പ്രവാചകചര്യയിലെ പെരുന്നാള്‍ നമസ്‌കാരം

പ്രവാചകചര്യയിലെപെരുന്നാള്‍ നമസ്‌കാരം
പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാന കര്‍മം പെരുന്നാള്‍ നമസ്‌കാരമാണ്. ഒരു പ്രദേശ ത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു മൈതാനിയില്‍ ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ടും പ്രൗഢഗംഭീരമായി പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിക്കുക എന്നതാണ് പ്രവാചക തിരുമേനി(സ) പഠിപ്പിച്ച മഹിത മാതൃക. അതിനാല്‍, സമൂഹത്തിന്റെ പാതിയായ സ്ത്രീകളെ അവഗണിച്ചു കൊണ്ട് പൂരുഷ കേന്ദ്രീകൃത ആഘോഷമാക്കി പെരുന്നാളിനെ ചുരുക്കുകയും പെരുന്നാള്‍ നമസ്‌കാരം മൈതാനി യില്‍ വെച്ച് നിര്‍വഹിക്കുകയെന്ന സുന്നത്തിനോട് വിമുഖത കാണിക്കുകയും ചെയ്യുന്നത് അപല പനീയമാണ്.
ഹദീസ് ഗ്രന്ഥങ്ങള്‍
നബി(സ) നിര്‍വഹിച്ച പെരുന്നാള്‍ നമസ്‌കാരത്തെ കുറിച്ച വിശദാംശങ്ങളാല്‍ ഹദീസ് ഗ്രന്ഥങ്ങള്‍ സമ്പന്നമാണെങ്കിലും ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ച് ഒരു സുന്നത്തിനെ തള്ളാന്‍ ചിലര്‍ക്ക് യാതൊരു സങ്കോചവുമില്ല. നബി(സ)യുടെ കാലത്ത് മദീനയില്‍ ഒരു പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അത് മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമല്ലാതിരുന്നതുകൊണ്ടാണ് പ്രവാചകന്‍ മുസ്വല്ലയില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത് എന്നൊക്കെയാണ് അവരുടെ വ്യാഖ്യാനം. യഥാര്‍ഥത്തില്‍ ഈ വാദം തെറ്റാണ്. മദീനയില്‍ മസ്ജിദുന്നബവിക്ക് പുറമെ മസ്ജിദുല്‍ ഖിബ്‌ലത്തൈന്‍, മസ്ജിദ് ഖുബാ, മസ്ജിദുല്‍ ഫത്ഹ് തുടങ്ങി നിരവധി പള്ളികള്‍ ഉണ്ടായിരുന്നു വെന്ന് ഹാഫിദ് ഇബ്‌നുഹജര്‍ അല്‍-അസ്ഖലാനി ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തുന്നു.
ഇന്നത്തെ പോലെ പലപള്ളികളിലായി അവര്‍ക്ക് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാമാ യിരു ന്നു. എന്നാല്‍ അവരതു ചെയ്തില്ല. മറിച്ച് അവരെല്ലാം മൈതാനിയില്‍ (മുസ്വല്ല) വെച്ചാണ് അത് നിര്‍വഹിച്ചത്. മഴ പോലുള്ള ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ പള്ളിയില്‍ വെച്ചും നമസ്‌കരി ക്കാം. അപ്രകാരം പ്രവാചകന്‍ ചെയ്തതായി ഒരു റിപ്പോര്‍ട്ടുണ്ട്. അത് പ്രബലമാണെങ്കില്‍ തന്നെ മുസ്വല്ലയില്‍ വെച്ചുള്ള നമസ്‌കാരമാണ് ശ്രേഷ്ഠം എന്നാണ് അത് വ്യക്തമാക്കുന്നത്. (മഴ കാരണം പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ നടത്തിയെന്ന ഹദീസ് ബലഹീനമാണെന്ന് ഇബ്‌നുഹജര്‍ അസ്ഖ ലാനി ബുലൂഗുല്‍ മറാമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്)
മൈതാനിയില്‍
പ്രവാചകന്‍ പതിവായി മൈതാനിയില്‍ വെച്ചാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നതെ ന്ന് എല്ലാ ഹദീസ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു. ഉദാഹരണം: അബൂസഈദില്‍ ഖുദ്‌രി പറയുന്നു: ‘നബി(സ) ഫിത്വ്ര്‍ പെരുന്നാളിലും ബലി പെരുന്നാളിലും മുസ്വല്ലയിലേക്ക് (ഈദ്ഗാഹിലേക്ക്) പുറപ്പെടുമായിരുന്നു.” (ബുഖാരി, മുസ്‌ലിം)
അബ്ദുല്ലാഹ് ബിന്‍ ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ പെരുന്നാള്‍ ദിവസം രാവിലെ മുസ്വല്ലയിലേക്ക് പുറപ്പെടും. കൈയില്‍ ഒരു വടിയുമുണ്ടാകും. മുസ്വല്ലയില്‍ എത്തിയാല്‍ അത് മുമ്പില്‍ നാട്ടിവെച്ച് നമസ്‌കരിക്കും. കാരണം മുസ്വല്ല മുമ്പില്‍ മറയൊന്നുമില്ലാത്ത വിധം വളരെ വിശാലമായിരുന്നു. (ബുഖാരി, മുസ്‌ലിം)

പ്രസ്തുത ഹദീസുകളുടെ അടിസ്ഥാനത്തില്‍ മുസ്വല്ലയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വ ഹിക്കലാണ് സുന്നത്തെന്നും അതാണ് ശ്രേഷ്ഠമെന്നും ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായ പ്പെടുന്നു. ശറഹുസ്സുന്നയില്‍ ഇമാം ബഗവിയും മിര്‍ഖാത്തില്‍ ശൈഖ് അലി അല്‍ഖാരിയും ഇക്കാര്യം വിവരിക്കുന്നുണ്ട്. പ്രവാചകന്‍ ഈദുല്‍ഫിത്വ്‌റിനും ഈദുല്‍ അദ്ഹാക്കും മുസ്വല്ല യിലേക്ക് പുറപ്പെട്ടിരുന്നുവെന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി ശറഹു മുസ്‌ലിമില്‍ പറയുന്നു: പെരുന്നാള്‍ നമസ്‌കാരത്തിന് മുസ്വല്ലയിലേക്ക് പോകലാണ് അഭികാമ്യമെന്നും പള്ളി യില്‍ വെച്ചുള്ള നമസ്‌കാരത്തേക്കാള്‍ അതാണ് ശ്രേഷ്ഠകരമെന്നും അഭിപ്രായപ്പെടുന്നവര്‍ക്ക് ഇത് തെളിവാണ്. നമ്മുടെ ആളുകള്‍ക്ക് ഇക്കാര്യത്തില്‍ രണ്ട് വീക്ഷണങ്ങളുണ്ട്.

ഒരു വിഭാഗം മൈതാനമാണ് ശ്രേഷ്ഠമെന്ന് പറയുന്നു. രണ്ടാമത്തെ വിഭാഗം ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണെങ്കില്‍ പള്ളിയാണ് ശ്രേഷ്ഠം എന്ന് അഭിപ്രായപ്പെടുന്നു (ശറഹുമുസ്‌ലിം). എന്നാല്‍ അത്തരം പള്ളികളില്ലാത്തതിനാല്‍ രണ്ട് വീക്ഷണങ്ങളും ഒരേ ബിന്ദുവില്‍ സംഗമിക്കുന്നതായി കാണാം.

പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയാണ് ശ്രേഷ്ഠമെന്നും മസ്ജിദുന്നബവി വിശാലമല്ലാതിരുന്ന തുകൊണ്ടാണ് പ്രവാചകന്‍ മുസ്വല്ലയിലേക്ക് പോയതെന്നുമുള്ള വാദത്തിന് യാതൊരു അടിസ്ഥാ നവുമില്ല. ഇമാം ബൈഹഖി അസ്സുനനുല്‍ കുബ്‌റായില്‍ ഉദ്ധരിച്ച ദുര്‍ബലമായ ഒരു റിപോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് അത്തരമൊരു വാദം ഉന്നയിക്കപ്പെടുന്നത്. ബുഖാരിയും നസാഈയുമുള്‍പ്പെ ടെയുള്ള ഹദീസ് പണ്ഡിതന്മാര്‍ അസ്വീകാര്യനായി വിധിയെഴുതിയ ആളാണ് അത് നിവേദനം ചെയ്തിട്ടുള്ളത്. അതോടൊപ്പം പ്രവാചകന്റെ പള്ളി മദീനയിലെ വിശ്വാസികളെ മുഴുവന്‍ ഉള്‍ക്കൊള്ളും വിധം വിശാലമായിരുന്നില്ല എന്ന വാദം ബാലിശമാണ്. മഴ കാരണം ഒരിക്കല്‍ നബി(സ) പളളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കരിച്ചു എന്ന നിവേദനം തന്നെ ഈ വാദത്തെ ഖണ്ഡിക്കുന്നു. അതുപോലെ തിരുമേനി ജുമുഅ നിര്‍വഹിച്ചിരുന്നത് പള്ളിയിലായിരുന്നു.

മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നു. ജുമുഅക്കും പെരുന്നാളിനും സംഗമിക്കുന്ന ആളുകളുടെ എണ്ണത്തില്‍ പറയത്തക്ക അന്തരമൊന്നുമുണ്ടായിരുന്നു മില്ല.

അപ്രകാരം തന്നെ പള്ളിയാണ് ശ്രേഷ്ഠമെങ്കില്‍ മസ്ജിദുല്‍ ഹറാം ഒഴികെയുള്ള പള്ളികളില്‍ വെച്ചുള്ള ആയിരം നമസ്‌കാത്തേക്കാള്‍ ശ്രേഷ്ഠമാണ് എന്റെ ഈ പള്ളിയിലെ ഒരു നമസ്‌കാരം എന്ന് പ്രവാചകന്‍ തന്നെ പരിചയപ്പെടുത്തിയ മസ്ജിദുന്നബവി ഒഴിവാക്കിക്കൊണ്ട് പതിവായി മുസ്വല്ലയില്‍ വെച്ച് അദ്ദേഹം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കില്ലായിരുന്നു. മറിച്ച് പള്ളി വിശാലമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുക. പള്ളിയിലുള്ള നമസ്‌കാരമാണ് ശ്രേഷ്ഠമെന്നിരിക്കെ, പള്ളി വിശാലമാക്കാന്‍ ശ്രമിക്കാതെ പ്രവാചകന്‍ ശ്രേഷ്ഠമല്ലാത്ത മൈതാനിയില്‍ വെച്ച് അത് നിര്‍വഹിച്ചുവെന്ന് സങ്കല്‍പിക്കുക സാധ്യമല്ല.

പ്രവാചകന്‍ സ്ഥിരമായി ഒരു പള്ളിയിലാണ് ജുമുഅ നിര്‍വഹിച്ചിരുന്നത് എന്നതിനാല്‍ ഒരു പ്രദേശത്ത് ഒന്നിലധികം ജുമുഅ പാടില്ല എന്ന് ശാഫിഈകള്‍ അഭിപ്രായപ്പെടുന്നു. അതേസമയം പ്രവാചകന്‍ പതിവായി പെരുന്നാള്‍ നമസ്‌കരിച്ചിരുന്നത് മൈതാനിയിലായിരുന്നുവെന്നത് അവരുടെ വീക്ഷണത്തില്‍ അതിന്റെ ശ്രേഷ്ഠതക്ക് തെളിവില്ലായെന്നത് വിചിത്രം തന്നെ.

ഇമാം ശാഫിഈ അല്‍-ഉമ്മില്‍ പറയുന്നു: മദീനയില്‍ പ്രവാചകനും തിരുമേനിയുടെ ശേഷക്കാരും മഴപോലുളള കാരണങ്ങളില്ലെങ്കില്‍ ഇരു പെരുന്നാള്‍ സുദിനങ്ങളിലും മുസ്വല്ലയിലേക്ക് പുറപ്പെട്ടിരുന്നതായി നമുക്ക് വിവരം ലഭിച്ചിട്ടുണ്ട്. മക്ക ഒഴികെയുള്ള നാടുകളിലെ ആളുകള്‍ അപ്രകാരമാണ് ചെയ്തിരുന്നത്. മക്കയുടെ വിസ്തൃതിക്കുറവും മസ്ജിദുല്‍ ഹറാമിന്റെ വിശാലതയും അതിന് കാരണമായി ചൂണ്ടിക്കാണിച്ച ശേഷം അദ്ദേഹം തുടര്‍ന്ന് പറയുന്നു: എന്നാല്‍ ഏതെങ്കിലും പ്രദേശത്തെ പള്ളി പെരുന്നാള്‍ ദിനത്തില്‍ ആളുകളെ ഉള്‍ക്കൊള്ളുംവിധം വിശാലമാണെങ്കില്‍ അതുപേക്ഷിച്ച് പോകുന്നത് അഭികാമ്യമല്ല. വിശാലമല്ലെങ്കില്‍ അതില്‍ നമസ്‌കരിക്കുന്നത് നാം വെറുക്കുകയും ചെയ്യുന്നു.

മദ്ഹബുകളും
ശാഫിഈ മദ്ഹബ് ഒഴികെയുളള മൂന്ന് മദ്ഹബുകളും പെരുന്നാള്‍ നമസ്‌കാരം മൈതാനിയില്‍ നിര്‍വഹിക്കലാണ് സുന്നത്തെന്നും ന്യായമായ കാരണങ്ങളില്ലാതെ പള്ളിയില്‍ വെച്ച് അത് നിര്‍വഹിക്കല്‍ കറാഹത്താണെന്നുമുള്ള വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്. പ്രവാചകനോ സച്ചരിതരായ ഖലീഫമാരോ കാരണമില്ലാതെ മൈതാനിയില്‍ വെച്ചുള്ള നമസ്‌കാരം ഒഴിവാക്കി യിട്ടില്ല.

പള്ളികള്‍ക്ക് മറ്റു പ്രദേശങ്ങളേക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന വസ്തുത ആരും നിഷേധിക്കുന്നില്ല. പക്ഷേ, എല്ലാ ഇബാദത്തുകള്‍ക്കും ഉത്തമം പള്ളിയാണെന്ന് ഇസ്‌ലാം പറയുന്നില്ല. ഉദാഹരണമായി റവാതിബ് സുന്നത്തുകള്‍. അവ നിര്‍വഹിക്കാന്‍ ഉത്തമം പള്ളിയല്ല, മറിച്ച് സ്വന്തം വീടാണ്. ഇപ്രകാരം തന്നെയാണ് പെരുന്നാള്‍ നമസ്‌കാരങ്ങളും. അതിന് പള്ളികളേക്കാള്‍ ശ്രേഷ്ഠം ഈദുഗാഹുകളാണ്. ഇബ്‌റാഹീം പുത്തൂര്‍ ഫൈസിയുടെ സ്വഹീഹുല്‍ ബുഖാരി സമ്പൂര്‍ണ വ്യാഖ്യാനം ഈദ്ഗാഹ് വിമര്‍ശകര്‍ക്ക് ഈ വിഷയകമായി വായിച്ചുനോക്കാവുന്നതാണ്.

നിരവധി ഹദീസുകള്‍ പെരുന്നാള്‍ നമസ്‌കാരവുമായി ബന്ധപ്പെട്ട് അതില്‍ കാണാം. അതുപോലെ ഈ വിമര്‍ശകര്‍ തന്നെ പ്രസിദ്ധീകരിച്ച ഇഹ്‌യാ ഉലൂമിദ്ദീന്‍ പരിഭാഷയില്‍ ഇങ്ങനെ വായിക്കാം: ‘മക്കയും ബൈത്തുല്‍ മഖ്ദിസും ഒഴികെയുള്ള രാജ്യങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മൈതാനിയിലേക്ക് പോകലാണ് ഏറ്റവും നല്ലത്. മഴയുള്ള ദിവസമാണെങ്കില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നതിന് ദൂഷ്യമില്ല.” (ഇഹ്‌യാ ഉലൂമിദ്ദീന്‍ പരിഭാഷ 5:97, എം വി കുഞ്ഞി അഹ്മദ് മുസ്‌ലിയാര്‍ മുദരിസ്)

മുഹ്‌യുദ്ദീന്‍ ശൈഖ് പറയുന്നു: ‘പെരുന്നാള്‍ നമസ്‌കാരം മൈതാനത്ത് നടത്തുകയാണ് ഏറ്റവും ഉത്തമം. കാരണമില്ലാതെ പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നത് വെറുക്കപ്പെട്ടതാണ്. സ്ത്രീകള്‍ ഹാജറാകുന്നതില്‍ തെറ്റില്ല.” (അല്‍ഗുന്‍യത്ത് 2:127)

ഇബ്‌നുഖുദാമ പറയുന്നു: നബി(സ) അവിടുത്തെ തന്നെ പള്ളി ഒഴിവാക്കിക്കൊണ്ട് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നു. തിരുമേനിക്ക് ശേഷം അവിടുത്തെ ഖലീഫമാരും അങ്ങനെ തന്നെയായിരുന്നു ചെയ്തിരുന്നത്. അടുത്തു നില്‍ക്കുന്നതും ഏറ്റവും നല്ലതും ഉപേക്ഷിച്ചിട്ട്, വിദൂരത്തുള്ളതും നന്മ കുറഞ്ഞതും നബി(സ) ചെയ്യുക എന്നത് അസംഭവ്യമാണ്. അവിടുന്ന് തന്റെ സമുദായത്തിന് ഉത്തമമായതിനെ ഉപേക്ഷിക്കല്‍ നിയമമാക്കുകയില്ല. നബി(സ)യെ പിന്തുടരുവാനും അനുഗമി ക്കാനുമാണല്ലോ നമ്മോട് കല്‍പ്പിച്ചിട്ടുള്ളത്. കല്‍പിക്കപ്പെട്ടത് അപൂര്‍ണവും വിരോധിക്കപ്പെട്ടത് പൂര്‍ണവുമാവുക എന്നത് സംഭവ്യമല്ലല്ലോ. ഒരു കാരണവുമില്ലാതെ നബി(സ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് മുസ്‌ലിംകളുടെ ഇജ്മാഅ് ആണ്. ഏത് ദേശത്തായാലും ഏത് കാലത്തായാലും പള്ളി ഇടുങ്ങിയതായാലും വിശാലമായതായാലും ജനങ്ങള്‍ മുസ്വല്ലയില്‍ വെച്ചായിരുന്നു പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. പള്ളിക്ക് വീടിനേക്കാള്‍ ശ്രേഷ്ഠയുണ്ടായിരിക്കെ തന്നെ സുന്നത്ത് നമസ്‌കാരം നബി(സ) വീട്ടില്‍ വെച്ചായിരുന്നു നമസ്‌കരിച്ചിരുന്നത്.

അലി(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തോട് പറയപ്പെടുകയുണ്ടായി: ദുര്‍ബലരും അന്ധന്‍മാരും പള്ളിയില്‍ ഒരുമിച്ചുകൂടിയിട്ടുണ്ട്. അതിനാല്‍ താങ്കള്‍ക്ക് അവരെയും കൊണ്ട് നമസ്‌കരിച്ചൂകൂടേ? അപ്പോള്‍ അലി(റ) പറഞ്ഞു: ഞാന്‍ സുന്നത്തിന് എതിര് ചെയ്യണമോ? നമുക്ക് മുസ്വല്ലയിലേക്ക് തന്നെ പുറപ്പെടാം. (കിതാബുല്‍ മുഗ്‌നി : 3/260)

ഇമാം ശഅ്‌റാനി പറയുന്നു : പെരുന്നാള്‍ നമസ്‌കാരം നാട്ടിലുള്ള പുറംസ്ഥലങ്ങളില്‍ വെച്ച് നിര്‍വഹിക്കല്‍ സുന്നത്താണെന്ന് ഇജ്മാഅ് ഉണ്ട്. അതില്‍ പങ്കെടുക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് പള്ളിയില്‍ വെച്ച് അത് നിര്‍വഹിക്കാം. (അല്‍ മീസാനുല്‍ കുബ്‌റാ : 1/77)

സഹാബികള്‍ എല്ലാവരും ഒത്തൊരുമിച്ച് ജമാഅത്തിന് കൂടിയത് പെരുന്നാള്‍ ദിവസത്തിലാണെന്ന കണ്ടെത്തലിന് പ്രാമാണികമായ യാതൊരു പിന്‍ബലവുമില്ല. വാദത്തിന് വേണ്ടി പള്ളി നിറഞ്ഞു കവിഞ്ഞു എന്ന് സമ്മതിച്ചാല്‍ തന്നെ ബാക്കിയുള്ളവര്‍ പള്ളിയുടെ പുറത്ത് വെച്ച് നമസ്‌കരിച്ചാല്‍ മതിയല്ലോ. നോമ്പുകാലത്തെല്ലാം പള്ളി നിറഞ്ഞുകവിയുമ്പോള്‍ അങ്ങനെയാണല്ലോ നാം ചെയ്യാറു ള്ളത്.  

സമസ്ത എ.പി വിഭാഗം നേതാവ് ഫസല്‍ പൂക്കോയ തങ്ങള്‍ പള്ളി ഒഴിവാക്കി സ്വന്തം വീട്ടുമുറ്റത്ത് ഈദ് ഗാഹ് സംഘടിപ്പിക്കുകയും ജനങ്ങള്‍ പള്ളി ഒഴിവാക്കി അവിടേക്ക് നമസ്‌കരിക്കാന്‍ വരിക യും ചെയ്ത കഥ സുന്നി വോയ്‌സ് വാരിക റിപ്പോര്‍ട്ട് ചെയ്യുന്നു: കോഴിക്കോട്ടെ ഇസ്‌ലാമിക പ്രവര്‍ ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു ജിഫ്‌രി ഹൗസ്. ചെറുപ്പം മുതലേ ഇവിടെ കണ്ടുവരുന്നത് പെരു ന്നാള്‍ ദിവസം ആത്മീയമായ ഒരാവേശത്തോട് കൂടിയുള്ള ഒത്തുകൂടലിന്റെ വേദിയായിട്ടാണ്.

കുറ്റിച്ചിറയിലെയും പരിസരത്തെയും വലിയ ജനാവലി ഇവിടെ എത്തിച്ചേരും. ഉപ്പാപ്പയുടെ സാമീപ്യം അവര്‍ക്കെന്തോ പ്രത്യേക ആവേശമായിരുന്നു. മാത്രമല്ല ജിഫ്‌രി ഹൗസിന്റെ മുറ്റത്ത് പെരുന്നാള്‍ നമസ്‌കാരവും നടന്നു വരുന്നു. കോഴിക്കോട്ടെ കച്ചവടക്കാരായ മുസ്‌ലിം പ്രമാണിമാ രില്‍ അധികവും അതില്‍ പങ്കെടുത്തിരുന്നു. ജൗളി മുതലാളിമാര്‍, അരിക്കച്ചവടക്കാര്‍ തുടങ്ങിയ വരൊക്കെ പണ്ടുമുതലേ ഏഴ് മണിക്ക് മുമ്പുതന്നെ പെരുന്നാള്‍ നമസ്‌കാരത്തിന് ജിഫ്‌രി ഹൗസിലെ ത്തും. പല പ്രമുഖ പണ്ഡിതന്മാരും ഇവിടെ പെരുന്നാള്‍ ഖുത്വുബ നിര്‍വഹിക്കുകയും നമസ്‌കാര ത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. (സുന്നിവോയ്‌സ് : 2001 ഡിസംബര്‍ 1-30) ഈ വിവര ണത്തില്‍ നിന്നെല്ലാം പെരുന്നാള്‍ നമസ്‌കാരത്തിന് ശ്രേഷ്ഠം പള്ളിയാണന്നത് പുത്തന്‍വാദമാണെന്ന് തെളിയുന്നു.
സ്ത്രീകള്‍ പെരുന്നാള്‍ 
പെരുന്നാള്‍ സ്ത്രീ പുരുഷ ഭേദമന്യേ വിശ്വാസികളുടെ മുഴുവന്‍ ആഘോഷമാണ്. പെരുന്നാളിന്റെ അകക്കാമ്പാകട്ടെ പെരുന്നാള്‍ നമസ്‌കാരവും. അതില്‍ സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നത് പ്രവാചക ചര്യക്കെതിരാണ്. ആര്‍ത്തവകാരികള്‍ പോലും അതില്‍ സന്നിഹിതരാവട്ടെ എന്ന പ്രവാചകനിര്‍ ദ്ദേശം മാനിച്ച് നാം അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തി പ്പിടിക്കുന്ന വേഷവിധാനങ്ങളോടെയാവണമെന്ന് മാത്രം. സ്ത്രീകള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുസ്വല്ലയിലേക്ക് പോകുന്നതിന്റെ നിയമസാധുത നിരവധി പ്രബലമായ ഹദീസുകളില്‍ നിന്ന് സ്പ ഷ്ടമാണെന്നിരിക്കെ ചിലര്‍ അതേപ്പറ്റി അജ്ഞത നടിക്കുകയാണ്. ഉമ്മുഅത്വിയ്യയുടെ ഹദീസ്തന്നെ മതിയായ തെളിവാണ്.

ഉമ്മു അത്വിയ്യയില്‍ നിന്ന് നിവേദനം : ഈദുല്‍ ഫിത്വ്‌റിലും ഈദുല്‍ അദ്ഹായിലും കന്യകമാരെയും ഋതുമതികളെയും അന്തപുര(മറയില്‍ കഴിയുന്ന) സ്ത്രീകളെയും പുറത്തേക്ക് (മുസ്വല്ലയിലേക്ക്) കൊണ്ടുപോകാന്‍ റസൂല്‍ ഞങ്ങളോട് കല്‍പിച്ചിരുന്നു. എന്നാല്‍ ആര്‍ത്തവകാരികള്‍ നമസ്‌കാര ത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. അവര്‍ നന്മക്കും (നന്മയുടെ സദസ്സിലും) മുസ്‌ലിംകളുടെ പ്രാര്‍ഥന ക്കും സാക്ഷികളാവണം. ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരുത്തിക്ക് മൂടുപടമില്ലെങ്കിലോ? അവളുടെ സഹോദരി തന്റെ മൂടുപടം അവളെ ധരിപ്പിക്കട്ടെ  അവിടുന്ന് പറഞ്ഞു. (ബുഖാരി, മുസ്‌ലിം)

യുക്തി
പെരുന്നാള്‍ നമസ്‌കാരം മൈതാനിയിലാക്കിയതിന് പിന്നില്‍ വലിയ യുക്തിയുണ്ട്. ഒരു പ്രദേശത്തെ മുഴുവന്‍ വിശ്വാസിവിശ്വാസിനികളും കുട്ടികളും വര്‍ഷത്തില്‍ രണ്ട് തവണ ഒരിടത്ത് ഒരുമിച്ചു കൂടുകയും ഒരേവിധം തക്ബീര്‍ ധ്വനികള്‍ മുഴക്കി, ഒരു ഇമാമിന്റെ പിന്നില്‍ അണിനിരന്ന് ഒരേ ഹൃദയത്തോടെ പ്രാര്‍ഥന നിര്‍വഹിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ സന്തുഷ്ടരായി ആനന്ദം പങ്കുവെക്കുക എന്നതാണത്. അപ്പോഴാണ് പെരുന്നാള്‍ പെരുന്നാളാകുന്നത്. അതിനാലാണ് വസ്ത്രം കടം വാങ്ങിയിട്ടെങ്കിലും സ്ത്രീകള്‍  അവര്‍ അശുദ്ധിയുള്ളവരാകട്ടെ, അല്ലാതിരിക്കട്ടെ പെരുന്നാള്‍ നമസ്‌കാരസ്ഥലത്ത് എത്തുകയും വിശ്വാസികളുടെ പ്രാര്‍ഥനക്കും നന്മക്കും സാക്ഷി കളാവുകയും ചെയ്യട്ടെ എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. അതുപോലെ പള്ളിയില്‍ വരാന്‍ പറ്റാത്തവര്‍ക്കും ഈദ്ഗാഹില്‍ വരാമല്ലോ. പ്രവാചകന്റെ ചര്യയെ പിന്തുരുന്നതിലാണ് വിശ്വാസികളുടെ വിജയം കുടികൊള്ളുന്നത്.
‘അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളി കേള്‍ക്കുവിന്‍ ദൈവദൂതന്‍ നിങ്ങളെ സജീവരാക്കുന്നതിലേക്കു വിളിക്കുമ്പോള്‍ മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ഉണ്ടെന്നറിഞ്ഞിരിക്കുവിന്‍..” (അല്‍അന്‍ഫാല്‍ : 24

                                                                                                                                                            പെരുന്നാള്‍ നമസ്‌കാരം

 

Related Post