ശരീഅത്ത് ;ക്രമിനൽ നിയമങ്ങൾ

താരിഖ് റമദാന്‍

 

ചോദ്യം : ബ്രൂണയില്‍ ഇസ്‌ലാമിക ശരീഅത്ത് നടപ്പിലാക്കാനുള്ള tariq ramadanസര്‍ക്കാര്‍ പ്രഖ്യാപനം വന്‍  പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ് പ്രത്യേകിച്ച് പാശ്ചാത്യന്‍ മീഡിയകള്‍ ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്നു. സത്യത്തില്‍ ശരീഅത്തിന്റെ അന്തസത്തയെ കുറിച്ച് കാര്യമായ പഠനം നടത്താന്‍ പോലും തയ്യാറാവാതെയാണ് പടിഞ്ഞാറ് ശരീഅത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് ഇസ്‌ലാമിക ശരീഅത്തിനെ പടിഞ്ഞാറ് ഇത്രമാത്രം എതിര്‍ക്കുന്നത്?

താരിഖ് റമാദാന്‍ : ഇസ്‌ലാമിക ശരീഅത്തിന്റെ പേരില്‍ കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിം രാജ്യങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ് പടിഞ്ഞാറിനെ ശരീഅത്ത് വിരുദ്ധരാക്കിയത്. ശരീഅത്ത് എന്നത് കേവലമൊരു ശിക്ഷാ വ്യവസ്ഥയാണെന്ന കാഴ്ച്ചപ്പാടാണ് പടിഞ്ഞാറ് വെച്ചുപുലര്‍ത്തുന്നത്. സാമൂഹിക നീതിയും ന്യായവും പരിഗണിക്കാത്ത അറുപിന്തിരിപ്പന്‍ ശിക്ഷാവ്യവസ്ഥ എന്ന നിലയിലാണ് ശരീഅത്ത് പടിഞ്ഞാറന്‍ നാടുകളില്‍ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. ചില മുസ്‌ലിം നാടുകളില്‍ നിലനില്‍ക്കുന്ന കല്ലെറിഞ്ഞു കൊല്ലല്‍ പോലുളള ശാരീരിക ദണ്ഡനത്തിന്റെ പേരാണ് അവരെ സംബന്ധിച്ചിടത്തോളം ശരീഅത്ത്. ശരീഅത്തിനെ സംബന്ധിച്ച് തികച്ചും തെറ്റായതും സങ്കുചിതവുമായ കാഴ്ച്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ബ്രൂണയില്‍ ശരീഅത്ത് നടപ്പിലാക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവരെ പ്രകോപിതരാക്കാതിരിക്കില്ല. അത് വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യും. വിവേചനത്തിന്റെയും അങ്ങേയറ്റം ക്രൂരമായ പീഡനത്തിന്റെയും പര്യായമായ ഇസ്‌ലാമിക് ശരീഅത്ത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ 22 സ്‌റ്റേറ്റുകള്‍ ശരീഅത്ത് വിരുദ്ധ ബില്ല് പാസ്സാക്കിയിട്ടുണ്ടെന്ന് നാം മനസ്സിലാക്കണം.

ഈ സന്ദര്‍ഭത്തില്‍ എന്താണ് ശരീഅത്തെന്ന് വിശദമാക്കല്‍ നമ്മുടെ ബാധ്യതയാണ്. ശരീഅത്തെന്നത് കേവലം ഒരു നിയയവ്യവസ്ഥയല്ല. വിജ്ഞാനത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തില്‍ ജീവിത്തതെയും മരണത്തെയും മനസിലാക്കലും ഉള്‍ക്കൊള്ളലുമാണത്. ശരീഅത്ത് മനുഷ്യ സ്വത്വത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളുകയും അവന്റെ അന്തസിനെ ആദരിക്കുകയും ബഹുസ്വര സമൂഹത്തിലെ മതവൈജാത്യങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ ഇപ്പറഞ്ഞ ശരീഅത്തിന്റെ നിലനില്‍പ്പിന് നേരത്തെ സൂചിപ്പിച്ച ശിക്ഷാ വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതാണ് പ്രധാന പ്രശ്‌നം. ശരീഅത്തിനെ കുറിച്ച് കൃത്യമായ ബോധ്യമില്ലാത്ത ഒരു സമൂഹം ഇതു കേള്‍ക്കുമ്പോള്‍ അവരുടെ ധാരണക്കും ബോധ്യത്തിനുമനുസരിച്ച് പ്രതികരിക്കുമെന്നത് തികച്ചും സ്വാഭാവികമാണ്. ശരീഅത്തെന്ന് കേള്‍ക്കുമ്പോഴേക്കും ലോകത്തിന്റെ ഏതു മൂലയിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരാനുള്ള കാരണവും മറ്റൊന്നല്ല. അതിനെ മറികടക്കാന്‍ ശരിയായ അര്‍ഥത്തിലുള്ള അധ്യാപനം നാം നല്‍കേണ്ടതുണ്ട്. എന്താണ് ശരീഅത്തെന്ന് മറ്റുള്ളവരെ കൃത്യമായി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും നാം നടത്തണം.

ചോ : ബ്രൂണയില്‍ ബുദ്ധ,െ്രെകസ്തവ വിശ്വാസികളടക്കം ധാരാണം മതന്യൂനപക്ഷങ്ങളുണ്ട്. രാജ്യത്ത് ശരീഅത്ത് നടപ്പിലാക്കിയാല്‍ ഇവര്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക? ഒരു മുസ്‌ലിമുമായി വ്യഭിചാരത്തിലേര്‍പ്പെടുന്ന അന്യമതസ്തരും ശരീഅത്ത് നിയമമനുസരിച്ച് തന്നെയായിരിക്കുമോ വിചാരണക്ക് വിധേയമാകുക?
റമദാന്‍ : വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. ശരീഅത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ബില്ല് ഞാന്‍ പൂര്‍ണമായും വായിച്ചു നോക്കിയിട്ടില്ലാത്തതിനാല്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയാന്‍ എനിക്കാവില്ല. 30 ശതമാനത്തിലധികം അമുസ്‌ലിംകളുള്ള ബ്രൂണയില്‍ ശരീഅത്ത് നടപ്പിലാക്കുന്നതിന് മുമ്പ് ശരീഅത്ത് നടപ്പിലാക്കുമ്പോള്‍ വിശ്വാസികളല്ലാത്തവരെ എങ്ങനെയാണത് ബാധിക്കുകയെന്നും സംരക്ഷിക്കുകയെന്നും ശരിക്കും ബോധ്യപ്പെടുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. അല്ലാത്ത പക്ഷം അതിനെകുറിച്ച് ആശങ്കള്‍ വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. ഈ വിഷയത്തില്‍ ബ്രൂണൈ സര്‍ക്കാര്‍ ആദ്യ ചുവടു വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ഞാന്‍ കരുതുന്നത്. കല്ലെറിഞ്ഞു കൊല്ലലും വധശിക്ഷയും ശാരീരിക പീഡനവും ശിക്ഷാനിയമത്തില്‍ നിന്നും ഒഴിവാക്കണമെന്ന് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളോട് ഞാന്‍ പത്തുവര്‍ഷമായി ആവശ്യപ്പെടുന്നതാണ്. പൗരന്‍മാരുടെ മതമേതായാലും അവര്‍ക്ക് ശരീഅത്തിലെ ഏറ്റവും സുപ്രധാനമായ സാമൂഹിക നീതി ഉറപ്പു വരുത്തുകയും, അവരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കുകയും എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കി കൊടുത്തുകൊണ്ടുമായിരിക്കണം ശരീഅത്ത് നടപ്പിലാക്കുന്നതിന് തുടക്കം കുറിക്കാനെന്ന് ഞാന്‍ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളോട് പലകുറി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ശരീഅത്ത് ബില്ല് നിങ്ങള്‍ അവതരിപ്പിക്കാന്‍ മുന്നോട്ട് വരുന്നതെങ്കില്‍ ജനങ്ങള്‍ക്കത് മനസ്സിലാക്കാന്‍ കഴിയും. മറിച്ചാകുമ്പോള്‍ അതിനെതിരെ പ്രതിഷേധങ്ങളുണ്ടാകുന്നതും ജനങ്ങളില്‍ നിന്ന് അക്രമാസക്തവും നിഷേധാത്മകവുമായ പ്രതികരണങ്ങളുണ്ടാവുക എന്നതും സ്വാഭാവികം.

ചോ : ബ്രൂണയില്‍ ഇസ്‌ലാമിക് ശരീഅത്ത് നടപ്പിലാക്കാനുള്ള നീക്കവും, ക്രിസ്ത്യന്‍ പ്രസാധനാലയങ്ങള്‍ ‘അല്ലാഹു’ എന്ന പദം പ്രയോഗിക്കുന്നത് വിലക്കികൊണ്ടുള്ള മലേഷ്യന്‍ കോടതി വിധിയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ യാഥാസ്ഥിക ഇസ്‌ലാം പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന വിലയിരുത്തലുകളുണ്ട്. എന്താണ് താങ്കളുടെ അഭിപ്രായം?
റമദാന്‍ : മതകീയ വ്യവഹാരങ്ങളോടുള്ള അമിതമായ വൈകാരിക പ്രതികരണങ്ങള്‍ നമ്മള്‍ ഒഴിവാക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. എന്റെ സ്വന്തം രാജ്യമായ ഈജിപ്തില്‍ നൂറ്റാണ്ടുകളായി മുസ്‌ലിംകളും കോപ്റ്റിക് ക്യിസ്ത്യാനികളും ‘അല്ലാഹു’ എന്ന പദം ഉപയോഗിക്കുന്നുണ്ട്. എന്തിനാണ് അത്തരം കാര്യങ്ങളില്‍ നാം വെറുതെ പ്രശ്‌നങ്ങളുണ്ടാകുന്നത്. നമ്മുടെ അമിതമായ വൈകാരിക പ്രകടനങ്ങളാണ് ഇത്തരം മതകീയ വ്യവഹാരങ്ങളില്‍ പോലും വെറുതെ മത്സരങ്ങള്‍ സൃഷ്ടിച്ച് വിവാദങ്ങളുണ്ടാക്കുന്നത്.

ചോ : വിവാദങ്ങളുണ്ടാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നതെന്ന് താങ്കള്‍ പറാനുള്ള കാരണം?
റമദാന്‍ : മതത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്യാതെ വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമം വിവാദങ്ങള്‍ക്കിടയാക്കുമെന്നതില്‍ സംശയമില്ല. ഇസ്‌ലാമിനെ കൂടുതല്‍ അടുത്തറിയാനുള്ള ശ്രമങ്ങളുണ്ടാകണമെന്നാണ് സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരോട് എനിക്ക് പറയാനുള്ളതും. ശരീഅത്തിലെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്കതിനെ ഉള്‍ക്കൊള്ളാനുള്ള പക്വതയും പാകതയും നല്‍കേണ്ടതുണ്ട്. എന്താണ് നിങ്ങളുദ്ദേശിക്കുന്നതെന്ന് ജനങ്ങള്‍ വിശദീകരിച്ചു കൊടുക്കണം.
ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ മനസിലാക്കാതെ ആത്മീയ വശങ്ങളെ ശരിക്കും ഉള്‍ക്കൊള്ളാതെ ഇസ്‌ലാമിനെ വൈകാരികമായി സമീപിക്കാനാണ് നമ്മുടെ നാട്ടിലെ വിശ്വാസികള്‍ വ്യഗ്രത കാണിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ജനങ്ങളെ മാറ്റാമെന്ന മൂഢധാരണ നാം വെച്ചുപുര്‍ത്തരുത്. നീതിയുക്തവും ലളിതവുമായി ഇസ്‌ലാമിനെ പരുഷമായി പരിചയപ്പെടുത്താതെ ലളിതമായിട്ടു തന്നെ അവതരിപ്പിക്കാനും അവ്വിധം ജനങ്ങള്‍ക്ക് അനുഭവിക്കാനും കഴിയണം. ജനങ്ങളെ ആദ്യം തന്നെ ശിക്ഷിക്കുവാനല്ല നാം മുന്‍ഗണന നല്‍കേണ്ടത്, മറിച്ച് അവരെ പഠിപ്പിക്കാനാണ്.

ചോ : പുതിയ മുസ്‌ലിം യുവതക്ക് ഈ ആശയങ്ങള്‍ എങ്ങനെ കൈമാറാനാകുമെന്നാണ് താങ്കള്‍ കരുതുന്നത്?
റമദാന്‍ : എന്റെ ക്ലാസ്സുകളിലെല്ലാം ഞാന്‍ ഊന്നിപ്പറയുന്നത് ഇതേ കാര്യമാണ്. തികച്ചും ഉപരിപ്ലവമായ അറിവുകള്‍ക്കപ്പുറം ആദര്‍ശത്തില്‍ ഊന്നിനിന്നുകൊണ്ട് ഇസ്‌ലാമിനെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങളും ചിന്തകളും ഉണ്ടാകണം. മതവിശ്വാസത്തെയും ആദര്‍ശത്തെയും മുറുകെ പിടിക്കുമ്പോള്‍ തന്നെ ലോകത്തുമുന്നില്‍ കണ്ണുതുറന്നിരിക്കണം. മാതാപിതാക്കളെ പിന്തുടരുകയും അനുകരിക്കുകയും ചെയ്തതു കൊണ്ടുമാത്രം മുസ്‌ലിമായി തുടരാനാവില്ലെന്ന് പുതുതലമുറ മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച് ഇസ്‌ലാമിനെ കുറിച്ച് അടിസ്ഥാന ബോധ്യമുണ്ടായിരിക്കുകയും ആദര്‍ശം കൃത്യമായി മനസിലാക്കുകയുമാണ് വേണ്ടത്.
പുത്തന്‍ ചിന്തകള്‍ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് വിവേചനശക്തിയും വിമര്‍ശന ബുദ്ധിയും വിദ്യാര്‍ഥികള്‍ കൂടുതലായി നേടേണ്ടതുണ്ട്. വിമര്‍ശന ചിന്തയും ചോദ്യങ്ങള്‍ ചോദിക്കുന്നതും ഒരിക്കലും നിര്‍ത്തരുതെന്നാണ് വിദ്യാര്‍ഥികളോടെനിക്ക് പറയാനുള്ളത്. മതത്തിലെ എല്ലാത്തിനെയും നിരാകരിക്കുന്ന വിമര്‍ശന ചിന്തയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. മറിച്ച് നമുക്ക് ഇന്ന് എന്താണ് നഷ്ടമായിക്കൊണ്ടിരിക്കുന്നതെന്ന് സദാ ചിന്തിച്ചു കൊണ്ടിരിക്കുക. നമ്മുടെ ആദര്‍ശത്തെ കുറിച്ച് നമുക്ക് തന്നെ തികഞ്ഞ ബോധ്യവും അഭിമാനവും ഉണ്ടാകണം.

 

ബന്ദര്‍ സെരി ഭഗവാന്‍ (ദ ബ്രൂണൈ ടൈംസ്)

വിവ : ജലീസ് കോഡൂര്‍
(ഇസ്‌ലാം ഓണ്‍ ലൈവ്)

Related Post