ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിന്റെ ശ്രേഷ്ഠതകള്‍

ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിന്റെ ശ്രേഷ്ഠതകള്‍

quran

ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിന്റെ ശ്രേഷ്ഠതകള്‍

. അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും കാംക്ഷിച്ച് നിര്‍വഹിക്കേണ്ട ആരാധനാ കര്‍മ്മമാണ് ഖുര്‍ആന്‍ പഠനം. ഇവയല്ലാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പഠനം പ്രതിഫലാര്‍ഹമല്ലാത്തതും ശിക്ഷയെ വിളിച്ച് വരുത്തുന്നതുമാണ്. ഐഹികമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഖുര്‍ആന്‍ പഠനം നിഷിദ്ധമാണെന്ന് പ്രമാണങ്ങള്‍ തെളിയിക്കുന്നു. നബി(സ) പറഞു: അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് നേടേണ്ട അറിവ് ഒരാള്‍ ഐഹികമായ ലക്ഷ്യം മുന്‍നിര്‍ത്തി നേടിയാല്‍ അവന് സ്വര്‍ഗ്ഗത്തിന്റെ വാസന പോലും ലഭിക്കില്ല (അബൂ ദാവൂദ്).

കാരണം ഖുര്‍ആന്‍ പഠനം ഇഹലോകത്ത് ധനം സമ്പാദനത്തിനുള്ള വസ്തുവല്ല, മറിച്ച് അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കുന്ന ശ്രേഷ്ഠകരമായ ആരാധനാ കര്‍മ്മമാണ്. അതിനാല്‍ തന്നെ ഇഹലോകത്തും പരലോകത്തും ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് അല്ലാഹു സവിശേഷമായ സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

1) നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്നതില്‍ ഖുര്‍ആന്‍ മനപ്പാഠം ഉള്ളവര്‍ക്ക് മുന്‍ഗണന:

عن أبي مسعود الأنصاري قال : قال رسول الله صلى الله عليه وسلم : ” يؤم القوم أقرؤهم لكتاب الله فإن كانوا في القراءة سواء فأعلمهم بالسنة فإن كانوا في السنة سواء فأقدمهم هجرة…

(സ്വഹീഹു മുസ്‌ലിം)

അബു മസ്ഊദില്‍ അന്‍സ്വാരി(റ) യില്‍ നിന്ന് നിവേദനം ചെയ്യപെടുന്നു. നബി (സ) പറഞ്ഞു: ഖുര്‍ആന്‍ എറ്റവും അധികം മനപ്പാഠമുള്ളവരാണ് സമൂഹത്തിന് ഇമാമായി നില്‍ക്കേണ്ടത്. അവര്‍ മനപാഠത്തില്‍ സമന്‍മാരാണെകില്‍ സുന്നത്ത് (പ്രവാചകചര്യ) കൂടുതല്‍ അറിയുന്നവര്‍ നേതൃത്വം നല്‍ക്കട്ട. അവര്‍ സുന്നത്തിന്റെ വിഷയത്തിലും സമന്‍മാരാണെകില്‍ ആദ്യം ഹിജ്‌റ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കട്ടെ.

2) അധികാര സ്ഥാനങളിലേക്ക് ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് മുന്‍ഗണന:

عَنْ عَامِرِ بْنِ وَاثِلَةَ :  أَنَّ  نَافِعَ بْنَ عَبْدِ الْحَارِثِ لَقِيَ عُمَرَ بِعُسْفَانَ، وَكَانَ عُمَرُ يَسْتَعْمِلُهُ عَلَى مَكَّةَ، فَقَالَ : مَنِ اسْتَعْمَلْتَ عَلَى أَهْلِ الْوَادِي ؟ فَقَالَ : ابْنَ أَبْزَى. قَالَ : وَمَنِ ابْنُ أَبْزَى ؟ قَالَ : مَوْلًى  مِنْ مَوَالِينَا. قَالَ : فَاسْتَخْلَفْتَ عَلَيْهِمْ مَوْلًى ؟ قَالَ : إِنَّهُ قَارِئٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَإِنَّهُ عَالِمٌ بِالْفَرَائِضِ. قَالَ عُمَرُ  :  أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ : ” إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ “.

ആമിര്‍ ബിന്‍ വാസിലില്‍ നിന്ന് ഉദ്ദരിക്കപെടുന്നു: നാഫിഈ ബിന്‍ അബ്ദില്‍ ഹാരിസ് ഉസ്ഫാനില്‍ വെച്ച് ഉമര്‍(റ) നെ കണ്ടുമുട്ടി. ഉമര്‍ അദ്ദേഹത്തെ മക്കയില്‍ ഉദ്യോഗം ഏല്‍പ്പിച്ചു. ശേഷം അഹ്‌ലുല്‍ വാദിയില്‍ ആരെയാണ് ഉദ്യോഗസ്ഥനായി നിയോഗിച്ചതെന്ന് നാഫിഇനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ. അപ്പോള്‍ ഉമര്‍ ചോദിച്ചു: ആരാണ് ഇബ്‌നു അബ്‌സ. അദ്ദേഹം പറഞ്ഞു: ഇബ്‌നു അബ്‌സ ഞങളില്‍പെട്ട പ്രധാനിയാണ്. അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങള്‍ ഒരു പ്രധാനിയെ ആണോ അധികാരം ഏല്‍പ്പിച്ചത്? അദ്ദേഹം പറഞ്ഞു: അദ്ദേഹം ഖുര്‍ആന്‍ മനപാഠമുള്ളവനും ദീനി വിശയങ്ങളിലെ ജ്ഞാനിയുമാണ്. ഉമര്‍(റ) പറഞ്ഞു: നിശ്ചയം റസൂല്‍(സ) പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലതിനെ താഴ്ത്തുകയും ചെയ്യും.

3) ഒരു ഖബറില്‍ ഒന്നിലധികം മയ്യിത്ത് അടക്കം ചെയ്യേണ്ടി വരുമ്പോള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് മുന്‍ഗണന:

عن جابر بن عبد الله رضي الله عنهما قال : كان النَّبي صلى الله عليه وسلم يجمع بين الرجلين من قتلى ” أحد ” في ثوب واحد ثم يقول : أيهم أكثر أخذاً للقرآن ؟ فإذا أشير له إلى أحدهما قدَّمه في اللحد وقال : أنا شهيد على هؤلاء يوم القيامة وأمر بدفنهم في دمائهم ولم يغسلوا ولم يصل عليهم .
رواه البخاري ( 1278 )

ജാബിര്‍ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് ഉദ്ദരിക്കപെടുന്നു: ഉഹ്ദ് യുദ്ധത്തില്‍ മരിച്ചവരുടെ മയ്യിത്തുകള്‍ ഒരു തുണിയില്‍ ഒരുമിച്ച് കൂട്ടിയതിന് ശേഷം നബി ചോദിച്ചു: ഇവരില്‍ ആരാണ് ഖുര്‍ആന്‍ കൂടുതല്‍ മനപ്പാഠം ആക്കിയത്? അങ്ങനെ അവരില്‍ നിന്ന് ഒരാളിലേക്ക് ചൂണ്ടിയാല്‍ ആ മയ്യിത്തിനെ ആദ്യം ഖബ്‌റില്‍ വെക്കും. ശേഷം റസൂല്‍(സ) പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ ഇവരുടെ സാക്ഷിയാണ്. ശേഷം അവരെ രക്തതോടെ ഖബറടക്കാന്‍ കല്‍പ്പിച്ചു. അവരെ കുളിപ്പിക്കുകയോ അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയോ ചെയ്തില്ല.

4) ഖുര്‍ആന്‍ മനപാഠമാക്കിയവന്റെ സ്ഥാനം അവന്‍ ഹൃദിസ്ഥമാക്കിയ ആയത്തിനൊപ്പമായിരിക്കും:

عن عبد الله بن عمرو عن النبي صلى الله عليه وسلم قال : ” يقال لصاحب القرآن : اقرأ وارتق ورتل كما كنت ترتل في الدنيا فإن منزلتك عند آخر آية تقرأ بها “. رواه الترمذي ( 2914 ) وقال : هذا حديث حسن صحيح ، وقال الألباني في ” صحيح الترمذي ” برقم ( 2329 )

ഇബ്‌നു ഉമര്‍(റ) ഉദ്ദരിക്കുന്നു. റസൂല്‍(സ) പറഞ്ഞു: വായിക്കുക, സ്വര്‍ഗ്ഗത്തിലേക്കക്ക് കയറുക, ദുനിയാവില്‍ നീ പാരായണം ചെയ്ത പ്രകാരം ഖുര്‍ആന്‍ പാരായണം ചെയ്യാനും, നിന്റെ സ്ഥാനം നീ ഓതി വെച്ച ആയത്തിനൊപ്പമാണെന്നും ഖുര്‍ആനിന്റെ വക്താവിനോട് പറയപെടും. ഇവിടെ പരായണം എന്ന് പറഞ്ഞാല്‍ മനപാഠം എന്നാണ് അര്‍ത്ഥം.

5) ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് മലക്കുകയളുടെ അരികില്‍ ഇടമുണ്ട്:

عن عائشة عن النبي صلى الله عليه وسلم قال : ” مثل الذي يقرأ القرآن وهو حافظ له مع السفرة الكرام البررة ومثل الذي يقرأ وهو يتعاهده وهو عليه شديد فله أجران ”
رواه البخاري ( 4653 ) ومسلم ( 798 ) .

ആയിശ(റ) ല്‍ നിന്ന് ഉദ്ദരിക്കപ്പെടുന്നു. നബി(സ) പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ ആദരണീയരും ഉത്തമരുമായ മാലാഖമാരുടെ കൂടെയുള്ളത് പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനോട് ശക്തമായ ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്.

6) ഖുര്‍ആന്‍ മനപ്പാഠമാക്കിയവനെ ആദരണീയമായ കിരീടം ധരിപ്പിക്കും:

عن أبي هريرة عن النبي صلى الله عليه وسلم قال : ” يجيء القرآن يوم القيامة فيقول : يا رب حلِّه ، فيلبس تاج الكرامة ثم يقول : يا رب زِدْه ، فيلبس حلة الكرامة ، ثم يقول : يا رب ارض عنه فيرضى عنه ، فيقال له : اقرأ وارق وتزاد بكل آية حسنة ” . رواه الترمذي ( 2915 ) وقال : هذا حديث حسن صحيح ، وقال الألباني في ” صحيح الترمذي ” برقم ( 2328 ) : حسن .

അബൂ ഹുറൈറയില്‍ നിന്ന് ഉദ്ദരിക്കപെടുന്നു. നബി(സ) പറഞ്ഞു: ഖുര്‍ആന്‍ ഖിയാമത്ത് നാളില്‍ സന്നിഹിതനാവും. ശേഷം പറയും: അല്ലാഹുവേ അവനെ നീ ആഭരണങള്‍ ധരിപ്പിക്കണെ. അപ്പോള്‍ അവനെ ആഭരണങ്ങള്‍ അണിയിക്കും. ശേഷം അതില്‍ നിന്നും വര്‍ധിപ്പിക്കാന്‍ ആവിശ്യപെടും. അപ്പോള്‍ അവനെ പ്രത്യേക വസ്ത്രങ്ങള്‍ അണിയിക്കും. ശേഷം അവനെ തൃപ്തിപെടാന്‍ പറയും. അപ്പോള്‍ അല്ലാഹു അവനെ തൊട്ട് തൃപ്തിപെടും. ശേഷം അവനോട് വായിക്കാനും, സ്വര്‍ഗത്തിലേക്ക് കയറി പോകാനും ആവശ്യപെടും. ഓരോ ആയത്തിനും നന്മ വര്‍ധിപ്പിക്കുകയും ചെയ്യും.

7) ഖുര്‍ആന്‍ ശിപാര്‍ശകനായി തീരും:

حَدَّثَنِي أَبُو أُمَامَةَ الْبَاهِلِيُّ  قَالَ :  سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ” اقْرَءُوا الْقُرْآنَ ؛ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لِأَصْحَابِهِ. (مسلم ٨٠٤)

അബൂ ഉമാമത്തില്‍ ബാഹിലി(റ) പറയുന്നു. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയം അത് ഖിയാമത്തു നാളില്‍ ശിപാര്‍ശകനായി വരും.

8) ഖുര്‍ആന്‍ മനപ്പാഠമാക്കിയവരുടെ മാതാപിതാക്കളെ അല്ലാഹു ആദരിക്കും:

عن بريدة رضي الله عنه قال : قال رسول الله صلى الله عليه وسلم : ” من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس ، ويكسى والداه حلتين لا تقوم لهما الدنيا فيقولان : بم كسينا هذا ؟ فيقال : بأخذ ولدكما القرآن ”
رواه الحاكم ( 1 / 756 )

ബരീദത്ത്(റ) ല്‍ നിന്ന് ഉദ്ദരിക്കപെടുന്നു. റസൂല്‍(സ) പറഞ്ഞു: ആര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ജീവിക്കുയും ചെയ്തുവോ അവന്റെ മാതാപിതാക്കളെ ഖിയാമത്ത് നാളില്‍ പ്രകാശം കൊണ്ടുള്ള കിരീടം ധരിപ്പിക്കും. അതിന്റെ പ്രകാശം സൂര്യനോടൊപ്പമാണ്. അവന്റെ മാതാപിതാക്കളെ ഐഹികലോകത്തോട് കിടപിടിക്കുന്ന പ്രത്യേക പുടവ അണിയിക്കും. അപ്പോള്‍ അവര്‍ രണ്ട് പേരും ചോദിക്കും ഇതെന്തിനാണ് ഞങ്ങളെ ധരിപ്പിച്ചത്? അപ്പോള്‍ പറയപ്പെടും നിങ്ങളുടെ മകനെ ഖുര്‍ആന്‍ പഠിപ്പിച്ചതിനാലാണ്.

അതേ സമയത്ത് ഹൃദിസ്ഥമാക്കിയ ഭാഗങ്ങള്‍ മറന്ന് കളയുന്നതിനെ കുറിച്ചും പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ് നല്‍ക്കുന്നതായി കാണാം. ഇബ്‌നു ഹജര്‍(റ) ള്വഹാക്(റ) ല്‍ നിന്ന് ഉദ്ദരിക്കുന്നു: ഒരു തെറ്റ് ചെയ്തിട്ടല്ലാതെ ഖുര്‍ആന്‍ പഠിച്ച ഒരാള്‍ അതിനെ മറക്കുന്നില്ല. എന്തെന്നാല്‍ അല്ലാഹു പറഞിരിക്കുന്നു: നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. ഖുര്‍ആന്‍ മറക്കുക എന്നത് വലിയ വിപത്തില്‍പെട്ടതാണ്. (ഫത്ഹുല്‍ ബാരി 86/9)

ബിലാല്‍ ബിന്‍ അബ്ദുല്ല
(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Post