عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فِيمَا رَوَى عَنِ اللهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ: «يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا، فَلَا تَظَالَمُوا – مسلم
അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹു പറഞ്ഞതായി നബി(സ) ഉദ്ധരിക്കുന്നു: എന്റെ ദാസന്മാരേ, ഞാന്‍ അക്രമം സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും അത് ഞാന്‍ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം കാണിക്കരുത് (മുസ്‌ലിം).
അക്രമവും നീതിയും ഇസ്‌ലാമിന്റെ സൗന്ദര്യങ്ങളില്‍ പെട്ടതാണ്. ഇതിന്റെ വിപരീതമാണ് ളുല്‍മ്. ക്രമം തെറ്റിക്കുക, മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക, മറ്റുള്ളവരെ അന്യായമായി ദ്രോഹിക്കുക, കാര്യങ്ങള്‍ യഥോചിതം നിര്‍വഹിക്കാതിരിക്കുക, അനീതി, അതിക്രമം എന്നൊക്കെയാണ് അതിന്റെ ആശയം. അല്ലാഹുവിന് അര്‍ഹതപ്പെട്ട സ്ഥാനം നല്‍കാതിരിക്കുന്നതും അല്ലാഹുവില്‍ പങ്കാളികളെ സങ്കല്‍പിക്കുന്നതും ളുല്‍മാണ്. അതുകൊണ്ടാണ് ശിര്‍ക്കിനെ ളുല്‍മ് എന്ന് വിശേഷിപ്പിച്ചത്. അക്രമം എന്നാണ് മലയാളത്തില്‍ ഈ പദത്തിന് പൊതുവെ അര്‍ഥം പറയാറുള്ളത്. ഈ അര്‍ഥമാണ് ഇവിടെയും ഉപയോഗിക്കുന്നത്.
അല്ലാഹുവിന് അങ്ങേയറ്റം വെറുപ്പുള്ള കാര്യമാണ് അക്രമം. അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല, അവരെ സഹാ യിക്കാന്‍ അന്ത്യനാളില്‍ ആരുമുണ്ടാവില്ല, അല്ലാഹു അവര്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കും എന്നൊക്കെ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അക്രമത്തെ സഹായിക്കുകയും അക്രമികളെ പിന്തുണക്കുകയും ചെയ്യുന്നതും വമ്പിച്ച കുറ്റമായിട്ടാണ് ഇസ്‌ലാം ഗണിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: അക്രമം കാണിച്ചവരുടെ ഭാഗത്തേക്ക് നിങ്ങള്‍ ചായരുത്. അങ്ങനെ ചെയ്താല്‍ നരകം നിങ്ങള്‍ പിടികൂടും. (ഹൂദ്: 113)
കുറ്റവാളികളെ സഹായിക്കുകയില്ല എന്ന നിലപാട് ഒരു ധീരതയായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (അല്‍ഖസ്വസ്വ്: 17). സല്‍കാര്യങ്ങളില്‍ നിങ്ങളുടെ സഹായസഹകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുന്ന ഖുര്‍ ആന്‍ ദുഷ്‌കൃത്യങ്ങളിലെ സഹകരണത്തെ വിലക്കുകയും ഈ വിലക്ക് ലംഘിക്കുന്നവര്‍ക്ക് കഠിന ശിക്ഷയു ണ്ടാവു മെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നു (അല്‍മാഇദ: 3). അല്ലാഹുവിനോടും ജനങ്ങളോടുമെല്ലാം അക്രമം കാണിക്കുന്നവരോട് അവരുടെ അക്രങ്ങളില്‍ നിസ്സഹകരണം പ്രഖ്യാപിക്കുന്നത് മാതൃകാപരമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു (അല്‍മുംതഹന: 4).
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അക്രമിയോ അക്രമത്തിന് ഇരയോ ആവുന്നതില്‍ നിന്ന് രക്ഷതേടി പ്രാര്‍ഥിക്കുക പ്രവാചക ന്റെ സ്വഭാവമായിരുന്നു.(1)
ഒരിക്കല്‍ ഒരു തുന്നല്‍ക്കാരന്‍ സുഫ്‌യാനുഥ്ഥൗരിയുടെ അടുക്കല്‍ വന്ന് ചോദിച്ചു: ഞാന്‍ സുല്‍ത്താന്റെ വസ്ത്രങ്ങള്‍ തു ന്നിക്കൊടുക്കാറുണ്ട്. ഞാന്‍ അക്രമികളെ സഹായിക്കുന്നവരില്‍ പെടുമോ? സുഫ്‌യാന്‍ പറഞ്ഞു: നീ സ്വന്തത്തോട് തന്നെ അക്രമം കാണിക്കുവരിലാണ് പെടുക. നിന്നില്‍ നിന്ന് സൂചിയും നൂലുമൊക്കെ വാങ്ങുന്നവരാണ് അക്രമത്തെ സഹായി ക്കുന്നവര്‍.
ഇബ്‌നുല്‍ ജൗസി പറഞ്ഞു: അക്രമത്തെ സഹായിക്കുന്നവനും അക്രമിയാണ്. ഒരിക്കല്‍ ജയിലിലെ ഉത്തരവാദിത്തമുള്ള ഒരാള്‍ അഹ്മദുബ്‌നു ഹമ്പലിനോട് ചോദിച്ചു: ഞാന്‍ അക്രമികളെ സഹായിക്കുന്നവരില്‍ പെടുമോ? അദ്ദേഹം പറഞ്ഞു: ഇല്ല, നീ സ്വന്തത്തോട് അക്രമം കാണിക്കുന്നവനാണ്. നിന്നെ സഹായിക്കുന്നവരാണ് അക്രമത്തെ സഹായിക്കുന്നവര്‍.
വ്യക്തിപരമോ കുടുംബപരമോ സംഘടനാപരമോ ആയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മറ്റുള്ളവര്‍ക്കെതിരെ അന്യായ മായി അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിടുന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളും ഉള്‍പ്പെടുന്നു എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യ കരമാണ്. അത്തരക്കാര്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. നബി(സ)ചോദിച്ചു: പാപ്പരായവന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ (സഹാബികള്‍) പറഞ്ഞു: സമ്പത്തും ജീവിതവിഭവങ്ങളുമില്ലാത്തവനാണ് ഞങ്ങളുടെ കൂട്ടത്തില്‍ പാപ്പരായവന്‍. തദവസരത്തില്‍ നബി(സ) പറഞ്ഞു: എന്റെ സമൂദായത്തിലെ പാപ്പരാവയന്‍ അന്ത്യനാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയുമായി വരുന്നവനാണ്; പക്ഷേ അവന്‍ ഒരാളെ ചീത്തപറഞ്ഞിട്ടുണ്ട്. ഒരാളെ കുറിച്ച് ദുരാരോരപണം ഉന്നയിച്ചിട്ടുണ്ട്. ഒരാളുടെ ധനം അപഹരിച്ചിട്ടുണ്ട്. ഒരാളെ അടിച്ചിട്ടുണ്ട് (ഈ നിലയിലാണ് അവന്‍ മഹ്ശറില്‍ വരുന്നത്). അന്നേരം അക്രമത്തിന്നിരയായ ഓരോരുത്തര്‍ക്കും അയാളുടെ നന്മകളില്‍ നിന്ന് അര്‍ഹ മായത് നല്‍കപ്പെടും. അവകാശങ്ങള്‍ മുഴുവന്‍ കൊടുത്തുവീട്ടും മുമ്പും അയാളുടെ നന്മകള്‍ തീര്‍ന്നുപോയാല്‍ അവരുടെ (മര്‍ദ്ദിതരുടെ) പാപങ്ങള്‍ എടുത്ത് അയാളുടെ മേല്‍ ചുമത്തപ്പെടും. അന്നേരം അവന്‍ നരകത്തില്‍ എറിയപ്പെടും (2).
വാക്ക്, പ്രവൃത്തി, സമ്പത്ത്, അധികാരം, സ്വാധീനം മുതലായവയിലൂടെ ആരെയും അന്യായമായി ദ്രോഹിക്കരുതെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. അത് സ്രഷ്ടാവിനെയും സൃഷ്ടികളെയും നമ്മുടെ ശത്രുക്കളാക്കും. അല്ലാഹു പറയുന്നു: അക്രമികള്‍ക്ക് ഉറ്റബന്ധുവോ സ്വീകാര്യനായ ശിപാര്‍ശകനോ ആയി ആരുമുണ്ടാവുകയില്ല (അല്‍മുഅ്മിന്‍:18), അക്രമികള്‍ക്ക് സഹായിയായി ആരുമുണ്ടാവുകയില്ല (അല്‍ഹജ്ജ്: 71). അങ്ങനെ പ്രവാചകന്‍ വ്യക്തമാക്കിയതുപോലെ അക്രമം അന്ത്യനാളിലെ അന്ധകാരങ്ങളായി മാറും.(3) അതിക്രമം വിശ്വാസിയുടെ സ്വഭാവമല്ല എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.(4) അക്രമിയെ അറിഞ്ഞുകൊണ്ട് സഹായിക്കല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്ന് പ്രവാചകന്‍ പറഞ്ഞതായി ഇമാം ബൈഹഖി ഉദ്ധരിക്കുന്ന രിവായത്തില്‍ കാണാം.(5)
നമ്മുടെ അക്രമങ്ങളും നീതിരഹിതമായ പെരുമാറ്റങ്ങളും ഇഹത്തിലും പരത്തിലും നമുക്ക് ദോഷകരമായേക്കാം. പ്രവാചകന്‍ പറഞ്ഞു: മര്‍ദ്ദിതന്റെ പ്രാര്‍ഥന നീ സൂക്ഷിക്കുക. കാരണം അതിന്റെയും അല്ലാഹുവിന്റെയും ഇടയില്‍ യാതൊരു മറയുമില്ല (ബുഖാരി).
ബുഖാരി ഉദ്ദരിച്ച ഒരു സംഭവം നോക്കൂ. സഅ്ദുബ്‌നു അബീവഖാസ്(റ) കൂഫയിലെ ഗവര്‍ണറായിരിക്കെ നാട്ടുകാരില്‍ ചിലര്‍ അദ്ദേഹത്തെ സംബന്ധിച്ച് ഖലീഫയായ ഉമറി(റ)നോട് പരാതിപ്പെട്ടു. അദ്ദേഹം സഅ്ദിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. അദ്ദേഹത്തിന്റെ നിരപരാധിത്വം ഉമറിന് ബോധ്യമായി. എങ്കിലും സൂക്ഷ്മാന്വേഷണത്തിന് വേണ്ടി സഅ്ദിന്റെ കൂടെ ഒരു കമ്മീഷനെ കൂഫയിലേക്കയച്ചു. കമ്മീഷന്‍ ഓരോ പള്ളിയിലും ചെന്ന് ജനങ്ങളോട് സഅ്ദിനെ കുറിച്ച് അന്വേഷിച്ചു. എല്ലാവരും അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത്. അവസാനം അബ്‌സ് ഗോത്രക്കാരുടെ ഒരു പള്ളിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഉസാമ എന്ന് പേരുള്ള ഒരാള്‍ എഴുന്നേറ്റ് പറഞ്ഞു: താങ്കള്‍ ചോദിച്ചത് കൊണ്ട് ഞാന്‍ പറയട്ടെ; സഅ്ദ് ഒരു സൈന്യത്തോടും സഹചരിക്കുകയില്ല, അവകാശങ്ങള്‍ തുല്യമായി വീതിക്കുകയില്ല, വിധിയില്‍ നീതി പാലിക്കാറുമില്ല.
തികച്ചും സത്യവിരുദ്ധമായ ഈ ആരോപണങ്ങള്‍ സഅ്ദിനെ നടുക്കി. വ്രണിതനായ അദ്ദേഹം അന്നേരം പ്രാര്‍ഥിച്ചു: അല്ലാഹുവേ, നിന്റെ ഈ ദാസന്‍ (ആരോപകന്‍) പ്രശസ്തിക്കുവേണ്ടി കള്ളം പറഞ്ഞവനാണെങ്കില്‍ അവന്റെ ആയുസ്സ് നീ നീട്ടിക്കൊടുക്കേണമേ. അതോടൊപ്പം അവന്റെ ദാരിദ്ര്യവും നീട്ടിക്കൊടുക്കേണമേ. അവനെ വിപത്തുകള്‍ക്ക് വിധേയ നാക്കുകയും ചെയ്യേണമേ.
സഅ്ദിന്റെ പ്രാര്‍ഥന സഫലമായി. ഉസാമ പടുവൃദ്ധനായി. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി. പലവിധ വിപത്തുകള്‍ക്കും വിധേയനായി. വിവരമന്വേഷിക്കുന്നവരോട് ഒന്ന് മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ: ആപത്തിലകപ്പെട്ട പടുവൃദ്ധനാണ് ഞാന്‍. സഅ്ദിന്റെ പ്രാര്‍ഥന എന്നെ ഗ്രസിച്ചിരിക്കുന്നു.
സഈദുബ്‌നു സൈദ് എന്ന സഹാബി തന്റെ സ്ഥലം പിടിച്ചടക്കി എന്ന് ആരോപിച്ച് അര്‍വ എന്ന സ്ത്രീ മര്‍വാനുബ്‌നുല്‍ ഹകമിന്റെ മുന്നില്‍ പരാതിയുമായി എത്തിയപ്പോള്‍, സഈദ് നടത്തിയ പ്രാര്‍ഥനയുടെ ഫലമായി ആ സ്ത്രീയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ഒരു കുഴിയില്‍ വീണ്ട് മരണപ്പെടുകയും ചെയ്ത സംഭവം മുസ്‌ലിം ഉദ്ദരിക്കുന്നുണ്ട്.
അനീതിക്കും അക്രമത്തിനും ഇഹലോകത്ത് ലഭിക്കാവുന്ന ശിക്ഷകളുടെ സാമ്പിള്‍ മാത്രമാണിവ. എന്നാല്‍ പരലോകത്തെ ശിക്ഷ ഇതിനേക്കാള്‍ കഠിനമായിരിക്കുമെന്ന് മുകളില്‍ ഉദ്ദരിച്ച ഹദീസില്‍ നിന്ന് വ്യക്തമാകുന്നു. ഏഷണി, പരദൂഷണം, പരിഹാസം, ദുരാരോപണം, ശാരീരിക പീഡനങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയവയിലൂടെ മറ്റുള്ളവരെ ദ്രോഹി ക്കുമ്പോള്‍ സ്വന്തം നാശത്തിലേക്കുളള വാതിലുകളാണ് തുറന്നിടുന്നതെന്ന് ഈ ഹദീസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.
നമ്മുടെ പിഴവ് കാരണം നാം സമ്പാദിച്ചതൊക്കെ മറ്റുള്ളവര്‍ കൊണ്ടുപോകുന്ന അവസ്ഥ ഇഹലോകത്ത് പോലും നമുക്ക് അസഹ്യമാണ്. വീണ്ടും സമ്പാദിക്കാനുള്ള അവസരം ലഭിച്ചേക്കാമെന്ന പ്രതീക്ഷയെങ്കിലും അന്നേരം നമുക്ക് ആശ്വാസ മേ കും. എന്നാല്‍ മരണാനന്തരം മറ്റൊരവസരമില്ലല്ലോ. അതിനാല്‍ നാം മുഖേന ആരെങ്കിലും അന്യായമായി ദ്രോഹിക്ക പ്പെട്ടി ട്ടുണ്ടെങ്കില്‍ മരണത്തിന് മുമ്പ് അതിന് പരിഹാരം കാണാന്‍ ജാഗ്രത കാണിക്കണം. ഇല്ലായെങ്കില്‍ പരലോകത്ത് നന്മകള്‍ മുഴുവന്‍ നഷ്ടപ്പെട്ട നാം പാപ്പരായി നരകത്തിലെറിയപ്പെടും. അതേസമയം, മറ്റുള്ളവരുടെ ദ്രോഹങ്ങള്‍ക്ക് മാപ്പുനല്‍കി, ആരും പരലോകത്ത് പാപ്പരാവാതിരിക്കാനുള്ള വിശാലമനസ്‌കത നാം പ്രകടിപ്പിക്കുമ്പോള്‍ അത് നമ്മുടെ ഇമേജ് വര്‍ധി പ്പിക്കുകയേ ഉള്ളൂ എന്നതും നാം മറക്കാതിരിക്കുക.
……………..
1.عَنْ أُمِّ سَلَمَةَ، قَالَتْ: مَا خَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ بَيْتِي قَطُّ إِلَّا رَفَعَ طَرْفَهُ إِلَى السَّمَاءِ فَقَالَ: «اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ، أَوْ أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظْلِمَ، أَوْ أُظْلَمَ، أَوْ أَجْهَلَ، أَوْ يُجْهَلَ عَلَيَّ أبوداود
2.عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «أَتَدْرُونَ مَا الْمُفْلِسُ؟» قَالُوا: الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ، فَقَالَ: «إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ، وَصِيَامٍ، وَزَكَاةٍ، وَيَأْتِي قَدْ شَتَمَ هَذَا، وَقَذَفَ هَذَا، وَأَكَلَ مَالَ هَذَا، وَسَفَكَ دَمَ هَذَا، وَضَرَبَ هَذَا، فَيُعْطَى هَذَا مِنْ حَسَنَاتِهِ، وَهَذَا مِنْ حَسَنَاتِهِ، فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ، ثُمَّ طُرِحَ فِي النَّارِ» – مسلم
3. عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «الظُّلْمُ ظُلُمَاتٌ يَوْمَ القِيَامَةِ» بخاري، مسلم
4. عَنْ أَبِي سَعِيدٍ، مَوْلَى عَامِرِ بْنِ كُرَيْزٍ، عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ وَلَا يَخْذُلُهُ، وَلَا يَحْقِرُهُ التَّقْوَى هَاهُنَا» وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ «بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ»
5. أَنَّ أَوْسَ بْنَ شُرَحْبِيلَ – أَحَدَ بَنِي الْمَجْمَعِ – حَدَّثَهُ أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ” مَنْ مَشَى مَعَ ظَالِمٍ يُقَوِّيهِ وَهُوَ يَعْلَمُ أَنَّهُ ظَالِمٌ فَقَدْ خَرَجَ مِنَ الْإِسْلَامِ “