പ്രതീക്ഷ: വിശ്വാസിയുടെ കരുത്ത്

future

ഓരോ വ്യക്തിക്കും സ്വയം നിര്‍മിച്ചെടുക്കാന്‍ കഴിയുന്നവയാണോ പ്രതീക്ഷകള്‍? അങ്ങേയറ്റത്തെ നൈപുണ്യത്തോടെ പ്രതീക്ഷകളെ കെട്ടിപ്പടുക്കുന്ന വ്യക്തികള്‍ നമുക്കിടയിലുണ്ടോ ? പ്രതീക്ഷകള്‍ക്ക് ആകര്‍ഷകമായ കലാമുഖങ്ങളുണ്ടോ? അവയുടെ അടയാളങ്ങളും സവിശേഷതകളും നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നവയാണോ? അല്ലാഹുവാണ, പ്രതീക്ഷകള്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കുന്നവ തന്നെയാണ്. മനോഹരമായ നിറങ്ങളില്‍ നയനാനന്ദകരമായ വൈവിധ്യങ്ങളോടെ പ്രതീക്ഷകളെ വരച്ചെടുക്കാവുന്നതാണ്. വലീദ് അഅഌമി പാടിയത് ഇപ്രകാരമാണ് ‘നീ മുണ്ടുമുറുക്കി, പ്രതീക്ഷയുടെ പതാക വാനിലുയര്‍ത്തി, തമാശകള്‍ മാറ്റിവെച്ച് ഗൗരവത്തോടെ അല്ലാഹുവിലേക്ക് സഞ്ചരിക്കുക.

സിറിയയിലെയും ഫലസ്തീനിലെയും പോരാളികളെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകള്‍ തന്നെയാണ്. നിറഞ്ഞൊഴുകുന്ന ചോരപ്പുഴകളില്‍ നിന്ന് അവര്‍ ചുവന്ന നിറം സ്വീകരിച്ചിരിക്കുന്നു. വേദനകള്‍ കലര്‍ന്ന പ്രതീക്ഷയോടെ അവര്‍ ജീവിക്കാനായി പോരാടുന്നു. നിരാശ അവരിലേക്ക് കടന്ന് വരുന്നതേയില്ല. ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ബസ്സാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു:’ഒരു മനുഷ്യന്‍ പ്രവാചകനോട് പറഞ്ഞു ‘അല്ലാഹുവിന്റെ ദൂതരേ, വന്‍പാപങ്ങള്‍ എന്തൊക്കെയാണ്? തിരുദൂതര്‍(സ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘അല്ലാഹുവില്‍ പങ്കുചേര്‍ക്കുക. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടുക’. 

തിരിഞ്ഞുനോക്കാതെ തങ്ങളുടെ വഴിയില്‍ മുന്നേറുന്നവരാണ് അവര്‍. അല്ലാഹുവിന്റെ സംരക്ഷണവും, സാമീപ്യവും, സാന്നിധ്യവുമാണ് അവര്‍ക്ക് പ്രചോദനം. അവരിലൊരാള്‍ പറയുന്നത് ഇപ്രകാരമാണ് ‘നിങ്ങള്‍ നിരാശയുടെ വഴിയില്‍ സഞ്ചരിക്കരുത്. പ്രതീക്ഷകളാല്‍ നിര്‍ഭരമാണ് പ്രപഞ്ചം. അന്ധകാരത്തിന് നേരെ നിങ്ങള്‍ നടക്കരുത്. പ്രപഞ്ചത്തില്‍ സൂര്യനുണ്ട്’. പ്രതീക്ഷയുടെ വിശാലതയില്ലാത്ത ജീവിതം എത്രമാത്രം ഇടുങ്ങിയതാണെന്ന് ത്വഗ്‌റാനി തന്റെ കവിതയില്‍ ചോദിക്കുന്നുണ്ട്.

ലക്ഷ്യപ്രാപ്തിക്കായി ഭാവിയിലേക്കുള്ള എത്തിനോട്ടമാണ് പ്രതീക്ഷ. അടിമയുടെ ഉദ്ദേശ്യവും, ഉമ്മത്തിന്റെ സ്വപ്‌നങ്ങളും പൂവണിയുന്നത് പ്രതീക്ഷകളിലൂടെയാണ്. അതിന് ആവശ്യമായ കാരണങ്ങള്‍ മുറുകെ പിടിക്കുകയും അവയെ കൃത്യമായി ആസൂത്രണം നടത്തുകയും ചെയ്യേണ്ടതുണ്ട്. പാറിനടക്കുന്ന ഭാവനകള്‍ കൊണ്ട് നമുക്കവ നേടിയെടുക്കാന്‍ സാധിക്കണമെന്നില്ല. മറിച്ച് കഠിനാധ്വാനത്തിലൂടെയും, നിരന്തരമായ സല്‍ക്കര്‍മങ്ങളിലൂടെയുമാണ് നാം പ്രസ്തുത ലക്ഷ്യത്തിലെത്തിച്ചേരുന്നത്. ‘ആരെങ്കിലും തന്റെ നാഥനുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തു കൊള്ളട്ടെ’ (അല്‍കഹ്ഫ് 110)

ഇഹ-പരജീവിതങ്ങളില്‍ പ്രയോജനപ്പെടുക സല്‍ക്കര്‍മങ്ങള്‍ മാത്രമാണ്. അവ ശേഖരിച്ചുവെക്കുക തന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷ ‘എന്നും നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍ക്കാണ് നിന്റെ നാഥന്റെ അടുത്ത് ഉത്തമമായ പ്രതിഫലമുള്ളത്. നല്ല പ്രതീക്ഷ നല്‍കുന്നത് അത് തന്നെ’. (അല്‍കഹ്ഫ് 46)

ഇമാം ബുഖാരി തന്റെ അദബുല്‍ മുഫ്‌റദില്‍ അനസ്(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അല്ലാഹുവിന്റെ ദൂതര്‍(സ) അരുള്‍ ചെയ്തു ‘ഖിയാമത്ത് ആഗതമാകുമ്പോള്‍ നിങ്ങളിലാരുടെയെങ്കിലും കയ്യില്‍ ഒരു വിത്തുണ്ടെങ്കില്‍ അത് മണ്ണില്‍ നടാന്‍ സാധിക്കുമെങ്കില്‍ അപ്രകാരം ചെയ്യുക’. വിശ്വാസികള്‍ക്ക് പ്രതീക്ഷയേകാന്‍ ഇതിനേക്കാള്‍ മഹത്തരമായ മറ്റെന്ത് നിര്‍ദേശമാണ് വേണ്ടത്! എന്നാല്‍ മടിയന്മാരായി, ചടഞ്ഞിരിക്കുന്നവര്‍ക്ക് യാതൊരു നേട്ടവുമുണ്ടാവുകയില്ലെന്ന് മാത്രമല്ല, നാശവും നഷ്ടവും മാത്രമായിരിക്കും അവര്‍ക്ക് കൈമുതലായുണ്ടാകുക.’

പരീക്ഷണം കഠിനമാവുകയും, ദുരന്തം വന്നിറങ്ങുകയും ചെയ്യുമ്പോള്‍ വിശ്വാസിയുടെ പ്രതീക്ഷകള്‍ വര്‍ധിക്കുകയാണ് ചെയ്യുക. കാരണം അല്ലാഹു നല്‍കിയ ഉള്‍ക്കാഴ്ചയാല്‍ മറ്റുള്ളവര്‍ക്ക് കാണാനാവാവത്തത് അവന്‍ കാണുന്നു. അതിനാല്‍ തന്നെ തന്റെ ദുരിതങ്ങള്‍ അവന് നിസ്സാരമായി അനുഭവപ്പെടുകയും, ഉയര്‍ന്ന ആത്മവിശ്വാസത്തോടെ ജീവിക്കുകയും ചെയ്യുന്നു.

Related Post