ആത്മ സംതൃപ്തി

ആത്മ സംതൃപ്തി ; സന്തോഷത്തിന്റെ താക്കോല്‍

മുഹ്‌സിന്‍ ഹാര്‍ഡി

1187248_579127748812989_1511902103_n

ഇന്ന് നിനക്കെത്ര സമ്പത്തുണ്ട് ??
എനിക്ക് ധാരാളം സമ്പത്ത്  ഉണ്ട്.
ഇനിയും നിനക്കത് വര്‍ധിക്കണമെന്നാഗ്രഹമുണ്ടോ??
അതെ, ഇനിയും വേണം.
നിനക്കെത്ര മക്കളുണ്ട് ??
മൂന്ന് മക്കളുണ്ട്.
കൂടുതലുണ്ടാകാന്‍ നീ ആഗ്രഹിക്കുന്നുണ്ടോ ??
അതെ, ഇനിയും വേണം.
എത്രയെണ്ണം, എത്രത്തോളം എന്നിങ്ങനെയുള്ള ചോദ്യങ്ങളെ കുറിച്ച് ചിന്തിച്ച് ആരോടെങ്കിലും ഇത്തരം ചോദ്യം ചോദിക്കുക. അയാളുടെ മറുപടിയും വളരെ സാധാരണ പോലെ ആയിരിക്കും. ഇനിയും വേണോ എന്ന ചോദ്യത്തിന്റെ ഉത്തരവും നമുക്ക് മുന്‍കൂട്ടി പ്രവചിക്കാവുന്നതാണ്. അതെന്തു കൊണ്ടാണെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ??

ഇത് മനുഷ്യന്റെ പ്രകൃത്യാലുള്ള  സ്വഭാവമാണ്. എപ്പോഴും ധനികനാകാനുള്ള മോഹം, അല്ലെങ്കില്‍ മറ്റുള്ളവരേക്കാള്‍ പ്രശസ്തി നേടാനുള്ള ആഗ്രഹം.. ഒരാള്‍ക്ക് മുന്തിയ ഇനം കാറുണ്ടായാല്‍ അതിനേക്കാള്‍ വില കൂടിയത് സ്വന്തമാക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഒരു വീടുണ്ടായാല്‍ രണ്ടാമത്തേതും തുടര്‍ന്ന് മൂന്നാമത്തേതും അവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ മറ്റു ചിലരില്‍ നിന്നുമുള്ള മറുപടികള്‍ വളരെ വ്യത്യസ്തമായിരിക്കും. ഇത്തരം മറുപടികളാകട്ടെ ചുരുക്കം ചിലരില്‍ നിന്നേ കേള്‍ക്കുകയുള്ളൂ.. അതിപ്രകാരമാണ്. ‘ വേണ്ട, ഇനി എനിക്ക് വേണ്ട. എനിക്ക് ലഭിച്ചതില്‍ ഞാന്‍ സംതൃപ്തനാണ്.’  കാരണം, അദ്ദേഹത്തിന്റെ ഹൃദയത്തിലെ വിശ്വാസത്തിന്റെ അളവു തന്നെ. നമ്മെ നിയന്ത്രിക്കുന്ന ശക്തി അത് വിശ്വാസമാണ്. നമുക്ക് വിധിക്കപ്പെട്ടതില്‍ തൃപ്തിപ്പെടണമെങ്കില്‍ ആ വിശ്വാസം കൂടിയേ തീരൂ. വിശ്വാസത്തിലൂടെ ജീവിതത്തിലെ അനുഗ്രഹങ്ങള്‍ ആസ്വദിക്കാനും അതു വഴി പരലോകത്ത് അല്ലാഹുവിന്റെ സംതൃപ്തി കരസ്ഥമാക്കാനും സാധിക്കുന്നതാണ്.
ആത്മ സംതൃപ്തി എന്നത് ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ അടയാളമാണ്.  തനിക്കെന്ത് അപകടം തന്നെ സംഭവിച്ചാലും അതില്‍ ക്ഷമിച്ചും സഹിച്ചും അത് അനുഭവിക്കും. മറിച്ച് അതില്‍ പരാതിപ്പെടാനും സങ്കടം ബോധിപ്പിക്കാനും അവന്‍ ശ്രമിക്കുകയില്ല. തീര്‍ച്ചയായും അവന്‍ തന്നെയാണ് വിശ്വാസി. എന്നാല്‍, സമ്പത്തും ആരോഗ്യവും പ്രശസ്തിയും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ വിശ്വാസികളല്ല എന്നതല്ല മേല്‍ പ്രസതാവിച്ചതിനര്‍ത്ഥം. പക്ഷേ, അവരില്‍ വിശ്വാസത്തിന്റെ അളവ് കുറഞ്ഞു എന്നു മാത്രം. നീ ജിവിതത്തില്‍ വേദനയും കഷ്ടപ്പാടുകളും പരീക്ഷണങ്ങളും അനുഭവിക്കാന്‍ പാടില്ല എന്നതല്ല ആത്മസംതൃപ്തി കൊണ്ടര്‍ത്ഥമാക്കുന്നത്. നീ അനുഭവിക്കുന്നെങ്കിലും അതില്‍ ആവലാതിപ്പെടാതെ വിധിയെന്നോര്‍ത്ത് അതില്‍ ക്ഷമിച്ചിരിക്കലാണ്.
കാര്യങ്ങളില്‍ സന്തുഷ്ടിയും സംതൃപ്തിയും പ്രകടിപ്പിക്കുന്നതിന്റെ നന്മ അത് അല്ലാഹുവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നതിന്റെ നന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരോട് വെറുപ്പോ അസൂയയോ കാണിക്കാതെ അല്ലാഹു തന്നതില്‍ തൃപ്തിപ്പെടുന്നവനെ അല്ലാഹു ഒരിക്കലും ഇകഴ്ത്തുകയില്ല. നാളെ അവനെ മഹത്തായ ഒരു പ്രതിഫലം കാത്തിരിക്കുന്നുണ്ട്.

അല്ലാഹുവിന്റെ തൃപ്തി
ജീവിതത്തിലുടനീളം ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഓരോ മുസ്‌ലിമും കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അവരോട് നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും കല്‍പിക്കുന്നു. കൂടാതെ അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതിനെ നിരുത്സാഹപ്പെടുത്തലും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. അല്ലാഹുവിന്റെ ആജ്ഞകളും അവനോടുള്ള കടമകളും അവന്‍ പൂര്‍ത്തീകരിക്കണം. അപ്രകാരം ചെയ്താല്‍ അല്ലാഹു അവന്റെ മേല്‍ തന്റെ കാരുണ്യവും അനുഗ്രഹങ്ങളും വര്‍ഷിക്കുന്നതാണ്.

അല്ലാഹുവിന്റെ സന്തോഷം പ്രതിഫലമാണ്
അല്ലാഹു പറയുന്നു.
‘ അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്നദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം’ (അല്‍ മാഇദ: 119) . മറ്റൊരധ്യായത്തില്‍ ഇപ്രകാരം പറയുന്നു. ‘:അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്.’ (അല്‍ ബയ്യിന : 8)

സംതൃപ്തിയുടെ നേട്ടം
ആത്മ സംതൃപ്തിയിലൂടെ ഒരാള്‍ ആന്തരികമായി സമാധാനം നേടുന്നതിനോടൊപ്പം അവന്റെ ആതമീയമായ വികാരങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അവന്‍ സംതൃപ്തിയെ പരിപോഷിപ്പിക്കുന്നതോടെ മറ്റുള്ളവരുടെ സ്‌നേഹത്തിനു പാത്രമാകുകയും അവന്‍ മറ്റുള്ളവരെ സ്‌നേഹിക്കുകയും ചെയ്യുന്നു. അവന്‍ ഒരിക്കലും തന്നെ ഉന്നത നിലവാരത്തില്‍ ജീവിക്കുന്ന മറ്റുള്ളവരുമായി താരതമ്യം ചെയ്യില്ല. എന്നാലോ, തന്നെക്കാള്‍ താഴ്ന്ന മോശമായ നിലവാരത്തില്‍ ജീവിക്കുന്നവരെ അവന്‍ ഓര്‍ക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു ഒരാള്‍ക്ക് ഒരു കൈ ഇല്ലെങ്കില്‍ അവനതില്‍ നിരാശപ്പെടാതെ തീരെ കയ്യില്ലാത്തവരെ ഓര്‍ക്കുകയും തന്റെ കാര്യത്തില്‍ തൃപ്തിയടയുകയും ചെയ്യും. ഇതുപോലെത്തന്നൊണ് മറ്റു കാര്യങ്ങളിലും.
ഈ ആത്മ സംതൃപ്തിയും സന്തുഷ്ടിയും  ഒരു സൊസൈറ്റിയില്‍ നടപ്പിലാക്കുകയാണെങ്കില്‍, അവിടെ മനുഷ്യ മനസ്സുകളിലെ ആര്‍ത്തിക്കും ദുരാഗ്രഹത്തിനും ഒരു  സ്ഥാനവുമുണ്ടാകുകയില്ല. സംതൃപ്തിയും ക്ഷമയും പരലോകത്ത് ഒരാള്‍ക്ക് സ്വര്‍ഗം നേടുന്നതിനു പ്രധാന ഘടകങ്ങളാണ്. ആത്മ സംതൃപ്തി ഒരാളെ ഈ ലോകത്തും വരാനിരിക്കുന്ന ലോകത്തും അല്ലാഹുവിലേക്ക് നന്നായി അടുപ്പിക്കുന്ന ഒരു ഘടകമാണ്. ഒരാള്‍് തനിക്ക് ലഭിക്കുന്നതില്‍ സംതൃപ്തി അടയുന്നവനാണെങ്കില്‍ അവനു അമിതമായ ഉല്‍കണ്ഠ, ആകുലത, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ മനശ്ശാസ്ത്രപരമായ അസുഖങ്ങള്‍ വളരെ കുറവായിരിക്കും. ഇനി നിങ്ങള്‍ അസന്തുഷ്ടിയും അതൃപ്തിയും പ്രകടിപ്പിക്കുകയാണെങ്കില്‍ പിശാചിന് നിങ്ങളുടെ ഹൃദയത്തിലേക്ക് എത്താന്‍ സുഗമമായ വഴി അതുമൂലം ലഭിക്കുകയാണ്.  ഇനി നേരെ മറിച്ചാണെങ്കില്‍, നിങ്ങള്‍ തൃപ്തിയും സന്തുഷ്ടിയും അനുഭവിക്കുന്നവരാണെങ്കില്‍ പിശാചിനു നിങ്ങളെ കീഴടക്കാന്‍ പ്രയാസമായിരിക്കും. നിങ്ങളോ, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളില്‍ വ്യാപൃതനുമായിരിക്കും.

ചില ഉദാഹരണങ്ങള്‍
പ്രവാചകന്‍ സകരിയ്യ (അ), പ്രവാചകന് അല്ലാഹു തൃപ്തിപ്പെടുന്ന പിന്തുടര്‍ച്ചവകാശിയെ വേണമെന്ന് എപ്പോഴും തന്റെ നാഥനോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഖുര്‍ആന്‍ പറയുന്നു:  എനിക്ക് അവന്‍ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ് കുടുംബത്തിനും അവന്‍അനന്തരാവകാശിയായിരിക്കും. എന്റെ രക്ഷിതാവേ, അവനെ നീ ( ഏവര്‍ക്കും )
തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ. ( മര്‍യം-6) . നബി (സ) എപ്പോഴും ആത്മ സംതൃപ്തി നല്‍കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുമായിരുന്നു (ത്വബ്‌റാനി). ആത്മസംതൃപ്തിക്കൊരു ഉത്തമ ഉദാഹരണമാണ് പ്രവാചകന്‍ യൂസുഫ്(അ) ന്റെ ചരിത്രം. നിരവധി തവണ അദ്ദേഹം പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ അദ്ദേഹത്തെ കിണറ്റിലെറിഞ്ഞു, ചെയ്യാത്ത കുറ്റത്തിനു അദ്ദേഹം ജയിലില്‍ കിടന്നു. എന്നിട്ടും അദ്ദേഹം അല്ലാഹുവിനോട് പരാതിപ്പെടുകയോ അതില്‍ ദുഖിക്കുകയോ ചെയ്തില്ല. ക്ഷമിക്കുകമാത്രം ചെയ്തു. അതിന് അല്ലാഹു തക്കതായ പ്രതിഫലം ഈ ലോകത്ത് വെച്ച് തന്നെ നല്‍കുകയും ചെയ്തു. ഈജിപ്തിലെ രാജാവിന്റെ ഏറ്റവും അടുത്ത ആളായി വാഴിച്ചു. ചരിത്രത്തിന്റെ അവസാനത്തില്‍ തന്റെ സ്വപനങ്ങളെല്ലാം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹം എന്താണ് പറഞ്ഞത് ? ഒരാള്‍ അയാളനുഭവിച്ച പരീക്ഷണങ്ങള്‍ എടുത്തു പറയുന്നതിനു പകരം, യൂസുഫ് പ്രവാചകന്‍ അദ്ദേഹം അനുഭവിച്ച പരീക്ഷണങ്ങളുടെ നല്ല വശങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയാണുണ്ടായത്. ഖുര്‍ആന്‍ പറയുന്നു : അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെഅവന്‍ ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെസഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന്‍നിങ്ങളെയെല്ലാവരെയും ( എന്റെ അടുത്തേക്ക് ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു(യൂസുഫ്-100).
അബ്ദുല്ലാഹിബ്‌നു മുത്‌റഫ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട വസ്ത്രം എടുത്തണിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നിങ്ങളെന്തിനാണ് ഈ വസ്ത്രം അണിഞ്ഞിരിക്കുന്നത് എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘ഞാന്‍ എന്തിനു ദുഖിക്കണം, ഈ ലോകത്തേക്കാള്‍ ഉത്തമമായ മൂന്ന് കാര്യങ്ങള്‍ അല്ലാഹു എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍ (അല്‍ ബഖറ-156,157).
എന്റെ ഒരു സുഹൃത്ത് എട്ട് വര്‍ഷം മുമ്പ് വിവാഹം കഴിച്ചതാണ്. അവര്‍ക്ക് കുട്ടികളില്ല. ഇതിനെ പറ്റി ഞാനവരോട് ചോദിക്കുമ്പോഴെല്ലാം അവരുടെ മറുപടി അല്ലാഹുവിനു സ്തുതി എന്നായിരുന്നു. അല്ലാഹു തങ്ങള്‍ക്ക് വിധിച്ചതില്‍ സംതൃപ്തിയടഞ്ഞു കൊണ്ട് വളരെ സന്തോഷത്തോടെയാണ് ആ കുടുംബം ജീവിച്ചു പോകുന്നു.

എങ്ങനെ സംതൃപ്തി നേടാം
ആത്മ സംതൃപ്തി നേടാന്‍ പര്യാപ്തമാകുന്ന ചില കാര്യങ്ങള്‍

-ഒരു കാര്യം നഷ്ടമായാലോ അതല്ലെങ്കില്‍ ലഭിക്കാതെ വന്നാലോ അതില്‍ അമിതമായി ദുഖിക്കരുത്. ഉദാഹരണത്തിനു, ഒരു ജോലി നഷ്ടമായാല്‍ അതില്‍ വ്യസനിക്കരുത്. അതില്‍ നിന്നു ലഭിക്കാനിടയാകുമായിരുന്ന പണം നിനക്ക് വിധിച്ചിട്ടില്ല, അത് മറ്റാര്‍ക്കോ വിധിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കുക. നിനക്ക് അല്ലാഹു മറ്റൊരു മാര്‍ഗത്തില്‍ കൂടി നിന്റെ വിഭവം എത്തിച്ചു തരുന്നതാണ്.
-നിന്റെ ഹൃദയത്തെ എപ്പോഴും ശുദ്ധീകരിക്കുക. നിന്നെ അല്ലാഹുവിലേക്കടുപ്പിക്കുന്ന കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക. നിസ്സാര കാര്യങ്ങളെ അവഗണിക്കുക, നിനക്കൊരു ലക്ഷ്യമുണ്ടെന്ന കാര്യം മറക്കരുത്.
-പരലോകത്ത് നിനക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കുക. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്റെ സുഖഭോഗവും,അതിന്റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവുംനീണ്ടുനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?(അല്‍ ഖസ്വസ്-60)
-വര്‍ത്തമാനകാലത്തില്‍ ജീവിക്കുക. ഭാവിയെക്കുറിച്ച് ദുഖിക്കാതിരിക്കുക. ഇന്ന് നിനക്കുള്ളതില്‍ നീ തൃപ്തിയടയുക.
-എന്ത് പ്രയാസങ്ങള്‍ നേരിട്ടാലും അതിന്റെ പോസിറ്റീവായ വശത്തേക്കുറിച്ച് മാത്രം ചിന്തിക്കുക. ഉദാഹരണത്തിനു, ഒരാള്‍ കാര്‍ ആക്‌സിഡന്റില്‍ അകപ്പെടുകയും അയാള്‍ രക്ഷപ്പെടുകയും ചെയ്താല്‍, അതിനെ കുറിച്ച് നീ അയാളോട് ചോദിക്കുമ്പോള്‍ അയാള്‍ തകര്‍ന്ന തന്റെ കാറിനെക്കുറിച്ച് പരാതി പറയും. എന്നാല്‍ അയാള്‍ രക്ഷപ്പെട്ടുവെന്ന യാഥാര്‍ഥ്യം അയാള്‍ മറക്കുകയും ചെയ്യും.
-അവസാനം, സന്തോഷത്തിന്റെ താക്കോല്‍ താഴെ പറയുന്ന കാര്യത്തിലാണ്. അല്ലാഹു ഇഛിക്കുന്നതേ സംഭവിക്കുകയുള്ളൂ. ഇതിലൂടെ നീ അല്ലാഹുവിന്റെ പരമാധികാരത്തെയും അവന്റെ ശക്തിയെയുമാണ് അംഗീകരിക്കുന്നത്. അവന്റെ ദൈവിക ഉത്തരവ് സ്വീകരിക്കുന്നതിനെ തീരുമാനിക്കന്നതും നീ തന്നെ..

Related Post