അല്ലാഹുവിന്റെ ദീനിലെ മഹത്തായ പ്രതീകമാണ് ഹജ്ജ്. തന്റെ അടിമകള്‍ ജീവിതത്തിലൊരിക്കല്‍ അത് നിര്‍വഹിക്കണമെന്നത് അല്ലാഹു നിര്‍ബന്ധമാക്കിയതാണ്. തിരുദൂതര്‍(സ) ഇസ്‌ലാമിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍’ശഹാദത് കലിമയും, നമസ്‌കാരം നിലനിര്‍ത്തലും, സകാത്ത് നല്‍കലും, റമദാനില്‍ നോമ്പെടുക്കലും, കഴിവുണ്ടെങ്കില്‍ ദൈവികഭവനത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കലുമാണെ’ന്ന് വ്യക്തമാക്കിയിരിക്കുന്നു. ഹജ്ജ് നിര്‍ബന്ധമാണെന്ന വസ്തുതയെ നിഷേധിച്ചവന്‍ കുഫ്ര്‍ ചെയ്തിരിക്കുന്നു. അത് അംഗീകരിക്കുകയും അതിനോട് അലംഭാവം പുലര്‍ത്തുകയും ചെയ്തവന്‍ അപകടത്തില്‍പെട്ടിരിക്കുന്നു. ഉമര്‍ ബിന്‍ ഖത്താബ്(റ) പറയുന്നു:’പട്ടണങ്ങളിലേക്ക് ആളയച്ച് ഹജ്ജ് നിര്‍ബന്ധമായിട്ടും അത് നിര്‍വഹിക്കാതിരിക്കുന്നവര്‍ക്ക് മേല്‍ ജിസ്‌യ ചുമത്തണമെന്ന് നാം ആഗ്രഹിക്കുന്നു. അവര്‍ മുസ്‌ലിംകളല്ല, അവര്‍ മുസ്‌ലിംകളല്ല’. അലി ബിന്‍ അബീത്വാലിബ്(റ) പറയുന്നു:’നിങ്ങള്‍ ഈ മന്ദിരത്തെ ധാരാളമായി ത്വവാഫ് ചെയ്യുക. നിങ്ങള്‍ക്കും അതിനുമിടയില്‍ മറയിടപ്പെടുന്നതിന് മുമ്പ്’.
പരിശുദ്ധ കഅ്ബാ മന്ദിരം ഏകദൈവത്വത്തിന്റെ പ്രകാശഗോപുരമാണ്. പ്രവാചക പിതാമഹനായ ഇബ്‌റാഹീം(അ) കെട്ടിപ്പടുത്തതാണ് അത്. അല്‍ഭുതകരമായ ചരിത്രമാണ് അതിന് പറയാനുള്ളത്. ഇബ്‌റാഹീം(അ) തന്റെ പത്‌നി ഹാജറും, മുലകുടി നിര്‍ത്തിയിട്ടില്ലാത്ത മകന്‍ ഇസ്മാഈലും മക്കാമണലാരണ്യത്തിലെത്തി. അവരെ കഅ്ബാലയത്തിന്റെ ഓരത്ത് കൊണ്ടുപോയാക്കി, ദൈവിക കല്‍പന നിറവേറ്റി അദ്ദേഹം യാത്രയായി. അക്കാലത്ത് മക്കയില്‍ ആരുമുണ്ടായിരുന്നില്ല. അവിടെ വെള്ളമോ, ഫലവൃക്ഷമോ ഉണ്ടായിരുന്നില്ല. തോല്‍സഞ്ചിയിലുണ്ടായിരുന്ന വെള്ളവും, ഏതാനും ഈത്തപ്പഴവുമായിരുന്നു അവരുടെ ആശ്രയം. തങ്ങളെ ഉപേക്ഷിച്ച് തിരിച്ചുപോകുന്ന ഇബ്‌റാഹീമിന്റെ അടുത്തുചെന്ന് പത്‌നി ഹാജര്‍ ചോദിച്ചു:’ഞങ്ങളെ ഈ താഴ്‌വരയില്‍ ഉപേക്ഷിച്ച് താങ്കള്‍ എങ്ങോട്ടാണ് പോകുന്നത്? അല്ലാഹു കല്‍പിച്ചതാണോ ഇത്?’ അദ്ദേഹം ‘അതെ’യെന്ന് പറഞ്ഞു. ‘എങ്കില്‍ പാഴാവുകയില്ല’ എന്ന് ഹാജര്‍ പ്രതിവചിച്ചു. ഇബ്‌റാഹീം നടന്നുതുടങ്ങി. കുടുംബത്തില്‍ നിന്ന് മറഞ്ഞശേഷം ആകാശത്തേക്ക് കൈ ഉയര്‍ത്തി അദ്ദേഹം തന്റെ ചരിത്രപ്രസിദ്ധമായ പ്രാര്‍ത്ഥന നടത്തി :’ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന്; കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കാന്‍ വേണ്ടിയാണത്. അതിനാല്‍, മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദി കാണിച്ചെന്നുവരാം’. (ഇബ്‌റാഹീം 37)
ഹാജര്‍ തന്റെ മകന് മുലയൂട്ടി. കയ്യിലുണ്ടായിരുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുകയും ചെയ്തു. വെള്ളം തീര്‍ന്ന ഹാജര്‍ ദാഹിച്ചുവലഞ്ഞു. തന്റെ കുഞ്ഞിന് വെള്ളം തേടി അവര്‍ അലഞ്ഞു തുടങ്ങി. സ്വഫാ പര്‍വതത്തിന് മുകളില്‍ കയറി ചുറ്റും നോക്കി. അവര്‍ ആരെയും കണ്ടില്ല. ശേഷം അവര്‍ മര്‍വയിലേക്ക് നീങ്ങി. അവിടെയും ഒരാളെയും കണ്ടില്ല. അപ്രകാരം ഏഴുതവണ അവര്‍ സ്വഫാ-മര്‍വക്കിടയില്‍ വെള്ളമന്വേഷിച്ച് ഓടി. അതിനിടയിലാണ് കുഞ്ഞ് കിടക്കുന്ന ഭാഗത്ത് ശബ്ദം കേട്ടത്. കുഞ്ഞിന്റെ കാലിനടിയില്‍ നിന്ന് വെള്ളം ഉറവ പൊട്ടുന്നതുകണ്ട ഹാജര്‍ ഓടി വന്നു. ഉറവയുടെ അടുത്ത് ഒരു മാലാഖയുമുണ്ടായിരുന്നു. ‘നിങ്ങള്‍ ഒന്നും ഭയക്കേണ്ട, ഈ ഭവനത്തെ ഈ കുഞ്ഞും അവന്റെ പിതാവുമാണ് പുനര്‍നിര്‍മിക്കുക’.
ഇബ്‌റാഹീ(അ)മും മകനും ചേര്‍ന്ന് പരിശുദ്ധ മന്ദിരം കെട്ടിപ്പടുത്തു. അല്ലാഹു ഇബ്‌റാഹീമിനോട് ജനങ്ങളെ വിളിക്കാന്‍ നിര്‍ദേശിച്ചു:’അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകാനും അല്ലാഹു അവര്‍ക്കുനല്‍കിയിട്ടുള്ള നാല്‍ക്കാലിമൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ച് കൊണ്ട് ബലിയറുക്കാനും വേണ്ടിയത്രെ ഇത്’. (അല്‍ഹജ്ജ് 27). നാഥാ, എന്റെ ശബ്ദം അവരിലേക്ക് എത്തുകയില്ലല്ലോ. അല്ലാഹു പറഞ്ഞു:’നീ വിളിക്കുക, ഞാന്‍ എത്തിക്കുന്നതാണ്’. ഇബ്‌റാഹീം വിളിച്ചുപറഞ്ഞു :’ജനങ്ങളേ, നിങ്ങളുടെ നാഥന്‍ ഈ ഭവനത്തില്‍വന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ കല്‍പിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് നിര്‍വഹിക്കുക’. ഇബ്‌റാഹീമിന്റെ ശബ്ദം എല്ലായിടത്തും എത്തുന്നതിനായി അല്ലാഹു പര്‍വതങ്ങളെ താഴ്ത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ വിളിക്ക് കല്ലുകളും മരങ്ങളും ഉത്തരം നല്‍കി.
തിരുമേനി(സ) ഹജ്ജ് നിര്‍വഹിക്കുന്നതിന് അങ്ങേയറ്റത്തെ പ്രോല്‍സാഹനമാണ് നല്‍കിയത്. ഹജ്ജ് നിര്‍വഹിച്ചവന്‍ പാപമോചിതനായാണ് തിരിച്ചുവരുന്നതെന്നും, അവന് സ്വര്‍ഗത്തില്‍ കുറഞ്ഞ പ്രതിഫലമില്ലെന്നും തിരുമേനി(സ) വ്യക്തമാക്കിയിരിക്കുന്നു.
മന്‍സൂര്‍ ഗാമിദി