമനുഷ്യരാണെന്നും അതിനാല്‍ അവരെ സൂക്ഷിക്കണമെന്നും. പുരുഷന്‍മാരെ ആക്ഷേപിക്കുന്ന ആ വര്‍ത്തമാനം ഇനിയെങ്കിലും അവസാനിപ്പിക്കണം. വിനയത്തോടെ പറയട്ടെ, പര്‍ദ ഇടാന്‍ ഞങ്ങള്‍ക്കിനിയും മടിയൊന്നുമില്ലട്ടോ.
സ്വത്വപ്രകാശനത്തെയും വാര്‍പ്പുമാതൃകാപ്രചാരണത്തെയും പറ്റിയാണ് അടുത്തത്. ‘ക്ഷുഭിതയൗവനങ്ങള്‍’ എന്നുപറഞ്ഞുകൊണ്ട് മീശവടിച്ചും താടിനീട്ടിവളര്‍ത്തിയും നടക്കുന്ന ചെറുപ്പക്കാരെ ഭീകരരായി ചിത്രീകരിക്കുന്നതുള്‍പ്പെടെ ഒട്ടേറെ അവഹേളനങ്ങളെ ചെറുക്കാന്‍ എന്താണ് ചെയ്തത്?
സ്ത്രീകളെ സംസ്‌കരിക്കാനും അവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും നാമുദ്ദേശിക്കുന്നുവെങ്കില്‍ അതിന് പുരുഷന്‍മാരും തയ്യാറാകേണ്ടിയിരിക്കുന്നു. ഇസ് ലാം സ്ത്രീയെ സ്വതന്ത്രയാക്കിയെന്നും സ്ത്രീപുരുഷന്‍മാരെ ഒരൊറ്റസത്തയില്‍നിന്ന് സൃഷ്ടിച്ച സമത്വഭാവനവച്ചുപുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ സ്ത്രീകള്‍ നിര്‍ദേശിക്കുന്ന ഗുണകാംക്ഷയോടെയുള്ള നിര്‍ദേശങ്ങള്‍ പുരുഷവിശ്വാസികള്‍ നടപ്പാക്കാന്‍ തയ്യാറാകണം. സൂക്ഷ്മതലത്തില്‍ നാം മനസ്സിലാക്കേണ്ടതിത്രയേയുള്ളൂ; സ്ത്രീസമൂഹത്തല്‍ നാംവരുത്തുന്ന മാറ്റങ്ങള്‍ പുരുഷസമൂഹത്തെയും സ്വാധീനിക്കും. കാരണം അവരിരുവരും പരസ്പരപൂരകങ്ങളാണല്ലോ. വ്യക്തമായി പറഞ്ഞാല്‍ സ്ത്രീകളുമായി ബന്ധപ്പെട്ട സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ പുരുഷന്‍മാര്‍ നടത്തുമ്പോള്‍ പ്രസ്തുതവിഷയങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടെങ്കില്‍ രണ്ടുകൂട്ടര്‍ക്കുമിടയിലുണ്ടാകാനിടയുള്ള തെറ്റുധാരണകള്‍ ദ്രുതഗതിയിലും ഫലപ്രദമായും പരിഹരിക്കാനാകും.
സ്ത്രീകളുടെ പ്രാധാന്യം കുറച്ചുകൊണ്ടോ അവരെ ചെറുതാക്കിക്കൊണ്ടോ പുരുഷമേന്മആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടോ അല്ല ഇത്രയുംപറഞ്ഞത്. സമൂഹത്തിന്റെ സമതുലനം നിലനിറുത്താന്‍വേണ്ടിമാത്രം.
ഒരുപക്ഷേ, ഇത്രയും കേട്ടുകഴിയുമ്പോള്‍ എന്റെ ഉദ്ദേശ്യം സ്ത്രീവാദപരമാണെന്ന് തെറ്റുധരിക്കുമെന്നറിയാം. ഇത്തരത്തില്‍ ഞാന്‍ യുവാക്കളെ അഭിസംബോധനചെയ്തതിന് കാരണമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടതെന്തെന്ന് അവരെക്കാള്‍ നന്നായി പുരുഷന്മാര്‍ക്ക് അറിയാമെന്ന് വാദിച്ച് പിതൃാധികാരമനോഭാവത്തോടെ സ്ത്രീശബ്ദങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ പുരുഷന്മാരുടെ താല്‍പര്യങ്ങള്‍ അതുവഴി ഹൈജാക്കുചെയ്യപ്പെടുകയാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ്. തങ്ങളുടെ പാരമ്പര്യവ്യവഹാരരീതികളില്‍ കുടുങ്ങിപ്പോകാതെ തങ്ങളാര്‍ജിച്ചെടുത്ത ഇസ് ലാമികവിജ്ഞാനവും തദനുസൃതമുള്ള ഈമാനും ഉപയോഗപ്പെടുത്തി കാലഘട്ടത്തിന്റെ വെല്ലുവിളികളെ ചെറുപ്പക്കാര്‍ നേരിടട്ടെ. ആണുങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ തുറന്നുചര്‍ച്ചചെയ്യട്ടെ. അപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുറന്ന ഹൃദയത്തോടെ, ആത്മാര്‍ഥതയോടെ,നിര്‍മാണാത്മകമായി സംസാരിക്കാനാകും.
(പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരിയും Love in Headscarf’ എന്ന പ്രശ്‌സ്ത ഗ്രന്ഥത്തിന്റെ രചിയിതാവുമാണ് ഷെലീന സഹ്‌റ)

 

 

Related Post