മുത്വലാഖും ശരീഅത്തും

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%82

മുത്വലാഖും പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകളും

 മുത്വലാഖും പൊതുസമൂഹത്തിന്റെ തെറ്റിദ്ധാരണകളും 

മുത്വലാഖിനെ സംബന്ധിച്ചുള്ള നിലവിലെ വിവാദം തെളിയിക്കുന്നത് നിഷ്‌ക്രിയ ത്വത്തിനു പോലും ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നതാണ്. ഇസ്‌ലാമിക നിയമത്തില്‍ ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉടലെടുക്കുകയാണങ്കില്‍ ഇസ്‌ലാമിക നിയമ ത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്റെ അധ്യാപനങ്ങളായ ഹദീസിലും അന്വേഷണം നടത്തു കയാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ മുത്വലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ഖുര്‍ആനും സുന്നത്തും പരിശോധിക്കുമ്പോള്‍ നമുക്ക് വ്യക്തമാകും.

ഇസ്‌ലാം ആളുകളെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുകയും സ്രഷ്ടാവായ അല്ലാ ഹുവിന് മാത്രം കീഴ്‌പ്പെടുന്നവരാക്കി മാറ്റുകയും ചെയ്തു. ഇസ്‌ലാമിനു മുമ്പ് സ്ത്രീകള്‍ പൊതുവേ അടിമകളായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ഇവിടെ സ്ത്രീ കള്‍ കേവലം വില്‍പ്പനക്കും കൈമാറ്റത്തിനുമുള്ള ഉത്പന്നം മാത്രമായിരുന്നു. ഈ പ്രവണത ഇസ്‌ലാം അഞ്ചാം നൂറ്റാണ്ടില്‍ തന്നെ അവസാനിപ്പിക്കുകയുണ്ടായി.

സ്ത്രീകളുടെ വ്യക്തിത്വവും സമ്പൂര്‍ണ്ണതയും കഴിവും ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ചു. ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വത്തിന്മേല്‍ പൂര്‍ണ്ണമായ അവകാശം നല്‍കുകയും ഭര്‍ത്താവിന് ഇതിനു മുകളില്‍ യാതൊരു അവകാശവും ഉണ്ടാവുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതു പോലെ സ്ത്രീകള്‍ക്ക് അവളുടെ ഭര്‍ത്താവിനെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണമായ അവകാശവും നല്‍കി.

ഭര്‍ത്താവിന് താത്പര്യമില്ലെങ്കില്‍ പോലും അവള്‍ക്ക് അവനോടൊപ്പം ഒന്നിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഒഴിവാക്കുവാനുമുള്ള അവകാശവും ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നു. നാം ജീവിക്കുന്ന ഈ 21 ാം നൂറ്റാണ്ടിലും യൂറോപിലും അമേരിക്കയിലും തുല്ല്യ ജോലിക്ക് സ്ത്രീകള്‍ക്ക് പുരുഷനമാരെ അപേക്ഷിച്ച് 80 ശതമാനം വേതനം മാത്രമേ നല്‍കുന്നുള്ളൂ.  അതേസമയം ഇസ്‌ലാമിനെ നമ്മുടെ മാധ്യമങ്ങള്‍ പഴഞ്ചനായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിവരിക്കുക എന്നതല്ല ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് വകവെച്ചുകൊടുക്കുന്ന അവകാശങ്ങള്‍ മുസ്‌ലിം പുരുഷന്മാര്‍ നിഷേധിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഏതൊരു നിസ്സാരമായ സ്ത്രീ അവകാശലംഘനം പോലും നടക്കുന്നത് ലോകത്തെമ്പാടുമുള്ള പുരുഷമേധാവിത്വ സമൂഹങ്ങളിലാണെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും. മുത്വലാഖ് വിഷയം അത്തരത്തിലുള്ള ഒന്നാണ്. അതുകൊണ്ട് ഞാന്‍ ഇത് സമര്‍പ്പിക്കുന്നത് മാധ്യമ ങ്ങളുടെ മുമ്പിലേക്കല്ല, മറിച്ച് മോശം സ്വഭാവംകൊണ്ട് ഇസ്‌ലാമിന്റെ മുഖം വികൃത മായി ചിത്രീകരിക്കപ്പെടാന്‍ കാരണക്കാരയ മുസ്‌ലിം പുരുഷന്മാരുടെ മുമ്പിലേക്കാണ്.

ഇസ്‌ലാമിന് മുമ്പ് പലതരം തിന്മകളായിരുന്നു സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. വളരെ നിസ്സാരമായ രീതിയില്‍ യാതൊരു നിയന്ത്രണവും കൂടാതെ പുരുഷന്മാര്‍ അവരുടെ ഭാര്യമാരെ വിവാഹം മോചനം ചെയ്യുകയും തിരിച്ചെ ടുക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നാലിതിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് അല്ലാ ഹു പറയുന്നു:  “വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുകയോ നല്ല നിലയില്‍ ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള്‍ ഭാര്യ മാര്‍ ക്ക് നല്‍കിയിരുന്നതില്‍ നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന്‍ പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കാന്‍ കഴിയില്ലെന്ന് ആശങ്കിക്കുന്നു വെങ്കില ല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുകയില്ലെന്ന് നിങ്ങ ള്‍  പേടിക്കുന്നുവെങ്കില്‍ സ്ത്രീ തന്റെ ഭര്‍ത്താവിന് വല്ലതും നല്‍കി വിവാഹമോചനം നേടുന്നതില്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ.

നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള്‍ ലംഘിക്കുന്നവര്‍ തന്നെയാണ് അക്രമികള്‍. വീണ്ടും വിവാഹമോചനം നടത്തിയാല്‍ പിന്നെ അവന് അവള്‍ അനുവദനീയ യാവുക യില്ല; അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതുവരെ. അങ്ങനെ അയാള്‍ അവളെ വിവാ ഹമോചനം നടത്തുകയാണെങ്കില്‍ മുന്‍ഭര്‍ത്താവിനും അവള്‍ക്കും ദാമ്പത്യത്തി ലേക്ക് തിരിച്ചുവരുന്നതില്‍ വിരോധമില്ല; മേലില്‍ ഇരുവരും ദൈവികനിയമങ്ങള്‍ പാലിക്കുമെന്ന് കരുതുന്നുവെങ്കില്‍. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവ വിശദീകരിച്ചുതരികയാണ്”. ( അല്‍ബഖറ: 229, 230)

ശരീഅത്തിന്റെ ഉദ്ദേശ്യം

1. വിവാഹം എളുപ്പമാക്കുകയും വ്യഭിചാരം തടയുകയും ചെയ്യുക
2. വിവാഹം വേഗത്തിലും വിവാഹമോചനം അനുരഞ്ജനത്തിനുള്ള സമയത്തിനു ശേഷവുമാക്കുക
3. സാധ്യമാകുന്നെടുത്തോളം വിവാഹത്തെ സംരക്ഷിക്കുക

അബ്ദുല്ലാഹ് ബ്‌നു ഉമര്‍(റ) അദ്ദേഹത്തിന്റെ ഭാര്യയെ ആര്‍ത്തവ സമയത്ത് വിവാ ഹ മോചനം ചെയ്യുകയുണ്ടായി. ഇതിനെക്കുറിച്ച് ഉമര്‍(റ) നബി(സ) യോട് അന്വേഷിച്ച പ്പോള്‍ നബി(സ) അദ്ദേഹത്തോട് പറഞ്ഞു അവളെ തിരിച്ചെടുക്കാന്‍ നിങ്ങള്‍ നിങ്ങളുടെ മകനോട് ആവശ്യപ്പെടുക. അവളെ അവളുടെ ശുദ്ധി സമയം വരെയും സരംക്ഷി ക്കു വാ നും അടുത്ത ആര്‍ത്തവ സമയത്തിനു ശേഷമുള്ള ശുദ്ധിസമയം വരെയും കാത്തിരിക്കാ നും  അദ്ദേഹത്തോട് പറയുക. ഇതിനു ശേഷം അദ്ദേഹം അവരോടൊത്ത് തുടര്‍ന്നും ജീവി ക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അപ്രകാരം ചെയ്യുക ഇനി വിവാഹ മോചനം ചെയ്യു ക യാണെങ്കില്‍ അവരുമായുള്ള ലൈംഗിക ബന്ധത്തിന് മുമ്പ് വിവാഹമോചനം നടത്തുക. അത് അല്ലാഹു സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനു വേണ്ടി നിര്‍ണയിച്ചിട്ടുള്ള കാലനി ര്‍ണ്ണിതമാകുന്നു. (ബുഖാരി)

എന്താണ് ശരിയായ രീതി?

1. സ്ത്രീയുടെ ശുദ്ധിസമയത്ത് മാത്രം ത്വാലാഖ് ചെയ്യുക
2. ത്വലാഖ് ഒരു പ്രാവിശ്യം മാത്രം ചെല്ലുക
3 അവള്‍ വീട്ടില്‍ തന്നെ തുടരുകയാണെങ്കില്‍ ലൈഗിംകബന്ധമൊഴികെ ഭാര്യ എന്ന നിലയിലുള്ള എല്ലാ പരിഗണനകള്‍ക്കും ധര്‍മ്മങ്ങള്‍ക്കും അര്‍ഹയായിരിക്കും.
ഇനി അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ത്വലാഖ് സ്വമേധയാ റദ്ദാക്കപ്പെടും.

ത്വലാഖുമായി ബന്ധപ്പെട്ട്  ആദ്യം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ശുദ്ധി സമയത്ത് മാത്രമേ ത്വലാഖ് ചെയ്യാന്‍ പാടുള്ളു എന്നതും ഒരിക്കല്‍ മാത്രമേ ത്വലാഖ് ചൊല്ലേണ്ടതുള്ളൂ എന്നതുമാണ്. ഇതാണ് യഥാര്‍ഥ ത്തില്‍ ശരീഅത്തും എല്ലാ മദ്ഹബുകളുടെയും ഫിഖ്ഹിന്റെയും ഇമാമുമാരും സ്വീകരി ച്ചിട്ടുള്ളതുമായ രീതി. ഇതിനു വിരുദ്ധമായി ഒന്നില്‍ കൂടുതല്‍ മൊഴി ഒരേ സമയം ചെല്ലു ന്ന തും സ്ത്രീയെ ആര്‍ത്തവ സമയത്ത് വിവാഹമോചനം നടത്തുന്നതുമെല്ലാം ബിദ്അ (പുതുതായി ചേര്‍ക്കല്‍)ത്താണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമില്‍ ഇത് നിഷിദ്ധവുമാണ്. ഇതാണ് യഥാര്‍ഥ നിയമവും ത്വലാഖിന്റെ ശരിയായ രീതിയും.

ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ഇസ്‌ലാം വിവാഹത്തില്‍ സ്ത്രീക്ക് അതിയായ പ്രാധാ ന്യം നല്‍കുന്നു എന്നതാണ്. അതിനാലാണ് ഇസ്‌ലാം വിവാഹമെന്നത് എളുപ്പവും ലളി തവുമാക്കുകയും അതേസമയം തന്നെ അനുരഞ്ജനത്തിനുള്ള അവസരമൊരുക്കിയ ശേഷം മാത്രം വിവാഹമോചനത്തിന് അനുവാദം നല്‍കുകയും ചെയ്തത്. ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കിലും മറ്റു അധിക മതങ്ങളും വിവാഹമോചനത്തിന് അനുമതി നല്‍കു ന്നില്ല. അതുകൊണ്ട് തന്നെ അവരുടെ മതത്തിനകത്ത് നിന്നുകൊണ്ട് അവര്‍ക്ക് വിവാഹ മോചനം സാധ്യമല്ല. അവര്‍ക്ക് വിവാഹമോചനം നടത്തണമെങ്കില്‍ അവരുടെ മതത്തി ന്റെ പുറത്ത് പോകേണ്ടിവരികയും സിവില്‍ കോടതിയെ സമീപിക്കുകയും ചെയ്യേണ്ടി വരുന്നു. എന്നാല്‍ ഇസ്‌ലാം ഇതിന് ആര്‍ദ്രവും അതേസയം ദൃഢവുമായ വ്യവസ്ഥ നമ്മു ടെ മതനിയമത്തിനകത്ത് തന്നെ കൊണ്ടുവന്നു. ഇതില്‍ ഇരു കൂട്ടരുടെയും അവകാശങ്ങള്‍ ലംഘിക്കാതെ തന്നെ വിവാഹ മോചനം സാധ്യമാകും. ത്വലാഖിനിടെയിലുള്ള ഇടവേളക ള്‍കൊണ്ട് പുനര്‍ വിചിന്തനത്തിനും അനുരഞ്ജനത്തിനും അവസരമാണ് ഇസ്‌ലാം ഒരു ക്കുന്നത്. അതുപോലെ ത്വലാഖ് ചെയ്താലും ഒരു പ്രശ്‌നവും കൂടാതെ എളുപ്പത്തില്‍ പുനര്‍ വിവാഹം നടത്തുവാവുള്ള സാഹചര്യം ഇതിലൂടെ ലഭിക്കുന്നു.

വിശദമാക്കാം: ഒരാള്‍ തന്റെ ഭാര്യയെ ആദ്യമായി ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അവരുടെ ഇദ്ദ സമയത്തിനു മുമ്പായി അല്ലെങ്കില്‍ മൂന്ന് മാസം പൂര്‍ത്തിയാകു ന്നതിനിടയിലോ അവര്‍ക്ക് നിയമസംവിധാനത്തിന്റെ ഒരു നടപടിക്രമവും കൂടാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ പറ്റും. അവര്‍ നേരത്തെ ദമ്പതിമാരായി ജീവിച്ചതുപോലെ തുടരുന്നതിന് പ്രത്യേകമായി എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യേണ്ടതില്ല.

ഇനി മൂന്ന് മാസത്തിനു ശേഷവും അവളെ അവന്‍ തിരിച്ചെടുക്കുന്നില്ലെങ്കില്‍ അവര്‍ വിവാഹമോചിതരായിത്തീരുകയും ഇരുവര്‍ക്കും അവരാഗ്രഹിക്കുന്നവരുമായി  വിവാഹത്തില്‍ ഏര്‍പ്പെടാനും പറ്റും. ഇനി ഇദ്ദസമയം കഴിഞ്ഞ് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അവര്‍ വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരു പുതിയ നികാഹിലൂടെ അവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ പറ്റും. ഇതും നേരത്തെതുപോലെ വളരെ ലളിതമായ ഒന്നാണ്.

മുകളില്‍ പറഞ്ഞ ത്വലാഖിന്റെ ഉദാഹരണത്തിലേക്കു തന്നെ തിരിച്ചു വരാം. ആദ്യ ത്വലാഖിനു ശേഷം ഇദ്ദ സമത്ത് അവര്‍ വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തയ്യാറാവുകയും അവര്‍ക്കിടയില്‍ ഒന്നോ രണ്ടോ വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശനം ഉടലെടുക്കുകയും അങ്ങനെ അവന്‍ രണ്ടാം തവണയും ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അപ്പോഴും ഒരു തവണ മാത്രമേ ത്വലാഖ് ചൊല്ലാന്‍ പാടുള്ളു. അപ്പോള്‍ അവള്‍ രണ്ടാമത്തെ ത്വലാഖിന്റെ ഇദ്ദയിലായിരിക്കും. എന്നാല്‍ അവര്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കുകയും അവര്‍ വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് പഴയതുപോലെ ദമ്പതികളായി തുടരാന്‍ പറ്റും. പിന്നീട് ഈ ദമ്പതിമാര്‍ ഒരുമിച്ച് കഴിയുന്നതിനിടയില്‍ വീണ്ടും പ്രശ്‌നം ഉടലെടുക്കുകയാണെങ്കില്‍ ഒരു തവണകൂടി ത്വലാഖ് ചൊല്ലാന്‍ പുരുഷന് അവകാശം ഉണ്ടാകും. ഇത് അവസാനത്തേതും തിരിച്ചെടുക്കാന്‍ പറ്റാത്തതുമായിരിക്കും. മൂന്നാമത്തെ ത്വലാഖും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ അവളെ തിരിച്ചെടുക്കാന്‍ അവന് പറ്റില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു. ഇതിനു പിന്നിലുള്ള പ്രധാന പാഠം, രണ്ടു ത്വലാഖുകള്‍ക്ക് ശേഷമാണ് അവര്‍ക്കിടയില്‍ മൂന്നാമത്തെ ത്വലാഖ് നടക്കുന്നത്. ഇതിനര്‍ഥം അവര്‍ക്കിടയില്‍ സന്തോഷത്തോടുകൂടി ഒരുമിച്ച ജീവിക്കുന്നതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞിരിക്കുന്നു എന്നതും അവരുടെ വിവാഹ ജീവിതം തുടരുന്നത് അര്‍ഥ ശൂന്യവുമാണെന്നതാണ്. അതുകൊണ്ട് തന്നെ ഇസ്‌ലാം വിവാഹമോചനത്തിനുള്ള അനുമതി നല്‍കുന്നത് അനുരഞ്ജനത്തിനുള്ള മതിയായ സമയം നല്‍കിയ ശേഷം മാത്രമാണ്.

ഇദ്ദ സമയത്തെക്കുറിച്ച് അല്ലാഹു പറയുന്നു:
“നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്‌തേക്കാം; നിനക്കത് അറിയില്ല. നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേതും ഇതുതന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും” (അത്വലാഖ്:1,4)

ഈ ആയത്തുകളില്‍ അല്ലാഹു കേവലം ഇദ്ദ സമയത്തെക്കുറിച്ച് പ്രത്യേകമായി വിവരിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച്  വിവാഹമോചനത്തിനിടെ  വീണ്ടും ഒരുമിച്ചുചേരുന്നതിനുമുള്ള രീതിയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ നടപടിക്രമത്തെ അവഗണിച്ച മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുന്ന രീതി ഖുര്‍ആനില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുള്ള നിയമത്തെ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ ഇത് അനുവദനീയമല്ല. അതുകൊണ്ടാണ് മുത്ത്വലാഖ് അനുവദീനീയമാണ് എന്നു പറയുന്നവര്‍ പോലും ഇതിനെ ത്വലാഖുല്‍ ബിദ്അ എന്നാണ് വിശേഷിപ്പിക്കുന്നത്.

അടിസ്ഥാനപരമായി എന്റെ ചോദ്യം, നിങ്ങള്‍ ഇതിനെ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കുകയും അതേസമയം തന്നെ ബിദ്അത്ത് എന്നത് വഴിപിഴപ്പിക്കുന്നതാണെന്നും  എല്ലാ വഴിപ്പിക്കലുകളും കുറ്റകരമാണെന്നും പറയുകയും എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ടാണ് ഖുര്‍ആനിന്റെയും സുന്നത്തിന്റയും അടിസ്ഥാനത്തില്‍ തയ്യാറാക്കിട്ടുള്ള നിയമസംഹിതക്കകത്ത് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതുമാണ്. നിങ്ങള്‍ക്ക് വിവാഹമോചനം ആവശ്യമാണെങ്കില്‍ അത് അനുവദിക്കുകയും അതിനുള്ള രീതി വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ചിലര്‍ ചില കാര്യങ്ങള്‍ ഇസ്‌ലാമില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിനെ നിങ്ങള്‍ ബിദ്അത്ത് എന്ന് വിശേഷിപ്പിക്കുകയും നിങ്ങളുടെ സൗകാര്യാര്‍ഥം നിങ്ങള്‍ ഇതിനകത്ത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത്. പ്രത്യേകിച്ചും ഇസ്‌ലാമിന്റെ വ്യക്തമായ കല്‍പ്പന ഉണ്ടായിരിക്കേയും അതിനു വിരുദ്ധമായ രീതിയിലും ഇസ്‌ലാം മോശമായി ചിത്രീകരിക്കാന്‍ ഇടവെരുന്നതുമായിരിക്കെ.

എങ്ങനെയാണ് മുത്വലാഖ് സമ്പ്രദായം നടപ്പില്‍ വന്നത്?
ചരിത്രപരമായി പരിശോധിക്കുകയാണെങ്കില്‍ മുത്വലാഖ് സമ്പ്രദായം റസൂലി(സ) ന്റെ കാലഘട്ടത്തിലും നടന്നതായി കാണാന്‍ കഴിയും.
പ്രവാചകന്റെ കാലഘട്ടത്തില്‍ മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയതിനെ ഒറ്റ ത്വലാഖായിട്ടായിരുന്നു ഗണിച്ചിരുന്നതെന്ന് റുഖാനബിന് അബ്ദുല്‍ അസീസിന്റെ ചരിത്ര സംഭവം ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു അബ്ബാസ് (റ) വ്യക്തമാക്കുന്നു. റുഖാന അബ്ദുയസീദ് അദ്ദേഹത്തിന്റെ ഭാര്യയെ ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുകെയുണ്ടായി. പിന്നീട് അദ്ദേഹത്തില്‍ ഇതില്‍ അധിയായ കുറ്റംബോധം ഉണ്ടാക്കി. സംഭവത്തെക്കുറിച്ച് റസൂലുഹി (സ) യോട് സംഭവം വിവരിക്കുകയും ചെയ്തു. അപ്പോള്‍ റസൂല്‍ അദ്ദേഹത്തോട് ചോദിച്ചു നീ അവളെ എങ്ങനെയാണ് ത്വലാഖ് ചൊല്ലിയത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ അവളെ മൂന്ന് ത്വലാഖും ചൊല്ലുകയുണ്ടായി. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു ഒറ്റയിരുപ്പിനാണോ? അദ്ദേഹം അതെ എന്നു മറുപടി നല്‍കുകയുണ്ടായി. എന്നാല്‍ ഇത് ഒന്നായി മാത്രമേ ഗണിക്കുകയുള്ളുവെന്നും താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ തിരിച്ചെടുക്കുകയും ചെയ്യുക എന്ന പ്രവാചകന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി. ഈ സംഭവം ഇബ്‌നു തൈയ്മിയ അദ്ദേഹത്തിന്റെ ഫത്വവയില്‍ എടുത്തുദ്ധരിക്കുകയുണ്ടായി.

ഈ ഹദീസിനെ ഖുര്‍ആനിലെ ആയത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഈ ഹദീസ് ആയത്തിനെ പിന്തുണക്കുകയും നടപ്പില്‍വരുത്തുകയും ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. ഒറ്റയിരിപ്പിന് ഒരാള്‍ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയപ്പോള്‍ പ്രവാചകന്‍ അതിനെ അസാധുവാക്കുകയും അത് ഒന്നായി മാത്രമേ ഗണിക്കുയുള്ളു എന്ന് പറയുകയുമാണുണ്ടായത്. അപ്പോള്‍ നാം ഇന്ത്യയില്‍ എന്താണ് ചെയ്യേണ്ടത്? എന്താണോ മുഹമ്മദ് നബി (സ) ചെയ്തത്. അദ്ദേഹം നമ്മുടെ മാര്‍ഗ ദര്‍ശിയാണ്. അദ്ദേഹത്തെയാണ് നമ്മെളെല്ലാവരും പിന്തുടരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളാണ് അവസാന വാക്ക്. അതുകൊണ്ട് അദ്ദേഹത്തെ പിന്തുടരാം. ആരാണ് ഇതിനെ എതിര്‍ക്കുന്നത്? ഇബ്‌നു തൈയ്മിയയും ഇബ്‌നുല്‍ ഖയ്യിം തുടങ്ങി നിരവധി പണ്ഡിതന്മാര്‍ ഈ ഹദീസിനെ ഈ രീതിയില്‍ ശരിയായ അര്‍ഥത്തിലാണ് മനസ്സിലാക്കിയിട്ടുള്ളത്.   അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ കല്‍പ്പനയും പ്രവാചകന്റെ മാതൃകയും ഉണ്ടായിരിക്കെ നാം മറ്റുള്ളവരിലേക്ക് നോക്കേണ്ട ആവിശ്യമെന്താണ്?

ഒറ്റയിരിപ്പിനുള്ള മുത്വലാഖിനെ ന്യായീകരിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പണ്ഡിതാഭിപ്രായങ്ങളെക്കുറിച്ചും ഞാന്‍ ബോധവാനാണ്. ഞാന്‍ ശ്രദ്ധക്ഷണിക്കുന്നത് എന്റെ അഭ്യസ്ഥ വിദ്യാരായിട്ടുള്ള സുഹൃത്തുക്കളെയാണ്. നിങ്ങളുടെ എല്ലാ വാദങ്ങളും അവസാനിക്കുന്നത് ഊഹങ്ങളിലും അനുമാനിച്ച് കാരണം കണ്ടെത്തുന്നതിലുമാണ്. എന്നാല്‍ യാഥാര്‍ഥ വിധി അല്ലാഹു അവന്റെ ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുകയും ഉത്തരവുകള്‍ പ്രവാചകന്‍ തന്റെ ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തിരിക്കേ എന്തുകൊണ്ടാണ് വ്യക്തമായ തെളിവുകളേക്കാളും ഊഹത്തിനും അനുമാനത്തിനും നിങ്ങള്‍ മുന്‍ഗണനകൊടുക്കുന്നു? ഇത് യഥാര്‍ഥ നിരീക്ഷണവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യാഥാര്‍ഥ്യവുമല്ലാതിരിക്കെ. അല്ലാഹുവിന്റെ ദൂതന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെട്ടതും രേഖപ്പെടുത്തപ്പെട്ടതുമാണ്. അദ്ദേഹത്തിന്റെ മനസ്സിലുള്ള കാര്യം പോലും രേഖപ്പെടുത്തപ്പെട്ടിരിക്കെ എന്തുകൊണ്ടാണ് ചിലര്‍ വ്യക്തമായ തെളിവുകളെ ഉപേക്ഷിച്ച് സംശയാസ്പദമായതിനെ സ്വീകരിക്കുന്നത്.

ഒറ്റയിരിപ്പിനു മൂന്നു ത്വലാഖും ചൊല്ലിയാല്‍ ഒന്നായി ഗണിക്കുന്ന ഈ രീതി ആദ്യത്തെ ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ കാലഘട്ടത്തിലും തുടര്‍ന്ന് പോന്നു. എന്നാല്‍ ഉമര്‍(റ)വിന്റെ കാലഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു പ്രശനം ഉടലെടുക്കുകയും അദ്ദേഹം  ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയുണ്ടായി. പ്രവാചകന്‍(സ)നമ്മോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ അവരുടെ മനസ്സില്‍ എന്തായിരുന്നുവോ ചിന്തിച്ചിരുന്നത് അതിനു അല്ലാഹു അദ്ദേഹത്തിലൂടെ മറുപടി നല്‍കുകയുണ്ടായി. എന്നാന്‍ നമുക്ക് ആ രീതിയില്‍ ഇന്ന് വിവരം ലഭിക്കുന്നില്ല. അതുകൊണ്ട് നമുക്ക് സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പോട്ട് പോകാനേ കഴിയുകയുള്ളു. അതിനാല്‍ ആരെങ്കിലും അവന്റെ ഭാര്യയെ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുകയാണെങ്കില്‍ ഇത് ഒന്നായിട്ടല്ല മൂന്നെണ്ണമായിട്ടു തന്നെയാണ് കണക്കാക്കുകയെന്ന് ഉമര്‍(റ)പറയുകയുണ്ടായി. ഇത് ഹറാം ചെയ്യുന്നതിന് പുരുഷനുള്ള ശിക്ഷയായിട്ടായിരുന്നു നടപ്പിലാക്കിയത്.

ഇത് എങ്ങനെയാണ് ശിക്ഷയാകുന്നത്? ഇസ്‌ലാമില്‍ വിവാഹുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും പുരുഷന്റെ ബാധ്യതയാണ്. അത് അവന്റെ കുടുംബത്തിന്റെ ബാധ്യതപോലുമല്ല മറിച്ച് പുരുഷന്‍ തന്നെ വഹിക്കണം. ഒരാള്‍ ഭാര്യയെ വിവാഹമോചനം ചെയ്യുമ്പോള്‍ അവരുടെ വിവാഹ സമയത്ത് അവനില്‍ നിന്നോ അവരുടെ കുടുംബത്തില്‍ നിന്നോ സ്വീകരിച്ച മഹര്‍ ഉള്‍പ്പെടെയുള്ള പാരതോഷികങ്ങളെല്ലാം അവള്‍ക്ക് വിട്ടുനല്‍കേണ്ടിവരും. ഇനി അവന് മറ്റൊരു വിവാഹം കഴിക്കണമെങ്കില്‍ ഈ എല്ലാ ചെലവുകളിലൂടെയും അവന്‍ വീണ്ടും കടന്നു പോകേണ്ടിവരും. സ്ത്രീയുടെ ഇദ്ദ കാലം കഴിഞ്ഞാല്‍ മറ്റൊരാളുമായുള്ള വിവാഹത്തിന് ഇസ്‌ലാമില്‍ വിലക്കില്ല. അവള്‍ക്ക് പുതിയൊരു അന്വേഷണം വരികയും അവള്‍ മറ്റൊരാളുമായി വിവാഹത്തില്‍ ഏര്‍പ്പെടുകയും ചെയ്ത് പുതിയ ഭര്‍ത്താവുമൊന്നിച്ച്് സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുമ്പോഴും മിക്കവാറും ആദ്യ ഭര്‍ത്താവ് ഒറ്റക്കുതന്നെയായിരിക്കും. അവന് വീണ്ടുമൊരു വിവാഹം കഴിക്കണമെങ്കില്‍ എല്ലാ നടപടിക്രമങ്ങളിലൂടെയും ചെലവുകളിലൂടെയും വീണ്ടും കടന്നുപോകേണ്ടിവരും. ആദ്യ വിവാഹത്തില്‍ അവര്‍ക്ക് കുട്ടികളുണ്ടെങ്കില്‍ അവര്‍ സ്വയം പര്യാപ്തരാകുന്നതുവരെയും അവരുടെ ചിലവുകള്‍ വഹിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വവും -അവര്‍ക്ക് ഇദ്ദേഹത്തിന്റ പിന്തുണ ആവശ്യമില്ലെങ്കില്‍ പോലും- ആദ്യ ഭര്‍ത്താവിനാണ്. ഇതിന്റെ അര്‍ഥം സര്‍വകലാശലകളിലേതടക്കം അവരുടെ വിദ്യാഭ്യസത്തിന്റ പൂര്‍ണ്ണ ചെലവുകള്‍ വഹിക്കേണ്ടത് ഇദ്ദേഹമാണെന്നതാണ്. അവര്‍ അവരുടെ ജീവതച്ചെലവിനും വിവാഹത്തിനും സ്വന്തമായി സമ്പാദ്യം കണ്ടെത്തുന്നതുവരെയും ഇത് തുടരണം. ഈ എല്ലാ ചെലവുകളും പുരുഷന്മാര്‍ക്കുള്ള ശിക്ഷയുടെ ഭാഗമാണ്. അവളുടെ പുതിയ ഭര്‍ത്താവിന് അവളുടെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്ക് നയാപൈസ പോലും ചെലവിനു കൊടുക്കാന്‍ ബാധ്യതയില്ല. അത് മുഴുവനായും അവരുടെ പിതാവിന്റെ ഉത്തരവാദിത്വമാണ്.

ഇസ്‌ലാമില്‍ മൂന്നു തവണ ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിവാഹം മോചനം പൂര്‍ണ്ണമായി എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ അവരെ ഉടന്‍ തിരുത്തേണ്ടതുണ്ട്. ഇസ്‌ലാമില്‍ മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലുകയാണെങ്കില്‍ അത് ഹറാമാണെന്നും അത് അല്ലാഹുവിന്റെ കല്‍പ്പനക്ക് വിരുദ്ധമാണെന്നും അവരോട് പറയണം. ഇതിലൂടെ നിങ്ങള്‍ വെറുതെ വിടപ്പെടുകയില്ല. നിങ്ങള്‍ അല്ലാഹുവിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തില്‍ അവന്റെ ശിക്ഷക്ക് അര്‍ഹനായിത്തീരും. ഇതിലൂടെ നിങ്ങള്‍ അല്ലാഹുവിന്റെ ശരീഅത്തിനെ ലംഘിക്കുകയും ജനങ്ങളുടെ അവകാശം കവര്‍ന്ന (ഹുഖൂഖുല്‍ ഇബാദ) കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. ഇത് നിങ്ങള്‍ തെറ്റുചെയ്തിട്ടുള്ള വ്യക്തി- ഇവിടെ നിങ്ങള്‍ വിവാഹ മോചനം ചെയ്തിട്ടുള്ള ഭാര്യ- നിങ്ങള്‍ക്ക് മാപ്പ് തരാത്തെടത്തോളം സമയം അല്ലാഹുവും മാപ്പ് നല്‍കുകയില്ല. ആരെങ്കിലും ഒരേ സമയം മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ നിയമം കൊണ്ടാണ് കളിക്കുന്നത്.

ഇസ്‌ലാമില്‍ വിവാഹമെന്നത് ആരാധനയുടെ ഭാഗമാണ്. കാരണം ഇത് നമ്മള്‍ ചെയ്യുന്നത് നബിയുടെ സുന്നത്തിന്റെ ഭാഗമായിക്കൊണ്ടും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ടുമാണ്. അതുകൊണ്ട് വിവാഹത്തില്‍ പ്രവാചക സുന്നത്തുകള്‍ ഉറപ്പുവരുത്താന്‍ നമുക്ക് സാധിക്കണം.

റസൂല്‍(സ) പറഞ്ഞതായി ആയിശ(റ) പറയുന്നു: ഏറ്റവും ചുരുങ്ങിയ ചെലവില്‍ നടക്കുന്ന വിവാഹത്തിലാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹമുള്ളത്. (അഹമ്മദ്)

റസൂല്‍(സ) പറഞ്ഞതായി അബൂഹുറൈറ(റ) പറയുന്നു: നിങ്ങളുടെ അധീനതിയിലുള്ള ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് മതബോധമുള്ള ഒരാള്‍ നിങ്ങളുടെ അടുത്തേക്ക് വിവാഹ അന്വേഷണവുമായി വരികയാണെങ്കില്‍ നിങ്ങള്‍ അവളെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കണം അല്ലാത്തപക്ഷം ഭൂമിയില്‍ അഴിമതിയും കുഴപ്പങ്ങളുമുണ്ടാകും (തുര്‍മുദി, ഇബ്‌നുമാജ)

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്ന് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തലകീഴായിട്ടുള്ള പല നിയമങ്ങളും സ്വന്തമായി ഉണ്ടാക്കുകയും വിവാഹം സങ്കീര്‍ണ്ണവും ഭാരിച്ച ചെലവുകള്‍ ഉള്ളതാക്കി തീര്‍ക്കുകയും ചെയ്തു. ഈ ചെലവുകളാകട്ടെ ഇസ്‌ലാമിനു വിരുദ്ധമായ രീതിയില്‍ വധുവിന്റെയും അവരുടെ കുടുംബത്തിന്റെയും മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. അതുപോലെ സ്ത്രീധനം എന്ന തിന്മയെയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പുരുഷന്മാര്‍ യാതൊരുവിധ ലജ്ജയും കൂടാതെയാണ് വധുവിന്റെ രക്ഷിതാക്കളുമായി വിലപേശുന്നത്. വധുവിന്റെ രക്ഷിതാക്കള്‍ അവരുടെ മകള്‍ക്കുവേണ്ടി യാചിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇങ്ങനെ ചോദിക്കുന്നതിനായി നമ്മള്‍ എല്ലാതരം ലജ്ജാകരമായ മാര്‍ഗങ്ങളും സ്വീകരിക്കുന്നു. നമ്മള്‍ വിവാഹത്തിനകത്ത് കടത്തിക്കൂട്ടിയിട്ടുള്ള ഇത്തരം വ്യത്യസ്ഥമായ എല്ലാ ഹറാമായ ആചാരങ്ങളും രീതികളും അത് സ്ത്രീകളെയും അവരുടെ കുടുംബത്തിനെയും പൂര്‍ണ്ണമായും ശിക്ഷിക്കുന്നതിനു വേണ്ടിയാണ്. ഇസ്‌ലാം അനുശാസിക്കുനനതുപോലെ അനുരഞ്ജനത്തിനുള്ള സാവകാശം നല്‍കാതെ അവരുടെ ഭാര്യമാരെ ത്വലാഖ് ചൊല്ലുന്ന മുസ്‌ലിം പുരുഷന്മാര്‍ ത്വലാഖിനെ ദുരുപയോഗം ചെയ്യുകയും സുന്നത്തിന് പകരമായി ഹറാമില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്.

ഇത് തങ്ങളുടെ കോപത്തെ തുടര്‍ന്നോ വിവാഹമോചനത്തെക്കുറിച്ചുള്ള അജ്ഞതയെത്തുടര്‍ന്നോ വലിയൊരു വിഭാഗം മുസ്‌ലിം സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കള്‍ അവരെ വിവാഹംമോചനം ചെയ്തതിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടവരായിത്തീര്‍ന്നു. ഇത് വീണ്ടും വിവാഹത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത വലിയ വിഭാഗം യുവതികളായ വിധവകള്‍ അവരുടെ ജീവിതത്തെ ശപിക്കുന്ന സാഹചര്യത്തിന് നിമിത്തമായി.

മുസ്‌ലിം സ്ത്രീകളുടെ ക്ലേശത്തിനു കാരണം അവര്‍ അഭിമുഖീകരിക്കുന്ന മുത്വലാഖല്ലെന്നും എന്നാലത് വിവാഹ സമയത്ത് വധുവും അവരുടെ കുടുംബവും വഹിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ ചെലവുകളാണെന്ന് നാം ഏറ്റു പറയേണ്ടിയിരിക്കുന്നു. ആരും തന്നെ ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല എല്ലാവരും വിവാദമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ത്വലാഖിനെ സംബന്ധിച്ചാണ്. എനിക്ക് അവരോട് പറയാനുള്ളത് നിങ്ങള്‍ക്ക് പരിഹാരം ആവശ്യമാണെങ്കില്‍ പ്രശ്‌നത്തെ തിരിച്ചറിയേണ്ടതുണ്ട്. നിങ്ങള്‍ ഇതിന്റെ യഥാര്‍ഥ കാരണത്തെ അവഗണിക്കുകയും ഇതിന്റെ വിവാദങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ പ്രശ്‌നം അവസാനിക്കാതെ അവിടെത്തെന്നെ തുടരും. സ്ത്രീകളെ ക്ലേശത്തെ അവഗണിക്കുകയും മൂന്ന് മാസത്തെ ഇടവേളകള്‍ക്ക് പകരം തല്‍ക്ഷണം വിവാഹമോചനം നടത്തുകയും ചെയ്യുന്നതിലൂടെ എന്താണ് നിങ്ങള്‍ നേടുന്നതെന്ന് നിങ്ങള്‍ സ്വയം ചോദിക്കണം. അവളുടെ ക്ലേശമെന്നത് വിവാഹത്തിനു വേണ്ടി അവളുടെ കുടുംബം ചെലവഴിച്ചിട്ടുള്ള പണവുമായി നേരിട്ടുബന്ധപ്പെട്ടതാണ്. പ്രത്യകിച്ചും ഇസ്‌ലാം ഇത് നിരോധിച്ചതാണെന്നതാണ് വാസ്തവമെന്നിരിക്കെ? മുസ്‌ലിംകള്‍ ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാറുള്ളത് അവര്‍ പ്രയാസത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ്. മുസ്‌ലിംകള്‍ വളരെ സന്തോഷത്തോടുകൂടി ഇസ്‌ലാമിന്റെ മൂല്ല്യങ്ങളെ അവഗണിക്കുകയും ഇതിനെത്തുടര്‍ന്ന ഏതെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവിക്കുമ്പോള്‍ മാത്രം പണ്ഡിതമനാരെ സഹായത്തിനായി വിളിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. സ്ത്രീധനം വാങ്ങാനും കേവലം അരമണിക്കൂറിനുള്ളില്‍ ജനങ്ങള്‍ മറക്കുമെന്നിരിക്കെ വിവാഹത്തില്‍ പ്രകടനപരത കാണിക്കാന്‍ ദശലക്ഷക്കിനു രൂപ അനാവശ്യമായി ചെലവഴിക്കാനും ഏത് പണ്ഡിതനാണ് ഇവര്‍ക്ക് അനുമതി നല്‍കിയത് എന്ന് ഇവരോട് ചോദിക്കേണ്ടതുണ്ട്.

സ്ത്രീധനം ഇല്ലെങ്കില്‍ വിവാഹവും നടക്കുകയില്ലെന്നാണ് സാധാരണ ഇതിനു കാരണമായി പറയാറുള്ളത്. അപ്പോള്‍ അവരുടെ മകള്‍ അവിവാഹിതയായി തുടരുകയും ചെയ്യുന്നു. ഇതിന് എന്റെ മറുപടി അങ്ങെനെയാണെങ്കില്‍ പോലും ഇതുതന്നെയല്ലെ നല്ലത് എന്നതാണ്. അവള്‍ അവിവാഹിതയായി നിങ്ങളുടെ വീട്ടില്‍ തുടരുകയും നിങ്ങള്‍ക്ക് സമ്പാദ്യവുമുണ്ടെങ്കില്‍ എന്തുകൊണ്ട് നിങ്ങളുടെ സമ്പാദ്യം നിങ്ങള്‍ക്കും നിങ്ങളുടെ മകള്‍ക്കും ഉപയോഗിച്ചുകൂടാ? അല്ലെങ്കില്‍ നിങ്ങള്‍ സമ്പാദ്യം അനാവശ്യമായി ചെലവഴിക്കുകയും അവള്‍ ഏതെങ്കിലും തരത്തില്‍ വീട്ടിലേക്ക് തിരിച്ച് വന്ന് നിങ്ങളോടൊപ്പം തന്നെ ജീവിക്കണമോ? ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുകയും ബാധ്യത ഉണ്ടായിത്തീരുകുയും മാത്രമല്ലേ സംഭവിക്കുന്നത്?  അതിനാല്‍ മോശപ്പെട്ട സാഹചര്യത്തില്‍ പോലും സ്ത്രീധനം നല്‍കുന്നതും വിവാഹം ആഡംബരമാക്കുന്നതിനായി ചെലവാക്കുന്ന അനാവശ്യ ചെലവുകളും പൂര്‍ണ്ണമായും നിരര്‍ഥകവുമാണ്. ഇസ്‌ലാമില്‍ ഇത് നിരോധിച്ചിട്ടുള്ളതും ഹറാമും അല്ലാഹുവിന്റെയടുക്കല്‍ ശിക്ഷക്ക് പാത്രമായിത്തീരുന്നതുമാണ്.

അതിനാല്‍ത്തന്നെ വിവാഹത്തിലും വിവാഹമോചനത്തിലും ആളുകള്‍ സുന്നത്ത് പിന്തുടരുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വിവാഹിതരായവര്‍ക്കും വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കും കൗണ്‍സിലിങ് നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.  ലളിതമായ വിവാഹം നടത്തുകയാണെങ്കില്‍ അത് വധുവിന്റെ കുടുംബത്തിന്് എല്ലാ ചെലവുകളും വഹിക്കേണ്ട അവസ്ഥ ഉണ്ടാവുകയില്ല. ഇനി അഥവാ അനിവാര്യകാരണത്താല്‍ വിവാഹമോചനം ചെയ്യപ്പെടുകയാണെങ്കില്‍ ഇതും സുന്നത്തിന് അനുസൃതമായി നിര്‍വഹിക്കാന്‍ പറ്റും. ഒരു ശുദ്ധി ഘട്ടത്തില്‍ ഒരു ത്വലാഖു മാത്രം ചൊല്ലുകയും മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുന്ന ഹറാമിന്റെ രീതി ഉപേക്ഷിക്കുകയും ചെയ്യണം. ദൗര്‍ഭാഗ്യവശാല്‍ ഈ ലേഖനത്തിന്റെ തുടക്കം മുതല്‍ വ്യക്തമാക്കിയതുപോലെ പല മുസ്‌ലിംകളും മനസ്സിലാക്കിയിരിക്കുന്നത് അവരുടെ ഭാര്യമാരെ വിവാഹമോചനം നടത്തണമെങ്കില്‍ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലണമെന്നതാണ്. എന്നാലിതിന്റെ വാസ്തവമാകട്ടെ ഇത് ഹറാമാണെന്നതും അല്ലാഹുവിന്റെ കനത്ത ശിക്ഷക്കിടായാക്കുന്ന കാര്യമാണെന്നതുമാണ്.

വിവാഹത്തെക്കുറിച്ചുള്ള നിയമങ്ങള്‍ പഠിക്കുക എന്നതും അത് നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് വിവാഹം ആസൂത്രണം ചെയ്യുന്നവരുടെ ബാധ്യതയാണ്. ത്വലാഖിനെ സംബന്ധിച്ച് ശരിയായ വിവരം ഇമാമുമാര്‍ ജുമുഅ ഖുത്വുബകളിലൂടെയും സമ്മേളനങ്ങലൂടെയും ബോധവത്കരിക്കേണ്ടതുണ്ട്. സമുദായ സംഘടനകള്‍ നവ ദമ്പതിമാര്‍ക്ക് വേണ്ടി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ ഇസ്‌ലാമിലെ ശരിയായ വിവാഹ രീതിയെപ്പറ്റി അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യേണ്ടതുണ്ട്. അവസാനമായി, എല്ലാ ആര്‍ഭാട വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങളും ബഹിഷ്‌കരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സമുദായ നേതാക്കളും, മുതിര്‍ന്ന കുടുംബാംഗങ്ങളും മതപണ്ഡിതന്മാരും. ഇങ്ങനെ ചെയ്താല്‍ മാത്രമേ ഈ വിഷയത്തിന്റെ ഗൗരവം ജനങ്ങളിലേക്ക് എത്തിപ്പടുകയും ആര്‍ഭാട വിവാഹം എന്ന സാമൂഹിക തിന്മയും ത്വലാഖും ഉന്മൂലനം ചെയ്യാന്‍ പറ്റുകയുള്ളു. വിവാഹമെന്നത് വളരെ ഗൗരവമുള്ള ഉത്തരവാദിത്വവും ദമ്പതിമാരും അവരുടെ കുടുംബക്കാരും അല്ലാഹുവിന്റെ അടുക്കല്‍ ഇതിനെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടവരുമാണ്. നമ്മുടെ അജ്ഞതയും തെറ്റിദ്ധാരണയും കാരണം അല്ലാഹുവിന്റെ ദീനിന്റെ സുന്ദരമായ മുഖത്തിന് കോട്ടം സംഭവിക്കാന്‍ ഇടവരരുത്.

വിവ: റഈസ് ഇ.കെ

Related Post