പ്രവാചകസ്‌നേഹം: ആദരവ്, അനുധാവനം, ആരാധന
ലോകത്തിന്റെ നിലനില്പു തന്നെ പരസ്പര സ്‌നേഹബന്ധത്തിലൂടെയാണ് സാര്‍ഥകമാകുന്നത്. വെറുപ്പ്, വിദ്വേഷം, അസൂയ എന്നിത്യാദി വികാരങ്ങളൊക്കെ അതിന്റെ നേര്‍ വിപരീതമാണ്. ലോകത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായിത്തീരുന്ന സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇവ കാരണമായിത്തീരുകയും ചെയ്യുന്നു.
വൈവിധ്യമാര്‍ന്നുതും വിശാലവുമാണ് സ്‌നേഹത്തിന്റെ തലങ്ങള്‍. വാത്സല്യം, കാരുണ്യം, ആദരവ് തുടങ്ങിയ സ്‌നേഹത്തിന്റെ വിവിധ തലങ്ങള്‍ ദൈവികമായി ലഭിക്കുന്ന വികാരങ്ങളാണ്. അവ ശരിയായ വിധത്തില്‍ നിലനിര്‍ത്തുമ്പോള്‍ മനുഷ്യസമൂഹത്തിന് നന്മയായിത്തീരുന്നു.
മൂല്യബോധമില്ലാത്ത കേവല വികാരങ്ങള്‍ സ്‌നേഹത്തിന്റെ ചാലകമാകുമ്പോള്‍ അത് മാംസനിബദ്ധമായ പ്രണയം, സ്വജനപക്ഷപാതം തുടങ്ങിയ അധമത്വങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഇവിടെയാണ് ഒരു വിശ്വാസി എന്ന നിലയില്‍ സ്‌നേഹത്തിന്റെ വിലയും വലുപ്പവും തിരിച്ചറിയേണ്ടത്.
ഒരു പിഞ്ചുകുഞ്ഞിനെ ഉമ്മ, വര്‍ഷങ്ങള്‍ നീണ്ടുനില്‌ക്കുന്ന പ്രക്രിയകളിലൂടെ വളര്‍ത്തിയെടുക്കുന്നതും കുട്ടികള്‍ വീടിന്റെ വിളക്കായി മാറുന്നതും ദൈവദത്തമായ വാത്സല്യമെന്ന വികാരത്തിലൂടെയാണ്. പദാര്‍ഥ ലോകത്തെ ഭൗതികമായി വ്യാഖ്യാനിച്ചെടുത്താല്‍ `എന്തിനു നാം കുട്ടികളെ പോറ്റണം’ എന്ന പ്രസക്തമായ ചോദ്യത്തിനുത്തരമില്ല. എന്നാല്‍ ഈ വാത്സല്യമാണ് ജന്തുലോകത്തിന്റെ നിലനില്‌പിന്നാധാരം.
പ്രായപൂര്‍ത്തിയായ ആണ്‍ പെണ്‍ വിഭാഗങ്ങള്‍ക്ക് പരസ്‌പരം തോന്നുന്ന താല്‌പര്യം പ്രകൃതിദത്തമാണ്. വംശവര്‍ധനവിന്റെ അടിസ്ഥാനശില ഈ വികാരമാണ്. ജന്തുക്കളില്‍ നിന്നു വ്യത്യസ്‌തമായി മനുഷ്യന്‍ ഈ രംഗത്ത് മൂല്യങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. വിവാഹമെന്ന ശക്തമായ പാശത്തില്‍ ബന്ധിച്ച് ഈ വികാരങ്ങള്‍ ശരിയായ ദിശയിലേക്ക് തിരിക്കുന്നു, ദൈവികമതം. ദമ്പതികള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും പ്രദാനം ചെയ്‌തത് അല്ലാഹുവിന്റെ ഭൗതിക ദൃഷ്‌ടാന്തങ്ങളില്‍ ഒന്നാണ് എന്ന് ഖുര്‍ആന്‍ (30:21) വ്യക്തമാക്കുന്നു. ഇഷ്‌ടവും സ്‌നേഹവും കാരുണ്യത്തിലേക്കും വഴിമാറുന്നു. മനുഷ്യകുലത്തിന്റെ ഭദ്രമായ നിലനില്‌പ് ഇതിലൂടെ സാധ്യമാകുന്നു.
സ്‌നേഹം നിലനില്‌ക്കുന്നതെങ്ങനെയാണ്? പരസ്‌പരം കൈമാറുന്നതിലൂടെ. ഏകപക്ഷീയമായി സ്‌നേഹമുണ്ടാകില്ല. സ്‌നേഹിതനു വേണ്ടി എന്തും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാവുന്നു. `നിന്റെ സുഹൃത്ത് അക്രമിയാണെങ്കില്‍ പോലും അവനെ സഹായിക്കണം’ എന്നത് ജാഹിലിയ്യാകാലത്തെന്ന പോലെ ഇന്നും നിലനില്‌ക്കുന്ന വഴിവിട്ട സ്‌നേഹപ്രകടനമാണ്. പ്രവാചകന്‍ അതിനും ദിശകാണിച്ചു. അക്രമിക്കപ്പെടുന്നവനെ രക്ഷപ്പെടുത്തിയും അക്രമിയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചും സഹായിക്കുക എന്നതാണ് പ്രവാചകന്‍(സ) ആ ആപ്‌തവാക്യത്തിനു നല്‌കിയ പാഠഭേദം.
സമൂഹത്തില്‍ സ്‌നേഹമെന്ന വികാരം നിലനില്‌ക്കാന്‍ പ്രകൃതിദത്തവും മൂല്യവത്‌കൃതവുമായ ചില രൂപങ്ങള്‍ക്കുദാഹരണം മാത്രമാണ് ചൂണ്ടിക്കാണിച്ചത്. വിശ്വാസി എന്ന നിലയില്‍ സ്‌നേഹാദരവുകളെ നാം സമീപിക്കേണ്ടത് പ്രവാചകന്റെ(സ) നിര്‍ദേശമനുസരിച്ചാണ്.“തന്നെക്കാള്‍ ചെറിയവരോട് കാരുണ്യം കാണിക്കുകയും മുതിര്‍ന്നവരെ ആദരിക്കുകയും ചെയ്യാത്തയാള്‍ നമ്മില്‍ പെട്ടവനല്ല” എന്ന പ്രവാചകവചനം സമൂഹ നിലനില്‌പിന്റെ ആധാരശിലയായി വര്‍ത്തിക്കുന്നു. മാതാപിതാക്കളെയും ഗുരുനാഥന്മാരെയും ഭയപ്പെടുകയല്ല വേണ്ടത്. അവരോട് ആത്മാര്‍ഥമായ സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ആദരവാണ് കാണിക്കേണ്ടത്.
ഒരു വിശ്വാസി സ്രഷ്‌ടാവായ അല്ലാഹുവിനെയാണ് ഏറ്റവും ആദ്യമായി സ്‌നേഹിക്കേണ്ടത്. കാരണം അല്ലാഹു മനുഷ്യരോട് അങ്ങേയറ്റം കാരുണ്യവും വാത്സല്യവും ഉള്ളവനാണ്. ഈ തിരിച്ചറിവ് നല്‌കുകയാണ് ദൈവദൂതന്മാര്‍. ലോകത്തുള്ള പരകോടി മാതാക്കള്‍-ജന്തുക്കളും മനുഷ്യരും- തങ്ങളുടെ കുഞ്ഞുങ്ങളോട് കാണിക്കുന്ന വാത്സല്യം, അല്ലാഹു മനുഷ്യരോട് കാണിക്കുന്ന വാത്സല്യത്തിന്റെ ഒരു ശതമാനമേ വരൂ എന്ന് നബി(സ) നമ്മെ പഠിപ്പിച്ചത് ഈ തിരിച്ചറിവ് നല്‌കാനാണ്.
അങ്ങനെയാണ് അല്ലാഹുവിനെ സ്‌നേഹിക്കുക! ഇതു പഠിപ്പിക്കുകയാണ് പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം. സ്രഷ്‌ടാവിന്റെ മഹത്വം മനസ്സിലാക്കുകയും തനിക്ക് അല്ലാഹു നല്‌കിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തുകൊണ്ടാണ് അല്ലാഹുവിനെ സ്‌നേഹിക്കേണ്ടത്. അല്ലാഹുവിനോടുള്ള സ്‌നേഹപ്രകടനത്തിന്റെ പാരമ്യമാണ് അവന്റെ ഏകത്വം അംഗീകരിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുക എന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് പഠിപ്പിക്കാനും ആ പാതയില്‍ മനുഷ്യരെ നയിക്കാനുമാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. താന്‍ നിയോഗിച്ച ദൂതന്മാരെ അനുസരിക്കുന്നത് അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന് തുല്യമാണ്.
അല്ലാഹു പ്രവാചകന്മാര്‍ മുഖേന എത്തിച്ച സന്ദേശത്തെ പിന്‍പറ്റുകയും അവനെ ആരാധിക്കുകയും ചെയ്യുകയാണ് സ്രഷ്‌ടാവിനെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ദൂതനെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തെ നിയോഗിച്ച ആളെ ആദരിക്കുന്നതിനു തുല്യമാണല്ലോ. പ്രവാചകസ്‌നേഹം എന്നത് വിശ്വാസികളുടെ നിര്‍ബന്ധ കടമയത്രെ.
അല്ലാഹുവിന്റെ ദൂതനെ സ്‌നേഹിക്കാത്തവന്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നില്ല. ആയതിനാല്‍ എങ്ങനെയാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടത് എന്ന് മുകളില്‍ സൂചിപ്പിച്ചു. ഈ സ്‌നേഹാദരങ്ങളുടെ പര്യായമായിരുന്നു മുഹമ്മദ് നബി(സ)യും അനുചരന്മാരും. റോമാ സാമ്രാജ്യത്തിലെ സീസര്‍ ചക്രവര്‍ത്തിമാരെയും പേര്‍ഷ്യയിലെ കിസ്‌റാ ചക്രവര്‍ത്തിമാരെയും അന്നാട്ടിലെ ജനങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്നു. അത് എക്കാലത്തെയും പ്രജകള്‍ ഭരണാധികാരികളെ ഭയക്കുന്നതുപോലെയായിരുന്നു. കൃത്രിമമായ ആദരവുകള്‍ ശിക്ഷ ഭയന്നതു മൂലമായിരുന്നു. എന്നാല്‍ നബി(സ)യെ അനുചരന്മാര്‍ ആദരിച്ചിരുന്നത് സ്‌നേഹത്തില്‍ നിുദിക്കുന്ന ആദരവായിരുന്നു. നബി(സ)ക്കു വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ സന്നദ്ധമായ അതുല്യമായ സ്‌നേഹം.
സ്വഹാബിമാരുടെ പ്രവാചക സ്‌നേഹം അദ്ദേഹത്തിന്റെ കല്‌പനകള്‍ പിന്‍പറ്റി ജീവിക്കുന്നതിലൂടെയായിരുന്നു അവര്‍ പ്രകടിപ്പിച്ചിരുന്നത്. ഇവിടെയാണ് ഇതര സ്‌നേഹപ്രകടനങ്ങളില്‍ നിന്ന് പ്രവാചക സ്‌നേഹം വ്യതിരിക്തമാകുന്നത്. സ്‌നേഹവും ആദരവും അനുധാവനത്തിലൂടെ നിലനില്‌ക്കുന്നു. അല്ലാഹു പറയുന്നു: “ഒരു പ്രവാചകനെയും നാം നിയോഗിച്ചിട്ടില്ല; അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ.” (വി.ഖു. 4:64)
“പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു” (33:6). ഈ വചനങ്ങളില്‍ വിശദീകരിക്കപ്പെട്ട ബന്ധ വിശുദ്ധിയുടെ പാരസ്‌പര്യം ആദര്‍ശപരമാണ്. അഥവാ ദൈവദൂതനും വിശ്വാസികളും തമ്മിലുള്ള സ്‌നേഹാദരങ്ങള്‍. നബി(സ) ഇക്കാര്യം ഊന്നിപ്പറയുന്നു: “അല്ലാഹുവാണ് സത്യം. നിങ്ങളിലൊരാളും വിശ്വാസിയായിത്തീരുകയില്ല; തന്റെ മക്കള്‍, മാതാപിതാക്കള്‍, മറ്റു മനുഷ്യര്‍ തുടങ്ങി എല്ലാവരെക്കാളും നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ടവന്‍ ഞാന്‍ ആകുന്നതുവരെ.” (ബുഖാരി)
ഈ സ്‌നേഹാദരങ്ങള്‍ മൂലമാണ് പ്രവാചകന്റെ ഓരോ നിര്‍ദേശവും അക്ഷരംപ്രതി അനുസരിക്കാനും അതുവഴി ജീവിതവിജയം നേടാനും സ്വഹാബിമാര്‍ക്കായത്. ഹുദയ്‌ബിയ സംഭവത്തിന്റെ ഭാഗമായി നബി(സ)യെയും അനുചരന്മാരെയും പറ്റി ഖുറൈശി ദൂതന്‍ അവര്‍ക്കു നല്‌കിയ റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: “സീസര്‍, കിസ്‌റാ തുടങ്ങിയ മഹാരാജാക്കന്മാരെ ജനങ്ങള്‍ ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് തന്റെ അനുയായികളാല്‍ ആദരിക്കപ്പടുന്നത് പോലെ മറ്റൊരു നേതാവും ആദരിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല.”
ഇത് കേവലം കാട്ടിക്കൂട്ടലായിരുന്നില്ല. ഈ സ്‌നേഹത്തിലൂടെ അവരാഗ്രഹിച്ചത് ഭൗതികനേട്ടങ്ങളോ സാമ്പത്തിക ലാഭങ്ങളോ ഭരണത്തില്‍ പങ്കാളിത്തമോ അല്ല. ഇഹപരലോകങ്ങളില്‍ നബി(സ)യോടൊത്തുള്ള ജീവിതവും മോക്ഷവുമായിരുന്നു. റബീഅ(റ)യോട് നബി(സ) തനിക്ക് വേണ്ടത് ചോദിക്കാന്‍ പറഞ്ഞു.
അദ്ദേഹം ചോദിച്ചത് സ്വര്‍ഗത്തില്‍ നബിയോടൊത്തുള്ള സഹവാസമായിരുന്നു. അതിനു നബി(സ) പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമാണ്. ഐച്ഛിക നമസ്‌കാരം വര്‍ധിപ്പിക്കാനായിരുന്നു അവിടുന്ന് നിര്‍ദേശിച്ചത്. താനിഷ്‌ടപ്പെടുകയും തന്നെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് പരലോക മോക്ഷം പതിച്ചുകൊടുക്കുന്ന ആശ്രിത വാത്സല്യം നബി(സ) കാണിച്ചില്ല. മറിച്ച് തന്റെ ദൗത്യം പിന്‍പറ്റുന്നവര്‍ക്ക് ശാശ്വതരക്ഷ വാഗ്‌ദാനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സ്‌നേഹത്താലായിരുന്നു യുദ്ധക്കളത്തില്‍ നബി(സ)ക്കു നേരെ വന്ന അസ്‌ത്രങ്ങള്‍ സ്വന്തം ശരീരം കൊണ്ട് തടുക്കാന്‍ സ്വഹാബികള്‍ക്ക് പ്രേരണയായത്. ഈ ആദരവായിരുന്നു `നബിയേ, താങ്കള്‍ക്ക് സുഖമെന്നറിഞ്ഞാല്‍ മറ്റേതു മുസ്വീബത്തും നിസ്സാരമാണെ’ന്ന് സ്വഹാബാ വനിതയെക്കൊണ്ട് പറയിച്ചത്. നബിയെ പിരിഞ്ഞിരിക്കുക എന്നത് അവര്‍ക്ക് അചിന്ത്യമായിരുന്നു. പ്രവാചകന്‍ മരിച്ചു എന്ന സത്യം നേരില്‍ കണ്ടിട്ടും അവര്‍ക്ക് അംഗീകരിക്കാനാവാതിരുന്നത് ഈ ആത്മബന്ധത്തിന്റെ ആഴമായിരുന്നു.
ആദരവും ആരാധനയും
സ്‌നേഹാതിരേകത്താല്‍ മതിമറന്ന് ആദരവ് ആരാധനയായി മാറാന്‍ പാടില്ല. അഭൗതികമായ മാര്‍ഗത്തില്‍ നേട്ടം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ ഉള്ള ഏതു കര്‍മവും ആരാധനയാണ്. ഇത്തരം ആരാധന പ്രവാചകന് അര്‍പ്പിച്ചുകൂടാ. അത് അല്ലാഹുവിനു മാത്രം അര്‍ഹതപ്പെട്ടതാണ്. മുന്‍കഴിഞ്ഞ സമുദായങ്ങളില്‍ പലതും നാശത്തിലേക്ക് വഴുതിപ്പോകാനുള്ള മുഖ്യകാരണം ഇതുതന്നെയായിരുന്നു.
സ്‌നേഹാദരങ്ങള്‍ അതിരുകവിഞ്ഞ് ആരാധനയിലെത്തിയ നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കാണാം. നൂഹ് നബി(അ)യുടെ ജനത തങ്ങള്‍ക്കിടയിലെ നല്ല മനുഷ്യരെ ആദരിച്ചാദരിച്ച് പൂജിക്കാന്‍ തുടങ്ങി. ഉസൈറിനെ ജൂതന്മാരും ഈസാ(അ)യെ ക്രിസ്‌ത്യാനികളും ആദരിച്ച് ദൈവപുത്രനാണെന്ന് പറഞ്ഞ് ആരാധിച്ചു. ഇവിടെ സംഭവിച്ചതെന്താണ്? ആദരവുകള്‍ അതിരുകവിഞ്ഞ് ആരാധനയായി മാറി.
വദ്ദ്, സുവാഅ് തുടങ്ങിയ സദ്‌വൃത്തരോ ഉസൈര്‍, ഈസാ(അ) തുടങ്ങിയ പ്രവാചകന്‍മാരോ ആരാധനക്കര്‍ഹരല്ല എന്നു പറഞ്ഞാല്‍ അവരെ ഇകഴ്‌ത്തുകയല്ല. അതാണ് ശരിയായ ആദരവ്. ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു. അന്ത്യപ്രവാചകന്‍ ഒരിക്കലും ഇത്തരത്തില്‍ തെറ്റായി വ്യവഹരിക്കപ്പെട്ടുകൂടാ. വിശുദ്ധ ഖുര്‍ആനും നബിചര്യയും പേര്‍ത്തും പേര്‍ത്തും ഇക്കാര്യം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.
1). ഈസ(അ)യെ ആദരിച്ച് ദൈവപുത്രനാണെന്ന് വാദിച്ചവര്‍ക്ക് താക്കീതു നല്‌കുന്നു: “വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരു കവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്‌തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്തതായ വചനവും അവങ്കല്‍ നിന്നുള്ള ആത്മാവുമാകുന്നു.” (വി.ഖു. 4:171)
2. ദൈവൂദതന്മാര്‍ (നബിമാര്‍) അമാനുഷരോ അതിമാനുഷരോ ആണെന്ന സങ്കല്‌പത്തില്‍ അവരെ ആരാധിക്കുന്ന അവസ്ഥയിലേക്കെത്താതിരിക്കാന്‍ നബിയെ പരിചയപ്പെടുത്തിയതിങ്ങനെ: “നബിയേ, പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.”(വി.ഖു. 18:10)
3. നബി(സ) പ്രാര്‍ഥിക്കുന്നു: “അല്ലാഹുവേ, എന്റെ ഖബ്‌ര്‍ നീ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ.” ഈ പ്രാര്‍ഥന സമൂഹത്തിന് പാഠമാണ്.
4. പ്രവാചകന്‍മാരുടെയും മഹത്തുക്കളുടെയും ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കിയ ജൂത-ക്രൈസ്‌തവര്‍ക്കെതിരെ പ്രവാചകന്‍ പ്രാര്‍ഥിക്കുന്നു.
5. തന്നെപ്പറ്റി, `നാളെ നടക്കാനിരിക്കുന്ന കാര്യങ്ങള്‍ അറിയുന്ന നബി(സ) ഞങ്ങളിലുണ്ട്’ എന്ന് പുകഴ്‌ത്തിപ്പാടിയ കുട്ടികളെ നബി(സ) വിലക്കി. വാഴ്‌ത്തിപ്പറയല്‍ അതിരുകവിയരുത്.
6. “ക്രിസ്‌ത്യാനികള്‍ ഈസാ(അ)യെ വാഴ്‌ത്തിയ പോലെ ഒരിക്കലും എന്നെ നിങ്ങള്‍ വാഴ്‌ത്തരുത്” -നബി(സ) താക്കീതു നല്‌കി. ദൈവപുത്രനെന്നു പറഞ്ഞത് ഇകഴ്‌ത്തിയതല്ലല്ലോ.
ആദരവ് ആരാധനയിലേക്ക് നയിക്കപ്പെടരുത്
ആരാധന സ്രഷ്‌ടാവിനു മാത്രം അര്‍ഹതപ്പെട്ടതാണ്. മനുഷ്യന്‍ വഴിതെറ്റിക്കപ്പെടുന്ന ഒരു മേഖലയാണിത്. ആധുനിക കാലത്തുപോലും താരാരാധനയും വീരാരാധനയും പതിവാണല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും ആദരവുമാണ് സമൂഹത്തിന്റെ സുഭദ്രമായ നിലനില്‌പിന്നാധാരം. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അല്ലാഹുവിനെ സ്‌നേഹിക്കുക, റസൂലിനെ സ്‌നേഹിക്കുക,മാതാപിതാക്കളെ സ്‌നേഹിക്കുക, മുതിര്‍ന്ന എല്ലാവരെയും ആദരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഓരോ ആദരവും വ്യത്യസ്‌ത തലങ്ങളില്‍ നിലകൊള്ളുന്നു. സൃഷ്‌ടികളോടുള്ള ആദരവ് സ്‌നേഹത്തില്‍ നിന്നേ ഉണ്ടാവൂ. എന്നാല്‍ ആദരവ് ആരാധനയുടെ തലത്തിലേക്കെത്തിക്കൂടാ. ആരാധന സ്രഷ്‌ടാവിന്നു മാത്രമേ അര്‍പ്പിക്കാവൂ. പ്രവാചകനെ ആരാധിച്ചുകൂടാ. പ്രവാചകനെ ആദരിക്കാത്തവന്‍ മുസ്‌ലിമല്ല താനും. ഈ ആദരവ് അദ്ദേഹത്തിന്റെ ചര്യ അനുധാവനം ചെയ്യുന്നതിലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഖുര്‍ആന്‍ വചനം ശ്രദ്ധേയമാണ്: “പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. അപ്പോള്‍ അല്ലാഹു നിങ്ങളെ ഇഷ്‌ടപ്പെടും.” (വി.ഖു. 3:31)