മനഃശാസ്ത്രം; ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ഹാല ബനാനി
നിങ്ങള്‍ മറ്റുള്ളവരോടൊപ്പം സഹവസിക്കുകയും, ഇടപെടുകയും ചെയ്യുന്നയാളാണെങ്കില്‍, നിങ്ങള്‍ക്ക് മനഃശാസ്ത്ര വിജ്ഞാനം ആവശ്യമാണ്! മനഃശാസ്ത്രം കേവലം സാമാന്യബോധമാണെന്നും, അതൊരു അത്യാവശ്യ സംഗതിയല്ലെന്നും നിങ്ങള്‍ ചിലപ്പോള്‍ കരുതുന്നുണ്ടാകാം. പക്ഷെ ഞാന്‍ അതിനോട് യോജിക്കുന്നില്ല. ഈ മേഖലക്ക് പ്രദാനം ചെയ്യാന്‍ കഴിയുന്ന ഗുണഫലങ്ങളുടെ മൂല്യത്തെ മനസ്സിലാക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നത് ചിലപ്പോള്‍ സങ്കുചിതമായ വിശ്വാസങ്ങളും, സാംസ്കാരിക വിലക്കുകളുമായിരിക്കാം. എന്ന് കരുതി, എല്ലാവരും ഇപ്പോള്‍ തന്നെ അടുത്തുള്ള ഒരു തെറാപിസ്റ്റിന്റെ അടുക്കലേക്ക് ഓടണമെന്നല്ല ഞാന്‍ പറയുന്നത്, മറിച്ച് തുറന്ന ഹൃദയത്തോടെയും, തുറന്ന മനസ്സോടും കൂടിയായിരിക്കണം നിങ്ങള്‍ എന്റെ ലേഖനങ്ങള്‍ വായിക്കേണ്ടത് എന്നാണ്. നിറഞ്ഞ കപ്പില്‍ കൂടുതലായൊന്നും നിറക്കാന്‍ കഴിയില്ല. മനഃശാസ്ത്ര വിജ്ഞാനത്തിന് നിങ്ങളുടെ ജീവിതം ശോഭനമാക്കാനും, പൂര്‍ണ്ണമായും മാറ്റിമറിക്കാനും കഴിയും. ജോലിയുമായി ബന്ധപ്പെട്ട്, ജീവിതം തുടര്‍ന്ന് കൊണ്ടുപോകാന്‍ മനഃകരുത്തില്ലാത്ത, ആത്മഹത്യയില്‍ അഭയം തേടാന്‍ തീരുമാനിച്ച ഒരുപാട് പേരുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ മനഃശാസ്ത്രത്തെ ഉപയോഗിച്ചതിലൂടെ, അവര്‍ ജീവിക്കാന്‍ തീരുമാനിച്ചു എന്ന് മാത്രമല്ല, മറിച്ച് ആ ജീവിതം ലക്ഷ്യബോധത്തോടു കൂടിയുള്ള, ആഹ്ലാദഭരിതമായ ഒന്നാക്കി അവര്‍ മാറ്റുകയും ചെയ്തു, അല്ലാഹുവിന് സ്തുതി. മനഃശാസ്ത്രവിജ്ഞാനം സ്വന്തത്തെ അറിയാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാവശങ്ങളെയും ബാധിക്കുന്ന ഒന്നാണ് ആ അറിവ്. സ്വന്തത്തെ കുറിച്ച് മനസ്സിലാക്കുന്നത് മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ നിങ്ങളെ കൂടുതല്‍ പ്രാപ്തരാക്കും. നിങ്ങളുടെ ഇണകളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും, കുട്ടികളെ പ്രയാസങ്ങളില്ലാതെ, ലക്ഷ്യബോധത്തോടെ വളര്‍ത്താനും, ഒരു നല്ല സുഹൃത്തായി മാറാനും, ജോലിയിലും മറ്റും വിജയം കൈവരിക്കാനും നിങ്ങള്‍ക്ക് കഴിയും എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
മനസ്സ്
നിങ്ങളെ കുറിച്ച് തന്നെ ഒരു പുതിയ ഉള്‍ക്കാഴ്ച്ച ലഭിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മനഃശാസ്ത്രം. എങ്ങനെയാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത് എന്ന് പഠിക്കുന്നത് തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തും – എന്താണ് നിങ്ങള്‍ക്ക് ആവേശം പകരുന്നത്, എന്താണ് നിങ്ങളെ പ്രചോദിപ്പിക്കുന്നത്, എങ്ങനെ ഭയങ്ങളെ മറികടക്കാം. എങ്ങനെയാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത് എന്ന് ഒരിക്കല്‍ നിങ്ങള്‍ മനസ്സിലാക്കിയാല്‍, വിജയത്തിനായി സ്വയം പ്രോഗ്രം ചെയ്യാന്‍ നിങ്ങള്‍ തുടങ്ങും. നിങ്ങള്‍ പിന്നീട് കാലിടറി വീഴില്ല- അല്ലാഹുവില്‍ പൂര്‍ണ്ണമായും വിശ്വാസമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എന്തും ആഗ്രഹിക്കാനും, അതിന് വേണ്ടി പദ്ധതിയൊരുക്കാനും, അത് കരസ്ഥമാക്കാനും കഴിയും. ‘അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (ആലു ഇംറാന്‍:159). പിന്നീട് നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരുടെ സമ്മതത്തിനോ, അംഗീകാരത്തിനോ കാത്തുനില്‍ക്കില്ല, കാരണം നിങ്ങള്‍ക്ക് സ്വന്തത്തെ അറിയാന്‍ കഴിയുന്നുണ്ട്, അതിലൂടെ മറ്റുള്ളവരെ അംഗീകരിക്കാനും സാധിക്കുന്നുണ്ട്. സ്വഭാവ പരിവര്‍ത്തനത്തെ സംബന്ധിച്ച പഠനത്തിലൂടെ, ശരീരം ഭാരകുറക്കുക, ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കുക, പൊറുത്ത് കൊടുക്കുക, കോപം നിയന്ത്രിക്കുക, കാര്യങ്ങള്‍ വ്യവസ്ഥാപിതമാക്കുക തുടങ്ങിയ അനിവാര്യ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ സ്വന്തത്തിനും, മറ്റുള്ളവര്‍ക്കും പ്രചോദനം നല്കാന് നിങ്ങള്‍ കഴിയും. ‘ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അല്ലാഹു ആ ജനതയ്ക്കു ചെയ്തുകൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല’ (അല്‍അന്‍ഫാല്‍: 53).
വെല്ലുവിളി
ഇനി പ്രചോദനമല്ല നിങ്ങള്‍ വേണ്ടതെങ്കില്‍, ജീവിതത്തില്‍ നേരിടുന്ന എല്ലാ തരം വെല്ലുവിളികളെയും നേരിടാനുള്ള വിദ്യ നിങ്ങള്‍ക്ക് കരസ്ഥമാക്കാം. വെല്ലുവിളികളെ നേരിടാന്‍ പഠിക്കുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്. ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ കഴിയാതെ ആയിരകണക്കിന് ആളുകളാണ് ഹൃദയാഘാതം മൂലവും മറ്റും മരണപ്പെടുന്നത്. കാരണം ആ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള വിദ്യ അവരുടെ കൈവശമില്ലായിരുന്നു. ആത്മഭാഷണം എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ഉള്ളില്‍ നടക്കുന്ന സംഭാഷണങ്ങളാണ് നിങ്ങളുടെ ജീവിത വീക്ഷണത്തെ നിര്‍ണയിക്കുന്നത്. ഉള്ളില്‍ നന്മ നിറഞ്ഞ സംസാരമാണെങ്കില്‍ ജീവിതം ശുഭാപ്തി വിശ്വാസം നിറഞ്ഞതായി മാറും. വിഷപാമ്പില്‍ നിന്നും ഒഴിഞ്ഞ് മാറുന്നത് പോലെ ചീത്ത ചിന്തകളില്‍ നിന്നും സൂക്ഷ്മതയോടെ ഒഴിഞ്ഞ് മാറുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ പുനര്‍നിര്‍മിക്കാന്‍ സാധിക്കും. സന്തോഷത്തിന് വേണ്ടിയുള്ള അന്വേഷണം ഉള്ളില്‍ നിന്നു തന്നെ തുടങ്ങണം. നിങ്ങള്‍ക്ക് നിങ്ങളെ തന്നെ വലിയ മതിപ്പില്ലെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളെ തന്നെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ വാരിപ്പുണരാനും, അവരുമായി ആഴമേറിയ വൈകാരിക ബന്ധം ഉണ്ടാക്കിയെടുക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഇവിടെ പരാമര്‍ശിച്ച ആശയങ്ങള്‍ ഓരോന്നും വിശദീകരിക്കാന്‍ ഓരോ ലേഖനം തന്നെ വേണ്ടി വരും; എന്നിരുന്നാലും, വരും ദിവസങ്ങളില്‍ പറയാന്‍ പോകുന്ന കാര്യങ്ങളുടെ ഒരു ആമുഖമാണ് ഇത്. ഇനി വരാന്‍ പോകുന്ന ആകര്‍ഷണീയ വിഭവങ്ങളുടെ ഒരു പ്രിവ്യൂ ആയി മാത്രം ഈ ലേഖനത്തെ പരിഗണിക്കുക!
ബന്ധങ്ങള്‍
സന്തോഷം നിറഞ്ഞ ഒരു വ്യക്തി ജീവിതം നയിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുകയും, ആരംഭിക്കുകയും ചെയ്താല്‍, ആ മാറ്റം ആദ്യം അനുഭവപ്പെടുക നിങ്ങളുടെ കൂട്ടുകാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ആയിരിക്കും. അവരുമായുള്ള നിങ്ങളുടെ ബന്ധം വളരെയധികം മെച്ചപ്പെടും, കാരണം നിങ്ങളുടെ പോരായ്മകള്‍ നിങ്ങളെ ഇപ്പോള്‍ അലട്ടാറില്ല. നിങ്ങളുടെ പോരായ്മകളെ കുറിച്ച് നല്ല ബോധ്യമുള്ള നിങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ എടുത്ത് ചാടി തീര്‍പ്പ് കല്പ്പിക്കില്ല. നിങ്ങളുടെ ആശയം വെച്ചു പുലര്‍ത്താത്ത ആളുകളോട് പോലും വളരെയധികം ബഹുമാനത്തോടും, സഹിഷ്ണുതയോടും കൂടി നിങ്ങള്‍ പെരുമാറും. മറ്റുള്ളവരിലെ വ്യത്യസ്തതകള്‍ അവരുടെ കുറവുകളായി കണ്ട് അവരെ പെട്ടെന്ന് തന്നെ നാം ഒഴിവാക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനപരമായ തീര്പ്പുകല്പ്പിക്കലുകളാണ് ഉള്‍ക്കാഴ്ച്ചയുടെയും, സഹാനുഭൂതിയുടെയും ഉന്നതതലങ്ങളില്‍ എത്തിച്ചേരുന്നതില്‍ നിന്നും നമ്മെ തടയുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ചെവി കൊടുക്കുന്നത് നമ്മുടെ ബോധ്യത്തെ വികസിപ്പിക്കും, അത് നമ്മെ കൂടുതല്‍ കനിവുള്ളവരും, കരുണയുള്ളവരുമാക്കി തീര്‍ക്കും. ഈ കരുണയും, കനിവും കുടുംബങ്ങളില്‍ വളരെ അനിവാര്യമാണ്. ‘ഉപദ്രവകരമായ ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും മാപ്പേകലുമാകുന്നു’ (അല്‍ബഖറ: 263). ആത്മാര്‍ത്ഥമായി അംഗീകരിക്കല്‍, അനുകമ്പ, പൊറുത്തു കൊടുക്കല്‍ എന്നിവ തര്‍ക്ക പരിഹാരത്തിന്റെയും, കാര്യക്ഷമമായ പങ്കുവെക്കലിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വിദ്യ അഭ്യസിക്കുന്നത് കുടുംബ ജീവിതം സന്തോഷഭരിതമാക്കി മാറ്റും
ശാന്തി
നിങ്ങള്‍ സ്വയം വളരുകയും, നിങ്ങളുടെ കുടുംബജീവിതം മെച്ചപ്പെടുകയും ചെയ്യുംതോറും നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ സമാധാനം കൈവരിക്കും. സന്തോഷവും, ആത്മവിശ്വാസവും തുറന്ന് പ്രകടിപ്പിക്കുന്നത് നിങ്ങളെ കൂടുതല്‍ ആകര്‍ഷണീയനാക്കി മാറ്റും. പക്ഷെ നിങ്ങളുടെ ഇണയുമായുള്ള ഊഷ്മളബന്ധത്തിന്റെ അഭാവത്തിന് പകരം വെക്കാന്‍ ലോകത്തുള്ള ഒന്നുകൊണ്ടും സാധ്യമല്ല. ഈ സുപ്രധാനബന്ധം വളര്‍ത്താനും, പിണക്കങ്ങള്‍ പരിഹരിക്കാനുമുള്ള ജ്ഞാനം കരസ്ഥമാക്കുന്നത് നിങ്ങളുടെ വൈവാഹിക ജീവിതത്തെ മാറ്റിമറിക്കും. ‘അവന് ഇച്ഛിക്കുന്നവര്‍ക്കു ജ്ഞാനം നല്കുന്നു. ജ്ഞാനം ലഭിച്ചവനോ, അവനു മഹത്തായ സമ്പത്ത് ലഭിച്ചുകഴിഞ്ഞു’ (അല്‍ബഖറ: 269). ബന്ധങ്ങള്‍ വളര്‍ത്താനും ഊഷ്മളമാക്കാനുമുള്ള യുക്തിജ്ഞാനവും, ഉപകരണങ്ങളു കരസ്ഥമാക്കി കഴിഞ്ഞാല്‍, ജീവിതത്തില്‍ ശാന്തി പെയ്തിറങ്ങും, പ്രയാസങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ പ്രാപ്തരാകും.
ആത്മപരിശോധന
കുട്ടികള്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഇണയുമായി ശക്തവും, ഉറച്ചതുമായ ഒരു ബന്ധം ഉണ്ടായിരിക്കണം. കാരണം കുട്ടികളുടെ വ്യക്തിത്വത്തെയും, അവരുടെ ജീവിതത്തെയും അത് സ്വാധീനിക്കും. ആളുകള്‍ക്ക് ഈ അറിവുകള്‍ ഇല്ലെന്ന് മാത്രമല്ല, ഒരു മുന്നൊരുക്കമോ, അറിവോ ഇല്ലാതെ തന്നെ തങ്ങള്‍ക്ക് മാതാപിതാക്കളുടെ കടമ നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്. ‘നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍, അറിവുള്ളവരോടു ചോദിച്ചുനോക്കുക’ (അന്നഹ്ല്: 43). വാഹനമോടിക്കാനും, മറ്റും വിദഗ്ദ പരിശീലനവും, പരിശോധനയും, പരീക്ഷകളും നിര്‍ബന്ധമാണ്, പക്ഷെ മാതാപിതാക്കളാകുന്നതിനും, ഒരു തലമുറയെ വളര്‍ത്തി വലുതാക്കുന്നതിനും ഒരു മാനദണ്ഡവുമില്ല എന്നത് വളരെയധികം സങ്കടകരമാണ്.
ഇസ്ലാമിക ചട്ടകൂടിനുള്ളില്‍ നിന്നുള്ള കൊണ്ട് മനഃശാസ്ത്ര വിജ്ഞാനം കരസ്ഥമാക്കുന്നത് സന്താനപരിപാലനം എളുപ്പവും ലക്ഷ്യബോധമുള്ളതുമാക്കി തീര്‍ക്കും. നിങ്ങള്‍ ആത്മപരിശോധന നടത്തുകയും, സ്വന്തം വികാരങ്ങളെ മനസ്സിലാക്കുകയും ചെയ്യും, ഇത് നിങ്ങളുടെയും, മറ്റുള്ളവരുടെയും മതിപ്പ് നേടാന്‍ നിങ്ങളെ പ്രാപ്തമാക്കും. അല്ലാഹുവിലുള്ള സമ്പൂര്‍ണ്ണ വിശ്വാസം കൈമുതലായുണ്ടെങ്കില് ആഗ്രഹാഭിലാഷങ്ങള്‍ നേടാന്‍ ലളിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മതിയാകും. ഖുര്‍ആനിന്റെയും, സുന്നത്തിന്റെയും വെളിച്ചത്തില്‍ മനഃശാസ്ത്രത്തെ കുറിച്ച് പഠിക്കാനുള്ള ആഗ്രഹം ചെറിയ തോതിലെങ്കിലും നിങ്ങളില്‍ ഉണര്‍ത്താന്‍ ഈ ലേഖനം കൊണ്ട് കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
കടപ്പാട്: muslimmatters