റമദാന്‍ വിടവാങ്ങുമ്പോള്‍

റമദാന്‍ വിടവാങ്ങുമ്പോള്‍

ലേഖകൻ ഡോ. അഹ്മദ് ഹസനാത്

ഇന്നലെ നിറഹൃദയത്തോടെ സ്വീകരിച്ച റമദാനെ ഇന്ന് യാത്രയാക്കുകയാണ് നാം. റമദാനാകട്ടെ, യാത്രക്കുവേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിശിഷ്ടമായ അതിഥിയായി റമദാന്‍ നമ്മിലേക്കെത്തുകയും,  വന്നതുപോലെ പോവാന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ നടപടി ക്രമങ്ങളില്‍പെട്ടതാണിത്. മാസം വരികയും അതിനേക്കാള്‍ വേഗത്തില്‍ മടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം തന്നെയാണ് ഇഹലോകവും.
റമദാനെ യാത്രയാക്കുന്ന വേളയില്‍ നമുക്ക് അല്‍പം ചിന്തിക്കാം. റമദാന് നാം എന്താണ് നല്‍കിയതെന്ന് സ്വയം ചോദിക്കാം. റമദാനില്‍ നാമെന്താണ് പ്രവര്‍ത്തിച്ചത് ? നാം പൂര്‍ണാര്‍ത്ഥത്തില്‍ നോമ്പെടുത്തിട്ടുണ്ടോ? നമസ്‌കാരം മുറപോലെ നിര്‍വഹിച്ചിട്ടുണ്ടോ? റമദാന്റെ യുക്തിയായ ദൈവബോധം(തഖ്‌വ) നമ്മില്‍ ഉടലെടുത്തിട്ടുണ്ടോ? റമദാനില്‍ നാം കൂടുതല്‍ സുകൃതങ്ങള്‍ ചെയ്തിട്ടുണ്ടോ? അതല്ല, നാം കളിയിലും അശ്രദ്ധയിലുമായിരിക്കെയാണോ റമദാന്‍ കടന്നുപോയത്?
നബിതിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു:’റമദാന്‍ കടന്നുവരികയും ശേഷം പാപങ്ങള്‍ പൊറുക്കപ്പെടാതെ അത് കഴിഞ്ഞുപോവുകയും ചെയ്തവന്‍ നശിച്ചിരിക്കുന്നു’. അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിച്ച ദിനങ്ങളെ അവഗണിച്ച് നശിച്ചുപോയവരുടെ ഗണത്തിലാണോ നമ്മുടെ സ്ഥാനം? അതോ, പ്രതീക്ഷയുടെ കച്ചിത്തുരുമ്പില്‍പിടിച്ച് മുങ്ങിപ്പൊങ്ങുന്നവരാണോ നാം?
റമദാന്‍ മാസം മുഖേനെ അല്ലാഹു നമ്മെ ആദരിച്ചിരിക്കുന്നു. അവനതില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. നഷ്ടപ്പെട്ടുപോയ സുകൃതങ്ങള്‍ക്ക് പകരം വെക്കാന്‍ അവസരം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ സമ്മാനത്തെ വിലമതിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? അല്ലാഹുവിന്റെ ഔദാര്യത്തെ പരിഗണിക്കാന്‍ നാം സമയം കണ്ടെത്തിയിട്ടുണ്ടോ?
റമദാനില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് മംഗളം. റമദാനില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് മംഗളം. റമദാനില്‍ അല്ലാഹുവിങ്കലേക്ക് മടങ്ങിയവര്‍ക്ക് മംഗളം. റമദാനെ അവസരത്തിനൊത്തുയര്‍ന്ന് ഉപയോഗപ്പെടുത്താത്തവന് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവന് ഒരുപക്ഷേ ഇനിയത് ലഭിച്ചുകൊള്ളണമെന്നില്ല. റമദാനില്‍ പശ്ചാത്തപിക്കാത്തവന്‍ പിന്നെ എപ്പോഴാണ് പശ്ചാത്തപിക്കുക? റമദാനില്‍ അല്ലാഹുവിങ്കലേക്ക് മടങ്ങാത്തവന്‍ പിന്നെ എപ്പോഴാണ് മടങ്ങുക? റമദാന്റെ രാവുകളില്‍ നിന്ന് ലഭിക്കാത്ത ഏത് ആവശ്യമാണ് പിന്നീട് നിറവേറ്റപ്പെടുക?
റമദാന് ശേഷം എന്താണ് നമ്മുടെ അവസ്ഥ? പൂര്‍വകാല പതിവുകളിലേക്കും, തിന്മകളിലേക്കും നാം മടങ്ങുമോ? റമദാനില്‍ നമസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവും നിര്‍വഹിച്ച് കഴിച്ചുകൂട്ടിയതിന് ശേഷം അവയെല്ലാം പാഴാക്കിക്കളയുകയാണ് അധികപേരും ചെയ്യുന്നത്.
റമദാനിലെ പതിവുകള്‍ റമദാന് ശേഷവും തുടരണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ദൈവബോധം സാക്ഷാല്‍ക്കരിക്കാനും ദൈവികവിധേയത്വത്തില്‍ മനസ്സിനെ ഒരുക്കാനുമാണ് അല്ലാഹു റമദാന്‍ നിയമമാക്കിയത്.
പക്ഷേ… നാം എങ്ങനെയാണ് റമദാനെ യാത്രയാക്കുന്നത്? വേദനയോടും നിറകണ്ണുകളോടെയുമാണോ? അങ്ങനെയല്ല, നാം അതിനെ സ്വീകരിച്ചതുപോലെ തന്നെ സുകൃതങ്ങള്‍ കൊണ്ട് യാത്രയാക്കണം. പ്രവാചകന്‍(സ)യും അനുയായികളും റമദാന്റെ അവസാനത്തില്‍ കര്‍മങ്ങള്‍ അധികരിപ്പിക്കാറായിരുന്നു പതിവ്. അവസാന പത്ത് ആഗതമായാല്‍ തിരുമേനി രാത്രി ഉറക്കൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും ആരാധനകള്‍ സജീവമായി നിര്‍വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു.
നമ്മുടെ സുകൃതങ്ങള്‍ സ്വീകരിക്കാനുള്ള പ്രാര്‍ത്ഥനയോടെയായിരിക്കണം നാം റമദാനെ യാത്രയാക്കേണ്ടത്. അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലവും സന്തോഷവും നമുക്ക് ലഭിക്കേണ്ടതുണ്ട്.
പെരുന്നാളിന്റെ സന്തോഷമാണ് അത്. പെരുന്നാള്‍ നമുക്ക് ആരാധനയാണ്. ആരാധാനകള്‍ക്കുശേഷമാണ് ആഘോഷം വരുന്നത്. ചെറിയ പെരുന്നാള്‍ വരുന്നത് നോമ്പിന് ശേഷമാണ്. ബലി പെരുന്നാള്‍ വരുന്നത് ഹജ്ജിനുശേഷവും. നമ്മുടെ ആഘോഷങ്ങള്‍ തുടങ്ങുന്നതും ആരാധനകള്‍ കൊണ്ടുതന്നെ. നാമതിനെ പെരുന്നാള്‍ നമസ്‌കാരം എന്ന് വിളിക്കുന്നു. അതിനാലാണ് ഇപ്രകാരം പറയപ്പെട്ടത് ‘പെരുന്നാള്‍ പുതുവസ്ത്രം ധരിച്ചവര്‍ക്കുള്ളതല്ല. സുകൃതങ്ങള്‍ വര്‍ധിപ്പിച്ചവര്‍ക്കുള്ളതാണ് എന്ന്്’.
പെരുന്നാള്‍ രാവില്‍ പിശാചുക്കള്‍ പുറത്തുവരുന്നത് നാം സൂക്ഷിക്കേണ്ടതുണ്ട്. റമദാനിലെ നന്മകളെ നിഷിദ്ധങ്ങള്‍ കൊണ്ട് അവസാനിപ്പിക്കുന്നവരാവരുത് നാം. നമുക്കതില്‍ നിന്ന് ലോകതമ്പുരാനായ നാഥനോട് അഭയം തേടാം.

റമദാന്‍ : യാത്രക്ക് സമയമായിരിക്കുന്നു

റമദാനിന്റെ പ്രശോഭിത ദിനങ്ങള്‍ക്ക് മേല്‍ തിരശ്ശീല വീണിരിക്കുന്നു. നന്മകളാല്‍ അലങ്കരിക്കപ്പെട്ട സുവര്‍ണതാളുകല്‍ മടക്കിവെച്ച് റമദാന്‍ യാത്രക്കൊരുങ്ങിയിരിക്കുന്നു.
ഇന്ന് ഇന്നലെയോട് എത്രമാത്രം സദൃശ്യമാണ്! നാമതിനെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ആകാശത്തേക്ക് പ്രത്യാശഭരിതരായി ഉറ്റുനോക്കുകയായിരുന്നു. അഭിവാദ്യം ചെയ്ത് സ്വീകരിച്ചതേയുള്ളൂ. ഇന്നിപ്പോള്‍ നാമതിന്റെ അവസാന നിമിഷങ്ങളിലാണ്. അതിനെ യാത്രയാക്കാന്‍ തയ്യാറെടുക്കുകയാണ് നാം. സൃഷ്ടികളിലെ അല്ലാഹുവിന്റെ നടപടിക്രമം ഇപ്രകാരമാണ്. ദിവസങ്ങള്‍ കൊഴിഞ്ഞുപോവുകയും വര്‍ഷങ്ങള്‍ അവസാനിക്കുകയും ചെയ്യുന്നു. അല്ലാഹു ഭൂമിയെയും അതിലുള്ളവയെയും അനന്തരമെടുക്കുന്നത് വരെ ഈ ചര്യ തുടര്‍ന്നുകൊണ്ടേയിരിക്കും.
കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ട സൗഭാഗ്യവാന്‍മാരെ നമുക്ക് അഭിനന്ദിക്കാം. റമദാന്‍ നഷ്ടപ്പെട്ട് പാപ്പരായവന്റെ കാര്യത്തില്‍ നമുക്ക് അനുശോചിക്കാം.
ആശങ്കയോടും, പ്രാര്‍ത്ഥനയോടും കൂടിയായിരുന്നു പൂര്‍വസൂരികള്‍ റമദാനെ യാത്രയാക്കിയിരുന്നത്. അത്യുദാരനായ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കണമെന്നതായിരുന്നു അവരുടെ പ്രാര്‍ത്ഥന. അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും, ഹൃദയത്തില്‍ ആശങ്ക പുലര്‍ത്തുകയും ചെയ്തവരെന്ന് (മുഅ്മിനൂന്‍ 60) ഖുര്‍ആന്‍ വിശേഷിപ്പിച്ചത് അവരെയായിരുന്നു. ആഇശ(റ) പറയുന്നു. ഞാന്‍ ഈ ആയത്തിനെക്കുറിച്ച് പ്രവാചകരോട് ഇപ്രകാരം ചോദിച്ചു ‘മദ്യപിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണോ ആ പറഞ്ഞത്? തിരുമേനി(സ) പറഞ്ഞു ‘സിദ്ധീഖിന്റെ മകളേ, അല്ല, മറിച്ച് നോമ്പനുഷ്ഠിക്കുകയും, നമസ്‌കരിക്കുകയും, ദാനധര്‍മം നടത്തുകയും ശേഷം അല്ലാഹു അവ സ്വീകരിക്കുമോ എന്ന് ആശങ്കപ്പെടുന്നവരാണ് അവര്‍).
റമദാന്‍ തൊട്ടുടനെയുള്ള ആറ് മാസങ്ങളില്‍ തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. തങ്ങളുടെ സുകൃതങ്ങള്‍ തിരസ്‌കരിക്കപ്പെടുമോ എന്ന് അവര്‍ വല്ലാതെ ആശങ്കിച്ചിരുന്നു. അലി(റ) പറയുന്നു ‘നിങ്ങള്‍ കര്‍മത്തേക്കാള്‍, അതിന്റെ സ്വീകാര്യതക്കാണ് മുന്‍ഗണന നല്‍കേണ്ടത്.’ കാരണം അല്ലാഹു വിശ്വാസികളില്‍ നിന്ന് മാത്രമെ കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ എന്ന് അരുള്‍ ചെയ്തിരിക്കുന്നു.
ഹാഫിള് ഇബ്‌നു റജബ് പറയുന്നു ‘കര്‍മത്തെ പൂര്‍ണതയെത്തിക്കാന്‍ പൂര്‍വസൂരികള്‍ കഠിനാധ്വാനം നടത്തിയിരുന്നു. ശേഷം അവ സ്വീകരിക്കുന്നതിലായിരുന്നു അവര്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. അവ തിരസ്‌കരിക്കപ്പെടുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അവരെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത് ‘നല്‍കപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുകയും ഹൃദയം വിറകൊള്ളുകയും ചെയ്യുന്നവരാണ് അവര്‍’. (മുഅ്മിനൂന്‍ 60).
ഇബ്‌നു ദീനാര്‍ പറയുന്നു ‘കര്‍മങ്ങള്‍ സ്വീകരിക്കുമോ എന്ന ഭയമായിരിക്കണം കര്‍മത്തേക്കാള്‍ കൂടുതല്‍ ഉണ്ടായിരിക്കേണ്ടത്’.
അബ്ദുല്‍ അസീസ് ബിന്‍ അബീറുവാദ് പറയുന്നു ‘സല്‍കര്‍മങ്ങളില്‍ കഠിനാധ്വാനം നടത്തുന്നവരായിരുന്നു അവര്‍. ചെയ്തു കഴിഞ്ഞാല്‍ അവ സ്വീകരിക്കുമോ എന്നതായിരുന്നു അവരുടെ ഭയം’.
റമദാനെ യാത്രയാക്കുമ്പോള്‍ നമ്മുടെ പൂര്‍വികര്‍ പുലര്‍ത്തിയ സമീപനം ഇതായിരുന്നു. കാരണം ഓരോ റമദാന്‍ അവസാനിക്കുമ്പോഴും തങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടുകയും, അവധി അടുക്കുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
കര്‍മങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ അടയാളത്തെക്കുറിച്ച് പണ്ഡിതന്മാര്‍ സംസാരിച്ചിട്ടുണ്ട്. സുകൃതങ്ങളെ തുടര്‍ന്നും നിര്‍വഹിക്കുകയും, നന്മയില്‍ സ്ഥിരത കൈവരിക്കുകയും ചെയ്യലാണ് അവ. റമദാന്റെ നാഥന്‍ മറ്റുമാസങ്ങളുടെയും നാഥനാണ്. ‘റമദാനില്‍ മാത്രം അല്ലാഹുവിനെ അറിയുന്ന സമൂഹം’ എത്ര വൃത്തികെട്ടതാണ് എന്നാണ് ബിശ്‌റുല്‍ ഹാഫി പറഞ്ഞത്.
റമദാനോട് ചേര്‍ന്ന് ചെയ്യാന്‍ യോജിച്ച മഹത്തായ നന്മ ശവ്വാലിലെ ആറ് നോമ്പുകള്‍ തന്നെയാണ്. റമദാനും, തുടര്‍ന്ന് ശവ്വാലിലെ ആറുദിവസവും നോമ്പെടുത്തവന്‍ വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചവനെപ്പോലെയാണെന്ന് തിരുമേനി(സ) അരുള്‍ ചെയ്തിരിക്കുന്നു.

റമദാനെ യാത്രയാക്കിയ ശേഷം

ലേഖകൻ ജമാല്‍ മറാകിബി

നോമ്പുകാരന്റെ സന്തോഷത്തിന് സമയമായിരിക്കുന്നു. ആരാധനയുടെ സമയം Flowers-flowers-34296153-500-313അവസാനിച്ചിരിക്കുന്നു. ഇനി പ്രതിഫലത്തിന്റെ അവസരമാണ് ‘നോമ്പുകാരന് രണ്ട് സന്തോഷങ്ങളാണുള്ളത്. നോമ്പ് അവസാനിപ്പിക്കുന്നതിന്റെയും നോമ്പുമായി അല്ലാഹുവിനെ കണ്ടുമുട്ടുന്നതിന്റെയും’. അവയില്‍ ആദ്യത്തേതിന് സമയമായിരിക്കുന്നു. സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കുന്നതിനായി അല്ലാഹു നമുക്കൊരു ദിവസം നിശ്ചയിച്ച് തന്നിരിക്കുന്നു. സുകൃതങ്ങള്‍ ചെയ്യാന്‍ റമദാനിലൂടെ അവസരമൊരുക്കുകയും, അവ സ്വീകരിക്കുകയും അവക്ക് പ്രതിഫലം നല്‍കുകയും ചെയ്തത് മുഖേന അല്ലാഹു നമ്മോട് മഹത്തായ ഔദാര്യമാണ് കാണിച്ചത്.
നാം അങ്ങേയറ്റത്തെ ആഹ്ലാദമാണ് ഇപ്പോഴനുഭവിക്കുന്നത്. നോമ്പനുഷ്ഠിച്ചതിനാല്‍ അല്ലാഹു നമുക്കും നരകത്തിനുമിടയില്‍ എഴുപത് വര്‍ഷത്തിന്റെ അകലം സൃഷ്ടിച്ചിരിക്കുന്നു. നോമ്പുകാരന്റെ വായുടെ ദുര്‍ഗന്ധത്തിന് കസ്തൂരിയുടെ പരിമളം അവന്‍ പകരം വെച്ചിരിക്കുന്നു. മറ്റുകര്‍മങ്ങളില്‍ നിന്ന് ഭിന്നമായി നോമ്പിന് അളവറ്റ പ്രതിഫലം നല്‍കുമെന്ന് അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നു.
റമദാന്‍ നമ്മളോട് യാത്രപറയുകയാണ്. ഇന്നലെ നാം അതിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കാരുണ്യത്തിന്റെ പ്രവാഹവുമായി അത് നമ്മിലേക്ക് ഒഴുകിയെത്തുകയും, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മുന്നില്‍ അതിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുകയും ചെയ്തു. നരകത്തിലേക്ക് വലിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവികാരങ്ങള്‍ക്ക് മൂക്കുകയറിടുകയും അവയുടെ കവാടങ്ങള്‍ ഭദ്രമായി അടക്കുകയും ചെയ്തു. പക്ഷേ പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും അനുഗ്രഹവിളംബരം അവസാനിപ്പിച്ച് റമദാന്‍ നമ്മില്‍ നിന്ന് അകന്നുകൊണ്ടേയിരിക്കുകയാണ്. അല്ലാഹുവിനെ ഭയപ്പെട്ടും പ്രതീക്ഷിച്ചും നന്മയില്‍ മത്സരിച്ചവന് മംഗളം. റമദാന്‍ തേടിയെത്തിയിട്ടും അതില്‍ നിന്ന് മുഖം തിരിച്ചവന് നാശം.
വിശ്വാസിയുടെ ജീവിതത്തിലെ അടയാളം ദൈവബോധമായിരിക്കണം. നന്മകള്‍ വാരിക്കൂട്ടലും തിന്മകള്‍ വെടിയലുമായിരിക്കണം അവന്റെ ജീവിതം. നന്മയുടെ വസന്തകാലം ഈ ആരാധനകള്‍ അധികരിപ്പിക്കുകയും സുകൃതങ്ങള്‍ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുക. ആ ദിനരാത്രങ്ങള്‍ അവസാനിച്ചാലും അവയുടെ സ്വാധീനം അവന്റെ പ്രായോഗിക ജീവിതത്തില്‍ സജീവമായിരിക്കും.
എത്ര പെട്ടെന്നാണ് ് റമദാന്‍ നമ്മില്‍ നിന്ന് കടന്നുപോയത്. ഒരു പക്ഷേ അത് നമുക്ക് അനുകൂലസാക്ഷിയോ അല്ലെങ്കില്‍ പ്രതികൂലസാക്ഷിയോ ആയിരിക്കും. റമദാനുശേഷം അന്നാളുകളില്‍ ചെയ്ത കര്‍മങ്ങള്‍ സ്വീകരിക്കാനുള്ള പ്രാര്‍ത്ഥനയില്‍ മുഴുകുകയായിരുന്നു പൂര്‍വസൂരികളുടെ പതിവ്. നന്മകളെ നന്മകളാല്‍ പിന്തുടരുവാനും, തിന്മകളെ ഉപേക്ഷിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
അല്ലാഹുവില്‍ നിന്ന് പിന്തിരിയുകയും ആരാധനകള്‍ പാഴാക്കുകയും ചെയ്യുന്നത് വിശ്വാസത്തിന്റെ ദൗര്‍ബല്യത്തെയാണ് കുറിക്കുന്നത്. നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അടിയുറച്ച ദൃഢവിശ്വാസത്തോടെ നിലകൊള്ളേണ്ടവരാണ്.
നമ്മെക്കുറിച്ച് നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്തതിന് ശേഷമാണ് റമദാന്‍ വിടവാങ്ങിയത്. അല്ലാഹുവിന്റെ മുന്നില്‍ അത് നമ്മെക്കുറിച്ച് ഉത്തരം ബോധിപ്പിക്കുക തന്നെ ചെയ്യും. അലങ്കാരവും, വിശിഷ്ട വിഭവങ്ങളും കൊണ്ടാണ് അവരെന്നെ സ്വീകരിച്ചത്, ഖുര്‍ആന്‍ പാരായാണത്തിലോ, നമസ്‌കാരത്തിലോ അവര്‍ക്ക്  വലിയ താല്‍പര്യമുണ്ടായിരുന്നില്ല എന്നായിരിക്കുമോ നമ്മെക്കുറിച്ച റമദാന്റെ വിവരണം?
തിരുമേനി(സ)യുടെ പ്രവചനങ്ങള്‍ പുലര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. നാലുപാടു നിന്നും നമ്മെ പ്രശ്‌നങ്ങളും പരീക്ഷണങ്ങളും വലയംചെയ്തിരിക്കുന്നു. ഈ നിര്‍ണായക നിമിഷത്തില്‍ അല്ലാഹുവിലേക്ക് മടങ്ങുകയല്ലാതെ നമുക്ക് മുന്നില്‍ മറ്റുവഴികളൊന്നുമില്ല. അല്ലാഹുവിനോട് നിറമിഴികളോടെ പ്രാര്‍ത്ഥിക്കാം. തിന്മകളിലേക്ക് ഇനിയൊരിക്കലും മടങ്ങില്ലെന്ന് അവനോട് കരാര്‍ ചെയ്യാം.
വിശുദ്ധ വേദം യാതൊരു മാറ്റവുമില്ലാതെ നമ്മുടെ മുന്നിലുണ്ട്. തിരുമേനി(സ)യുടെ മാതൃക വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുചെറുസംഘം സ്ഥൈര്യത്തോടെ നിലകൊള്ളുമെന്ന് തിരുമേനി(സ) പ്രവചിച്ചിട്ടുമുണ്ട്. നമുക്ക് ആ ഗണത്തില്‍ ഉള്‍പെടാന്‍ പരിശ്രമിച്ചുകൂടെ? മറ്റുമാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് നമുക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അനന്യമാതൃകകളായി നിലകൊള്ളാനാകില്ലേ?

 

Related Post