ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം (1)

അല്‍ ഖുര്‍ആന്‍

ഖുര്‍ആന്‍ അത്ഭുതം

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം ഭാഗം -1
ലോകത്ത് ലക്ഷോപലക്ഷം ഗ്രന്ഥങ്ങളുണ്ട്; ധാരാളം ഭാഷകളും. പലതും ലോകഭാഷകള്‍. എല്ലാ ഭാഷകളിലും കണക്കറ്റ ഗ്രന്ഥങ്ങള്‍. ഈ ഗ്രന്ഥങ്ങളില്‍ ലോകവ്യാപകമായി ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധഖുര്‍ആന്‍. ഈ അറബിഗ്രന്ഥം എല്ലാ ഭാഷക്കാരും സകല നാട്ടുകാരും വായിക്കുന്നു.

ബൈബിള്‍ പോലുള്ള വേദഗ്രന്ഥങ്ങളും ലോകത്തെങ്ങും വ്യാപകമായി വായിക്കപ്പെടുന്നു  ഓരോ നാട്ടുകാരും അവരവരുടെ ഭാഷയിലാണത് വായിക്കുന്നത്. ബൈബിളിന്റെ മൂലഭാഷ ഇന്ന് മൃതാവസ്ഥയിലാണ്.

ഭൂഗോളത്തിന്റെ നാനാ മുക്കുകളില്‍ വസിക്കുന്ന വിവിധ സമൂഹങ്ങളില്‍ ഈ ഗ്രന്ഥം -ഖുര്‍ആന്‍- അറബിഭാഷയില്‍തന്നെ ഹൃദിസ്ഥമാക്കിയവര്‍ ആയിരക്കണക്കിലുണ്ട്. നിത്യവും പ്രഭാതപ്രദോഷങ്ങളില്‍ അവരത് ഉരുവിട്ടുകൊണ്ടിരിക്കുന്നു.

ലോകത്ത് ഏറ്റവുമധികം ജനങ്ങളാല്‍ മനഃപാഠമാക്കപ്പെട്ട ഗ്രന്ഥവും ഇതുതന്നെ. ഏറ്റവുമധികം വാദകോലാഹലങ്ങള്‍ നടക്കുന്നതും ഇതിനെപ്പറ്റിത്തന്നെ. ഖുര്‍ആന്‍ എന്ന ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കാനിടയാവാത്ത ഒരു മനുഷ്യനെങ്കിലും ഭൂമുഖത്ത് ഉണ്ടാകാനിടയില്ല. ഒന്നുകില്‍ ഖുര്‍ആന്‍ നല്‍കുന്ന സുമോഹനസുന്ദരവാഗ്ദാനങ്ങളില്‍ വിസ്മയിച്ച് അവന്‍ നില്‍ക്കുന്നു;

സ്വര്‍ഗീയാനുഭൂതികള്‍ നുകരാനുള്ള കൊതിയോടെ, ഖുര്‍ആന്‍ വരച്ചുകാട്ടുന്ന മാസ്മരികലോകത്തെത്താനുള്ള അതിയായ വെമ്പലോടെ. അല്ലെങ്കിലവര്‍ ഖുര്‍ആനിലെ താക്കീതുകള്‍ക്ക് മുമ്പില്‍ ഭീതിതരായി നില്‍ക്കുന്നു, നരകീയജീവിതത്തിന്റെ ചിത്രീകരണങ്ങള്‍ക്കു മുന്നില്‍ നടുങ്ങുന്നു.

ഭൂമിയില്‍ ജനിച്ചുകഴിഞ്ഞ ഒരു മനുഷ്യന്നും ഇനിയൊരിക്കലും ഇല്ലായ്മയിലേക്ക് രക്ഷപ്പെട്ടുകളയാനാവില്ല. മരണം ഒരു രംഗമാറ്റം മാത്രം. പുതിയ അരങ്ങേറ്റം എങ്ങനെ വേണമെന്ന് മനുഷ്യന്‍ സ്വയം നിര്‍ണയിക്കേണ്ടതുണ്ട്, രണ്ടിലൊന്ന് തെരഞ്ഞെടുക്കേ ണ്ടതുണ്ട്.  

ഇതൊരു ശാസനമാണ്, അവഗണിക്കാനാവാത്ത ഈ അന്ത്യശാസനം ഓരോ മനുഷ്യന്റെയും ചെവികളിലേക്ക് സ്വയം കടന്നുചെല്ലുന്നതാക്കാന്‍ ഖുര്‍ആന്ന് കഴിയുന്നു. മനുഷ്യബുദ്ധികളില്‍ ഈ ഗ്രന്ഥം പ്രകമ്പനമുണ്ടാക്കുന്നു, ചിന്തയെ തട്ടിയുണര്‍ത്തുന്നു. വീക്ഷണവൈവിധ്യങ്ങള്‍ക്കത് ഹേതുവാകുന്നു.

ഈ ഖുര്‍ആന്‍ ഒരു ചെറിയ ഗ്രന്ഥം. എഴുപത്തേഴായിരത്തിലധികം വാക്കുകള്‍ മാത്രമടങ്ങുന്ന ഗ്രന്ഥം. പക്ഷേ, ഈ ഗ്രന്ഥം ഒരു മഹാത്ഭുതമാണ്. വായിക്കുന്ന ആരെയും അത് പിടികൂടും, പിടിച്ചുകുലുക്കും. ഒന്നുകില്‍ അംഗീകരിക്കുക, അല്ലെങ്കില്‍ നിഷേധിക്കുക.

മനുഷ്യസമൂഹത്തില്‍ ഓരോരുത്തന്റെയും മുമ്പിലേക്ക് ഇത്രയും ശക്തമായി സ്വയം കടന്നുവരുന്ന ഈ ഖുര്‍ആന്‍ ധാരാളം പേരെ മിത്രങ്ങളും അനുയായികളുമാക്കുന്നു. വളരെയധികം ശത്രുക്കളെയും സൃഷ്ടിക്കുന്നു. മിത്രങ്ങള്‍ക്കും അനുയായികള്‍ക്കും പാടാനും ആസ്വദിക്കാനും കഴിയുന്ന ഈ ഖുര്‍ആന്ന് മനുഷ്യസമൂഹത്തിന്റെ യാതൊരു ഭാഷയ്ക്കുമില്ലാത്ത ഒരു ഭാഷാശൈലിയാണുള്ളത്.

ഗദ്യവുമല്ല, പദ്യവുമല്ല. വൃത്തമില്ല, പ്രാസവുമില്ല. എന്നാല്‍, ഉത്തരാധുനികമെന്ന പോലെ എല്ലാമുണ്ട്. ഗദ്യമുണ്ട്, പദ്യമുണ്ട്, കവിതയുണ്ട്, കഥയുണ്ട്, പാട്ടുണ്ട്, പ്രാസമുണ്ട്, ആഖ്യാനവും നോവലും നാടകവുമെല്ലാമുണ്ട്. പഠനവും ചര്‍ച്ചയുമുണ്ട്. തലക്കെട്ടുകള്‍ വളരെ ചെറുത്. ഏറ്റവും അത്യന്താധുനികം. അധ്യായങ്ങള്‍ വളരെ ചെറുതും വലുതുമെല്ലാമുണ്ട്.

എല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു! അനുകരിക്കുക അസാധ്യമായ സമ്മിശ്രശൈലി! മിത്രങ്ങള്‍ക്ക് കരളില്‍ കുളിരു കോരിയിടുന്ന വചനപീയൂഷം! കാരുണ്യാനുഭൂതി പ്രസരിപ്പിക്കുന്ന വാഗ്പ്രയോഗങ്ങള്‍! എത്ര കേട്ടിരുന്നാലും മതിവരാത്ത താളലയങ്ങളുടെ രാഗം.
തുടരും

Related Post