തിരുദൂതരുടെ അമാനുഷികദൃഷ്ടാന്തങ്ങള്‍
. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ പൂര്വപ്രവാചകരുടേതില്നിന്ന് വ്യതിരിക്തമാക്കി നിര്ത്തുന്നതുമതുതന്നെ. മുഹമ്മദിന് നല്കപ്പെട്ട ദൗത്യം തന്നെയാണ് അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുള്ള തെളിവ്. ദൈവികഗ്രന്ഥമാണാ ദൗത്യം. പദപ്രയോഗങ്ങളിലും അര്ഥകല്പനകളില ത്രികാലങ്ങളുമായി ബന്ധപ്പെട്ട അദൃശ്യങ്ങള് പ്രവചിക്കുന്നതിലും അതുല്യവും അന്യാദൃശവുമായ ഗ്രന്ഥം.
അല്ലാഹു തന്റെ സന്ദേശവാഹകനെ അനേകം പ്രാപഞ്ചികദൃഷ്ടാന്തങ്ങളും ഇന്ദ്രിയഗോചരമായ അദ്ഭുതസംഭവങ്ങളും നല്കിയനുഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, വെല്ലുവിളി അവയുടെ ഉദ്ദേശ്യമല്ല. അദ്ദേഹത്തിന്റെ പ്രവാചകത്വത്തിന്റെയും ദൗത്യത്തിന്റെയും സത്യസന്ധതക്ക് തെളിവായിട്ടല്ല അവ നല്കപ്പെട്ടതെന്നര്ഥം. മറിച്ച്, അദ്ദേഹത്തോട് ആദരവും കാരുണ്യവും പ്രകടിപ്പിക്കുവാനും പ്രതിസന്ധഘട്ടങ്ങളില്‍ അദ്ദേഹത്തിനും വിശ്വാസികള്‍ക്കും മനഃസ്ഥൈര്യം പ്രദാനം ചെയ്യാനും വേണ്ടിയാണ്. അവ വിശ്വാസികളുടെ ആവശ്യം അനുവദിച്ചുകൊണ്ട് നല്കപ്പെട്ടവയല്ല.
ഖുര്‍ആന്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുള്ള ‘ഇസ് റാഅ്‘, ഖുര്‍ആന്‍ സൂചന നല്‍കുകയും സ്വീകാര്യമായ തിരുവചനങ്ങള്‍ പ്രതിപാദിക്കുകയും ചെയ്തിട്ടുള്ള’ മിഅ്റാജ്’ , വിശ്വാസികള്‍ക്ക് മനോബലവും സഹായവും നല്കുവാന് ബദ്റില്‍ മലക്കുകള്‍ ഇറങ്ങിയത്, തൊട്ടടുത്ത് മുശ് രിക്കുകളുണ്ടായിട്ടും അവര്‍ക്ക് കിട്ടാത്ത മഴ ബദ്റില്‍ വിശ്വാസികള്‍ക്ക് കിട്ടിയത്,
ഹിജ്റ വേളയില്‍ തിരുദൂതരെയും കൂട്ടുകാരെയും തേടിയലയുന്ന മുശ് രിക്കുകളില്നിന്ന് ഇരുവര്‍ക്കും ഹിറാഗുഹയില്‍ സംരക്ഷണം ലഭിച്ചത് തുടങ്ങി ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള ഒട്ടനേകം അദ്ഭുതസംഭവങ്ങളുണ്ടായിട്ടുണ്ട്. അഹ്സാബ്-തബൂക് യുദ്ധവേളകളില്‍ കുറഞ്ഞ ഭക്ഷണം കൂടുതല്‍പേര്‍ക്ക് ഭുജിക്കാന്കഴിഞ്ഞത് അമ്മട്ടിലുള്ള സംഭവങ്ങളിലൊന്നാണ്.
തിരുദൂതര്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ അദ്ദേഹം കയറിനിന്ന മരത്തടി കരഞ്ഞ സംഭവം ഒരുകൂട്ടം സ്വഹാബികള്‍ ഉദ്ധരിച്ചിട്ടുള്ളതാണ്. തിരുമേനിക്ക് വേണ്ടി നിര്‍മിക്കപ്പെട്ട മിമ്പറില്‍ കയറിനിന്ന് പ്രസംഗം തുടങ്ങിയപ്പോള്‍ ഒട്ടകം കുഞ്ഞിനെ കാണാതെ കരയുന്നതുപോലുള്ള ശബ്ദം മരത്തടിയില്നിന്നുകേട്ടു. അപ്പോള്‍ തിരുദൂതര്‍ ഇറങ്ങിവന്നു അതിനെ സ്വകരം കൊണ്ട് സ്പര്‍ശിച്ചു. അത് നിശ്ശബ്ദമായി.
നബിയും അനുചരന്മാരും സൗറാഇലെത്തിയപ്പോള് തിരുമേനി ജലം നിറച്ചുവെക്കാനുള്ള തുകല്‍സഞ്ചി ആവശ്യപ്പെട്ടു. അദ്ദേഹം അതില്‍ കൈവെച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകള്ക്കിടയിലൂടെയും വിരല്‍ത്തുമ്പിലൂടെയും ജലം സമൃദ്ധമായി ഒഴുകാന്‍ തുടങ്ങി.അനുചരന്മാരെല്ലാം അതുപയോഗിച്ച് വുദുവെടുത്തു.
ഹുദൈബിയാസന്ധിദിനത്തില് തിരുദൂതരോടൊപ്പം 1400 പേരുണ്ടായിരുന്നു. അവര്‍ ഹുദൈബിയായിലെ ഒരു കിണറ്റില്‍ പരതിയെങ്കിലും അതില്‍ ഒരുതുള്ളി ജലമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് തിരുദൂതര്‍ കിണറ്റിനരികിലെത്തി. അതിന്റെ വക്കിലിരുന്ന് ഒരുപാത്രം വെള്ളം കൊണ്ടുവരാനാശ്യപ്പെട്ടു. അതുപയോഗിച്ച്അംഗശുദ്ധിവരുത്തുകയും വായ ശുദ്ധിയാക്കുകയും ചെയ്ത് പ്രാര്‍ഥിച്ചു. തുടര്‍ന്ന് ശിഷ്ടജലം കിണറിലൊഴിച്ചു. പിന്നീട് അനുചരന്മാര്ക്കും അവരുടെ കാലികള്‍ക്കും സവാരിമൃഗങ്ങള്ക്കും ദാഹം തീരുവോളം ജലം ലഭിച്ചു.
ഭാവിയെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം പ്രത്യക്ഷരം പുലര്‍ന്നു. ചിലത് സ്വന്തം ജീവിതകാലത്തും ചിലത് അതിനുശേഷവും . യമന്‍, ബുസ്വ്റാ, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മുസ് ലിങ്ങള്‍ക്ക് കീഴടങ്ങിയതും, ഹസനെക്കുറിച്ച് ‘അതിക്രമികളായ ഒരു സംഘം അങ്ങയെ വധിക്കു’മെന്ന പ്രസ്താവനയും ,’എന്റെയീ മകന് നേതാവാകും; രണ്ടു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ അവന്‍വഴി അല്ലാഹു സന്ധിയുണ്ടാക്കും’ എന്ന് പറഞ്ഞതും അതില്‍പെടുന്നു.