ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനം

ശരീഅത്ത്

ഇസ്‌ലാമിക ശരീഅത്തിലൂടെ ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനം

ധാര്‍മികത

ശിക്ഷാനടപടികളെനീതിയുടെ അനിവാര്യ താല്‍പര്യങ്ങളില്‍  ഒന്നായാണ് എന്നും ലോകം ഗണിച്ചിട്ടുള്ളത്. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം, തിന്‍മ ചെയ്യുന്നവന് ശിക്ഷയും നന്‍മ ചെയ്യുന്നവന് പ്രതിഫലവും ലഭിച്ചിരിക്കണമെന്നാണ് നീതിയുടെ താല്‍പര്യം. അതിനാല്‍ നീതി എന്ന സങ്കല്‍പത്തോടൊപ്പം ശിക്ഷാനടപടികളും ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

ശിക്ഷാനടപടികള്‍ എന്ന സാര്‍വത്രികസങ്കല്‍പത്തിനു മനുഷ്യാരംഭത്തോളം പഴക്കമുണ്ടെങ്കിലും ശിക്ഷാ നടപടികള്‍ പലപ്പോഴും വിവാദ വിഷയങ്ങളായി മാറാറുണ്ട്. ശിക്ഷാ നടപടികളെ സംബന്ധിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ എന്താണെന്ന് ആദ്യം വിശദീകരിക്കാം.

ഓരോ മനുഷ്യന്റെയും കര്‍മങ്ങള്‍ക്ക് അവനവന്‍ തന്നെയാണ് ഉത്തരവാദി എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്നാണ് ഇസ്‌ലാമിന്റെ ശിക്ഷാവിധികളെ കുറിച്ച ചര്‍ച്ച ആരംഭിക്കുന്നത്. ശിക്ഷാ നടപടിയെ സാധൂകരിക്കുന്ന ഒരു സങ്കല്‍പമാണിത്. മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി മനുഷ്യന് ചിന്താശേഷിയും വിവേചനബുദ്ധിയും ഇച്ഛാ സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുണ്ട്. അവ ഉപയോഗിച്ചു നന്‍മയേതെന്ന് വ്യവഛേദിച്ചുമനസ്സിലാക്കി പ്രവര്‍ത്തിക്കുകയെന്നതാണ് ഏതൊരു മനുഷ്യന്റെയും  ബാധ്യത.

ഉത്തരവാദിത്വം എപ്പോഴും അറിവിന്റെയും സ്വാതന്ത്ര്യത്തിന്റെ അടിസഥാനത്തിലുണ്ടാകുന്നതാണ്. അതിനാല്‍ ശിക്ഷാ നടപടികള്‍ കുറ്റം ചെയ്ത ആള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. ഒരാളുടെ ചെയ്തിക്ക് മറ്റൊരാളെ ശിക്ഷിക്കുന്നത് അനീതിയാണ്.  അബോധാവസ്ഥയിലോ സുബോധമില്ലാതെയോ നിര്‍ബന്ധിത സാഹചര്യത്തിലോ ചെയ്യുന്ന കാര്യങ്ങള്‍ക്കും ഒരാള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ്.

 കുറ്റത്തിനു ആനുപാതികമായ നീതി
ഒരാള്‍ ചെയ്യുന്ന കുറ്റത്തിനു ആനുപാതികമായ നീതി നടപ്പാക്കപ്പെടുമെന്ന സങ്കല്‍പ്പം ഇസ്‌ലാമിലില്ല. കാരണം ഒരു കുറ്റത്തിന് അതേ അളവില്‍ അതേ തോതില്‍ അതേ അനുപാതത്തില്‍ തന്നെ ശിക്ഷ നല്‍കുമ്പോഴേ അത് നീതിയാകുന്നുള്ളൂ. കുറ്റത്തിന്റെ സാഹചര്യം കുറ്റം ചെയ്യാനുള്ള കാരണം ചെയ്യാനുള്ള പ്രചോദനം ഇതെല്ലാം പരിഗണിച്ചു അതിനനുപാതികമായ ശിക്ഷ നല്‍കുക എന്നത് പലപ്പോഴും മനുഷ്യര്‍ക്ക് അപ്രാപ്യമായ കാര്യം തന്നെയാണ്. ഒന്നാമത്തെ കാരണം ഒരു കുറ്റത്തിന്റെ എല്ലാ ഘടകങ്ങളും കൃത്യമായി വിലയിരുത്താനും സാഹചര്യങ്ങള്‍ മനസ്സിലാക്കാനും മനുഷ്യബുദ്ധിക്ക് സാധിക്കുകയില്ല എന്നതു തന്നെയാണ്. അത്തരത്തിലുള്ള ഒരു വിലയിരുത്തലിനും വിചാരണക്കും കഴിയുക സ്രഷ്ടാവായ അല്ലാഹുവിന് മാത്രമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. കാര്യങ്ങളെ സൂക്ഷ്മമായി അറിയുന്ന അല്ലാഹുവിനു മാത്രമേ അതു പൂര്‍ണ്ണായും അറിയാന്‍ സാധിക്കുകയുള്ളുവെന്നും അന്ത്യദിനത്തില്‍ പരലോകത്ത് അല്ലാഹുവിന്റെ അടുക്കലാണ് എല്ലാത്തിന്റെയും അന്തിമവിധിയെന്നുമാണ് ഇസ്‌ലാമിന്റെ തത്ത്വം.

പ്രത്യക്ഷത്തില്‍ ഒരു കുറ്റത്തിന്റെ ഗൗരവസ്വഭാവംകണക്കിലെടുത്തും അതുബോധ്യപ്പെടുത്തുന്ന  തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഇവിടെ കുറ്റവാളിക്ക് ശിക്ഷ വിധിക്കാനാവുക. അതുതന്നെ പലപ്പോഴും ജഡ്ജി മനസ്സിലാക്കിയതിനു വിരുദ്ധമായിരിക്കാം യാഥാര്‍ത്ഥ്യം. നിരവധി പേരെ കൊന്ന ഒരാള്‍ക്കും വധശിക്ഷയില്‍ കൂടിയ ശിക്ഷ നല്‍കാന്‍ മനുഷ്യര്‍ക്കാകില്ല. ചുരുക്കത്തില്‍ മനുഷ്യന്റെ ശിക്ഷാ വിധിയും നീതിനിര്‍വഹണവും കുറ്റമറ്റതല്ല എന്നു മാത്രമല്ല, നിരവധി ന്യൂനതകളുമുണ്ട്.

 ശിക്ഷാവിധികള്‍ നീതിനിര്‍വഹണത്തിന്റെ ഒരുഭാഗം മാത്രം
ഇസ് ലാമില്‍ നിയമങ്ങളും വിലക്കുകളും ശിക്ഷാവിധികളും സന്തുലിതവും നീതിപൂര്‍വകവുമായ ഒരു സമൂഹത്തിന്റെ നിരവധി ഘടകങ്ങളില്‍ ചിലത് മാത്രമാണ്. ശിക്ഷാ നടപടികളെ മാത്രമായി സമൂഹത്തില്‍ നടപ്പാക്കുന്നത് അനീതിയായിരിക്കും. മറ്റു ഘടകങ്ങളെല്ലാം ഒരുമിച്ചു ചേരുമ്പോള്‍ അതില്‍ അനിവാര്യമായും ഉണ്ടാകേണ്ട ഒരു ഘടകം എന്ന നിലയിലാണ് ശിക്ഷാ വിധികളെയും കാണേണ്ടത്. അതിനാല്‍ ഇസ്‌ലാമില്‍ നിയമവും ശിക്ഷാ നടപടികളുമല്ല പ്രധാനം. ധാര്‍മിക സദാചാര മൂല്യങ്ങളുടെ സംസ്ഥാപനത്തിനു വേണ്ടിയുള്ള ഘടകങ്ങളില്‍ ഒന്നു മാത്രമാണ് നിയമവും നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയും.

ഒരാളുടെ വിശ്വാസം, ദൈവബോധം, ദൈവഭയം എന്നീ അടിസ്ഥാന ചോദനകളില്‍ നിന്നാണ് ഒരു മനുഷ്യന്‍ നന്‍മകള്‍ ചെയ്യുന്നതും തിന്‍മകളില്‍ നിന്ന് വിട്ടുമാറി നില്‍ക്കുന്നതും. രണ്ടാമത്തെ കാര്യം നീതി എന്ന സങ്കല്‍പമാണ്. എപ്പോഴും സമൂഹത്തില്‍ അതിനായിരിക്കണം മേല്‍കോയ്മ. അത്തരമൊരു പരിതസ്ഥതിയില്‍ നന്മയും സദ്കര്‍മ്മങ്ങളുമാണ് സമൂഹത്തില്‍ സ്വാഭാവികമായും ഉണ്ടാവുക. തിന്‍മയും ചീത്ത കാര്യങ്ങളും സ്വാഭാവികമായും നിരുത്സാഹപ്പെടുത്തപ്പെടുന്നതിനാല്‍ അത് ചെയ്യുക ദുഷ്‌ക്കരമായിരിക്കും. സ്ത്രീ പുരുഷന്‍മാര്‍ നന്‍മയും സുകൃതങ്ങളും ചെയ്യാന്‍ അന്യേന്യംസഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായിത്തീരും.

Related Post