പൂര്‍ണ ചന്ദ്രനെ തേടിയുള്ള യാത്ര

‘സുബ്ഹാനല്ലദീ സഗ്ഗറ ലനാ ഹാദാ വമാ കുന്നാ ലഹു رحلةമുഖ്‌രിനീന്‍…….’ അമീര്‍ ചൊല്ലി തന്ന പ്രാര്‍ത്ഥന ഏറ്റു ചൊല്ലി, ആവേശത്തോടെ ഞങ്ങള്‍ യാത്ര തുടങ്ങി. പൂര്‍ണ്ണ ചന്ദ്രനെ തേടിയുള്ള യാത്രയായിരുന്നു അത്. കത്തിജ്ജ്വലിച്ചു ലോകത്തിനാകെ പ്രകാശവും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനില്‍ നിന്നും പ്രകാശം സ്വീകരിച്ച് അതിമനോഹരമായ പ്രഭ പരത്തുന്ന ചന്ദ്രനിലേക്കുള്ള യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്! ആ പ്രകാശദീപത്തെ അടുത്തു കാണാന്‍ ആരാണ് കൊതിക്കാത്തത്. സൗദി തലസ്ഥാനമായ റിയാദിന്റെ നഗര ഹൃദയത്തില്‍ നിന്ന് ഞങ്ങളുടെ ബസ് മദീന ലക്ഷ്യമാക്കി പ്രധാന പാതയിലേക്ക് തിരിഞ്ഞു. സ്‌കൂളുകള്‍ക്ക് ഒരാഴ്ചത്തെ അവധി ലഭിച്ചതിനാലാവണം പാതകള്‍ പതിവിലും കൂടുതല്‍ തിരക്കുള്ളതായി തോന്നി. നേരം ഇരുട്ടിയപ്പോഴേക്കും ബസ് നഗര പരിധിയില്‍ നിന്ന് അകന്നിരുന്നു. ചുറ്റും വിജനമായ മരുഭൂമി. അങ്ങിങ്ങ് ഒട്ടകങ്ങള്‍ താവളങ്ങളിലേക്ക് മടങ്ങുന്ന നേരിയ കാഴ്ചകള്‍ മാത്രം. നോക്കെത്താ ദുരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്നു മനോഹരമായ പ്രധാന പാത. പാതയില്‍ നിരനിരയായി നീങ്ങുന്ന വാഹനങ്ങളുടെ ദീര്‍ഘമായ നിര. പാര്‍ക്കിംഗ് ലൈറ്റിന്റെ മഞ്ഞ വെളിച്ചം കൊണ്ട് തീര്‍ത്ത ഈ നിരയുടെ അങ്ങേയറ്റം മദീനയിലായിരിക്കുമല്ലോ എന്നോര്‍ത്തപ്പോള്‍ ആ പുണ്യ നഗരം ഇങ്ങടുത്തെത്തിയപോലെ ഒരു തോന്നല്‍. ചരിത്രത്തില്‍ ഇരുണ്ട യുഗമെന്നു വിശേഷിക്കപ്പെട്ട കാലഘട്ടത്തില്‍ നന്മയുടെ വിളക്കായി മക്കയില്‍ പിറന്നു, പ്രവാചകത്വ പ്രകാശത്തിന്റെ വാഹകനായി പൂര്‍ണ ചന്ദ്രന്റെ ശോഭയോടെ ലോകത്തവതരിച്ച പുണ്യനബിയുടെ ചാരത്തേക്കുള്ള യാത്ര.

ഇതു എന്റെ ആദ്യത്തെ യാത്രയൊന്നുമല്ല, പക്ഷെ പ്രവാചകന്റെ തിരുസന്നിധിയിലേക്കുള്ള ഓരോ യാത്രയും ഒരനുഭൂതിയാണ്. പാതിരാവില്‍ ചന്ദ്രനിലേക്ക് ആവേശത്തോടെ നോക്കിയിരിക്കുന്നത് പോലെയാണ് ദൈവികപ്രകാശം മാലോകര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ നിയോഗിക്കപ്പെട്ട തിരുദൂതരിലേക്കുള്ള യാത്ര. പ്രവാചക കീര്‍ത്തനങ്ങളും സ്വലാത്തും ചരിത്രവും വിവരിച്ച് യാത്രാ അമീര്‍ ഞങ്ങളുടെ മനസ്സിനെ പ്രവാചകരിലേക്ക് അടുപ്പിച്ചു കൊണ്ടേയിരുന്നു. പതിനാല് പതിറ്റാണ്ട് മുമ്പ് മക്കയില്‍ ജനിച്ച, ചെറു പ്രായത്തില്‍ തന്നെ അനാഥനായി വളര്‍ന്ന പ്രവാചകന്‍. പക്ഷെ, തന്റെ സത്യസന്ധത കൊണ്ട് ഏവരുടേയും പ്രശംസപറ്റി. കൗമാരത്തിലെത്തിയപ്പോഴും മദ്യവും മദിരാക്ഷിയും പടവെട്ടും കൊണ്ട് ദുഷിച്ച തന്റെ സമൂഹത്തിന്റെ ഒഴുക്കിന് എതിരെ നന്മയുടെ പാതയില്‍ ഏകാന്ത പഥികനായി നിലകൊണ്ടു. പക്വതയാര്‍ന്ന യുവത്വം കാരണം ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങളും ജീവിതസഖിയുമെല്ലാം അദ്ദേഹത്തെ തേടി വന്നു. തന്റെ സന്ദേശം അടിയാറുകളിലേക്ക് എത്തിക്കാനുള്ള ദൂതനെ സൃഷ്ടാവ് നന്മയുടെ വഴിയില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു. അധികാരവും കയ്യൂക്കും കൊണ്ട് സമൂഹത്തെ ചൊല്‍പടിക്ക് നിര്‍ത്തിയവരുടെ വിശ്വാസത്തെ കീഴ്‌മേല്‍ മറിച്ച്് ഇസ്‌ലാമിന്റെ ആശയങ്ങളെ പുതിയ ഭാവത്തിലും രൂപത്തിലും അവരിലേക്ക് എത്തിക്കാനുള്ള നിയോഗം കൈവന്നത് നാല്‍പതാം വയസ്സിലായിരുന്നു. അധികാരത്തിന്റെ ഹുങ്കില്‍ സുഖലോലുപരായി കഴിഞ്ഞിരുന്ന പ്രമാണിമാര്‍ സ്വാഭാവികമായും അപകടം മണത്തു. അധികാരത്തിന്റെ പങ്കുപറ്റാനുള്ള അടവാണെന്നു തെറ്റിദ്ധരിച്ച അവര്‍ പ്രവാചകര്‍ക്ക്  സര്‍വസുഖങ്ങളും വാഗ്ദാനം ചെയ്തു. പക്ഷെ സത്യമതം ജനങ്ങളിലെത്തിക്കാന്‍ നിയുക്തനായ പ്രവാചകന്‍ (സ) നിസ്വാര്‍ത്ഥനായി തന്റെ കടമയുമായി മുന്നോട്ടു പോവുകയായിരുന്നു.

ദുര്‍ഘടമായ പാതയിലൂടെയുള്ള മുന്നേറ്റം അതീവ പ്രയാസകരമായപ്പോള്‍ സമീപ പട്ടണമായ മദീനയിലെ നല്ലമനസ്സുകളിലേക്ക് കുടിയേറിപ്പാര്‍ക്കാനായിരുന്നു ദൈവനിശ്ചയും. ഉറ്റസഹചാരിയുമായി മദീനയിലെത്തിയ അദ്ദേഹം സ്‌നേഹോഷ്മളമായ സ്വീകരണങ്ങള്‍ക്ക്് ശേഷം പുതിയ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അടിത്തറ നിര്‍മിക്കാനാരംഭിച്ചു. ജന്മനാടായ മക്ക ഇസ്‌ലാമിക ദര്‍ശനത്തിനു കീഴൊതുങ്ങിയതിനു ശേഷവും മദീനയുടെ സ്‌നേഹവലയത്തില്‍ നിന്നും പ്രവാചകരും അനുയായികളും വിട്ടുപോയില്ല. ഇരുപത്തിമൂന്ന് വര്‍ഷത്തെ ചുരുങ്ങിയ കാലം ലോകത്തിനു മാതൃകയായ ജീവിതം പ്രായോഗികമായി കാണിച്ച് അന്ത്യ വിശ്രമം കൊള്ളുന്ന പുണ്യ ഭൂമിയിലേക്കാണ് ഈ യാത്ര. സന്മാര്‍ഗ  ജീവിതപാത നിലനിര്‍ത്താന്‍ സര്‍വസുഖങ്ങളെയും പരിത്യജിച്ച് അപരിചിത ദേശത്തേക്ക് ദുര്‍ഘടമായ മലയിടുക്കിലൂടെ ദിവസങ്ങളെടുത്തു ഒട്ടകപ്പുറത്ത് പ്രവാചകന്‍ (സ) നടത്തിയ ചരിത്രയാത്രയും, അദ്ദേഹത്തിന്റെ പാത പിന്‍പറ്റുന്ന, അദ്ദേഹത്തെ അതീവമായി സ്‌നേഹിക്കുന്ന എന്റെ ഈ യാത്രയും തമ്മിലൊരു താരതമ്യം ഒരിക്കലും ഉചിതമല്ല. സന്മാര്‍ഗത്തിന്റെയും വിജയത്തിന്റെയും രാജപാതയെന്നു വിശ്വസിക്കുന്ന ഇസ്‌ലാമിന് വേണ്ടി ഞാന്‍ എന്ത് ത്യാഗമാണ് ചെയ്തിട്ടുള്ളത്?

സത്യത്തിന് പെരുവിരല്‍ സമര്‍പിച്ചുള്ള യാത്രയോ, അതല്ല ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള യാത്രയോ എന്റേതെന്നത് സംശയകരമാണ്. ഈ ചോദ്യങ്ങള്‍ക്കുള്ള എന്റെ തന്നെ ഉത്തരങ്ങള്‍ മനസ്സില്‍ ഒരു കാര്‍മേഘം കണക്കെ ഉരുണ്ടു കൂടി. യാത്ര പ്രവാചക സന്നിധിയിലെക്കടുക്കും തോറും ഈ കാര്‍മേഘം പ്രവാചകരില്‍ നിന്നുള്ള പ്രകാശം മനസ്സിലേക്ക് കടന്നു വരുന്നതിനു വിഘാതമായി നില്‍ക്കുന്നതായി ഒരു തോന്നല്‍. എനിക്കാ പ്രകാശം കാണാന്‍ സാധിക്കില്ലേ? ചെറുതെങ്കിലും ചെയ്തുപോയ പാപക്കറകള്‍ ആ പൂര്‍ണ ചന്ദ്രനെ കാണുന്നതില്‍ കുറവ് വരുത്തുമെന്ന് ഞാന്‍ ആശങ്കിച്ചു. പിന്നെ ചെയ്തു പോയ പാപങ്ങള്‍ക്കും നഷ്ടപ്പെടുത്തിയ വിലപ്പെട്ട സമയത്തിനും അല്ലാഹുവിനോട് മനസ്സുരുകി പശ്ചാത്തപിച്ചു. മനസ്സിനെ ബാധിച്ച ഇരുള്‍ പതുക്കെ നീങ്ങുന്നതായി തോന്നി. ആ മഹത്ജീവിതത്തെ അനുകരിക്കാന്‍ ശ്രമിക്കുമെന്ന മനസ്സിന്റെ തീരുമാനത്തെ തുടര്‍ന്ന് വീണ്ടും മദീനയുടെ പ്രകാശം എന്റെ മനസ്സിനെ കുളിരണിയിക്കാന്‍ തുടങ്ങി.

നമസ്‌കാരത്തിനും ഭക്ഷണതിനുമായി കുറഞ്ഞ സമയം ചെലവഴിച്ചതിന് ശേഷം ഞങ്ങള്‍ പ്രയാണം പുനരാരംഭിച്ചു. പുണ്യനഗരിയില്‍ ഉണരുന്ന പ്രഭാതം കാണാനുള്ള വ്യഗ്രതയാലാവാം പലരും നേരത്തെ തന്നെ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. പുറത്തെങ്ങും കൂരിരുട്ടു മാത്രം. അങ്ങിങ്ങ് ആകാശത്തില്‍ അടയാളങ്ങള്‍ കുറിച്ച പോലെ ഏതാനും നക്ഷത്രങ്ങള്‍. കാഴ്ചക്ക് ഒരു രസവും തോന്നാത്തതിനാല്‍ വെറുതെ കണ്ണടച്ചിരുന്നു. അപ്പോള്‍ മനസ്സിന്റെ അഭ്രപാളികളില്‍ പഴയ കാലത്തിന്റെ ഫ്‌ളാഷ് ബാക്കുകള്‍ തെളിഞ്ഞു വന്നു. 1400-ലധികം വര്‍ഷങ്ങള്‍ മുമ്പ് പ്രവാചകന്‍(സ) നടത്തിയ ആ ചരിത്ര യാത്രയുടെ ചിത്രങ്ങള്‍ വീണ്ടും മനസ്സില്‍ തികട്ടിവന്നു. വിശ്രമമില്ലാതെ വേണ്ടത്ര ആഹാരമില്ലാതെ, തന്നെ തേടി നടക്കുന്ന ശത്രുക്കള്‍ക്ക് പിടികൊടുക്കാതെ, വിശ്വസ്തനായ അബുബക്കറുമൊത്ത് സത്യം ത്യജിക്കാന്‍ മനസ്സില്ലാത്തതിന്റെ പേരില്‍ മരുഭൂമിയിലൂടെ ഉള്ള ആ യാത്രയില്‍ തുണയുണ്ടായിരുന്നത് സര്‍വ ലോകരക്ഷിതാവായ അല്ലാഹു മാത്രം. ദിവസങ്ങള്‍ നീണ്ട ആ യാത്രയും സര്‍വ സുഖങ്ങളോടെയുമുള്ള എന്റെ യാത്രയും എന്തു സാമ്യമാണുള്ളത്. എന്നിട്ടും ഞാന്‍ സ്വയം കരുതുന്നു ഞാന്‍ നല്ലവനാണെന്ന്. അല്ലാഹുവിന്റെ അപാരമായ കാരുണ്യം ഇല്ലെങ്കില്‍ എന്തായിരിക്കും എന്റെ അവസ്ഥ. ആ അപാരമായ കാരുണ്യത്തെ കുറിച്ചോര്‍ത്തിരിക്കെ ഉറക്കം എന്റെ കണ്ണിനെയും തലോടാന്‍ തുടങ്ങി.

‘തലഅല്‍ ബദ്‌റു അലൈനാ……’ തങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന, പ്രവാചകനെ കണ്ടമാത്രയില്‍ മദീനാ നിവാസികള്‍ പാടിയിരുന്ന സ്വാഗത ഗാനം കേട്ടുകൊണ്ടാണ് ഉറക്കില്‍ നിന്നും ഉണര്‍ന്നത്. അമീര്‍ ഞങ്ങളെ എല്ലാം ഉണര്‍ത്താന്‍ ഉറക്കെ പാടുകയായിരുന്നു. മദീനയിലേക്ക് ഇനി വളരെ കുറഞ്ഞ ദൂരം മാത്രം. മിക്കവരും ഉറക്കം വിട്ടുണര്‍ന്നു. അമീര്‍ ചൊല്ലി തന്ന പ്രവാചക കീര്‍ത്തനങ്ങളും സ്വലാത്തും ഉറക്കെ ചൊല്ലി ഞങ്ങള്‍ ഉറക്കച്ചടവകറ്റി. തുടിക്കുന്ന ഹൃദയങ്ങളോടെ മദീനയുടെ കാഴ്ച്ചക്കായി ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്നു.

‘ആരംഭ പൂവായ മുത്തു റസൂലിന്റെ  റൗളായെ കണ്ടെത്തീ ഞങ്ങള്‍ക്ക് സന്തോഷം വന്നെത്തീ……’  അങ്ങകലെ പ്രവാചക പള്ളിയുടെ പ്രഭ കണ്ടപ്പോള്‍ അമീര്‍ പാടി തുടങ്ങി. പ്രവാചക സന്നിധിയിലേക്ക് അടുക്കുന്നതിന്റെ ആവേശവുമായി ഞങ്ങളും അതേറ്റു പാടി. മദീന വളരെ ശാന്തമായിരുന്നു, തെരുവു വിളക്കിന്റെ  മിന്നുന്ന പ്രകാശത്തില്‍ അങ്ങിങ്ങായി കടന്നു പോകുന്ന ഏതാനും ജനങ്ങള്‍ മാത്രം. കുറച്ചകലെ പ്രഭ പരത്തി ആകാശത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മിനാരങ്ങളിലാണ് ഞങ്ങളുടെ കണ്ണുകളെല്ലാം. ഏതാനും മിനിട്ടുകള്‍ക്ക് ശേഷം ബസ്സ് ലക്ഷ്യ സ്ഥാനത്ത് എത്തി. ലഗേജുകളെല്ലാം ഹോട്ടല്‍ മുറിയില്‍ വെച്ച് ധൃതിയില്‍ നബിയുടെ പള്ളിയിലേക്ക് നടന്നു. സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പ് പ്രഭാത കര്‍മങ്ങളും ശുചീകരണ കര്‍മങ്ങളും കഴിച്ചു പള്ളിയില്‍ എത്തണമെന്നു ഞങ്ങളെല്ലാവരും ആഗ്രഹിച്ചു.

‘അല്ലാഹുമ്മ ഇഫ്തഹ് ലീ അബ്‌വാബ ജന്നതിക….’  വലതു കാല്‍ വെച്ച് പുണ്യഗേഹത്തിലേക്ക് പ്രവേശിച്ചു. സൃഷ്ടാവിന് സ്തുതി അര്‍പിച്ച് രണ്ടു റകഅത്ത് സുന്നത്ത് നമസ്‌കരിച്ചു ബാങ്കൊലി കാത്തു ഞാനിരുന്നു. വിശാലമായ മസ്ജിദുന്നബവിയുടെ അത്ഭുതങ്ങള്‍ നോക്കികൊണ്ടും നാഥനായ അല്ലാഹുവിനെ സ്തുതിച്ചും കൊണ്ടിരിക്കെ എന്റെ ഓര്‍മകള്‍ ഇസ്‌ലാമിന്റെ പ്രഭ വിടര്‍ന്ന കാലത്തേക്ക് എന്നെ കൂട്ടി. ഈ കാണുന്ന അലങ്കാരങ്ങളും പ്രൗഢിയും ഒന്നുമില്ലാത്ത ആ പഴയ പള്ളി. ഈന്തപ്പനകള്‍ കൊണ്ട് മറച്ച പള്ളിയുടെ പരുപരുത്ത നിലത്തിരുന്നു എത്ര ആത്മാര്‍ത്ഥതയോടെയായിരിക്കാം അന്നത്തെ കര്‍മ ധീരരായ സഹാബികള്‍ നാഥനായ അല്ലാഹുവിനെ വണങ്ങിയിട്ടുണ്ടാവുക. ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും തങ്ങളുടെ നേതാവിന്റെ കല്‍പനകള്‍ കേട്ടു എത്ര അനുസരണയോടെയായിരിക്കാം അവര്‍ ഈ പള്ളിയില്‍ ഇരിന്നിട്ടുണ്ടാവുക. പള്ളിയുടെ പരിസരങ്ങളിലായി തങ്ങളുടെ ജീവിതോപാധികള്‍ കണ്ടെത്തിയിരുന്ന അനുചരന്മാരെ നമസ്‌കാരത്തിന്റെ സമയം അറിയിച്ചു കൊണ്ട് ബാങ്ക് വിളിക്കാന്‍ നിയോഗിക്കപ്പെട്ട ബിലാല്‍(റ) അന്ന് പള്ളിയുടെ ചുവരില്‍ കയറി ഉറക്കെ വിളിച്ചു പറഞ്ഞ ബാങ്കിന്റെ അലയൊലികള്‍ കാതില്‍ മുഴങ്ങുന്നത് പോലെ തോന്നി.

‘അശ്ഹദു അന്ന മുഹമ്മദ റസൂലുല്ലാഹ്……’ പക്ഷെ അതു ബിലാല്‍(റ) ന്റെ ശബ്ദമായിരുന്നില്ല. സുബ്ഹിയുടെ സമയമറിയിച്ചുകൊണ്ടുള്ള ബാങ്ക് വിളിയുടെ ശബ്ദമായിരുന്നു. നമസ്‌കാരവും പ്രാര്‍ത്ഥനകളും കഴിഞ്ഞു ഞങ്ങളുടെ മുഖ്യലക്ഷ്യമായ സിയാറത്തിനുള്ള സമയമായി. പ്രിയ നേതാവിന് സലാം പറയാന്‍ വിവിധ ദേശക്കാരും വേഷക്കാരുമായ ജനങ്ങള്‍ ക്ഷമയോടും അച്ചടക്കത്തോടും അണിനിരന്നു. ഞാനും ആ നീണ്ട നിരയുടെ ഭാഗമായി. പ്രവാചക സന്നിധിയിലേക്ക് അരിച്ചരിച്ചു നീങ്ങുന്ന ഓരോ അടിമകളും എന്നെ ഭൂതകാലത്തിന്റെ മഹത്തായ നാളുകളിലേക്ക് നടത്തി കൊണ്ടു പോയി. ജന്മനാടായ മക്കയിലേക്കും സമീപ അറബ് നാടുകളിലേക്കും ലോകത്തിന്റെ മറ്റു കോണുകളിലേക്കും ദിവ്യ പ്രകാശം പരത്തിയ കേന്ദ്രമായിരുന്നു മദീന. തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു അനശ്വരനായി വിശ്രമിക്കുന്ന ആ തിരുസന്നിധിയില്‍ ഒരിക്കലെങ്കിലും എത്താന്‍ ഏതു വിശ്വാസിയാണ് കൊതിക്കാത്തത്? പതുക്കെ നീങ്ങുന്ന ഞങ്ങളുടെ നിര ഏതൊരു വിശ്വാസിയും ഒന്ന് കയറാന്‍ കൊതിക്കുന്ന, പുണ്യം കൊണ്ടു മഹത്തരമായ റൗള ശരീഫെന്ന പുണ്യ പൂങ്കാവനത്തിനടുത്തെത്തി. ഇതിനു മുമ്പത്തെ പല യാത്രയിലും ആ പുണ്യ സ്ഥലത്തിരിക്കാന്‍ ഭാഗ്യം ലഭിച്ചതിനാലും ഈ യാത്രയിലെ സമയക്കുറവിനാലും അവിടെ നിന്ന് പുണ്യം നേടാന്‍ ഈ തവണ ഞാന്‍ പരിശ്രമിച്ചില്ല. ഈ പൂങ്കാവനത്തില്‍ ഇരുന്നു അല്ലാഹുവിന്റെ തിരുദൂതര്‍, ഏറ്റവും അനുസരണയോടെയും അച്ചടക്കത്തോടെയും കാതോര്‍ത്തിരിക്കുന്ന സഹാബികളോട്, അവര്‍ക്ക്  അജ്ഞാതമായിരുന്ന ആ പുതിയ ജീവിതരീതിയെകുറിച്ച് എത്ര തവണ പറഞ്ഞു കൊണ്ടുത്തിട്ടുണ്ടാവും. ലാളിത്യം തുളുമ്പുന്ന ആ മിമ്പറില്‍ നിന്ന് കൊണ്ട് പൂര്‍ണ ചന്ദ്രന്റെ തേജസ്സുള്ള പ്രവാചകരില്‍ നിന്ന് വന്നിരുന്ന സന്ദേശങ്ങള്‍ മനശാന്തി തേടിയെത്തിയിരുന്ന ആ സമൂഹം എത്ര ആവേശത്തോടെയായിരിക്കണം ശ്രവിച്ചിട്ടുണ്ടാവുക! അവസാനം ഹജ്ജത്തുല്‍ വിദാഅ് എന്ന വിട വാങ്ങല്‍ പ്രസംഗത്തിലൂടെ മുസ്‌ലിം സമൂഹം ഏറ്റു വാങ്ങിയ ആ മഹത്തായ ജീവിത പാത തലമുറകള്‍ കൈമാറി എന്നിലെത്തിയത് കൊണ്ട് ഞാനും ഇതാ ആ സന്നിധിയില്‍ എത്തിയിരിക്കുന്നു. അല്‍ഹംലദു ലില്ലാഹ്.

‘അസ്സലാമു അലൈക യാ ഖൈറ ഖല്‍കില്ലാ, അസ്സലാമു അലൈക യാ സയ്യിദല്‍ അമ്പിയാഅ്…’ എന്റെ പ്രിയ നേതാവിനോട് സലാം പറയുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു ശാന്തത. ശക്തരും ദുര്‍ബലരും സമ്പന്നരും നിരാലംബരും ഭരണാധികാരികളും ഭരണീയരും സുന്ദരന്മാരും വിരൂപികളുമെല്ലാം നിത്യവും ഈ സ്ഥലത്ത് എത്തുമ്പോള്‍ ഉരുവിടുന്ന അതെ അഭിവാദ്യം. പിറകില്‍ കാത്തിരിക്കുന്നവരുടെ അടക്കാനാവാത്ത ആവേശം കാരണം അതിലപ്പുറം നമുക്കാവില്ല. പിന്നെ പ്രവാചകരോടൊപ്പം വിശ്രമിക്കുന്ന ഹസ്‌റത്ത് അബുബക്കര്‍(റ) നും ഹസ്‌റത്ത് ഉമര്‍(റ) നും സലാം പറഞ്ഞു. ആ തിരുസന്നിധിയില്‍ നിന്ന് അല്പം മാറി ആളൊഴിഞ്ഞ ഒരു കോണില്‍ ഇരുന്നു എന്റെ ഹബീബിനോട് മതി വരുവോളം സലാം പറഞ്ഞു. ഈ തിരുസന്നിധിയില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് എന്നോട് സലാം പറഞ്ഞ് എല്‍പിച്ചവര്‍ക്കും വേണ്ടിയും സലാം പറഞ്ഞു. പിന്നെ സര്‍വലോക സൃഷ്ടാവായ അല്ലാഹുവിലേക്ക് കൈകള്‍ ഉയര്‍ത്തി. വിളിപ്പാടകലെ അന്ത്യ വിശ്രമം കൊള്ളുന്ന സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടനായ ആ പൂര്‍ണ്ണ ചന്ദ്രന്റെ പ്രകാശവലയത്തില്‍ നിന്ന് ഇരു കയ്യുമുയര്‍ത്തി  നാഥനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സിനെന്തൊരു ആശ്വാസമാണ്. പക്ഷെ അപ്പോഴും ഒരു സന്ദേഹം മനസ്സില്‍. ഞാന്‍ ആത്മാര്‍ത്ഥമായി പ്രവാചകരെ സ്‌നേഹിക്കുന്നുണ്ടോ? നമ്മള്‍ സ്‌നേഹിക്കുന്നവര്‍ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നാം അനുസരിക്കാറില്ലേ. നമ്മുടെ പ്രിയപ്പെട്ട ഉമ്മ, അല്ലെങ്കില്‍ പ്രിയപ്പെട്ട ഭാര്യ, അതുമല്ലെങ്കില്‍ അരുമ സന്താനങ്ങള്‍, അവരുടെ ന്യായമായ ആവശ്യങ്ങള്‍ നാം ചെയ്തു കൊടുക്കാറില്ലേ. പക്ഷെ ഞാന്‍ ഭുമിയില്‍ മറ്റാരെക്കാളും സ്‌നേഹിക്കാന്‍ ബാധ്യസ്ഥനായ പ്രവാചകന്‍ എന്റെ ഈ ലോകത്തെയും പരലോകത്തെയും ജീവിതത്തിനു നല്ലതെന്നു പഠിപ്പിച്ച കാര്യങ്ങളില്‍ എത്രയെണ്ണം ഞാന്‍ പ്രാവര്‍ത്തികമാക്കി? പ്രവാചകര്‍ ജീവനോടിരിക്കുകയാണെങ്കില്‍ ഞാന്‍ ആ തിരുമുമ്പില്‍ ഈ അവസ്ഥയില്‍ നില്‍ക്കാന്‍ ധൈര്യപ്പെടുമോ?  മനസ്സിനോടുള്ള എന്റെ ഈ ചോദ്യങ്ങള്‍ എന്നെ വീണ്ടും അസ്വസ്ഥനാക്കി. പ്രിയ നേതാവിന്റെ ഇഷ്ടപ്പെട്ട അനുയായിയാകാതെ എന്റെ പ്രാര്‍ത്ഥനകള്‍ എങ്ങിനെ ഫലവത്താകും. ചിന്തകള്‍ മനസ്സിനെ വീണ്ടും പ്രായശ്ചിത്തത്തിലേക്ക് കൊണ്ടു പോയി. നാഥനോട് ആത്മാര്‍ത്ഥമായി മാപ്പിരന്നപ്പോള്‍ മനസ്സില്‍ വീണ്ടും പ്രവാചകരുടെ തണലില്‍ വന്നെത്തിയ പോലെ.

പ്രാര്‍ത്ഥന കഴിഞ്ഞു പുറത്തേക്ക് തിരിഞ്ഞപ്പോഴേക്ക് ഞങ്ങളുടെ സംഘത്തിലെ പലരും അവിടെ സന്നിഹിതരായിരുന്നു. എല്ലാവരും കാത്തിരിക്കുകയാണ്. മസ്ജിദുന്നബവിയോടു ചേര്‍ന്നു കിടക്കുന്ന മഹാന്മാരായ സഹാബതും നബിയുടെ പ്രിയപത്‌നിമാരും അഹ്‌ലു ബൈത്തില്‍പ്പെട്ടവരുമെല്ലാം അന്ത്യ വിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീഇലേക്ക് പോകുവാന്‍. ഭരണകര്‍ത്താക്കളും വില്ലാളി വീരന്മാരും യുദ്ധനിപുണരും ആണും പെണ്ണുമെല്ലാം അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. ജീവിതത്തില്‍ സര്‍വവും ഇസ്‌ലാമിന് സമര്‍പിച്ച ഒട്ടനവധി മഹത് വ്യക്തിത്വങ്ങള്‍ കിടക്കുന്ന ആ പുണ്യ സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ മനസ്സ് വീണ്ടും പിടക്കാന്‍ തുടങ്ങി. ആ മഹദ് വ്യക്തിത്വങ്ങള്‍ പ്രവേശിക്കാന്‍ പോകുന്ന സ്വര്‍ഗത്തില്‍ തന്നെയാണല്ലോ ഞാനും കടക്കാന്‍ കൊതിക്കുന്നത്. അവരുടെ ത്യാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ സുഖസുന്ദരമായി ജീവിതം നയിക്കുന്ന ഞാന്‍ അതിനര്‍ഹനാണോ?

മദീനയില്‍ ഇനിയും പലതും കാണാനിരിക്കുന്നുണ്ട്. ചരിത്ര സ്ഥലങ്ങളായ ഉഹ്ദും, ഖുബാ മസ്ജിദും മസ്ജിദുല്‍ ഖിബ്‌ലതൈനിയുമെല്ലാം കാണാന്‍ ഞങ്ങള്‍ ബസ്സില്‍ കയറി. ആദ്യം എത്തിയത് ഉഹ്ദിലായിരുന്നു. പുറത്തു മനസ്സിനൊരു സുഖവും തരാത്ത കാഴ്ച്ചകളായിരുന്നു. കത്തിജ്വലിക്കുന്ന സുര്യന് താഴെ വരണ്ട മരുഭൂമിയില്‍ കറുകറുത്ത പാറക്കൂട്ടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു. മറുവശത്ത് ഉഹ്ദിന്റെ രണാങ്കണത്തില്‍ ജീവന്‍ ബലിയര്‍പിച്ച ധീരരായ സഹാബികളുടെ കബറിടങ്ങള്‍. പുറത്തിറങ്ങിയപ്പോള്‍ മധ്യാഹ്ന സുര്യന്റെ കാഠിന്യം കാരണം കണ്ണുകള്‍ പാതിയടഞ്ഞു പോയി. ഇസ്‌ലാമിന്റെ സംരക്ഷകരായ സഹാബികള്‍ പതിനാല് ശതാബ്ദങ്ങള്‍ക്ക പ്പുറം, ഇന്നത്തെപ്പോലെ കാലില്‍ ധരിക്കാന്‍ പാദരക്ഷകളോ കയ്യില്‍ കൊണ്ടു നടക്കാന്‍ കുപ്പി വെള്ളമോ കയറിയിരിക്കാന്‍ ശീതീകരിച്ച വാഹനങ്ങളോ ഇല്ലാത്ത കാലത്ത് ഈ ഉഹ്ദില്‍ നടത്തിയ പോരാട്ടം എത്ര കടുത്തതായിരിക്കണം? ശത്രുക്കള്‍ക്കെതിരെ സഹാബത്തിനുണ്ടായിരുന്ന മുഖ്യ ആയുധം മനസ്സില്‍ പാറ പോലെ ഉറച്ചിരുന്ന തളരാത്ത ഈമാനായിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ മുന്നണിപ്പോരാളിയും ബദ്‌റില്‍ മുസ്‌ലിം മുന്നണിയുടെ മുഖ്യ ആസൂത്രകനുമായ ഹംസ(റ) യുടെ ഖബ്‌റിടത്തിനരികിലെത്തിയപ്പോള്‍ മനസ്സ് വിങ്ങി. ഇസ്‌ലാമിന് വേണ്ടി ജീവത്യാഗം ചെയ്ത ആ പോരാളിയുടെ മയ്യിതിനോട് പോലും സത്യത്തിന്റെ ശത്രുക്കള്‍ എത്ര ക്രൂരമായാണ് പെരുമാറിയത്?

അടുത്ത സന്ദര്‍ശനം മസ്ജിദുല്‍ ഖിബ്‌ലതൈനിയിലേക്കായിരുന്നു. മദീനയിലെത്തി പതിനേഴു മാസത്തോളം മസ്ജിദുല്‍ അഖ്‌സായിലേക്ക് തിരിഞ്ഞു നിസ്‌കരിച്ചതിനു ശേഷം മക്കയിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാന്‍ അല്ലാഹുവിന്റെ നിര്‍ദേശം വന്നത് ഈ പള്ളിയില്‍ പ്രവാചകര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കെയാണ്. ഇന്ന് ഇസ്‌ലാമിന്റെ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട മസ്ജിദുല്‍ അഖ്‌സാ മുസ്‌ലിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് ആ പഴയ കാലത്തേകുറിച്ചുള്ള ഓര്‍മകള്‍ എന്നെ ഉണര്‍ത്തി. അവിടെ വെച്ച് രണ്ടു റക്അത് നിസ്‌കരിച്ചതിനു ശേഷം ഞങ്ങളുടെ വാഹനം ഖുബാ മസ്ജിദ് ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. പ്രവാചകന്റെ(സ) മദീനയിലേക്കുള്ള യാത്രയില്‍ ആദ്യം എത്തി ചേര്‍ന്ന ഖുബായില്‍ ഒരു പള്ളി നിര്‍മിച്ചു. പിന്നീടാണ് മസ്ജിദുന്നബവിയിലേക്ക് പോയത്. അവിടെ എത്തി ആ പുണ്യസ്മരണ അയവിറക്കി രണ്ടു റക്അത് നമസ്‌കരിച്ചു ഞങ്ങള്‍ പുറത്തിറങ്ങി. റസൂലിന്റെ പ്രധാന ഭക്ഷണമായിരുന്ന കാരക്ക വിപണിയുണ്ട് പുറത്ത്. പല നിറത്തിലുള്ള, പല രാജ്യങ്ങളില്‍ നിന്നുള്ള, പല ഗുണത്തിലുള്ള കാരക്കകള്‍ നിറഞ്ഞിരിക്കുന്നു. പക്ഷെ എല്ലാവരും നോക്കുന്നത് വളരെ ഫലവത്താണെന്ന് റസൂല്‍ പറഞ്ഞ അജ്‌വാ കാരക്കയാണ്. ആ പുണ്യനാടിന്റെ ഓര്‍മക്കായി ഞാനും ഇത്തിരി കാരയ്ക്ക വാങ്ങി വാഹനത്തില്‍ തിരിച്ചെത്തി. സ്വന്തം സംസ്‌കാരത്തിന്റെ ചരിത്ര നഗരിയിലൂടെ ഉള്ള ഒരു പകലത്തെ യാത്ര എല്ലാവരിലും പുതുചൈതന്യം വരുത്തിയിരുന്നു. ഇനി മടക്കമാണ്, പൂര്‍ണ ചന്ദ്രന്റെ പ്രകാശം മനസ്സിനു  നല്കിയ സന്തോഷവും സമാധാനവുമായി, ആ പാത പിന്‍പറ്റി മുന്നേറാനുള്ള പ്രതീക്ഷയുമായി ഇനിയും ഈ പുണ്യ ഭൂമിയിലെത്താന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയുമായി ഇരിക്കെ ഞങ്ങളുടെ വാഹനം പുറപ്പെടുകയായി. സുബ്ഹാനല്ലദീ സഗ്ഗറ ലനാ ഹാദാ ……..

 

 

Related Post