പോപ്പും സീസറുമായിരുന്ന പ്രവാചകന്‍

ഇസ്‌ലാമിന്റെ ചരിത്രവീഥി എന്നതില്‍ വിജ്ഞാനം, സംസ്‌കാരം, ശാസ്ത്രം, കല, സാഹിത്യം, വൈദ്യശാസ്ത്രം, സാമ്muhammad(sa)പത്തികാവസ്ഥ മുതലായ എല്ലാ മേഖലകളും ഉള്‍പ്പെടുന്നു. ആ മേഖലകളിലെല്ലാം വ്യാപിച്ചുകിടക്കുന്ന വിപ്ലവദര്‍ശനമാണ് പ്രവാചകന്റെയും ഖുര്‍ആനിന്റെയും സംഭാവന. അതിന്റെ ഫലമായി ഇന്ന് മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള നാല്‍പത്തിയാറ് രാഷ്ട്രങ്ങള്‍ ലോകത്തുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇസ്‌ലാംമതത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന് മുഖ്യമായും പ്രചോദനമായത് പ്രവാചകനായ മുഹമ്മദിന്റെ അലൗകികമായ വ്യക്തിമാഹാത്മ്യം തന്നെയാണ്. അതിന്റെ ഉറവിടം ഈശ്വരാനുഭവമാണ്. ഖുര്‍ആന്‍ ഉള്‍കൊള്ളുന്ന ദിവ്യബോധനം സത്യമാണെന്ന് ജൂതന്‍മാര്‍ അടങ്ങുന്ന അവിശ്വാസികള്‍ പോലും സമ്മതിച്ചു പോരുന്നു. പ്രവാചകന്റെ ജീവിതമാകട്ടെ, ആ പേര് സൂചിപ്പിക്കുന്നത് പോലെ അങ്ങേയറ്റം സ്തുതിക്കപ്പെടുന്ന മഹനീയത തുളുമ്പുന്നതാണ്. മരുഭൂമിയുടെ ശൂന്യതയില്‍ നിന്ന് പുതിയ ഒരു നാഗരികതയും പുതിയൊരു സംസ്‌കാരവും പുതിയൊരു സാമ്രാജ്യവും സൃഷ്ടിക്കുന്നതില്‍ ആ വ്യക്തിത്വം വിജയം വരിച്ചു എന്നോര്‍മ്മിക്കണം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, എന്നീ മൂന്നു വന്‍കരകളുടെ ജീവിതത്തിലും ചിന്തയിലും സ്വാധീനം ചെലുത്തിയ ഒരു ശില്‍പിയായിരുന്നു പ്രവാചകന്‍.
അതേ കുറിച്ച് Encyclopedia Britanica ഒറ്റ വാക്യത്തില്‍ എഴുതുന്നു: ‘എല്ലാ പ്രവാചകന്‍മാരിലും മതനേതാക്കളിലും വെച്ച് ഏറ്റവും അധികം വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദാണ്.’ ദിവ്യവും ഉജ്ജ്വലവും ആകര്‍ഷകവുമായ ആ വ്യക്തിത്വത്തിന്റെ വിജയമായിരുന്നു അത്. അതിലെന്തെല്ലാം സമ്മേളിക്കുന്നു? പ്രവാചകന്‍, സര്‍വ്വ സൈന്യാധിപന്‍, പടയാളി, ഭരണാധികാരി, പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, അനാഥ സംരക്ഷകന്‍, അടിമ വിമോചകന്‍ എന്നിങ്ങനെ നിരവധി ബഹുമതികള്‍ ആ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.
റവറന്റ് ബോസ്‌വര്‍ത്ത് സ്മിത്ത് എഴുതുന്നു: ‘രാഷ്ട്രത്തലവനും പള്ളി മേധാവിയുമായിരുന്ന അദ്ദേഹം ഒരേ സമയം പോപ്പും സീസറുമായിരുന്നു. പക്ഷേ, പോപ്പിന്റെ അധികാരങ്ങളില്ലാത്ത പോപ്പും, കാലാള്‍പടയോ അംഗരക്ഷകരോ കൊട്ടാരമോ നിശ്ചിതവരുമാനമോ ഇല്ലാത്ത സീസറുമായിരുന്നു അദ്ദേഹം. സത്യമായ ദിവ്യശക്തികൊണ്ട് ഭരണം നടത്തിയെന്ന് അവകാശപ്പെടാവുന്ന ഒരേയൊരു മനുഷ്യന്‍ മുഹമ്മദാണ്. അധികാര ശക്തിയുടെ ഉപകരണങ്ങളോ അവയുടെ പിന്തുണയോ കൂടാതെ തന്നെ അദ്ദേഹത്തിന് നിറഞ്ഞു കവിഞ്ഞൊഴുകുന്ന ശക്തിയുണ്ടായിരുന്നു. അദ്ദേഹം അധികാരത്തിന്റെ ആര്‍ഭാടമായ പരിവേഷം അണിഞ്ഞില്ല. സ്വകാര്യ ജീവിതത്തിലെന്ന പോലെ പൊതു ജീവിതത്തിലും ലാളിത്യമാണ് അദ്ദേഹം പുലര്‍ത്തിയത്.

ഡോ. സി.കെ. രാമചന്ദ്രന്‍
(പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി രചിച്ച ‘ഇസ്‌ലാമിന്റെ ചരിത്ര പാതയിലൂടെ പതിനാല് നൂറ്റാണ്ട്’ എന്ന ഗ്രന്ഥത്തിന് ഡോ. സി.കെ. രാമചന്ദ്രന്‍ എഴുതിയ അവതാരികയില്‍ നിന്ന്)

(ഇസ്‌ലാം ഓണ്‍ലൈവ്)

Related Post