സുന്നത്ത്‌പരിമിതമല്ല

ഡോ. യൂസുഫുല്‍ ഖറദാവി

മുഹമ്മദ് നബി(സ)ക്ക് അല്ലാഹു നല്‍കിയ മഹാ ദൃഷ്ടാന്തമാണ് വിശുദ്ധ ഖുര്‍ആന്‍. എന്നെന്നും നിലനില്‍ക്കുന്ന ശാശ്വത ഗ്രന്ഥമാണത്. ആദ്യാവസാനം ഖണ്ഡിതമായി സ്ഥിരപ്പെട്ട ഖുര്‍ആനാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണം. മറ്റു പ്രമാണങ്ങളെല്ലാം ഖുര്‍ആനെ അടിസ്ഥാനപ്പെടുത്തിയാണ്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ രണ്ടാമത്ത പ്രമാണമായി കണക്കാക്കപ്പെടുന്നതാണ് സുന്നത്ത് (പ്രവാചകചര്യ). അല്ലാഹു പ്രവാചകനോട് (സ) പറയുന്നത് കാണുക ‘ നിനക്കും നാമിതാ ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീയവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍.’ (അന്നഹ്ല്‍ : 44) ഖുര്‍ആനെ തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അംഗീകാരത്തിലൂടെയും വ്യാഖ്യാനിക്കുകയാണ് നബി(സ) ചെയ്തത്.

അതുകൊണ്ട് വിശുദ്ധ ഖുര്‍ആനിന്റെ പ്രായോഗിക വ്യാഖ്യാനമാണ് പ്രവാചകചര്യയെന്ന് നാം മനസിലാക്കുന്നു. നബി(സ) ഖുര്‍ആനിന്റെ വ്യാഖ്യാനവും ഇസ്‌ലാമിന്റെ ആള്‍രൂപമായിരുന്നു. പ്രവാചകന്റെ(സ) സ്വഭാവത്തെ കുറിച്ചന്വേഷിച്ചവരോട് ‘ഖുര്‍ആനാണ് അദ്ദേഹത്തിന്റെ സ്വഭാവമെന്ന്’ ആഇശ(റ) പറഞ്ഞത് ഏറെ പ്രസ്‌ക്തമാണ്. അദ്ദേഹത്തോടൊപ്പമുള്ള സഹവാസത്തില്‍ നിന്ന് ആഇശ(റ) അത് തിരിച്ചറിഞ്ഞിരുന്നു എന്നാണ് ഈ വാക്കുകള്‍ തെളിയിക്കുന്നത്. ഇസ്‌ലാമിന്റെ പ്രായോഗിക രൂപം മനസിലാക്കാനാഗ്രഹിക്കുന്ന ഒരാള്‍ പ്രവാചകചര്യ ശരിക്കും മനസിലാക്കിയിരിക്കേണ്ടതുണ്ട്.

സമ്പൂര്‍ണ ജീവിതരേഖ
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായ മാര്‍ഗരേഖയാണെന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്: ‘നിനക്ക് നാം ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. ഇതില്‍ സകല സംഗതികള്‍ക്കുമുള്ള വിശദീകരണമുണ്ട്.’ (അന്നഹ്ല്‍ : 89) ഖുര്‍ആനിക മാര്‍ഗരേഖക്കുള്ളില്‍ തന്നെ ചലിക്കുന്നതാണ് പ്രവാചകചര്യ. ഖുര്‍ആനെ വ്യാഖ്യാനിക്കുകയാണത് ചെയ്യുന്നത്.

മനുഷ്യജീവിതത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു എന്നതാണ് അതിന്റെ സവിശേഷത. ജനനം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതം മാത്രമല്ല, മറിച്ച് ഗര്‍ഭാവസ്ഥ മുതല്‍ മരണാനന്തര ജീവിതത്തെയും അതുള്‍ക്കൊള്ളുന്നു. ജീവിതത്തിന്റെ ചക്രവാളങ്ങളെ അതുള്‍ക്കൊള്ളുന്നു. അപ്രകാരം അതൊടൊപ്പം സഞ്ചരിക്കുന്നതാണ് പ്രവാചക ചര്യയും. വീട്, കുടുംബം, മാര്‍ക്കറ്റ്, മസ്ജിദ്, വഴികള്‍, ജോലിസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തെയും അതുള്‍ക്കൊള്ളുന്നു. അല്ലാഹുവുമായുള്ള ബന്ധവും സ്വന്തത്തോടും കുടുംബത്തോടും മറ്റ് മനുഷ്യരോടും വിശ്വാസികളോടും ജീവികളോടും അചേതന വസ്തുക്കളോടുള്ള ബന്ധവും അതിന്റെ പരിധിയില്‍ വരുന്നു.

ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് പ്രവാചകചര്യ. ശരീരത്തെ മാത്രമല്ല ബുദ്ധിയെയും ആത്മാവിനെയും അതുള്‍ക്കൊള്ളുന്നു. ബാഹ്യവും ആന്തരികവുമായി കാര്യങ്ങളെയും വാക്കുകളെയും പ്രവര്‍ത്തികളെയും ഉദ്ദേശ്യത്തെ വരെ അതുള്‍ക്കൊള്ളുന്നു

താടിനീട്ടലിലും വസ്ത്രത്തിന്റെ ഇറക്കം കുറക്കലിലും മിസ്‌വാക് ഉപയോഗിച്ച് പല്ലുതേക്കലിലും സുന്നത്തിനെ (പ്രവാചകചര്യ) പരിമിതപ്പെടുത്തുന്ന മുസ്‌ലിംകളുണ്ടെന്നത് വളരെ ഖേദകരമാണ്. സുന്നത്തിന്റെ സമ്പൂര്‍ണതയെയും സമഗ്രതയെയും കുറിച്ചവര്‍ അശ്രദ്ധരാണ്. ഓരോ മനുഷ്യനും അതില്‍ മാതൃകയുണ്ട്. യുവാവിനും വൃദ്ധനും വിവാഹിതനും അവിവാഹിതനും, ധനികനും ദരിദ്രനും, ഭരണാധികാരിക്കും ഭരണീയനും അതില്‍ മാതൃകകളുണ്ട്.

സന്തുലിതമായ ജീവിതരേഖ
സന്തുലിതത്വമാണ് അതിന്റെ മറ്റൊരു സവിശേഷത. ആത്മാവിനും ശരീരത്തിനും ഇടയില്‍ അത് സന്തുലിതത്വം പാലിക്കുന്നു. ബുദ്ധിക്കും മനസ്സിനും ഇടയിലും ഇഹലോകത്തിനും പരലോകത്തിനും, യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പത്തിനുമിടയിലും, വീക്ഷണത്തിനും പ്രവര്‍ത്തനത്തിനുമിടയിലും സന്തുലിതത്വം കാത്തുസൂക്ഷിക്കുന്നു. അദൃശ്യത്തിനും ദൃശ്യത്തിനുമിടയിലും സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്വത്തിനുമിടയിലും വ്യക്തിക്കും സമൂഹത്തിനുമിടയിലും അത് സന്തുലിതത്വം പാലിക്കുന്നു.

മധ്യമസമൂഹത്തിനുള്ള മധ്യമമായ മാര്‍ഗരേഖയാണത്. അതിരുവിടലുകളില്ലാത്തതുപോലെ തന്നെ അതില്‍ കുറവുവരുത്തലുമില്ല. ‘നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍. അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്.’ (ഖുര്‍ആന്‍: 5:8-9) അതുകൊണ്ട് തന്നെ അനുയായികള്‍ കര്‍മങ്ങളില്‍ അതിരു കവിയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോയെല്ലാം പ്രവാചകന്‍(സ) അവരെ തിരുത്തിയിട്ടുള്ളത് കാണാം. ജീവിതത്തില്‍ മധ്യമ നിലപാട് സ്വീകരിക്കുന്നതില്‍ ഏറ്റവും ഉത്തമമായ മാതൃക പ്രവാചകന്‍(സ) തന്നെയായിരുന്നു. പ്രവാചകന്‍(സ)യുടെ നാഥനോടുള്ള ബന്ധവും കുടുബത്തോടും അനുയായികളോടും മറ്റു ജീവജാലങ്ങളോടെല്ലാമുള്ള ബന്ധം വ്യക്തമാക്കുന്ന ചരിത്രവും ചര്യയും അതാണ് നമുക്ക് കാണിച്ചു തരുന്നത്.quuraan and sunnath

നബിതിരുമേനി(സ) പലപ്പോഴും ആവര്‍ത്തിച്ചിരുന്ന ഒരു പ്രാര്‍ഥനയാണ് ‘നാഥാ, ഇഹത്തില്‍ ഞങ്ങള്‍ക്ക് നന്മ ചൊരിയേണമേ, പരലോകത്തും. നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.’ ഇഹ-പര ജീവിതത്തിലുള്ള സന്തുലിതത്വം ഇതില്‍ പ്രകടമാണ്.
(‘കൈഫ നതആമലു മഅസ്സുന്ന അന്നബവിയ്യ’ എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തത്)

 

Related Post