ഖുര്‍ആനും സമൂഹവും

 

വളരെ മോശമായ ഒരു സാമൂഹികാന്തരീക്ഷം നിലനിന്നിരുന്ന അറേബ്യന്‍ സമൂഹത്തെ മാതൃകാപരമായ ഒരു സമൂഹമാക്കി ഖുര്‍ആന്‍ മാറ്റിയെടുത്തു

ഭാഷയും നിറവും ദേശവും മനുഷ്യര്‍ തമ്മിലുള്ള ഏറ്റക്കുറച്ചിലുകളുടെ മാനദണ്ഡമായി സ്വീകരിച്ച കാലഘട്ടത്തിലാണ് ഖുര്‍ആനിന്റെ അവതരണം. മനുഷ്യരെ വേര്‍തിരിക്കാനുള്ള അടയാളം അവയൊന്നുമല്ലെന്നും മനുഷ്യരെല്ലാം പിറവികൊണ്ട് സമന്മാരാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചു:

‘ഹേ മനുഷ്യരേ; തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു” (അല്‍ ഹുജുറാത്ത്: 13).

ഗോത്രവര്‍ഗ വൈവിധ്യങ്ങളുടെ താല്‍പര്യമെന്തെന്ന് ഈ വചനത്തോടെ മനുഷ്യനെ പഠിപ്പിച്ചു. ഭാഷയും നിറവും പ്രകൃതിയും സാഹചര്യവും അവനു അല്ലാഹു പ്രധാനം ചെയ്യുന്നവയാണെന്നും, അതു മഹത്വത്തിനു നിദാനമല്ലെന്നും തെര്യപ്പെടുത്തി.

‘ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(അര്‍റൂം: 22).

‘നീകണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അതുമുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുകന്നതുമായ നിറഭേദമുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ഫാത്വിര്‍: 27,28).

ഒരു മനുഷ്യന് അപരനേക്കാള്‍ മഹത്വം ലഭിക്കുന്നതിന് നിദാനമായ ഒരു കാര്യമുണ്ട്, ധര്‍മനിഷ്ഠയിലെ മികവത്രെ അത്. വെളുപ്പും ചുവപ്പും കലര്‍ന്ന് സുന്ദരനായ, അറബി ഭാഷ സ്ഫുടമായി സംസാരിക്കുന്ന ഖുറൈശി തറവാട്ടുകാരനായ മുഹമ്മദ്(സ) പറഞ്ഞു:

‘ജനങ്ങളെല്ലാം ചീര്‍പ്പിന്റെ പല്ലുപോലെ സമന്മാരാണ്. അറബിക്ക് അനറബിയേക്കാള്‍ ശ്രേഷ്ഠതയില്ല. വെളുത്തവന് കറുത്തവനേക്കാളും ഒരു ശ്രേഷ്ഠതയുമില്ല; ധര്‍മ നിഷ്ഠകൊണ്ടല്ലാതെ. നിങ്ങളെല്ലാം ആദമില്‍ നിന്നുള്ളവരാണ്. ആദമാകട്ടെ മണ്ണില്‍ നിന്നും” (ബുഖാരി).

മനുഷ്യര്‍ തമ്മില്‍ വര്‍ണ, വലിപ്പ വ്യത്യാസത്തിന്റെയോ, നിറത്തിന്റെയോ പേരില്‍ പരിഹസിക്കരുതെന്നും ഉണര്‍ത്തി. പണമോ പദവിയോ ഒന്നും അതില്ലാത്തവരെ ചെറുതാക്കാന്‍ ഇടവരുത്തരുത്.

‘സത്യവിശ്വാസികളേ, ഒരു ജനവിഭാഗവും മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍(പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരായേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരുവിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) മറ്റവരേക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. സത്യവിശ്വാസം കൈക്കൊണ്ടതിന് ശേഷം അധാര്‍മികമായ പേരു (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍”.(അല്‍ ഹുജുറാത്ത്: 11)

വിശുദ്ധ ഖുര്‍ആനിന്റെ ഈ സന്ദേശങ്ങള്‍ അറബിസമൂഹത്തില്‍ വരുത്തിയമാറ്റം വര്‍ണനാതീതമായിരുന്നു. ഇന്നലെ വരെ തന്റെ ശത്രുവായി കണ്ടവനെ ‘സഹോദരാ, നിനക്ക് അല്ലാഹുവിന്റെ സമാധാനമുണ്ടവട്ടെ’ എന്ന അഭിവാദനവാക്യമുച്ചരിച്ച് ആലിംഗനം ചെയ്യുന്നതാണ് നാം കാണുന്നത്. കറുത്ത ബിലാലിനെ വാരിപ്പുണരുന്നത് ഖുറൈശി പ്രമുഖനായ അബൂബക്കറാണ്. റോമക്കാരനായ സുഹൈബിന്റെയും പേര്‍ഷ്യക്കാരനായ സല്‍മാനിന്റെയും മധ്യത്തില്‍ നിന്നു നമസ്‌കരിക്കുന്നത് ഖുറൈശിയായ ഉമറാണ്. പ്രവാചകന്റെ സദസ്സില്‍ ആദ്യം വരുന്നവര്‍ക്ക് മുമ്പില്‍ ഇരിപ്പിടം. പിന്നെ വരുന്നവര്‍ക്ക് അതിനപ്പുറത്ത്. പ്രവാചകന്റെ പുത്രിമാരെ വിവാഹം ചെയ്ത ഉസ്മാന്‍ ഒടുവില്‍ വന്നാല്‍ ഏറ്റവും ഒടുവില്‍ ഇരിക്കുന്നു.

വളരെ മോശമായ ഒരു സാമൂഹികാന്തരീക്ഷം നിലനിന്നിരുന്ന അറേബ്യന്‍ സമൂഹത്തെ മാതൃകാപരമായ ഒരു സമൂഹമാക്കി ഖുര്‍ആന്‍ മാറ്റിയെടുത്തു. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ സകല നിയമങ്ങളും ഖുര്‍ആന്‍ അവരെ പഠിപ്പിച്ചു. വംശ മേധാവിത്വത്തിന്റെയും വര്‍ണവെറിയുടെയും പേരില്‍ യുദ്ധങ്ങളും കലാപങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിലും ഖുര്‍ആനിന്റെ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക കാഴ്ചപ്പാടിന് ഏറെ പ്രസക്തിയുണ്ട്.

 

ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് (പ്രബോധനം)

 

Related Post