വിശ്വാസികള്‍ക്ക് ഈമാനിന്റ കരുത്തും നിശ്ചയദാര്‍ഢ്യവും സ്ഥൈര്യവും ആത്മവിശ്വാസവും ഉന്മേഷവും പകരുന്ന ബാറ്ററിയാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹു പറയുന്നു: ‘വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.’ (അല്‍മാഇദ : 15, 16)
ഖുര്‍ആന്‍ സ്വയം തന്നെ സുവ്യക്തമായതും ജനങ്ങള്‍ക്ക് അവരുടെ മാര്‍ഗദര്‍ശനത്തിനാവശ്യമായ കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കുന്നതുമാണ്. ജനങ്ങളെ വിജയത്തിന്റെയും രക്ഷയുടെയും മോചനത്തിന്റെയും വഴിയിലേക്ക് നയിക്കുന്ന ഗ്രന്ഥമാണിത്. പ്രയാസങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അവരെയത് മോചിപ്പിക്കുന്നു. നിഷേധത്തിന്റെയും അജ്ഞതയുടെയും വിഗ്രഹാരാധനയുടെയും പിടുത്തത്തില്‍ നിന്നവരെയത് മോചിപ്പിക്കുന്നു. ഊഹങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും അവരെ രക്ഷപ്പെടുത്തി വിശ്വാസത്തിന്റെ വെളിച്ചത്തിലേക്കും ശുദ്ധമായ ഏകദൈവത്വത്തിലേക്കും ദൈവികമായ സന്മാര്‍ഗത്തിലേക്കും ദൈവിക നീതിയിലേക്കും അവരെ നയിക്കുന്നു.
വിശ്വാസികളുടെ ഹൃദയത്തില്‍ എത്തുന്ന അതിന്റെ സൂക്തങ്ങള്‍ അതിനെ ജ്വലിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: ‘നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു ( സത്യ ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു.’ (അല്‍ അന്‍ആം : 122) ഖുര്‍ആന്‍ കൊണ്ടാണ് വിശ്വാസി ജീവിക്കുന്നത്. അവനെ നയിക്കുന്ന പ്രകാശം സ്വീകരിക്കുന്നത് അതില്‍ നിന്നാണ്. അന്ധകാരത്തിലും പരിഭ്രാന്തിയിലും സംശയത്തിലും അസ്വസ്ഥതയിലും മുങ്ങുന്നതില്‍ നിന്നും അതു മുഖേന അവന്‍ അകന്ന് നില്‍ക്കുന്നു.
പൂര്‍വികരായ സഹാബിമാര്‍ വിശ്വസിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. ലോകം അവര്‍ കീഴടക്കുകയും നാടുകളും മനസ്സുകളും കീഴടക്കുകയും ചെയ്തു. വിശ്വാസത്തിലും നന്മയിലും ധാര്‍മികതയിലും സ്വഭാവഗുണങ്ങളിലും മനുഷ്യകുലത്തിന് ഉദാത്ത മാതൃകയായിരുന്നു അവര്‍. ഈ ഗ്രന്ഥം മുഖേന വിശ്വാസത്തിന്റെ ചൂട് കൊണ്ട് അവരുടെ ഹൃദയങ്ങള്‍ ഉണര്‍ന്നു. ദൈവികമായ പ്രകാശത്താല്‍ അവരുടെ ബുദ്ധി ഉണര്‍ന്നു. അവര്‍ക്കത് സന്മാര്‍ഗം സുവ്യക്തമാക്കി കൊടുത്തു. എന്നാല്‍ മുസ്‌ലിംകള്‍ ഈ ഗ്രന്ഥവുമായുള്ള ബന്ധം വിഛേദിച്ചുവെന്നത് വളരെ ദുഖകരമായ കാര്യമാണ്. അവരതിനെ ഉപേക്ഷിക്കുകയും കൈവിടുകയും ചെയ്തു. സമൂഹത്തിന്റെ ചലനങ്ങളിലും തീരുമാനങ്ങളിലും അതിനൊരു പങ്കും അവശേഷിച്ചില്ല. അതുകൊണ്ട് തന്നെ അവരുടെ ഹൃദയങ്ങള്‍ ഇരുളുകയും ജീവിതവും പ്രവര്‍ത്തനങ്ങളും മോശമാവുകയും ചെയ്തു.
ഖുര്‍ആനിനെ കൈവെടിയുകയെന്ന് ദീനിന്റെ ശത്രുക്കളായ നിഷേധികളുടെയും മുശ്‌രികുകളുടെയും ജൂത-ക്രിസ്ത്യാനികളുടെയും സ്വഭാവമാണെന്ന് വളരെ വ്യക്തമാണ്. ഖുര്‍ആനില്‍ വിശ്വസിക്കാനും അത് കേള്‍ക്കാനും വിസമ്മതിച്ച നിഷേധികളുടെയും മുശ്‌രികുകളുടെയും പ്രവര്‍ത്തനങ്ങളെ കുറിച്ച് നബി(സ) അല്ലാഹുവോട് ആവലാതിപ്പെടുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ‘റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരിക്കുന്നു.’ (ഫുര്‍ഖാന്‍ : 31) ഖുര്‍ആനെ സത്യപ്പെടുത്താന്‍ വിസമ്മതിക്കുകയും അതില്‍ വിശ്വസിക്കാതരിക്കുകയും ചെയ്യുക, അത് കേള്‍ക്കുന്നതില്‍ നിന്ന് പിന്തിരിയുക, അതിനെതിരെ കലാപമുയര്‍ത്തുക, അതിന് ചുറ്റും ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുക, അതിനും അതിന്റെ കേള്‍വിക്കാര്‍ക്കുമിടയില്‍ തടസ്സം ഉണ്ടാക്കുക, അതിനെ നിന്ദിക്കുകയും കത്തിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ഖുര്‍ആനെ കൈവെടിയല്‍ തന്നെയെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു: ‘സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് അതിനെ അതിജയിക്കാന്‍ കഴിഞ്ഞേക്കാം.’ (ഫുസ്സിലത് : 41)
ഖുര്‍ആന്‍ അതനുസരിച്ചുള്ള പ്രവര്‍ത്തനം ഉപേക്ഷിക്കുകയും അതില്‍ ചിന്തിക്കാതിരിക്കുകയും മനനം ചെയ്യാതിരിക്കുകയും ചെയ്യുന്നതും അതിനെ കൈവെടിയല്‍ തന്നെയായിട്ടാണ് കണക്കാക്കുന്നത്. അതിന്റെ കല്‍പനകള്‍ പാലിക്കാതിരിക്കുകയും വിലക്കുകള്‍ ലംഘിക്കുകയും ചെയ്യുന്നതും അതിനെ ഉപേക്ഷിക്കല്‍ തന്നെയാണ്. അതില്‍ നിന്നും തെറ്റി കവിത, സംഗീതം, സിനിമ, നാടകം, കാര്‍ട്ടൂണ്‍ പോലുള്ള കാര്യങ്ങളിലേക്ക് മാറുന്നതും അതിനെ ഉപേക്ഷിക്കുന്നതിന്റെ കൂട്ടത്തില്‍ തന്നെയാണ് പരിഗണിക്കപ്പെടുക. അതിന്റെ പരിഗണനയെ ഇല്ലാതാക്കുന്ന എല്ലാ കാര്യങ്ങളും അതിനെ വെടിയുന്നതിന്റെ പരിധിയിലാണ പെടുക. ഇബ്‌നു കഥീര്‍ പറയുന്നു: ‘അവരുടെ അടുത്ത് ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ അത് കേള്‍ക്കാത്ത രൂപത്തില്‍ ബഹളവും മറ്റ് സംസാരവും അധികരിപ്പിക്കുന്നവരായിരുന്നു അവര്‍. അതിനെ തള്ളിക്കളയലാണത്. അതില്‍ വിശ്വസിക്കാതിരിക്കലും സത്യപ്പെടുത്താതിരിക്കലും അതിനെ തള്ളിക്കളയലാണ്. അത് മനസിലാക്കാതിരിക്കലും ചിന്തിക്കാതിരിക്കലും അതിനെ തള്ളികളയല്‍ തന്ന. അതനുസരിച്ചുള്ള പ്രവര്‍ത്തനം, അതിന്റെ കല്‍പനകള്‍ പാലിക്കല്‍, വിലക്കിയ കാര്യങ്ങള്‍ ഉപേക്ഷിക്കല്‍ തുടങ്ങിയവ ഉപേക്ഷിക്കുന്നതും അതിനെ തള്ളികളയല്‍ തന്നെയാണ്. അതില്‍ നിന്നും കവിത, സംസാരം, സംഗീതം, വിനോദം തുടങ്ങിയ കാര്യങ്ങളിലേക്ക് തെറ്റുന്നതും അതിനെ തള്ളികളയലാണ്.’ (ഇബ്‌നുകഥീര്‍ : 3/1673)
അതുകൊണ്ട് ഖുര്‍ആന്‍ പാരായണത്തിലേക്കും അതില്‍ ചിന്തിക്കുന്നതിലേക്കും നാം ധൃതിവെക്കേണ്ടതുണ്ട്. സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും അതിന്റെ പങ്ക് നിര്‍വഹിക്കുന്നതുമാക്കി അതിനെ മാറ്റേണ്ടതുണ്ട്. അത്ഭുതങ്ങള്‍ അവസാനിക്കാത്ത അമൂല്യമായ നിധിയാണത്. വ്യക്തമായ പ്രകാശമാണത്. അതിനെ മുറുകെ പിടിക്കുന്നവര്‍ക്ക് സംരക്ഷണവും ഫലപ്രദമായ ചികിത്സയുമാണത്. അതിനെ പിന്തുടരുന്നവര്‍ക്കാണ് മോചനം. അല്ലാഹു നമുക്കായി ഒരുക്കിയിരിക്കുന്ന വിരുന്നാണത്, അതിനെ നാം ഉപയോഗപ്പെടുത്തണം. ഖുര്‍ആന്‍ ഓതി കൊണ്ട് അതിനെ സത്യപ്പെടുത്തവരിലാകരുത്. അതനുസരിച്ച് പ്രവര്‍ത്തിക്കാത്തവരെ കളവ് പറയുന്നവരായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. കളവ് പറയുന്നവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ‘താന്‍ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍ അല്ലാഹുവിന്റെ ശാപം തന്റെ മേല്‍ ഭവിക്കട്ടെ’ (അന്നൂര്‍ : 7)
പ്രവാചകചര്യയെ (സുന്നത്ത്) തകര്‍ക്കുന്നതിനുള്ള മാര്‍ഗമായി ഖുര്‍ആന്‍ പഠിക്കുന്നതിനും അതിനെ കുറിച്ച് ചിന്തിക്കുന്നതിലേക്കും ആളുകളെ ക്ഷണിക്കുന്നവരുണ്ടെന്നത് നമ്മുടെ ശ്രദ്ധയിലുണ്ടാവണം. സുന്നത്തിനെ ആക്ഷേപിക്കുന്നതിനും മോശമായി കാണിക്കുന്നതിനുമാണ് അവര്‍ ശ്രമിക്കുന്നത്. അവരില്‍ ഒരിക്കലും പെട്ടുപോകരുതെന്ന് മുന്നറിയിപ്പ് നല്‍കട്ടെ. ഖുര്‍ആനും സുന്നത്തും തമ്മില്‍ അതിശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നത്. വേര്‍പെടുത്താനാവാത്ത രൂപത്തില്‍ പരസ്പര ബന്ധിതങ്ങളാണ് അവ രണ്ടും. ഇസ്‌ലാമില്‍ നിയത്തിന്റെയും ധാര്‍മിക സ്വഭാവഗുണങ്ങളുടെയും പെരുമാറ്റത്തിന്റെയും അടിസ്ഥാന സ്രോതസ്സുകളാണ് അവ രണ്ടും. ഖുര്‍ആനിനെ ഓരോരുത്തരും മനസിലാക്കുന്നത് വ്യത്യസ്ത രൂപത്തിലാണ്, എന്നാല്‍ അവര്‍ മനസിലാക്കിയതാണ് ഖുര്‍ആന്‍ എന്ന് തെറ്റിധരിക്കരുത്.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി