ഗസാലി വിവരിച്ചതു പോലെ തന്നെ ദൈവഭക്തനായ പണ്ഡിതന്‍ സഹ്‌ലു ബ്‌നു അബ്ദുല്ല അത്തസ്തരിയും വിവരിച്ചതു കാണാം.’പണ്ഡിതന്മാരൊഴികെ ജനങ്ങളെല്ലാം ലഹരിബാധിതരായവാണ്. തന്റെ വിജ്ഞാനത്തിനനുസൃതമായി പ്രവര്‍ത്തിച്ച പണ്ഡിതരൊഴികെയുള്ളവരെല്ലാം പരിഭ്രാന്തിയിലാണ്.’
‘വിജ്ഞാനം വിത്താണ്, പ്രവര്‍ത്തനങ്ങള്‍ കൃഷിയാണ്. അതിന്റെ വെള്ളവും വളവുമാണ് ഇഖ്‌ലാസ്(ആത്മാര്‍ഥത)’-പൂര്‍വീകര്‍ വിവരിക്കുകയുണ്ടായി
പ്രവാചകന്‍(സ) വ്യക്തമാക്കി : അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ നോക്കുകയില്ല; നിങ്ങളുടെ ഹൃദയത്തിലേക്കാണ് അവന്‍ നോക്കുക. നെഞ്ചിനു നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പ്രവാചകന്‍ വിവരിച്ചു : തഖവ(ദൈവഭയം) ഇവിടെയാണ്.. മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു.(ഹദീസ്)
ഹജ്ജ് ചെയ്യുന്നവരും ഉംറ നിര്‍വഹിക്കുന്നവരും അര്‍പ്പിക്കുന്ന ബലി കര്‍മങ്ങളെ കുറിച്ച് അല്ലാഹു വിവരിക്കുന്നു: ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.'(ഹജ്ജ് 37)
നിഷ്‌കളങ്കമായ തൗഹീദിന്റെ ഫലങ്ങളില്‍ പെട്ടതാണ് ഇഖ്‌ലാസ്. ഇബാദത്തിലും സഹായം തേടുന്നതിലും അല്ലാഹുവിനെ ഏകാനാക്കുകയാണ് തൗഹീദിന്റെ മര്‍മം. ഫാതിഹ സൂക്തത്തിലൂടെ അല്ലാഹു ഇത് വ്യക്തമാക്കുന്നുണ്ട്.’നിനക്ക് മാത്രം ഞങ്ങള്‍ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു’. ദിനേന പതിനേഴ് പ്രാവശ്യമെങ്കിലും അല്ലാഹുവിന്റെ മുമ്പില്‍ വിശ്വാസി ഈ സൂക്തങ്ങള്‍ ആത്മഭാഷണം നടത്തുന്നുണ്ട്. അല്ലാഹുവല്ലാത്ത എല്ലാ അടിമത്വത്തില്‍ നിന്നും ബന്ധനങ്ങളില്‍ നിന്നുമുള്ള മോചനമാണിത്. ദീനാര്‍, ദിര്‍ഹം, പെണ്ണ്, കള്ള്, അലങ്കാരം, സ്ഥാനം, പദവി, അധികാരം, തുടങ്ങിയ മനുഷ്യര്‍ സൃഷ്ടിക്കുന്ന എല്ലാറ്റിനോടുമുള്ള അടിമത്തത്തില്‍ നിന്നുള്ള മോചനമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു പ്രവാചകനോട് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടതും അതു തന്നെയാണ്. ‘പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും, എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും, എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’.(അല്‍ അന്‍ആം 162)
വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്