Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

നിറഭേദങ്ങളില്ലാത്ത ലോകം

By:
മാല്‍കം എക്‌സ്

നാനാവര്‍ഗത്തില്‍പെട്ട നാനാവര്‍ണക്കാരായ ജനങ്ങള്‍, ഇവിടെ, malcom xപുരാതനമായ ഈ പുണ്യഭൂമിയില്‍, അബ്രഹാമിന്റെയും മുഹമ്മദിന്റെയും, വേദങ്ങളില്‍ പറഞ്ഞ മറ്റെല്ലാ പ്രവാചകന്മാരുടെയും ഈ ഗേഹത്തില്‍, പ്രദര്‍ശിപ്പിക്കുന്ന പോലുള്ള സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറഞ്ഞു കവിയുന്ന ആത്മാര്‍ത്ഥ വികാരങ്ങള്‍ ഇന്നേവരെ ഞാന്‍ ദര്‍ശിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി എനിക്ക് ചുറ്റും വിവിധ വര്‍ണ്ണക്കാരായ ആളുകള്‍ കാണിക്കുന്ന ദയാവായ്പ് കണ്ട് ഞാന്‍ വിമുകനും വിസ്മയ സ്തബ്ധനുമായിരിക്കുന്നു. വിശുദ്ധ മക്കാ നഗരം സന്ദര്‍ശിക്കാന്‍ എനിക്ക് അനുഗ്രഹം ലഭിച്ചു. മുഹമ്മദ് എന്നു പേരായ ചെറുപ്പക്കാരനായ മുതവ്വിഫിനാല്‍ ആനയിക്കപ്പെട്ട്, കഅ്ബ ഏഴു തവണ ഞാന്‍ പ്രദക്ഷിണം ചെയ്തു. സംസംകിണറ്റില്‍ നിന്ന് ജലപാനം നടത്തി. സഫാ-മര്‍വാ പര്‍വ്വതങ്ങള്‍ക്കിടയില്‍ ഏഴുവട്ടം ഓടി. പുരാതനനഗരിയായ മിനായിലും അറഫാ കുന്നിന്റെ മുകളിലും പ്രാര്‍ഥന നടത്തി.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് തീര്‍ത്ഥാടകരുണ്ടായിരുന്നു അവിടെ. വിവിധ വര്‍ണ്ണമുള്ളവര്‍. നീലക്കണ്ണുകളുള്ള സ്വര്‍ണ തലമുടിക്കാര്‍ മുതല്‍ തൊലി കറുത്ത ആഫ്രിക്കക്കാര്‍ വരെ. പക്ഷെ, ഞങ്ങളെല്ലാവരും പങ്കുചേരുന്നത് ഒരേ ആരാധനയിലാണ്. അവിടെ പുലരുന്ന ഐക്യവും സഹോദര്യവും അമേരിക്കയിലെ വെളുത്തവര്‍ക്കും കറുത്തവര്‍ക്കുമിടയില്‍ ഒരു നാളും പുലരുകയില്ലെന്ന് അമേരിക്കന്‍ അനുഭവങ്ങള്‍ എന്നെ ബോധ്യപ്പെടുത്തുന്നു. സമൂഹത്തില്‍ നിന്ന് വംശപ്രശ്‌നം തുടച്ചുനീക്കുന്ന ഒരേയൊരു മതം ഇസ്‌ലാമായതുകൊണ്ട് അമേരിക്ക അതിനെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കയിലാണെങ്കില്‍ സവര്‍ണ്ണരായി കണക്കാക്കപ്പെടുമായിരുന്ന അനേകമാളുകളുമായി എന്റെ മുസ്‌ലിം ലോക സഞ്ചാരത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടുകയും സംസാരിക്കുകയും അവരുടെ കൂടെ ഭക്ഷണം കഴിക്കുക പോലും ചെയ്തിട്ടുണ്ട്. വര്‍ണ്ണ മനോഭാവത്തെ ഇസ്‌ലാം അവരുടെ മനസ്സുകളില്‍ നിന്ന് നിഷ്‌കാസനം ചെയ്തിരിക്കുന്നു. വര്‍ണ്ണ ഭിന്നതകള്‍ക്കതീതമായി എല്ലാ വര്‍ണ്ണക്കാരും ഒത്തുചേര്‍ന്ന് നടപ്പില്‍ വരുത്തുന്ന ആത്മാര്‍ത്ഥവും യഥാര്‍ത്ഥവുമായ സാഹോദര്യം ഇതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.

കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളായി, ഇവിടെ, മുസ്‌ലിം ലോകത്ത്, മറ്റു മുസ്‌ലിംങ്ങളോടൊപ്പം ഞാന്‍ ഒരേ തളികയില്‍ നിന്ന് തിന്നുകയും ഒരേ ഗ്ലാസില്‍ നിന്ന് കുടിക്കുകയും ഒരേ സ്ഥലത്ത് ഉറങ്ങുകയും ഒരേ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ കൂടെയുള്ള ഈ മുസ്‌ലിങ്ങളില്‍ കടും നീലക്കണ്ണുകളും, അതിസുവര്‍ണ്ണമായ തലമുടിയും ധവളാഭമായ തൊലിയുമുള്ളവരുണ്ട്. നൈജീരിയയില്‍ നിന്നും സുഡാനില്‍ നിന്നും ഘാനയില്‍ നിന്നും വന്ന തൊലി കറുത്ത ആഫ്രിക്കന്‍ മുസ്‌ലിങ്ങളുടെ അതേ ആത്മാര്‍ത്ഥത ഈ വെളുത്ത മുസ്‌ലിങ്ങളുടെ വാക്കിലും പ്രവൃത്തിയിലും എനിക്ക് അനുഭവപ്പെടുകയുണ്ടായി.

ഞങ്ങളെല്ലാം ഒരുപോലെ സഹോദരങ്ങളായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസം അവരുടെ മനസ്സുകളില്‍ നിന്നും സ്വഭാവത്തില്‍ നന്നും സമീപനങ്ങളില്‍ നിന്നും വെളുത്തവര്‍ എന്ന ഘടകത്തെ നീക്കം ചെയ്തിരിക്കുന്നു.

വെളുത്ത അമേരിക്കക്കാര്‍ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുകയാണെങ്കില്‍, ഒരുപക്ഷെ, മനുഷ്യന്റെ ഏകത്വവും പ്രയോഗതലത്തില്‍ അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. വര്‍ണ്ണ വൈജാത്യത്തിന്റെ പേരില്‍ മറ്റുള്ളവരെ അകറ്റുന്നതും ഉപദ്രവിക്കുന്നതും അവസാനിപ്പിക്കാനും അവര്‍ക്ക് സാധിച്ചേക്കാം. സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്നാണ് സ്തുതി.

(മാല്‍ക്കം എക്‌സിന്റെ ആത്മകഥയില്‍ നിന്ന്)

Related Post