റജബ് മാസത്തിന് വല്ല പവിത്രതയും ഉണ്ടോ?

റജബ്

                        റജബ് മാസത്തിന് വല്ല പവിത്രതയും ഉണ്ടോ?

റജബ് മാസത്തിന് വല്ല പവിത്രതയും ഉണ്ടോ?

ഇല്‍യാസ് മൗലവി

റജബ് മാസത്തിന് വല്ല പവിത്രതയും ഉണ്ടോ?
പുണ്യമാസമായി കരുതി ചിലയാളുകള്‍ ആ മാസത്തില്‍ പല ആരാധനാ കര്‍മങ്ങളിലുമേര്‍പ്പെടാറുണ്ട്. വിശിഷ്യ റജബ് 27 ന്. അവര്‍ പറയുന്നത് റജബ് 27-ാം രാവിലാണ് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത് എന്നാണ്. അതിന്റെയടിസ്ഥാനത്തില്‍ രാവും പകലും നോമ്പും മറ്റ് ദിക്ര്‍-ദുആ-നമസ്‌കാരാദി കാര്യങ്ങളുമായി കഴിച്ചുകൂട്ടുന്നത് സുന്നത്താണെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ വേറെയൊരു കൂട്ടരാകട്ടെ, ഇതെല്ലാം പിഴച്ച അനാചാരവും അന്ധവിശ്വാസവുമാണെന്നും വാദിക്കുന്നു. ഒരു പള്ളി ഇമാമായ എനിക്ക് സാധാരണക്കാര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍ വേണ്ടി കൂടിയാണീ ചോദ്യം ഉന്നയിക്കുന്നത്. വിശദമായ ഉത്തരം പ്രതീക്ഷിക്കുന്നു.
താങ്കളുടെ ചോദ്യത്തിന് താഴെപ്പറയും പ്രകാരം വിഭജിച്ച് ഉത്തരം പറയാനാണുദ്ദേശിക്കുന്നത്.
ഒന്ന്: റജബ് മാസത്തിന് പവിത്രതയുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. അല്ലാഹു തന്നെ അക്കാര്യം വ്യക്തമാക്കിയതാണ് (അത്തൗബ 36). ഇവിടെ പവിത്രമാസങ്ങള്‍ നാലെണ്ണമാണെന്ന് മാത്രമേ അല്ലാഹു വ്യക്തമാക്കിയിട്ടുള്ളൂ. എങ്കിലും, അതിലൊന്ന് റജബാണെന്ന് നബി(സ) ഹജ്ജത്തുല്‍ വിദാഇലെ പ്രസിദ്ധമായ പ്രഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ”നിശ്ചയമായും കാലം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെ മാതിരി തിരിഞ്ഞുവന്നിരിക്കുന്നു. ഒരു കൊല്ലം 12 മാസം. അതില്‍ നാലെണ്ണം പവിത്രമായവ, മൂന്നെണ്ണം തുടര്‍ച്ചയായും (ദുല്‍ഖഅദ്, ദല്‍ഹിജ്ജ്, മുഹര്‍റം) നാലാമത്തേത് ജുമാദയുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുള്ര്‍ ഗോത്രത്തിന്റെ റജബും”’ (ബുഖാരി, മുസ്‌ലിം). ജാഹിലിയ്യാ കാലത്ത് തങ്ങളുടെ സൗകര്യാര്‍ഥം മാസങ്ങളുടെ പേര് യഥേഷ്ടം മാറ്റുന്ന സമ്പ്രദായമുണ്ടായിരുന്നു. അതിനാല്‍ ആകെ താളം തെറ്റിയിരുന്നു. അത് ശരിയായ അവസ്ഥയിലെത്തിനില്‍ക്കെയാണ് ഈ പ്രഖ്യാപനം തിരുമേനി(സ) നടത്തുന്നത്. റജബ് രണ്ട് കൂട്ടര്‍ക്ക് രണ്ട് സന്ദര്‍ഭങ്ങളിലായിരുന്നു. എന്നാല്‍ മുള്ര്‍ഗോത്രം കണക്കാക്കിയിരുന്നത് ജുമാദയുടെയും ശഅ്ബാന്റെയും ഇടയിലായിരുന്നു. അതാണ് ശരിയെന്നുകൂടി വ്യക്തമാക്കുകയായിരുന്നു നബി തിരുമേനി(സ). കൂടുതല്‍ വായനക്ക് നോക്കുക, തഫ്‌സീര്‍ ഇബ്‌നുകസീര്‍  (4/144).

യഥാര്‍ഥത്തില്‍ ജാഹിലിയ്യാകാലം മുതലേ അറബികള്‍ ഈ നാല് മാസങ്ങളെയും പവിത്ര മാസങ്ങളായി കണക്കാക്കിയിരുന്നു. യുക്തിയിലധിഷ്ഠിതവും ഗുണകരവും ധര്‍മനിഷ്ഠമായതുമായ എല്ലാ കാര്യങ്ങളും അത് ജാഹിലിയ്യാ കാലത്തുള്ളതാണെന്ന് വെച്ച് ഇസ്‌ലാം പാടെ തള്ളിക്കളഞ്ഞിട്ടില്ല. പ്രത്യുത അവ കൂടുതല്‍ ശോഭനമാക്കി നിലനിര്‍ത്തുകയാണ് ചെയ്ത്. ഈ നാല് മാസങ്ങളെ പവിത്ര മാസമാക്കിയതിന്റെ പിന്നിലെ മുഖ്യന്യായം അവ ഹജ്ജുമായി ബന്ധപ്പെട്ട മാസങ്ങളായി എന്നതാണ്. ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിര്‍ഭയരായി തീര്‍ഥാടനം നിര്‍വഹിക്കാന്‍ സൗകര്യമാകുമാറ് യുദ്ധത്തിനോ മറ്റ് കലഹങ്ങള്‍ക്കോ പോകാതെ അവര്‍ അടങ്ങിയിരിക്കുമായിരുന്നു. ആ അര്‍ഥത്തിലാണ് ‘ദുല്‍ഖഅദ്’  എന്ന് ആ മാസത്തിന് പേര് വന്നത്. തുടര്‍ന്ന് ഹജ്ജ് മാസമായ ദുല്‍ഹജ്ജും, ഹജ്ജ് കഴിഞ്ഞ് നിര്‍ഭയരായി നാട്ടിലേക്ക് തിരിച്ചുപോകാന്‍ സൗകര്യത്തിന് മുഹര്‍റവും കൂടി ചേര്‍ത്താണ് തുടര്‍ച്ചയായ മൂന്ന് മാസം പവിത്രമാക്കപ്പെട്ടത്. ഹജ്ജ് സീസണിന് മുമ്പ് പരിശുദ്ധ കഅ്ബാ മന്ദിരത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക എന്ന സമ്പ്രദായവും ഉണ്ടായിരുന്നു. അതില്‍ പങ്കെടുക്കാനും ജനങ്ങള്‍ക്ക് വളരെ താല്‍പര്യമായിരുന്നു. അതിനു പാകത്തില്‍ റജബ് മാസവും ഉള്‍പ്പെടുത്തി (തഫ്‌സീര്‍ ഇബ്‌നുകസീര്‍: 4/147). യുദ്ധവും മറ്റു കലഹങ്ങളുമെല്ലാം കര്‍ശനമായി നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഓര്‍മപ്പെടുത്തുകയാണ് പവിത്രമാക്കിയതിന്റെ താല്‍പര്യം. നിരോധിക്കപ്പെട്ട കാര്യങ്ങള്‍ എല്ലാ സന്ദര്‍ഭങ്ങളിലും കുറ്റകരം തന്നെ. എന്നാല്‍ ഇവിടെ അത് കൂടുതല്‍ കുറ്റകരമായിരിക്കും എന്ന പ്രത്യേകതയുണ്ട്. സാഹചര്യത്തിനനുസരിച്ച് ഒരേ കുറ്റത്തിന് തന്നെ പല രീതിയില്‍ ഗൗരവം ചാര്‍ത്തപ്പെടുമെന്നത് സുവിദിതമാണല്ലോ.

ണ്ട്: റജബ് മാസത്തിന് മറ്റെന്തെങ്കിലും പ്രത്യേകതകളുണ്ടോ?

ഈ മാസത്തിന് സവിശേഷതയും പവിത്രതയും കൈവരാന്‍ തക്കവണ്ണം എന്തെങ്കിലും പ്രത്യേകതകളോ ചരിത്രസംഭവങ്ങളോ ഉണ്ടെന്നതിന് ആധികാരികമായി യാതൊരു തെളിവും ഇല്ല എന്നാണ് ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. റജബിനെക്കുറിച്ച് സ്വതന്ത്രമായി ഒരു കൃതിതന്നെ രചിച്ച ഇമാം ഇബ്‌നുഹജര്‍ അല്‍ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തുന്നു:

لَمْ يُرِدْ فِي فَضْلِ شَهْرِ رَجَبٍ، وَلَا فِي صِيَامِهِ، وَلَا فِي صِيَامِ شَيْءٍ مِنْهُ، – مَعَيَّنٍ، وَلَا فِي قِيَامِ لَيْلَةٍ مَخْصُوصَةِ فِيهِ – حَدِيثٌ صَحِيحٌ يَصْلِحُ لِلحُجَّةِ، وَقَدْ سَبَقَنِي إِلَى الْجَزْمِ بِذَلِكَ الإِمَامُ أَبُو إِسْمَاعِيلُ الْهِرَوِيُّ الحَافِظُ، رُوِّيْنَاهُ عَنْهِ بِإِسْنَادٍ صَحِيحٍ، وَكَذَلِكَ رُوِّيْنَاهُ عَنْ غَيْرِهِ، وَلَكِنْ اِشْتُهِرَ أَنَّ أَهْلَ العِلْمِ يَتَسَامَحُونَ فِي إِيرَادِ الأَحَادِيثِ فِي الفَضَائِلِ وَإِنْ كَان فِيهَا ضَعْفٌ، مَا لَمْ تَكُنْ مَوْضُوعَةً.
وَيَنْبَغِي مَعَ ذَلِكَ اِشْتِرَاطُ أَنْ يَعْتَقِدَ العَامِلُ كُون ذَلِكَ الحَدِيثُ ضَعِيفًا، وَأَنَّ لَا يُشْهِرَ بِذَلِكَ، لِئَلَّا يَعْمَلَ المَرْءُ بِحَدِيثٍ ضَعِيفٍ، فَيُشَرَّعُ مَا لَيْسَ بِشَرَعٍ، أَوْ يَرَاهُ بَعْضُ الجُهَّالِ فَيَظُنُّ أَنَّهُ سَنَةٌ صَحِيحَةٌ. وَقَدْ صَرَّحَ بِمَعْنَى ذَلِكَ الأُسْتَاذُ أَبُو مُحَمَّدٌ بِنِ عَبْد السَّلَامِ وَغَيْرُهُ. وَلِيَحَذَرِ المَرْءُ مِنْ دُخُولِهِ تَحْتَ قَوْلِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” « مَنْ حَدَّثَ عَنِّى بِحَدِيثٍ وَهُوَ يَرَى أَنَّهُ كَذِبٌ فَهُوَ أَحَدُ الْكَذَّابِينَ ».. فَكَيْفَ بِمَنْ عَمِلَ بِهِ ؟!..
وَلَا فَرْقَ فِي العَمَلِ بِالحَدِيثِ فِي الأَحْكَامِ، أَوْ فِي الفَضَائِلِ، إِذْ الكُلُّ شَرَعٌ.. تَبْيِينُ العَجَبِ بِمَا وَرَدَ فِي فَضْلِ رَجَبِ، لِلحَافِظِ اِبْنِ حَجَرٍ: ص

12

”റജബ് മാസത്തിന്റെ ശ്രേഷ്ഠതയോ, അതില്‍ നോമ്പനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണെന്ന് പറയുന്നതോ, ഇനി അതില്‍ ഏതെങ്കിലുമൊരു ദിവസം നോമ്പ് ശ്രേഷ്ഠമാണെന്ന് കുറിക്കുന്നതോ, അതിലെ ഏതെങ്കിലും ഒരു രാവില്‍ പ്രത്യേകം നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതോ ആയ പ്രബലവും തെളിവിന് കൊള്ളാവുന്നതുമായ ഒരൊറ്റ ഹദീസും വന്നിട്ടില്ല. ഇമാം അബൂഇസ്മാഈല്‍ അല്‍ഹിറവി എനിക്ക് മുമ്പേ തന്നെ ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍നിന്നും അല്ലാത്തവരില്‍നിന്നുമായി നമുക്കും ഈ  സംഗതി സ്വഹീഹായ പരമ്പരയിലൂടെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അല്‍പം ദുര്‍ബലതയുള്ള ഹദീസുകള്‍ -അവ നബി(സ)യുടെ പേരില്‍ കെട്ടിച്ചമച്ചതല്ലെങ്കില്‍- പുണ്യകര്‍മങ്ങളുടെ വിഷയത്തില്‍ ഉദ്ധരിക്കുന്നതില്‍ സഹിഷ്ണുത പുലര്‍ത്തുന്ന സമീപനമാണ് ചില പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ളത്. എങ്കില്‍ കൂടി കര്മ്മം് മനുഷ്ടിക്കുന്നവര്‍ പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്നുതന്നെ വിശ്വസിക്കല്‍ അനിവാര്യമായ ഉപാധിയാണ്. അതുപോലെ പ്രസ്തുത ഹദീസിന് പ്രചാരം കൊടുക്കാതിരിക്കേണ്ടതുമാണ്. ദുര്‍ബലമായ ഹദീസ് കൊണ്ട് ആളുകള്‍ കര്‍മം ചെയ്യാതിരിക്കാനും തദ്വാര ശര്‍അ് അനുശാസിക്കാത്ത  കാര്യം ശറഅ് ആയി ഗണിക്കപ്പെടാതിരിക്കാനും, അല്ലെങ്കില്‍ വിവരമില്ലാത്തവര്‍ അതു ശരിയായ സുന്നത്താണെന്ന് ധരിക്കാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. അബൂ മുഹമ്മദ് ബിന്‍ അബ്ദിസ്സലാമിനെപ്പോലുള്ള ഗുരുവര്യന്മാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കളവാണെന്ന് മനസ്സിലാക്കി, ‘എന്നില്‍നിന്നുള്ളതാണെന്ന വ്യാജേന ആരെങ്കിലും ഒരു ഹദീസ് പറഞ്ഞാല്‍ അവന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലെ ഒരുവനായി’ എന്ന തിരുവചനത്തിന്റെ മുന്നറിയിപ്പില്‍ പെട്ടുപോകുന്നത് അവനവന്‍ സൂക്ഷിച്ചുകൊള്ളട്ടെ. കേവലം പറയുന്നതിന്റെ കാര്യമാണിത്, എങ്കില്‍ പിന്നെ കര്‍മം ചെയ്യുന്നവന്റെ കാര്യമോ? ദുര്‍ബല ഹദീസനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വിധി വിലക്കുകളുടെ വിഷയത്തിലോ, പുണ്യകര്‍മങ്ങളുടെ വിഷയത്തിലോ എന്ന വ്യത്യാസത്തിന്റെ പ്രശ്‌നം തന്നെയില്ല. കാരണം എല്ലാം ശര്‍ഈ കാര്യങ്ങള്‍ തന്നെ”'(തബ്‌യീനുല്‍ അജബി ബിമാ വറദ ഫീ ഫളാഇലി റജബ്, പേജ്: 3).

തുടര്‍ന്നദ്ദേഹം റജബിലെ നോമ്പിനെക്കുറിച്ച മൂന്ന് ഹദീസുകള്‍ ഉദ്ധരിക്കുന്നു. അതിലൊന്ന്:
إِنَّ أَمْثَلُ مَا وَرْدٌ فِي ذَلِكَ:. مَا رَوْاهُ النِّسَائِيَّ مِنْ حَدِيثِ أُسَامَةَ بِنْ زَيْدٌ رَضِيَ اللهُ عَنْهُ قَالَ: قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ …. ».
الحَدِيثُ.. فَهَذَا فِيهِ إِشْعَارٌ بِأَنْ فِي رَجَبٍ مُشَابِهَةٌ بِرَمَضَانِ، وَأَنَّ النَّاسَ يَشْتَغِلُونَ مِنَ العِبَادَةِ بِمَا يَشْتَغِلُونَ بِهِ فِي رَمَضَانِ، وَيُغْفَلُونَ عَنْ نَظِيرِ ذَلِكَ فِي شَعْبَانَ. لِذَلِكَ كَانَ يَصُومُهُ.. وَفِي تَخْصِيصِهِ ذَلِكَ بِالصَّوْمِ – إِشْعَارٌ بِفَضْلِ رَجَبِ، وَأَنَّ ذَلِكَ كَانَ مِنْ المَعْلُومِ المُقَرَّرِ لَدَيْهِمْ.- تَبْيِينُ العَجَبِ: ص

12
ഉസാമത്തുബ്‌നു സൈദില്‍ നിന്ന്. ”ഞാന്‍ അല്ലാഹുവിന്റെ റസൂലിനോട് ചോദിച്ചു, ശഅ്ബാനില്‍ നോമ്പനുഷ്ഠിക്കന്നത്ര മറ്റൊരു മാസവും താങ്കള്‍ നോമ്പനുഷ്ഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ?

” ”അത് റജബിന്റെയും റമദാനിന്റെയും ഇടയില്‍ ആളുകള്‍ ശ്രദ്ധിക്കാതെ വിട്ടു പോകുന്ന മാസമാണ്” എന്ന് തിരുമേനി(സ) മറുപടി പറഞ്ഞു” (നസാഈ). ഈ ഹദീസുദ്ധരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ”ഇതില്‍ റജബിന് റമദാനുമായി ഒരു സാദൃശ്യമുണ്ടെന്ന ധ്വനിയുണ്ട്. മാത്രമല്ല, റമദാന്‍ പോലെ ആളുകള്‍ റജബിലും ചില ആരാധനാ കര്‍മങ്ങള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ ആ ശ്രദ്ധ അവര്‍ ശഅ്ബാനില്‍ കാണിക്കുന്നില്ലെന്നും അതാണ് താനതില്‍ (ശഅ്ബാനില്‍) പ്രത്യേകമായി നോമ്പനുഷ്ഠിക്കുന്നതെന്നും പറഞ്ഞതില്‍ റജബ് മാസത്തിനും ഒരു ശ്രേഷ്ഠതയുണ്ടെന്ന സൂചനയുണ്ട്. അതേപ്പറ്റി അവര്‍ക്ക് അറിവും നിശ്ചയവും ഉണ്ടായിരുന്നു എന്നും”'(തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).

റജബ് മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ ഹദീസുകളും അദ്ദേഹം തന്റെ ഈ ലഘു കൃതിയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്. അവയിലൊരെണ്ണംപോലും സ്വഹീഹായതല്ലെന്നും ഒന്നുകില്‍ ദുര്‍ബലമായവയോ അല്ലെങ്കില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയോ ആണെന്നും വ്യക്തമാക്കുന്നുണ്ട്. ഒടുവില്‍ ഇമാം അബൂബക്ര്‍ അത്ത്വര്‍തൂസിയുടെ ഇവ്വിഷയകമായ ഒരു പ്രസ്താവന ഉദ്ധരിക്കുന്നു: ‘റജബ് മാസത്തെ നോമ്പ് മൂന്നടിസ്ഥാനത്തില്‍ കറാഹത്തായിത്തീരും.

\
قَالَ أَبُو بَكْرٍ الطَّرْطُوشِى فِي كِتَاب “البِدَعُ وَالحَوَادِثُ”: يُكْرَهُ صَوْمُ رَجَبٍ عَلَى ثَلَاثَةِ أَوْجُهٍ.. أَحَدُهَا: أَنّهُ إِذَا خَصَّهُ المُسْلِمُونَ بِالصَّوْمِ مِنْ كُلِّ عَامٍ حَسَبَ العَوَامِّ إِمَّا أَنَّهُ فَرْضٌ كَشَهْرٍ رَمَضَانِ، وَإِمَّا سَنَةٌ ثَابِتَةٌ كَالسُّنَنِ الثَّابِتَةِ وَإِمَّا لِأَنَّ الصَّوْمَ فِيهِ مَخْصُوصٌ بِفَضْلِ ثَوَابِ عَلَى صِيَامِ بَاقِيَ الشُّهُورَ. وَلَوْ كَان مِنْ هَذَا شَيْءٌ لَبَيَّنَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ.. قَالَ اِبْنُ دحية: الصِّيَامُ عَمَلٌ بَرٍّ لَا لِفَضْلِ شَهْرِ رَجَبِ، فَقَدْ كَانَ عُمَرُ – رَضِيَ اللهُ عَنْهُ – يَنْهَى عَنْ صِيَامِهِ. وَاللّهُ أَعْلَمُ. – تَبْيِينُ العَجَبِ: ص 38

1. റജബുമാസത്തില്‍ പ്രത്യേക നോമ്പുണ്ടെന്ന മട്ടില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പനുഷ്ഠിക്കല്‍

2. ഇതര സുന്നത്തു നോമ്പുകള്‍ പോലെ സ്ഥിരപ്പെട്ട സുന്നത്താണെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കല്‍.

3. ഇതര മാസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നതിനേക്കാള്‍ പുണ്യവും ശ്രേഷ്ഠതയും ഉണ്ടെന്ന ഭാവത്തില്‍ ഈ മാസത്തില്‍ നോമ്പെടുക്കല്‍.

ഈ മൂന്നടിസ്ഥാനത്തില്‍ റജബില്‍  നോമ്പനുഷ്ഠിക്കുന്നത് വെറുക്കപ്പെട്ടതാണെന്നും അതില്‍ വല്ല ശ്രേഷ്ഠതയും ഉണ്ടായിരുന്നെങ്കില്‍ അത് തിരുമേനി(സ) വ്യക്തമാക്കുമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് തന്റെ ലഘുകൃതി ഇമാം ഇബ്‌നുഹജര്‍ അവസാനിപ്പിക്കുന്നത് (തബ്‌യീനുല്‍ അജബ് ബിമാ വറദ ഫീ ഫദാഇലി റജബ്).

عَنْ خَرَشَةَ بْنِ الْحُرِّ، قَالَ: رَأَيْتُ عُمَرَ يَضْرِبُ أَكُفَّ النَّاسِ فِي رَجَبٍ، حَتَّى يَضَعُوهَا فِي الْجِفَانِ وَيَقُولُ: كُلُوا فَإِنَّمَا هُوَ شَهْرٌ كَانَ يُعَظِّمُهُ أَهْلُ الْجَاهِلِيَّةِ.- مُصَنَّفُ أَبِي شَيْبَةَ:                                     ٩٨٥١

എന്നാല്‍ റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് സുന്നത്തുണ്ട് എന്ന് കുറിക്കുന്ന ഹദീസുകളെല്ലാം പറ്റെ ദുര്‍ബലങ്ങളാണ്. അല്ലാത്തവ വ്യാജനിര്‍മിതവും. മാത്രമല്ല, റജബ് മാസത്തില്‍ പ്രത്യേകം സുന്നത്ത് ഉണ്ടെന്ന മട്ടില്‍ നോമ്പനുഷ്ഠിക്കുന്നത് ഒട്ടും ശരിയല്ലെന്നും റജബില്‍ ഭക്ഷണം കഴിക്കാനായി ഉമര്‍(റ) ആളുകളുടെ കൈക്ക് നല്ല അടിപൊട്ടിച്ചുകൊടുക്കാറുണ്ടായിരുന്നു എന്നും അങ്ങനെ അവരുടെ കൈ അദ്ദേഹം പിഞ്ഞാണത്തില്‍ കുത്തിക്കുമായിരുന്നു എന്നും എന്നിട്ട് ‘ജാഹിലിയ്യാ അറബികള്‍ ബഹുമാനിച്ചാരാധിച്ചിരുന്ന ദിവസമാണ് അത്,നിങ്ങള്‍ തിന്നുവിന്‍’ എന്ന് പറയാറുണ്ടായിരുന്നുവെന്നുമെല്ലാം ഇബ്‌നു അബീശൈബ ഉദ്ധരിച്ചിട്ടുണ്ട് (അല്‍ മുസ്വന്നഫ്: 2/345) (അല്‍ മുഗ്‌നി: 3/53).

ഇസ്‌റാഉം മിഅ്‌റാജും റജബ് 27-ാം രാവിലാണെന്നതിന് വല്ല തെളിവും ഉണ്ടോ?

ഇസ്‌റാഉം മിഅ്‌റാജും റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ചരിത്രപരമായി തെളിവില്ലാത്തതും ഹദീസുകള്‍കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങള്‍കൊണ്ടോ സ്ഥിരപ്പെടാത്തതുമായ ഒരു അബദ്ധ ധാരണയാണിത്.

ഇസ്‌റാഉം മിഅ്‌റാജും നടന്നതെന്നാണെന്ന് തീര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നുംതന്നെ സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുസംബന്ധമായി ഇമാം ഇബ്‌നുഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. ഹിജ്‌റക്ക് ഒരു വര്‍ഷം മുമ്പാണിതെന്ന ഇമാം നവവിയെപ്പോലുള്ളവരുടെ നിഗമനങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തിരിക്കുന്നു (ഫതുഹുല്‍ ബാരി 2/208). വര്‍ഷത്തിന്റെ കാര്യത്തിലെന്ന പോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായവ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്‌നുകസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ: 3/107, തഫ്‌സീര്‍ ഖുര്‍ത്വുബി 10/210).
قَالَ اِبْنُ حجر عَنْ اِبْنِ دحية: “وَذَكَّرَ بَعْضُ القِصَاصِ أَنَّ الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ”
അല്ലാമാ അബൂശാമ പറഞ്ഞു: ”കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. നിരൂപകരുടെ അടുക്കല്‍ അത് പച്ചക്കള്ളമാണ്” (അല്‍ ബാഇസ് ഫില്‍ ബിദഇ വല്‍ ഹവാദിസ്, പേജ് 116). വസ്തുത ഇതായിരിക്കെ, മഹാന്മാരായ ഇമാമുകള്‍ വ്യക്തമാക്കിയത് പോലെ റജബ് 27 ന് പുണ്യവും പവിത്രതയും കല്‍പ്പിക്കുന്നതും അന്നേദിവസം തദടിസ്ഥാനത്തില്‍ നോമ്പനുഷ്ഠിക്കുന്നതും അനഭിലഷണീയമാണെന്നതില്‍ തര്‍ക്കമില്ല. ശാഫിഈ മദ്ഹബിലെ പില്‍കാല ഗ്രന്ഥങ്ങളില്‍ റജബിലെ നോമ്പിനെപ്പറ്റി കാണാമെന്നത് ശരിയാണ്. എന്നാല്‍ ശാഫിഈ മദ്ഹബിലെ തന്നെ ഏറ്റവും പ്രാമാണികരായ ഇമാമുമാരാണ് ഇമാം നവവിയും ഇമാം ഇബ്‌നുഹജറും. ഇബ്‌നുഹജറാകട്ടെ തദ്വിഷയകമായി പ്രത്യേക പഠനം തന്നെ നടത്തിയതായി നാം കണ്ടല്ലോ. അതിനാല്‍ അവരുടെയൊക്കെ വീക്ഷണമാണ് ഇവിടെ കൂടുതല്‍ പരിഗണനീയവും സ്വീകാര്യവും. സ്വീകാര്യതയോ, ആധികാരികതയോ, പ്രാമാണികതയോ ഇല്ലാത്ത കാര്യങ്ങള്‍ വര്‍ജിക്കുക എന്നത് തന്നെയാണ് ഇത്തരം വിഷയങ്ങളില്‍ കരണീയം.

ചുരുക്കത്തില്‍ റജബുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. അല്ലാഹു പവിത്രമായെണ്ണിയ നാല് മാസങ്ങളില്‍ ഒന്ന് റജബ് ആണെന്ന് തിരുമേനി(സ) വ്യക്തമാക്കിയിരിക്കെ അത് പവിത്രമാസമാണെന്ന കാര്യത്തില്‍ സംശയമില്ല, അതിലാര്‍ക്കും തര്‍ക്കവുമില്ല.

2. പവിത്രമാസങ്ങളില്‍ പൊതുവെ സുന്നത്ത് നോമ്പെടുക്കാമെന്ന ഹദീസ് സ്വഹീഹല്ലെങ്കിലും ഹദീസ് നിദാനശാസ്ത്രമനുസരിച്ച് ‘ഹസന്‍’ എന്ന ഗണത്തില്‍ വരുന്നതും, താരതമ്യേന ദൗര്‍ബല്യം കുറഞ്ഞതുമായ ഹദീസുകളുടെ വെളിച്ചത്തില്‍ റജബില്‍ നോമ്പ് എടുക്കുന്നത് അഭികാമ്യമാണ്. ഇമാം ഇബ്‌നു ഹജറുള്‍പ്പെടെയുള്ള ഇമാമുകള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

3. ശഅ്ബാന്‍, മുഹര്‍റം മാസങ്ങളില്‍ സ്ഥിരപ്പെട്ടത് പോലെ റജബില്‍ നോമ്പ് സുന്നത്തുണ്ടെന്ന് വിശ്വസിക്കാവതല്ലെന്നും തദടിസ്ഥാനത്തില്‍ ആ മാസം പ്രത്യേകിച്ച് നോമ്പോ മറ്റാരാധനാ കര്‍മ്മങ്ങളോ ഇല്ലെന്നുമാണ് പ്രാമാണികരായ ഇമാമുമാരുടെ വീക്ഷണം. അതാണ് ശരിയും.

4. റജബ് 27 ന് വല്ല പ്രത്യേകതയുമുള്ളതായി ആധികാരികമായി ആരും തന്നെ പറഞ്ഞിട്ടില്ല. ശാഫിഈ മദ്ഹബിന്റെ പോലും ആധികാരികരായ ഇമാമുമാര്‍ അതെപ്പറ്റി ഒന്നും പറഞ്ഞതായി പരിശോധിച്ചേടത്തോളം കാണാന്‍ കഴിഞ്ഞിട്ടില്ല.

5. ഇസ്‌റാഉം മിഅ്‌റാജും നടന്നത് റജബിലാണെന്നോ അതുതന്നെ 27 ാം രാവിലാണെന്നോ ഉള്ള ധാരണക്ക് യാതൊരു ആധികാരികതയും ഇല്ല. അത് ഹദീസ് നിദാന ശാസ്ത്രമനുസരിച്ച് കള്ളമാണെന്നതാണ് ഇമാം അബൂശാമയെപ്പോലുള്ളവരുടെ ഖണ്ഡിതമായ അഭിപ്രായം.

6. നോമ്പ് കൂടാതെ, മറ്റെന്തെങ്കിലും സംഗതികള്‍ അഭികാമ്യമാണെന്നോ, ഇനി വല്ല സംഗതിയും ചെയ്യുന്നത് അഭികാമ്യമല്ലെന്നോ കുറിക്കുന്ന ആധികാരികമോ പ്രാമാണികമോ ആയ ഒന്നുംതന്നെ സ്ഥിരപ്പെട്ടിട്ടില്ല.

Related Post